Wednesday, September 9, 2026
Homeഅമേരിക്കവാസുവും അമാവാസിയും (കഥ) ✍ഡോളി തോമസ് ചെമ്പേരി

വാസുവും അമാവാസിയും (കഥ) ✍ഡോളി തോമസ് ചെമ്പേരി

വാസുവിന്റെ അളിയന്റെ അടിയന്തരമാണ്. ചടങ്ങുകൾ അതിരാവിലെയായതുകൊണ്ട് ഭാര്യയെയും മക്കളെയും കൂട്ടി തലേന്നു വൈകുന്നേരം തന്നെ പെങ്ങളുടെ വീട്ടിലെത്തി. അടുത്ത ബന്ധുക്കളെല്ലാം എത്തിയിട്ടുണ്ട്. സമയം രാത്രി പത്തു മണി കഴിഞ്ഞു കാണും. പെട്ടെന്നാണ് വാസുവിന് പുറത്തുപോകണമെന്ന ‘ഉൾവിളി’ ഉണ്ടായത്. വീട്ടിലാകെ ഒരു ടോയ്‌ലറ്റ് മാത്രം; അതിലാണെങ്കിൽ ആരോ കയറിയിട്ടുമുണ്ട്.

​സഹികെട്ടപ്പോൾ അയാൾ ഭാര്യയെ വിളിച്ച് ഒരു മെഴുകുതിരി സംഘടിപ്പിച്ചു. പറമ്പിന്റെ അതിരിലൂടെ ഒഴുകുന്ന തോട് ലക്ഷ്യമാക്കി നടന്നു. തോട്ടുതീരത്തിരുന്ന് ഒരു മൂളിപ്പാട്ടും പാടി രാത്രിയുടെ ഭംഗി ആസ്വദിക്കവേയാണ് പിന്നിൽ ഒരു കാൽപ്പെരുമാറ്റം കേട്ടത്.

​“ആരാത്? കേശവനാണോടാ?” ഒന്നുയർന്നിട്ട് വാസു ചോദിച്ചു. മറുപടിയൊന്നുമില്ല.
​തോന്നിയതാകാമെന്നു കരുതി, തിരി കെടാതെ കൈപ്പത്തി കൊണ്ട് മറച്ചുപിടിച്ച് തോട്ടിൻകരയിലിറങ്ങി ശൗചം ചെയ്തു. തിരിച്ചു കയറാൻ തുടങ്ങുമ്പോഴതാ ശക്തമായൊരു കാറ്റ്! മെഴുകുതിരി അണഞ്ഞു. ചുറ്റും കൂറ്റാക്കൂറ്റിരുട്ട്. ആകാശത്ത് ചന്ദ്രനില്ല, ഒരു നക്ഷത്രം പോലുമില്ല. മടിക്കുത്തിൽ തീപ്പെട്ടിയുണ്ട്, അത് തപ്പിയെടുക്കാൻ തുടങ്ങുമ്പോൾ വീണ്ടുമതാ ആ പഴയ കാൽപ്പെരുമാറ്റം!

​“ആരാടാ…? ആരാന്ന് പറയാൻ മേലേടാ..?” ഭയം മറയ്ക്കാൻ വാസു ഉറക്കെ വിളിച്ചു ചോദിച്ചു. കൂടെ വായിൽ വന്ന ഒരു മുട്ടൻ തെറിയും. പക്ഷേ, ആ ധൈര്യമൊന്നും പിന്നോട്ടു തിരിഞ്ഞു നോക്കാൻ അയാൾക്കുണ്ടായിരുന്നില്ല.

​വെളിച്ചം കെട്ടതോടെ ആരോ മുന്നിൽ നിന്ന് തന്നെ നയിക്കുന്നതായി വാസുവിന് തോന്നി. ഭയമുണ്ടെങ്കിലും ആ കാൽപ്പെരുമാറ്റത്തെ അനുഗമിക്കാതിരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. പരിസരബോധം പൂർണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു അയാൾ. കയ്യിലുണ്ടായിരുന്ന മെഴുകുതിരി എവിടെയോ വീണുപോയി. മുന്നിൽ നടന്ന രൂപം ഒടുവിൽ വീടിന്റെ വരാന്തയിലേക്ക് കയറി. കൂടെ വാസുവും.

​“രുക്കൂ… രുക്കൂ…” അയാൾ ഭാര്യയെ വിളിച്ചു. പക്ഷേ, സ്വന്തം ശബ്ദത്തിന്റെ പ്രതിധ്വനി മാത്രമാണ് അയാൾ കേട്ടത്. വല്ലാതെ അണയ്ക്കുന്നുണ്ട്. ‘ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ’ എന്ന് അയാൾ ആഗ്രഹിച്ചു. നാവ് അണ്ണാക്കിൽ ഒട്ടിയിരിക്കുന്നു. എല്ലാവരും ഉറങ്ങിക്കാണുമെന്ന് കരുതി വാസു അവിടെത്തന്നെ തളർന്നു കിടന്നു.

​അപ്പുറത്ത്, ഏറെ നേരമായിട്ടും വാസുവിനെ കാണാഞ്ഞ് രുഗ്മിണി പരിഭ്രാന്തിയിലായി. അവൾ ഉറങ്ങിക്കിടന്നവരെയെല്ലാം വിളിച്ചെണീപ്പിച്ചു. ടോർച്ചും പന്തവുമായി അവർ പറമ്പും തോട്ടുതീരവും അരിച്ചുപെറുക്കി. വെളുപ്പാൻകാലം വരെ തിരഞ്ഞിട്ടും ഒരു വിവരവുമില്ല. രുഗ്മിണിയും വാസുവിന്റെ അമ്മയും നിലവിളിയായി.
​അന്വേഷണം നിർത്തി മടങ്ങവേ കൂട്ടത്തിലൊരാൾ പറഞ്ഞു: “അവൻ എവിടെയെങ്കിലും വാറ്റടിച്ചു കിറുങ്ങിക്കിടക്കുന്നുണ്ടാകും. രുക്കുവിനോട് നുണ പറഞ്ഞു പോയതാകും. നേരം വെളുക്കുമ്പോൾ വന്നോളും.” മറ്റുള്ളവരും അത് ശരിവെച്ചു.
​തിരികെ വന്ന സംഘത്തിനൊപ്പം വാസുവില്ലെന്ന് കണ്ടതോടെ രുഗ്മിണിയും അമ്മയും ബോധംകെട്ടു വീണു.

നേരം വെളുത്തു. ഏഴുമണിയായി, എട്ടുമണിയായി… വാസുവിന്റെ പൊടിപോലുമില്ല. അടിയന്തരത്തിന്റെ തിരക്കുകൾക്കിടയിലും വീട് ശോകമൂകമായി. ചടങ്ങുകൾ പേരിനു മാത്രം നടത്താൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അയൽപക്കത്തെ കുട്ടി വിളിച്ചുകൂവി ഓടിവരുന്നത്:

​“ആ കലുങ്കിന്റെ താഴെ ആരോ മരിച്ചു കിടക്കുന്നു!”

കേട്ടവർ അങ്ങോട്ടോടി. വീടിന് തൊട്ടുമുന്നിലുള്ള കലുങ്കാണത്. ഒരാൾ അതിനടിയിലേക്ക് നൂഴ്ന്നു കയറി.

“ദേ, ഇത് നമ്മുടെ വാസുവാണ്! ജീവനുണ്ട്!”

​എല്ലാവരും കൂടി അയാളെ പുറത്തെത്തിച്ച് മുഖത്ത് വെള്ളം തളിച്ചു. വാസു പതുക്കെ കണ്ണുതുറന്നു. കരഞ്ഞുകൊണ്ട് ഓടിവന്ന അമ്മയെയും ഭാര്യയെയും കൂട്ടി അവർ വീട്ടിലേക്ക് നടന്നു.

​രാത്രി നടന്ന കാര്യങ്ങൾ വാസു ഓർത്തെടുത്തു. തിരി അണഞ്ഞതും ആരോ വരാന്തയിൽ കൊണ്ടിരുത്തിയതും ഓർമ്മയുണ്ട്. പിന്നെങ്ങനെ താൻ കലുങ്കിനടിയിലെത്തി? അതൊരു ചോദ്യചിഹ്നമായി അവശേഷിച്ചു. മറ്റൊരു അളിയനായ ഉല്പലാക്ഷൻ വാസുവിനെ മണപ്പിച്ചു നോക്കി. മദ്യത്തിന്റെ മണമൊന്നുമില്ല.

​“തലേന്ന് അമാവാസിയായിരുന്നില്ലേ… ഏതോ ദുർശക്തി വാസുവിനെ കണ്ണുകെട്ടിച്ചു കൊണ്ടുപോയതാ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്,” കർമ്മിയായ പൂജാരി വിധി എഴുതി. അതോടെ നാട്ടുകാർക്കിടയിൽ ഭയം പടർന്നു. സന്ധ്യ കഴിഞ്ഞാൽ ആരും തോട്ടുതീരത്തേക്ക് പോകാതായി. വാസുവും പേടിച്ച് നേരത്തെ വീടണയാൻ ശീലിച്ചു.
​മകനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ, പണ്ട് നേർന്നിരുന്ന ‘സർപ്പം തുള്ളൽ’ നടത്താൻ അമ്മ തീരുമാനിച്ചു. അതിന്റെ പൂജാസാമഗ്രികൾ വാങ്ങി തിരികെ വരുമ്പോൾ അല്പം വൈകിയിരുന്നു. റോഡിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ ഒരു മരക്കമ്പ് വീണുകിടക്കുന്നത് കണ്ട് വാസു അതൊന്ന് തട്ടിമാറ്റാൻ കാലോങ്ങി.
​പക്ഷേ, അതൊരു മരക്കമ്പായിരുന്നില്ല!

കാല് തട്ടിയതും പാമ്പ് വാസുവിനെ ആഞ്ഞു കൊത്തി. അയാളുടെ നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി. പാമ്പിനെ അവർ തല്ലിക്കൊന്നു. വാസുവിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു.
​ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ച് വീട്ടിലെത്തിയപ്പോഴാണ് നേർച്ചയായിരുന്ന സർപ്പം തുള്ളൽ നടത്തിയത്. ഇപ്പോൾ ആളുകൾ വാസുവിനെ ഒരു അത്ഭുതജീവിയെപ്പോലെയാണ് നോക്കുന്നത്. കുറെക്കാലത്തേക്ക് അയാളോട് സംസാരിക്കാൻ പോലും പലർക്കും പേടിയായിരുന്നു. അമാവാസിയും കണ്ണുകെട്ടലും സർപ്പകോപവും വാസുവിന്റെ ജീവിതത്തിൽ മായാത്ത അടയാളങ്ങൾ വീഴ്ത്തിക്കഴിഞ്ഞിരുന്നു.

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

1 COMMENT

  1. കൊള്ളാം ഡോളീ.. വാസു അങ്ങനെ ഒരമാനുഷികനായി മാറി അല്ലേ 😄

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ