Thursday, July 17, 2025
Homeപുസ്തകങ്ങൾപുസ്തകപരിചയം - 'നെല്ല് '(നോവൽ) രചന: പി. വത്സല ✍ തയ്യാറാക്കിയത്: ദീപ...

പുസ്തകപരിചയം – ‘നെല്ല് ‘(നോവൽ) രചന: പി. വത്സല ✍ തയ്യാറാക്കിയത്: ദീപ ആർ അടൂർ

നെല്ല് – ആദിവാസി ജീവിതത്തെ കുറിച്ചുള്ള മലയാളത്തിലെ ആദ്യ നോവൽ.പ്രശസ്ത എഴുത്ത്കാരി പി വത്സലയാണ് എഴുതിയിട്ടുള്ളത്. 1972 ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഇതിന് കുങ്കുമം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. “നിഴലുറങ്ങുന്ന വഴികൾ “എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ആദിവാസികളുടെ അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെയും ആ ചതി തിരിച്ചറിയാനുള്ള കഴിവില്ലായ്മയും അവരുടെ നിഷ്കളങ്കതയും ഈ നോവലിൽ വിശകലനം ചെയ്യുന്നു. ആദിവാസികളുടെ ജീവിതരീതിയെ പഠനവിധേയമാക്കി തന്നെയാണ് ഈ നോവൽ രചിച്ചിട്ടുള്ളത്. ജന്മി കുടിയാൻ ബന്ധങ്ങളും കാർഷിക ഭൂനിയമങ്ങളും ഈ നോവലിലെ വിഷയങ്ങളാണ്. കാടിന്റെ മക്കളുടെ ദയനീയവസ്ഥയും നാട്ടുരാജാക്കന്മാരുടെ കപട സദാചാരവും തുറന്നു കാട്ടുന്നു എഴുത്ത്കാരി .ആഗ്നേയം, കൂമൻകൊല്ലി എന്നീ നോവലുകളും വയനാടിന്റെ പശ്ചാത്തലത്തിൽ പിറവി എടുത്ത വത്സലയുടെ മറ്റ് നോവലുകളാണ്.

മനുഷ്യരുടെ എല്ലാം ഏറ്റവും വലിയ പ്രശ്നം വിശപ്പ് ആണ്. അത് തന്നെയാണ് ആദിവാസികളുടെയും പ്രശ്നം. ഭൂവുടമകൾ മഴക്കാലത്തേക്ക് അരിയും മറ്റും സൂക്ഷിച്ചു വെയ്ക്കുന്നു. അവർക്കതിനാൽ മഴക്കാലത്ത് ദാരിദ്ര്യം ഉണ്ടാവുന്നില്ല. എന്നാൽ കാടിന്റെ മക്കൾക്ക് അത് സാധ്യമാകുന്നില്ല. അവർ മഴക്കാലത്ത് പട്ടിണയാവുന്നു. ആ സാഹചര്യം മുതലെടുക്കുന്ന ജന്മികളുടെ ചൂഷണം ധൈര്യപൂർവ്വം എഴുത്തുകാരി ചൂണ്ടിക്കാണിക്കുന്നു. മണ്ണും പെണ്ണും അവിടെ ചൂഷണവിധേയമാകുന്നു.

വിശപ്പിനെ സഹിക്കാൻ ആവാതെ മാരനും ജീവിതത്തിൽ സ്വപ്നങ്ങൾക്ക് നിറച്ചാർത്തു കണ്ടെത്താൻ ശ്രമിക്കുന്ന വെളുത്ത ചുണ്ടെലിയും മകൾ മാരയും എല്ലാം ആദിവാസി ജീവിതങ്ങളുടെ അടയാളങ്ങളാണ്. കൃഷിയിൽ നിന്നും കൂടുതൽ വരുമാനം ലഭിക്കാത്തതിനാൽ കൂപ്പിലെ പണിക്ക് പോകുന്ന മല്ലൻ രോഗാതുരനാകുകയും താമസിയാതെ മരണപ്പെടുകയും ചെയ്യുന്നു. ആദിവാസികളുടെ ഉന്നമനം ലക്ഷ്യം വെയ്ക്കുന്ന രാഘവൻ നായർ മാരയ്ക് ഒരു ജീവിതം നൽകാൻ തയ്യാറാവുകയും ചെയ്യുന്നിടത്ത് അനാചാരത്തിന്റെയും അതുവരെ നില നിന്ന സാമൂഹ്യ വ്യവസ്ഥിതിയെ തന്നെയാണ് എഴുത്തുകാരി പൊളിച്ചടുക്കിയത്. പ്രകൃതിപോലും എതിരുനിന്നിട്ടും അടിച്ചേൽപിക്കപ്പെട്ട നിയന്ത്രണങ്ങളുടെ ചങ്ങലകളെ പൊട്ടിച്ചെറിയാൻ വെമ്പിയ കഥയിലൂടെ പെണ്ണെഴുത്തിനു നാന്ദി കുറിക്കുക കൂടിയായിരുന്നു വൽസല.

ഇന്നും പൊള്ളുന്ന വിഷയം തന്നെയാണ് നെല്ലിന്റെ പ്രമേയം. എന്നിട്ടും ആ കാലഘട്ടത്തിൽ ധൈര്യപൂർവ്വം ഈ വിഷയം തിരഞ്ഞെടുത്ത എഴുത്തുകാരിയെ എത്ര പ്രശംസിച്ചാലും മതിയാകില്ല. വയനാട്ടിലെ തിരുനെല്ലിയുടെ വയലുകളിൽ സമൃദ്ധമായി വളരുന്ന നെല്ലിന്റെയും കതിരണിയുകയും പതിരാകുകയും ചെയ്ത പ്രതീക്ഷകളുടെയും കഥ മാത്രമല്ല വൽസല പറഞ്ഞത്, നെല്ലിനൊപ്പം ജീവിച്ചു മരിച്ച ഒരു കൂട്ടം മനുഷ്യമനസ്സുകളുടെ കഥയാണിത്.

നെല്ലിലെ നായിക മാര എന്ന അടിയാത്തി പെണ്ണ്വായനക്കാർക്ക് ഒരു അത്ഭുതം തന്നെയാണ്. കരുത്താർന്നവൾ. സ്നേഹത്തിന്റെ വിശുദ്ധിയും സമർപ്പണത്തിന്റെ പൂർണതയും നൻമയുടെ സൗന്ദര്യമുള്ളവൾ. മാരയുടെ മനസ്സു കീഴടക്കിയ കരുത്തനായ പുരുഷനാണ് മല്ലൻ. കുറുമാട്ടി എന്ന മന്ത്രവാദിനി വശീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴും മല്ലൻ തന്റേതതുതന്നെയെന്ന് ഉറച്ചുവിശ്വസിച്ച പെണ്ണണവൾ. രോഗത്തെത്തുടർന്ന് അമ്മ മരിച്ചപ്പോഴും അമ്മയുടെ മൃതദേഹത്തിനു കാവലിരിക്കുമ്പോൾ കരയുന്നതിനുപകരം ഒറ്റയ്ക്കുനേരിടേണ്ടിവരുന്ന വെല്ലുവിളികളായിരുന്നു മാരയുടെ മനസ്സിൽ. എന്തിനും ഏതിനും മല്ലൻ കൂടെയുണ്ടാകുമെന്ന് വിശ്വസിച്ചു. വള്ളിയൂർക്കാവിലെ ആറാട്ടിന് മല്ലൻ അവളെ സ്വന്തമാക്കിയതുമാണ്. നിഴലുപോലെ പതുങ്ങിനടക്കുന്ന കുറുമാട്ടിയുടെ കണ്ണു വെട്ടിച്ചായിരുന്നു അവരുടെ ഗാന്ധർവ്വവിവാഹം. പക്ഷേ, വിവാഹത്തിന് അനുമതി നൽകേണ്ട മൂപ്പനെ വ്യാജപ്രചാരണത്തിലൂടെ കുറുമാട്ടി വശത്താക്കുന്നു. സഹോദരീ സഹോദരൻമാരായി ജീവിക്കേണ്ട ഒരേ ഗോത്രത്തിൽപ്പെട്ടവരാണ് മാരയും മല്ലനുമെന്ന് കുറുമാട്ടി മൂപ്പനെ വിശ്വസിപ്പിച്ചു. നാട്ടിൽ പ്രചാരണം നടത്തി. അവർ തമ്മിലുള്ള വിവാഹം അവിശുദ്ധമാണെന്നും അനുവദിക്കാൻ പാടില്ലാത്തതാണെന്നും നാട്ടുകാരെക്കൊണ്ട് വിശ്വസിപ്പിച്ചു.പക്ഷേ, മാര തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കുറുമാട്ടിയുടെ പ്രചാരണത്തിൽ തളരാതെ ഒറ്റയ്ക്ക് കൊടുംകാട്ടിലൂടെ യാത്രചെയ്ത് മാര മൂപ്പനെ കാണാൻപോകുന്നു. മല്ലനുമായുള്ള വിവാഹം അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. ആയിരം നാണയം പിഴയായി കെട്ടിവച്ചാൽ വിവാഹം നടത്താമെന്ന് മൂപ്പൻ ഉറപ്പുകൊടുക്കുന്നു. ഒന്നോ രണ്ടോ നാണയങ്ങൾപോലും സമ്പത്തായി കരുതപ്പെട്ടിരുന്ന വർഗത്തിൽ ആയിരം നാണയം എന്നത് സ്വപ്നം കാണാനാവാത്ത സംഖ്യയാണ്. എന്നിട്ടും വയലിലെ ജോലിക്കൊപ്പം കൂപ്പിൽ പണിയെടുക്കാനും മല്ലൻ ഇറങ്ങിത്തിരിക്കുന്നു. അതവരുടെ ജീവിതത്തിൽ ദുരന്തത്തിന്റെ നിഴൽ വീഴ്ത്തുന്നു. പക്ഷേ, തളരാതെ, തകരാതെ പിടിച്ചുനിൽക്കുന്ന മാരയുടെ കരളുറപ്പാണ് നെല്ലിന്റെ ജീവൻ. പിഴച്ച പെണ്ണെന്ന ആക്ഷേപം ജീവിതത്തിലൂടനീളം കേൾക്കേണ്ടിവന്നു മാരയ്ക്ക്. ആചാരം ലംഘിച്ച് സ്വന്തം ഭർത്താവിന്റെ അകാലമരണത്തിനു കാരണക്കാരിയായവൾ എന്ന ആക്ഷേപവും കേട്ടു. ഒടുവിൽ, യജമാനനായ വെളുത്ത തമ്പുരാനെ കണ്ണു കാണിച്ച് മയക്കിയെടുത്തവൾ എന്ന ആരോപണവും. മാര തളർന്നില്ല. മല്ലൻ ഇല്ലാത്ത ജീവിതത്തിൽ തന്നോടു കരുണ കാണിച്ച വെളുത്ത തമ്പുരാനെ അവൾ ശുശ്രൂഷിച്ചു. അയാൾക്കുവേണ്ടി കാത്തിരുന്നു. പക്ഷേ, മാരയുടെ ശരീരത്തിനു വെറും കളിപ്പാട്ടത്തിന്റെ വില പോലും കൊടുത്തില്ല ജൻമിയായ പുതു തലമുറയിലെ ചെറുപ്പക്കാരൻ.

കീഴ്പ്പെടുത്തിയതിനുശേഷം ഇനി നീ എന്റെ സ്വത്താണെന്നും ഞാൻ നാളെയും വരുമെന്നും പറയുന്ന ഉണ്ണിത്തമ്പുരാനോട് മറിച്ചൊന്നും പറയാൻ നാവു പൊങ്ങിയില്ലെങ്കിലും പിറ്റേന്നുമുതൽ തന്നെത്തന്നെ സംരക്ഷിക്കാൻ മാര ഒരുങ്ങിയിരുന്നു. പക്ഷേ, തിരുനെല്ലിയിലെ കറുത്ത മണ്ണിന്റെ ഗതി തന്നെ തനിക്കും എന്നവൾക്കറിയാമായിരുന്നു. തോൽവി ഉറപ്പായിട്ടും വിധി അടിച്ചേൽപിച്ച സ്വന്തം വർഗ്ഗത്തോടും ശരീരം കളങ്കപ്പെടുത്തി തോൽപിക്കാൻ ശ്രമിച്ച പൗരുഷത്തോടും നടത്തിയ പോരാട്ടമാണ് മാരയെ മലയാള സാഹിത്യത്തിലെ കരളുറപ്പുള്ള കഥാപാത്രമാക്കുന്നത്. ചീത്തയാക്കപ്പെട്ടിട്ടും തന്നിൽ ശരിയും നൻമയും അവശേഷിച്ചിട്ടുണ്ടെന്ന് മാരയ്ക്കറിയാം. എങ്കിലും ഉപാധികളില്ലാതെ സ്വീകരിക്കാൻ കൈ നീട്ടിയ വെളുത്ത തമ്പുരാനെ അവൾ തള്ളിമാറ്റുകയാണ്. തന്റെ ജീവിതം ഒറ്റയ്ക്കെന്ന് അവൾ തീരൂമാനിക്കുന്നു. അഥവാ ഒറ്റയ്ക്കു ജീവിച്ചും താൻ വെല്ലുവിളികളെ നേരിടുമെന്ന് പ്രഖ്യാപിക്കുകയാണ് മാര തന്റേടം നിറഞ്ഞ തീരുമാനത്തിലൂടെ. മാരയിലൂടെ എഴുപതുകളുടെ തുടക്കത്തിൽത്തന്നെ കേരള സമൂഹത്തിന്റെ കണ്ണും കാതും തുറപ്പിക്കാനാണ് വൽസല ശ്രമിച്ചത്.

തയ്യാറാക്കിയത്: ദീപ ആർ അടൂർ✍

RELATED ARTICLES

2 COMMENTS

  1. പി വത്സലയുടെ നെല്ല് എന്ന പുസ്തകത്തെക്കുറിച്ച് മനോഹരമായ ആസ്വാദനക്കുറിപ്പ്. പുസ്തകം വായിച്ചിട്ടുണ്ട്. എങ്കിലും ഒന്നുകൂടി വായിക്കാൻ തോന്നുന്ന ലേഖനം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ