Wednesday, June 12, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 27 | തിങ്കൾ ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 27 | തിങ്കൾ ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

കിംവദന്തികൾ പരത്താതെ ഇരിക്കാം

മുയൽ മരച്ചുവട്ടിലിരുന്ന് ചിന്തയിലാണ്ടു. ഇപ്പോൾ ഭൂമി പിളർന്നാൽ എന്തു ചെയ്യും? പെട്ടെന്ന് മരത്തിൽ നിന്നും ഒരു കായ് വലിയ ശബ്ദത്തോടെ താഴെ വീണു. ഭൂമി പിളരുന്ന ശബ്ദമാണെന്നു കരുതി, മുയൽ പേടിച്ച് ഓടാൻ തുടങ്ങി. ഇതു കണ്ട മറ്റു മൃഗങ്ങൾ ചോദിച്ചു: “എന്താണു സംഭവം?” “ഭൂമി പിളരാൻ തുടങ്ങി!”, മുയൽ പറഞ്ഞു. അതോടെ, കടുവയും, പുലിയും, ആനയും, മറ്റെല്ലാ മൃഗങ്ങളും ഭയന്നോടാൻ തുടങ്ങി. വഴിയിൽ സിംഹം അവരെ തടഞ്ഞു നിർത്തി ചോദിച്ചു: “ആരാണ് ഭൂമി പിളരുന്നതു കണ്ടത് ?” അർക്കും ഉത്തരമില്ല. അവസാനം മുയൽ പറഞ്ഞു: “ഞാൻ കണ്ടു “.
അവർ മുയലിനേയും കൂട്ടി മരച്ചുവട്ടിലെത്തി. ഒന്നും കാണാനില്ല എന്നായപ്പോൾ മുയൽ പറഞ്ഞു: “ഞാൻ കണ്ടില്ല, കേട്ടതേ ഉള്ളൂ”.
മരത്തിൻ്റെ കായ് വീണതാണെന്നു തിരിച്ചറിഞ്ഞപ്പോൾ, എല്ലാവരും ഇളിഭ്യരായി തിരിച്ചു നടന്നു.

നിശ്ചലമായ ജലാശയത്തിൽ ഒരു കല്ലു വീണാൽ, അതുമതി വലിയ പ്രകമ്പനം ഉണ്ടാകാൻ. ഒരാളുടെ പാഴ്വാക്കു മതി, ശാന്തമായ ഇടങ്ങളിൽ, അസ്വസ്ഥതയും പരഭ്രമവും രൂപപ്പെടുത്താൻ. പല പ്രശ്നങ്ങളും പറഞ്ഞുണ്ടാക്കുന്നതും, പറഞ്ഞു വലുതാക്കുന്നതുമാണ് മതിഭ്രമത്തിൽനിന്ന് ഉരുത്തിരിയുന്ന വാക്കുകൾ, അടിസ്ഥാനരഹിതമാകുമെന്നു മാത്രമല്ല, അവയെ തടഞ്ഞു നിർത്താൻ, ഒരു മനുഷ്യ ജന്മം മതിയാകുകയും ഇല്ല.

അപവാദങ്ങൾക്ക് അകമ്പടി സേവിക്കുന്ന ജനക്കൂട്ടം, വളരെപ്പെട്ടത്തു വളർന്നു കൊണ്ടിരിക്കും. തനതു ചേരുവകൾ കൂട്ടിക്കലർത്തിയാകും, ഓരോരുത്തരും അവ കൈമാറ്റം ചെയ്യുക. യഥാർത്ഥ സംഭവവും, പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങളും തമ്മിൽ പുലബന്ധം പോലും ഉണ്ടാകണമെന്നില്ല. പ്രചരണ സാദ്ധ്യത കൂടുതൽ നുണകൾക്കാണല്ലോ?

അസത്യം പരക്കുന്ന അതേ വേഗത്തിൽ സത്യം വ്യാപിച്ചിരുന്നെങ്കിൽ, ഏറെ ജീവിതങ്ങൾ രക്ഷപെടുമായിരുന്നു. തെറ്റുകളിലേക്കു ചൂണ്ടപ്പെടുന്ന വിരലുകൾ നന്മയിലേക്കു കൂടി ചൂണ്ടപ്പെട്ടിരുന്നെങ്കിൽ, തെറ്റിപ്പോയ പലർക്കും തിരിച്ചു വരാൻ അതു കാരണം ആകുമായിരുന്നു. കേൾക്കാൻ ആളില്ലെങ്കിൽ, എല്ലാ കിംവദന്തികളും തനിയെ അവസാനിക്കും. വിവേചിച്ചറിയുന്നവൻ്റെ കർക്കശമായ ഇടപെടൽ ഉണ്ടായാൽ, വിവാദം തിരിച്ചു നടക്കും. ഒരാൾ ആരാണെന്നു മനസ്സിലാക്കാൻ, അയാൾ എന്താണു പറഞ്ഞു നടക്കുന്നതെന്ന് അറിഞ്ഞാൽ മതി.

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments