കുഞ്ഞിളം കാറ്റ് കുണുങ്ങി കുണുങ്ങി
കാതിൽ വന്നെന്തോ പറഞ്ഞു പറന്നു.
കർക്കിടകത്തിലെ ദുർഘടം
പോയെന്നും
കൺമുന്നിൽ പൊൻ ചിങ്ങം വന്നു
പിറന്നെന്നും
കാലങ്ങൾ മുമ്പൊരു രാജൻ
ഭരിച്ചെന്നും
കള്ളങ്ങളില്ലാത്ത കാല മതാണെന്നും
കാരിരുമ്പിന്റെ കരുത്തുള്ള രാജന്റെ
കരള് നിറച്ചും കരുണ തൻ കുളിരെന്നും
കാറ്റ് പറഞ്ഞ കഥ കേട്ട്
നിൽക്കുമ്പോൾ
കുനുകുനെ കുറുവടി കുത്തി നടക്കുന്ന
കൂമ്പിയ കാതുള്ള മുത്തശ്ശി പാടി
കൈതവമല്ലിത് കേൾക്കുവിൻ മക്കളേ
കാര്യം മൂന്നടി മണ്ണിന്റെ കഥയാണ്.
കനക സിംഹാസനസ്തനാം തമ്പുരാൻ
തന്നോട്
കുള്ളനാം വാമനൻ യാചിച്ചു മണ്ണ് .
കൃത്യമായ് മൂന്നടി മണ്ണളക്കാനായി
കാലടി വെച്ചങ്ങളന്നൊരു നേരത്ത്
കണ്ടില്ല മൂന്നടി വെക്കാനായ് മണ്ണ് .
കിരീടം തലയിൽ നിന്നൂരി വിനീത നായ്
കോപിച്ചു നിൽക്കുന്ന വാമനനോടായ്
കാലടി വെച്ചെൻ ശിരസ്സളന്നാലും
കർമ്മഫലമത് ആര് തടുക്കും?
കൂപ്പുകൈയ്യോടെ രാജനമർന്നു
കഠിനമാം സത്യം നിറവേറ്റിടാനായ്
കെൽപ്പോടെ രാജൻ പാതാളം പൂകി.
കുട്ടികൾ കഥ കേട്ട് കണ്ണിർ തുടച്ചു
കോമളനാം ബലിരാജനെയോർത്ത്.
കളറു കലക്കാത്ത കളറുള്ള
പുഷ്പങ്ങൾ
കരിം തറ തന്നിലലങ്കരിച്ചു.
കുഞ്ഞുടുപ്പിട്ടാനന്ദ നൃത്തമാടി
കൂട്ടുകാരോടൊത്ത് ഊഞ്ഞാലിലാടി.




നന്നായിട്ടുണ്ട്