കാണാതായപ്പോൾ തിരഞ്ഞു ടീച്ചർ എത്തിയിരുന്നുവെന്ന് പിന്നീടാണ് ഞാനറിഞ്ഞത്. അന്ന് ശ്യാം അവിടെയുണ്ടായിരുന്നില്ല; അയാൾ പോയിട്ട് രണ്ടാഴ്ച പിന്നിട്ടിരുന്നു. അബോധമനസ്സിന്റെ ആഴക്കയങ്ങളിൽ മുങ്ങിത്താഴുമ്പോൾ, ടീച്ചറും സാറും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് സഹോദരിമാരെത്തിയെങ്കിലും, ഉന്മാദത്തിന്റെ തടവറയിലായിരുന്ന എനിക്ക് ആരെയും തിരിച്ചറിയാനായില്ല. മാനസിക വിഭ്രാന്തിയുടെ ഇരുൾപ്പരപ്പിൽ നിന്ന് ഞാൻ മെല്ലെ കരകയറിയപ്പോൾ അരികിൽ അനുജത്തിമാരുണ്ടായിരുന്നു.
ആശുപത്രിയിലെ ആ ദിനങ്ങളിൽ ഒരു കടമ തീർക്കാനെന്നോണം അവർ എനിക്കൊപ്പം നിന്നു. ഡിസ്ചാർജ് ആയ വേളയിൽ താമസസ്ഥലത്ത് കൊണ്ടുവിട്ട് അവർ മടങ്ങി. പിന്നീടങ്ങോട്ട് എന്നെ ശുശ്രൂഷിച്ചതും കാവലിരുന്നതും ടീച്ചറും ശേഖർ സാറുമാണ്. കൃത്യസമയത്ത് മരുന്നുകൾ നൽകാനും ആശുപത്രിയിലെത്തിക്കാനും ഒരു കൂടപ്പിറപ്പിനെപ്പോലെ ടീച്ചർ കൂടെത്തന്നെയുണ്ടായിരുന്നു. മരുന്നിന്റെയും കൗൺസിലിംഗിന്റെയും കരുത്തിൽ പതുക്കെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി. ഒന്നു തളരാൻ പോലും ഇടനൽകാതെ അവർ എന്നെ ചേർത്തുപിടിച്ചു.
അപ്പോഴേക്കും ശ്യാം മദ്യത്തിന് പൂർണ്ണമായും കീഴടങ്ങിക്കഴിഞ്ഞിരുന്നു. അമ്മാമയും അമ്മായിയും പ്രായാധിക്യത്താൽ അസുഖബാധിതരായി. വിഷ്ണുവും ശ്യാമിൻ്റെ അനുജനും സഹോദരി ലക്ഷ്മിയും ഇടയ്ക്കൊക്കെ വന്നുപോകുമെങ്കിലും, ഞാനും ശ്യാമും അവർക്കെല്ലാം ഒരു ബാധ്യതയാകുമോ എന്ന ഭയം ഞങ്ങളെ അവരിൽ നിന്നകറ്റി.
ശ്യാം ഇല്ലാത്ത നേരങ്ങളിൽ ടീച്ചർ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു. വേണ്ടാത്ത ചിന്തകൾക്ക് ഇടംനൽകാതെ അവർ എന്നോട് കഥകൾ പറഞ്ഞു; അവരുടെ കുട്ടികൾക്കൊപ്പം ഞാൻ കളിച്ചു. ആഴ്ചകൾ നീണ്ട ആ കഠിനമായ പരീക്ഷണഘട്ടത്തെ ഞാൻ അതിജീവിച്ചു. മനസ്സ് അല്പം ദൃഢപ്പെട്ടെങ്കിലും, വീട്ടിലെത്തുമ്പോൾ ശ്യാമിന്റെ കലഹങ്ങൾ വീണ്ടും മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.
ഏഴു വർഷങ്ങൾ… ഏഴു നൂറ്റാണ്ടിന്റെ ആഘാതവും ദുരിതവുമാണ് എനിക്ക് സമ്മാനിച്ചത്. എങ്ങനെയാണ് അത്രയും കാലം പിടിച്ചുനിന്നതെന്ന് ഇന്നും എനിക്കറിയില്ല. ഒടുവിൽ, വീണ്ടും ഭ്രാന്തിന്റെ ലോകത്തേക്ക് വീണുപോകുമോ എന്ന ഭയം ഒരു വോളണ്ടറി റിട്ടയർമെന്റിലേക്ക് നയിച്ചു. ആ തീരുമാനമെടുത്ത ദിവസം, ആ പടികളിറങ്ങുമ്പോൾ ഞാൻ ആരോടും യാത്ര പറഞ്ഞില്ല.
ടീച്ചറോടോ സാറിനോടോ ഒരക്ഷരം മിണ്ടിയില്ല. പറഞ്ഞാൽ, സ്നേഹപൂർവ്വം അവർ എന്റെ തീരുമാനം മാറ്റിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഇനി എനിക്ക് വയ്യ! ജോലിയോടുള്ള ഉത്തരവാദിത്തം മാത്രമായിരുന്നു ഇത്രയും കാലം എന്നെ പിടിച്ചുനിർത്തിയത്. ഇനി പെൻഷൻ അക്കൗണ്ടിൽ വരുമല്ലോ എന്ന ആശ്വാസം മാത്രം. ആരും എന്നെ കണ്ടെത്തരുതെന്ന് കരുതി ഫോൺ നമ്പറും രേഖകളും എല്ലാം മുൻകൂട്ടി മാറ്റിയിരുന്നു. സകല ബന്ധനങ്ങളിൽ നിന്നും വിടവാങ്ങി, ഞാൻ തികച്ചും അപരിചിതമായ ഒരു പുതിയ വഴിയിലേക്ക് നടന്നുതുടങ്ങി.
ആശ്രമത്തിലെ ഏകാന്തതയിൽ പഴയതെല്ലാം മനപ്പൂർവ്വം വിസ്മരിച്ച്, ഒരു നിഷ്കാമകർമ്മിയെപ്പോലെ ജീവിതം പുനരാരംഭിച്ചു. അവിടെ മനസ്സിന് ശാന്തിയും സമാധാനവും കൈവന്നു തുടങ്ങി. ഉള്ളിലൊളിപ്പിച്ച സർഗ്ഗശേഷികൾ പുറത്തെടുക്കാൻ ‘അമ്മ’ എനിക്ക് വലിയ പ്രചോദനമായി. ഇടയ്ക്കുള്ള തീർത്ഥയാത്രകൾ വിക്ഷുബ്ധമായ മനസ്സിനെ സാന്ത്വനപ്പെടുത്തി.
പ്രകൃതിയെ അറിഞ്ഞും പ്രാർത്ഥനകളിൽ മുഴുകിയും ആശ്രമത്തിലെ ശാന്തമായ ദിനങ്ങൾ കടന്നുപോകുമ്പോൾ, പഴയ മുറിവുകൾ ഉണങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും, ചിലപ്പോൾ പെയ്തൊഴിയാത്ത മഴപോലെ ടീച്ചറുടെയും ശേഖർ സാറിന്റെയും ഓർമ്മകൾ ഹൃദയവാതിലിൽ മുട്ടും. ഒന്നും പറയാതെ ഇറങ്ങിപ്പോന്നതിലെ കുറ്റബോധം ഉള്ളിൽ ഒരു കനലായി എരിയുന്നുണ്ട്. എങ്കിലും ഇനിയൊരു മടക്കയാത്ര ഇല്ല എന്നുറപ്പിച്ചു. ഞാൻ എവിടെയാണെന്ന് അവർക്കറിയില്ലെങ്കിലും, എന്റെ അഭാവം അവരുടെ ജീവിതത്തിൽ പ്രയാസങ്ങളുണ്ടാക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരുപക്ഷേ അവർ എന്നെ നന്ദികെട്ടവളെന്ന് വിളിക്കുമായിരിക്കും; എങ്കിലും അവരുടെ ജീവിതത്തിൽ ഇനിയൊരു ഭാരമാകാൻ കഴിയില്ല എന്നുറപ്പിച്ചു.
ആശ്രമത്തിൽ ഞാൻ ഏകയല്ലായിരുന്നു. നിരാലംബരായ ഒരുപാട് മനുഷ്യർക്കിടയിൽ ഞാനൊരാളായി എല്ലാവർക്കും വേണ്ടപ്പെട്ടവളായി അവരുടെ മാതാജിയായി. എഴുത്തും വായനയും കുട്ടികൾക്കുള്ള പാഠങ്ങളുമായി എന്റെ ജീവിതം അർത്ഥപൂർണ്ണമാവുകയായിരുന്നു.
ശ്യാമിനോടും പഴയ ദുരിതങ്ങളോടും ഇന്ന് പകയില്ല. അവയെല്ലാം എന്നെ ഇന്നത്തെ കരുത്തുള്ള സ്ത്രീയാക്കി മാറ്റിയ പടവുകൾ മാത്രമായിരുന്നു എന്ന ബോധ്യത്തിലേക്ക് ഞാൻ വന്നുകഴിഞ്ഞു. അയാളിപ്പോൾ എവിടെയാകും? ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ? അന്ന് ഒരു ഒളിച്ചോട്ടമായിരുന്നല്ലോ. ബന്ധം വേർപെടുത്തുന്നത് പോയിട്ട് പോകുന്നു എന്ന് യാത്രപറയാൻ പോലും പറ്റുന്ന സാഹചര്യമായിരുന്നില്ലല്ലോ. ഇനിയും അയാൾ ബന്ധം പറഞ്ഞു പ്രശ്നവുമായി വന്നാൽ…അതോർത്തപ്പോൾ ചെറിയൊരു അങ്കലാപ്പ് മനസ്സിനെ പിടികൂടി. എങ്കിലും ഇനി പിന്നോട്ടില്ല. എന്തുവന്നാലും നേരിടുക തന്നെ. തൻ്റെ മനസ്സിനെ തോൽപ്പിക്കാൻ ഈ ലോകത്ത് ഇനി ആർക്കും ആകില്ല. അല്ലെങ്കിലും ഇക്കാര്യം അറിയാവുന്നത് രാഘവൻ മാഷിനും ശേഖർ സാറിനും തനിക്കും മാത്രമാണല്ലോ. യമുന മനസ്സിനെ വീണ്ടും വീണ്ടും ദൃഢപ്പെടുത്തി.
പെട്ടെന്ന് ഒരു കുലുക്കത്തോടെ ട്രെയിൻ നിന്നു. മുകളിലെ ബർത്തിൽ നിന്നുള്ള കൂർക്കംവലിക്ക് അതോടെ ഒരു താളഭംഗം സംഭവിച്ചു; പിന്നെയത് പഴയതിലും ശക്തിയിൽ തുടർന്നു. ട്രെയിൻ യമുനയെയും അവളുടെ പ്രതീക്ഷകളെയും വഹിച്ചുകൊണ്ട് അതിൻ്റെ യാത്ര തുടർന്നു. ചിന്തകളുടെ മടിയിൽ അലസയായിക്കിടന്ന യമുന നാളെ എത്തിപ്പെടേണ്ട തൻ്റെ പുത്തൻ ജീവിതത്തിൻ്റെ സങ്കീർണ്ണതകളും ശ്യാം ഇപ്പൊൾ എവിടെ, ഏതവസ്ഥയിലായിരിക്കും? തനിക്കും ശേഖർ സാറിനും തങ്ങളുടെ സ്വപ്നദൂരം ഇനിയും എത്ര ദൈർഘ്യമുണ്ടാകും എന്നൊക്കെയുള്ള വിചാരങ്ങളിൽ മുഴുകി അറിയാതെ ഉറക്കത്തിലേക്ക് വഴുതി. അതേ ഇനിയവളെ താങ്ങാൻ ബലമുള്ള രണ്ടു കരങ്ങളുണ്ട്. എന്തുതന്നെ വന്നാലും ഒന്നിച്ചുനിന്നു പോരാടാമെന്ന ഒരു ധൈര്യം ആ മുഖത്തെ ശാന്തതയ്ക്കൊപ്പം കളിയാടിയിരുന്നു. സുദീർഘമായ ഒരു കാത്തിരിപ്പിൻ്റെ പ്രണയസാക്ഷാത്കാരത്തിൻ്റെ അനവധ്യ നിമിഷങ്ങളിലേക്കുള്ള ആ പ്രയാണത്തിൽ നിദ്രയുടെ ആഴങ്ങളിൽ പുതിയ കിനാവുകൾക്ക് ഊടും പാവും നെയ്യുകയായിരുന്നു യമുന.
———————————–
മുറിഞ്ഞുപോയ നിദ്രയുടെ ബാക്കിപത്രമെന്നോണം ശേഖർ അന്ന് ഉണരാൻ വൈകി. കർട്ടനുകൾക്കിടയിലൂടെ സൂര്യപ്രകാശം എത്തിനോക്കുന്നുണ്ട്. ഫോണെടുത്തു സമയം നോക്കി. എട്ടുമണി കഴിഞ്ഞിരിക്കുന്നു. പ്രഭാതകൃത്യങ്ങൾ നടത്തി അടുക്കളയിൽ പോയി ഒരു ചായയിട്ടു. മുറ്റത്തുനിന്നും പത്രമെടുത്ത് കസേരയിലേക്ക് അമർന്നിരിക്കുമ്പോൾ, ചൂടുള്ള ചായക്കപ്പിൽ നിന്നുള്ള ആവി പടലങ്ങൾക്കിടയിലൂടെ ആ വാർത്ത കണ്ണിൽ ഉടക്കി: ‘അമർനാഥിൽ മഞ്ഞിടിച്ചിൽ; തീർഥാടകരെ കാണാതായി.’ ആ വരികൾ ഉള്ളിലൊരു ആധി പടർത്തിയപ്പോൾ പത്രം മടക്കി മാറ്റിവെച്ചു.
യമുന ഇന്ന് പതിനൊന്നുമണിയോടെ സ്റ്റേഷനിൽ എത്തും. കൂട്ടിന് ചെല്ലേണ്ട എന്ന് അവൾ പ്രത്യേകം പറഞ്ഞിരുന്നെങ്കിലും, പോയി കൂട്ടിക്കൊണ്ടുവരുന്നത് തന്നെയാണ് ഉചിതം. പരിചിതരായ ആരെങ്കിലുമൊക്കെ വഴിയിലുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് നാട്ടുകാരറിയും മുൻപേ വീട്ടിലെത്തിക്കണം. ഭയം കൊണ്ടല്ല, വെറുതെയൊരു സംസാരം ഉണ്ടാകേണ്ടല്ലോ.
അതേസമയം, ഇനിയും വൈകാതെ ചെയ്തുതീർക്കേണ്ട ചില സുപ്രധാന കാര്യങ്ങളുണ്ട്. അതിലൊന്ന് ശ്യാം ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തുക എന്നതാണ്. വിവാഹ രജിസ്ട്രേഷൻ നടപടികളിലേക്ക് കടക്കണമെങ്കിൽ ഈ വിവരം അനിവാര്യമാണ്. ഇതിനോടകം തന്നെ അയാളെക്കുറിച്ച് രഹസ്യമായി ചില അന്വേഷണങ്ങൾ നടത്തിനോക്കിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കൂടുതൽ ആഴത്തിൽ അന്വേഷിക്കാൻ ഇറങ്ങുകയാണെങ്കിൽ അതിനൊരു വ്യക്തമായ കാരണം കാണിക്കേണ്ടിവരും; നാട്ടുകാരുടെയും അധികൃതരുടെയും പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ടി വരും. യമുന കൂടെയുണ്ടെങ്കിൽ ആ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരമാകും, കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യും.
ശേഖറിന്റെ മനസ്സിനെപ്പോലെ തന്നെ ആ പ്രഭാതവും ആകംഷാഭരിതവും അസ്വസ്ഥവുമായിരുന്നു. ഏകാന്തതയുടെ ഒറ്റത്തുരുത്തിൽ സ്വതന്ത്രനെങ്കിലും തനിച്ചായിപ്പോയ ശേഖറിന്, കുറെക്കാലമായി ആകെയുള്ള പ്രതീക്ഷ ശാന്തമായ ജലാശയത്തിൽ വീഴുന്ന ചരൽക്കല്ലുകൾ പോലെ വല്ലപ്പോഴും വന്നണയുന്ന മക്കളുടെ ഫോൺ വിളികളായിരുന്നു. പിന്നെ, ആ കൈലാസ യാത്രയ്ക്ക് ശേഷം ഹൃദയമിടിപ്പോടെ കാത്തിരിക്കുന്ന ആ ഒരു വിളിയും! ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. ജീവിതം അതിന്റെ സായാഹ്നത്തിൽ വിചാരിക്കാത്ത ഒരു വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. ഇതൊരു സ്വപ്നമാണോ? അതോ യാഥാർത്ഥ്യമോ? സന്തോഷവും ആശങ്കയും ഒരേപോലെ മനസ്സിനെ വരിഞ്ഞുമുറുക്കുന്നു.
ഫോൺ റിംഗ് ചെയ്യുന്നത് കേട്ടാണ് എഴുന്നേറ്റത്. ഫോണെടുത്തപ്പോൾ മറുതലയ്ക്കൽ കാർത്തിക്കാണ്.
“അച്ഛാ, യമുനാൻ്റി എത്തിയോ?”
അവൻ്റെ ചോദ്യത്തിൽ ഒരല്പം തിടുക്കം നിഴലിക്കുന്നുണ്ടായിരുന്നു.
“പതിനൊന്ന് മണിയോടെ എത്തും മോനേ,” ശാന്തമായി മറുപടി നൽകി.
വിശേഷങ്ങൾ ചുരുങ്ങിയ വാക്കുകളിൽ പങ്കുവെച്ച് ഫോൺ കട്ട് ചെയ്ത് വീണ്ടും വരാന്തയിലേക്കിറങ്ങി. ആദ്യമൊക്കെ ഈ തീരുമാനത്തോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്ന മക്കളാണ്. എന്നാൽ ഇന്ന് അവരുടെ ഓരോ ചോദ്യത്തിലും തന്നേക്കാൾ വലിയ ആകാംഷയാണുള്ളതെന്ന് തോന്നി. ഒരുപക്ഷേ, തൻ്റെ ഈ തീരുമാനം അവർക്കിപ്പോൾ വലിയൊരു ആശ്വാസം കൂടിയായിരിക്കാം നൽകുന്നത്.
സരസ്വതിയുടെ ആണ്ടുബലി ചടങ്ങുകൾക്കായി വന്ന കാർത്തിക്കിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് കാനഡയിലേക്ക് പറന്നത്. മകൾ അശ്വതി അയർലണ്ടിലുമാണ്. രണ്ടുപേരുടെയും കൂടെ മാറിമാറി താമസിച്ചു. ഒരു വർഷം കഷ്ടിച്ചു പിടിച്ചുനിന്നു. പക്ഷേ, അന്യനാട്ടിലെ അപരിചിതമായ പരിസരങ്ങളിൽ ജീവിതം വിരസതയുടെ തടവറയിലായി. ഒടുവിൽ മടങ്ങാനുള്ള തീരുമാനമറിയിച്ചപ്പോൾ മക്കൾക്ക് വലിയ ആശങ്കയായിരുന്നു.
“അച്ഛൻ അവിടെ ഒറ്റയ്ക്ക് എങ്ങനെ കഴിയും?” എന്ന മകന്റെ ചോദ്യത്തിന്, “ഇവിടെയും എനിക്കൊന്നും ചെയ്യാനില്ല മോനേ… അവിടെയാകുമ്പോൾ പരിചയമുള്ള മണ്ണാണ്, രാഘവൻ മാഷും ബന്ധുക്കളുമൊക്കെയുണ്ട്,” എന്ന് ശാന്തനായി മറുപടി നൽകി. അവരുടെ നിരുത്സാഹപ്പെടുത്തലുകളെ അവഗണിച്ച് തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.
കാർത്തിക്കും ഭാര്യയും ജോലിക്കു പോകും, കുട്ടികൾ സ്കൂളിലും. തനിക്ക് ഒന്നുകിൽ വീടിന്റെ നാലു ചുവരുകൾ, അല്ലെങ്കിൽ പുൽത്തകിടി, അതുമല്ലെങ്കിൽ വിജനമായ പാർക്ക്—ഈ ചക്രവ്യൂഹത്തിൽ അദ്ദേഹം ശ്വാസംമുട്ടി. സ്കൂളിൽ നിന്നും മടങ്ങിയെത്തുന്ന കുട്ടികൾ അവരുടെ ഡിജിറ്റൽ ലോകത്തായിരിക്കും. വീടിന്റെ അലങ്കാരമായി നിർത്തിയിരിക്കുന്ന, ഉപയോഗശൂന്യമായ ഏതോ ഒരു ജീവിയാണ് ‘ഗ്രാൻഡ്പാ’ എന്ന ഭാവമാണ് കുട്ടികൾക്ക്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ ജീവിതസാഹചര്യം അതാണ്. കുഞ്ഞുനാൾ മുതൽ കാർത്തിക് മുത്തച്ഛനും മുത്തശ്ശിയുമായി ബന്ധം നിലനിർത്താൻ കുട്ടികളെ പ്രേരിപ്പിച്ചിരുന്നു. നിരന്തരമായ സഹവാസം കൊണ്ടുണ്ടാകുന്ന ആത്മബന്ധമൊന്നും വീഡിയോ കോളിന് നൽകാനാവില്ലല്ലോ.
കാർത്തിക്കിന്റെ ചെറുപ്പം മുതലുള്ള മോഹമായിരുന്നു വിദേശയാത്ര. ആ തീരുമാനം അവൻ മാറ്റുമെന്ന് ശേഖർ വെറുതെ മോഹിച്ചിരുന്നു. ഹയർ സ്റ്റഡിക്കായി കാനഡയിലേക്ക് പോകുമെന്ന് അവൻ ഉറപ്പിച്ചു പറഞ്ഞപ്പോൾ ശേഖർ ഒന്ന് എതിർത്തു നോക്കിയതാണ്.
“അതിന്റെ ആവശ്യമുണ്ടോ കാർത്തിക്? നാട്ടിൽ ഒരു ജോലി കിട്ടുന്നതുവരെ കഴിയാനുള്ള വക നമുക്കുണ്ടല്ലോ,” മകനെ പിരിയാനുള്ള ആകുലതയായിരുന്നു ആ വാക്കുകളിൽ.
“അച്ഛാ, കരിയറിന് നല്ലത് അവിടെ പഠിക്കുന്നതാണ്. നാട്ടിലെ അവസ്ഥ നിങ്ങൾക്കറിയാമല്ലോ,” അവൻ തന്റെ വാദത്തിൽ ഉറച്ചുനിന്നു.
“നാട് തന്നെയാണ് മോനേ ജീവിക്കാൻ നല്ലത്. ഒടുവിൽ നിന്റെ അച്ഛനും അമ്മയും ഇവിടെ തനിച്ചാകുമെന്ന് നീ ഓർക്കണം,” ശേഖർ ഓർമ്മിപ്പിച്ചു.
“ഒരിക്കലുമില്ലച്ഛാ. അച്ഛനും അമ്മയും പെൻഷനായാൽ ഉടനെ അങ്ങോട്ട് കൊണ്ടുപോകും,” ചിരിയോടെയുള്ള അവന്റെ ആ ഉറപ്പിൽ തർക്കം അവസാനിച്ചു.
പിന്നീട് ഐ.ഇ.എൽ.ടി.എസ്. കോച്ചിംഗും മികച്ച സ്കോറും അഡ്മിഷനുമൊക്കെ വേഗത്തിലായി. അവൻ യാത്ര പറഞ്ഞു പോയപ്പോൾ വിലപ്പെട്ടതെന്തോ കവർന്നെടുക്കപ്പെട്ട ശൂന്യതയായിരുന്നു വീട്ടിൽ. സരസ്വതി രണ്ടുദിവസം അന്നം പോലും തൊട്ടില്ല.
“എടോ, താനെന്തിനാണ് ഇങ്ങനെ നീറുന്നത്? മക്കളെന്നാൽ കൂടുവിട്ടു പറക്കേണ്ടവരല്ലേ… അവരുടെ സ്വപ്നങ്ങൾക്ക് അവർ തന്നെയാകട്ടെ ചിറകുകൾ നൽകുന്നത്.” ശേഖരന്റെ വാക്കുകളിൽ സാന്ത്വനത്തിന്റെ തണലുണ്ടായിരുന്നു.
“എന്നാലും ശേഖരേട്ടാ, ഇത്രയും ദൂരേക്ക് അവൻ പോകണമായിരുന്നോ? ഇനി എന്നാണ് അവനെയൊന്നു നേരിൽ കാണാൻ കഴിയുക?” ആ ചോദ്യം ഉത്തരമില്ലാതെ അന്തരീക്ഷത്തിൽ തങ്ങിനിന്നു.
തുടരും..




👏👍