Thursday, September 17, 2026
Homeഅമേരിക്ക'നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ' രചന: പ്രീതി രാധാകൃഷ്ണൻ. ✍ കവിത അവലോകനം: മായ അനൂപ്

‘നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ’ രചന: പ്രീതി രാധാകൃഷ്ണൻ. ✍ കവിത അവലോകനം: മായ അനൂപ്

ജീവിതത്തിന്റെ പാതിവഴിയിൽ നഷ്ടപ്പെട്ടുപോയ പ്രണയത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷകളുടെയും ഏടുകളെ വീണ്ടും മറിച്ചുനോക്കുന്ന, ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്ന ഒരു കാവ്യാനുഭവമാണ് പ്രീതി രാധാകൃഷ്ണന്റെ ‘നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ’. നോവിക്കുന്ന ഓർമ്മകളാലും ദുഃഖത്താലും, മുന്നിലുള്ള കാഴ്ചകളെ മറയ്ക്കുന്ന കറുത്ത പുകമറയ്ക്കിടയിലും, പ്രണയമെന്ന അക്ഷയഖനിയെ നെഞ്ചിലേറ്റിയ ഒരു പാവം ആത്മാവിന്റെ ദീനരോദനമാണ്,
ഏകാന്തമായൊരു ആത്മസഞ്ചാരമാണ് ഈ കവിത.

ഏകാന്തതയിലെ കുത്തി നോവിക്കുന്ന ഓർമ്മകളുടെ കൊടുംങ്കാറ്റും, സ്മരണകളുടെ നിശബ്ദമായ നിലവിളികളും കവിതയുടെ തുടക്കത്തിൽ വായനക്കാരെ ഉള്ളു നീറുന്ന നോവുകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സ്നേഹത്തിന്റെ കുളിർമഴയാകേണ്ടിയിരുന്ന വികാരങ്ങൾ തന്നെ, കൂർത്ത കൂരമ്പുകളായി വന്നു ഹൃദയത്തിൽ തറച്ചപ്പോൾ അവിടെ കൊഴിഞ്ഞുവീണത് അത്രയും കാലം കാത്തുകാത്തിരുന്നു വിടർന്നു വന്ന വസന്തങ്ങളായിരുന്നു. ആത്മാവിന്റെ ഉള്ളറകളിൽ അടക്കിവെച്ച നിശബ്ദമായ നിലവിളികൾ ഉള്ളിൽ തന്നെ ആർത്തിരമ്പി പെയ്യുന്ന, കണ്ണീരിനേക്കാൾ മൂർച്ചയുള്ള മൗനത്തിന്റെ നോവാണ് കവി ഇതിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. പ്രണയം എന്നത് സുഖമുള്ള ഒരു അനുഭൂതി മാത്രമല്ല എന്നും, വേദനകളുടെയും തിരിച്ചറിവിന്റെയും ഒരു ലോകം കൂടി അതിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നും കവി ഇവിടെ വായനക്കാർക്ക് കാണിച്ചു തരുന്നു.

ശൂന്യതയുടെ മരുഭൂമിയിൽ പച്ചപ്പ് തേടി അലയുമ്പോഴും, അന്ധകാരത്തിന്റെ ഭൂപടങ്ങളിൽ വഴിതെറ്റിപ്പോകുമ്പോഴും, ഉള്ളിൽ മിന്നിമറയുന്ന അടയാളങ്ങളെ
ഒരു രാജ്യത്തിന്റെ സൂചകമെന്ന പോലെ വായനക്കാരനിൽ ഭാവനയുടെ പുതിയ ലോകങ്ങൾ തുറക്കുന്നു. നിർവീര്യമായിപ്പോയേക്കാമെന്ന് ഭയക്കുന്ന കനവുകളെയും പ്രതീക്ഷകളെയും വേദനയുടെ തീച്ചൂളയിൽ ചുട്ടെടുത്ത്, ഇരുവായ്തലയുള്ള വാളിനേക്കാൾ മൂർച്ചകൂട്ടി സൂക്ഷിക്കുന്ന കവിയുടെ മനസ്സ് വലിയൊരു അതിജീവനപാഠമാണ് കാണിച്ചു തരുന്നത്.

വേദനിപ്പിക്കുന്ന ​ഓർമ്മകളുടെ ഭാരവും പേറി, വേലിയേറ്റത്തോടൊപ്പം തന്നെ, ജീവിതമെന്ന ചുരം താണ്ടിയുള്ള കയറ്റത്തിന്റെ തത്രപ്പാടുകളെയും, അവിടെ നിന്നുമുള്ള ഇറക്കങ്ങളിൽ അനുഭവപ്പെടുന്ന സ്വാതന്ത്ര്യത്തിന്റെ രുചിയേയും ഓർമ്മകളുടെ വേലിയേറ്റയിറക്കങ്ങൾ എന്നതിലൂടെ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.

ഓർമ്മകളുടെ കണക്കെടുപ്പുകൾ ചിന്തകൾക്ക് അതീതമല്ലെന്ന തിരിച്ചറിവോടെ ജീവിതത്തെ പ്രതീക്ഷയുടെ മനോഹര തീരങ്ങളിൽ കൊണ്ടെത്തിക്കുകയാണ് കവി ഇവിടെ ചെയ്യുന്നത്.

​ശിഷ്ടകാലത്തിന്റെ വിടരുന്ന വസന്തത്തെ പുൽകുവാനായി, ഇന്നലെയുടെ നീറുന്ന മുറിവുകളെ പ്രണയമെന്ന മഹാസാഗരത്തിൽ ആഴ്ന്നിറങ്ങി കുടിച്ചു വറ്റിക്കുന്ന ഒരു ദൃശ്യമാണ് കവി ഇവിടെ കാണിച്ചു തരുന്നത്. കാലമോ പ്രണയമോ സ്നേഹമോ വിരഹമോ ഒക്കെ തന്ന വേദനകളെ പുറത്തേക്കൊഴുകാൻ അനുവദിക്കാതെ ഉള്ളിൽ അമർത്തിപ്പിടിച്ച് പുതിയ കാലത്തെ സ്നേഹം കൊണ്ട് പൊതിയാൻ വീണ്ടും വൃഥാ ശ്രമിക്കുന്ന ഒരു കളങ്കമറിയാത്ത മനസ്സിന്റെ, ആത്മാവിന്റെ സ്വയം സമർപ്പണമാണിത്.

​​ലളിതമായ പദങ്ങൾ കൊണ്ടും ഹൃദ്യമായ ബിംബങ്ങൾ കൊണ്ടും സമ്പന്നമാണ് പ്രീതി രാധാകൃഷ്ണന്റെ ഈ കവിത. മുറിവുകൾ തന്ന വേദനയേയും വിരഹത്തെയും പ്രത്യാശയുടെ പാതയിലേക്ക് വഴിതിരിച്ചു മുന്നേറുന്ന മനുഷ്യ മനസ്സിന്റെ ഒരു വേറിട്ട ഭാവതലമാണ് ഇതിന്റെ ഉള്ളടക്കം. വായനക്കാരന്റെ ഉള്ളിൽ ഒരു നേർത്ത നൊമ്പരത്തോടൊപ്പം പ്രത്യാശയുടെ ഒരു തിരിനാളവും കൂടി ബാക്കിയാക്കാൻ ഈ കവിതയ്ക്ക് സാധിക്കുന്നു.

ജീവിതഗന്ധിയായ ഈ മനോഹരരചന എഴുതിയ പ്രിയകവിയ്ക്ക് അഭിനന്ദനങ്ങൾ.

ഇനിയും ഇതുപോലുള്ള രചനകൾ ആ തൂലികയിൽ പിറക്കട്ടെ എന്ന് ആശംസിക്കുന്നു.

സ്നേഹത്തോടെ,

മായ അനൂപ്✍

**********************************

നിശബ്ദമാക്കപ്പെടുന്ന നിലവിളികൾ (കവിത)

രചന: പ്രീതി രാധാകൃഷ്ണൻ. ✍ 
*************

സ്നേഹ വികാരങ്ങളെ കൂർത്ത
കൂരമ്പുകളാൽ കുരുക്കിട്ട്
കൊന്നൊടുക്കിയ
വസന്തങ്ങളെ വീണ്ടും
പ്രണയിക്കുമ്പോൾ നിശ്ചലമായ
നിലവിളികൾ ആർത്തിരമ്പി
പെയ്തുതോരാറുണ്ട്

ശൂന്യമായ ജീവിതത്തിൽ പച്ചതേടി
അലയുമ്പോൾ അന്ധകാരത്തിന്റെ
ഭൂപടങ്ങളിൽ കാണുന്ന
അടയാളങ്ങളാൽ ഒരുരാജ്യം
ഹ്യത്തിൽ മിന്നിമറയാറുണ്ട്.

നിർവീര്യമായി പോയേക്കാവുന്ന
കനവുകളെ ഉലയിൽ ചുട്ടു
ഇരുവായ്തലയൂള്ള വാളിനേക്കാൾ
മൂർച്ച കൂട്ടിയും മിനുക്കിയും
താളടിയായി പോകാതെ
സൂക്ഷിക്കാറുണ്ട്

സ്മരണകളാം
വേലിയേറ്റയിറക്കങ്ങളുടെ
അയവിറക്കങ്ങളിൽ
ചുരം കയറുന്ന തത്രപ്പാടും
ഇറക്കങ്ങളിൽ സ്വാതന്ത്ര്യത്തിന്റെ
രുചിയും അനുഭൂതിയായി
നിറയ്ക്കാറുണ്ട്.

എല്ലാ ഓർമ്മക്കണക്കുകളും
ചിന്തകൾക്കതീതിതമല്ലെന്നുള്ള
തിരിച്ചറിവോടെ ജീവിതത്തെ
പ്രതീക്ഷയുടെ തീരങ്ങളിൽ
കുടിയിരുത്താറുമുണ്ട് .

പ്രണയമേ ശിഷ്ട കാലത്തിന്റെ
വിടരുന്ന വസന്തത്തിനായി
ഇന്നലെയുടെ മുറിവുകളെ
കടലോളം നിന്നിൽ ആഴ്ന്നിറങ്ങി
കുടിച്ചു വറ്റിക്കാറുണ്ട്

പ്രീതി രാധാകൃഷ്ണൻ. ✍ 

RELATED ARTICLES

1 COMMENT

  1. ഹൃദ്യം വരികൾ✍️ ആഴങ്ങിലുള്ള അവലോകനം🤝 രണ്ടു പേർക്കും അഭിനന്ദനങ്ങൾ💐💐🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ