Thursday, March 20, 2025
Homeഅമേരിക്കശുഭചിന്ത - (106) പ്രകാശഗോപുരങ്ങൾ - (82) വിവേചനശക്തിയും നിർണ്ണയശക്തിയും ✍ പി.എം.എൻ.നമ്പൂതിരി.

ശുഭചിന്ത – (106) പ്രകാശഗോപുരങ്ങൾ – (82) വിവേചനശക്തിയും നിർണ്ണയശക്തിയും ✍ പി.എം.എൻ.നമ്പൂതിരി.

പി.എം.എൻ.നമ്പൂതിരി.

വിവേചനശക്തിയും നിർണ്ണയശക്തിയും വേണ്ടവണ്ണം നമുക്ക് ഇല്ലാത്തതാണോ അതോ ഉണ്ടെങ്കിലും അത് പ്രയോഗിക്കാത്തതാണോ നമ്മുടെയെല്ലാം പരാജയങ്ങൾക്ക് കാരണമെന്ന് നാം ചിന്തിയ്ക്കേണ്ടതായിട്ടുണ്ട്. ഒരു കാര്യം തെറ്റാണെന്ന് നാം വിവേചിച്ചാലും അത് ചെയ്യണ്ട എന്നു നിർണ്ണയിക്കാനുള്ള ശക്തി നമുക്ക് ഇല്ലാതാകുന്നു. തുടർന്ന് അത് ആവർത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല നാം ചെയ്ത ആ കർമ്മത്തെ ന്യായീകരിക്കുകയും ചെയ്യും. അതിനുള്ള ശ്രമത്തിൽ പിന്നീട് പല വാദമുഖങ്ങൾ നിരത്തുകയും ചെയ്യും. അവിടെ നാം നമുക്ക് വേണ്ടി വാദിക്കുകയാണ് ചെയ്യുന്നത്.അതായത് നമ്മുടെ കാര്യത്തിൽ നാം വക്കീലും അന്യരുടെ കാര്യത്തിൽ നാം ജഡ്ജിയുമായി തീരുകയാണ്. മറ്റുള്ളവരുടെ നിസ്സാര തെറ്റുകൾ ചൂണ്ടിക്കാട്ടി നാം ശിക്ഷ വിധിക്കുന്നു. പക്ഷെ നാം ചെയ്ത കർമ്മങ്ങൾ തെറ്റാണെന്നും അത് ആവർത്തിക്കരുതെന്നും വിധിക്കാനുള്ള ജഡ്ജി നമ്മളിൽ ഉണ്ടാകുന്നില്ല. അതുകൊണ്ട് നാം നമ്മുടെ തെറ്റുകൾ കണ്ടെത്തുകയും വീണ്ടും ചെയ്യാതിരിക്കാനുള്ള പരിശീലനം നേടുകയും ചെയ്യുക.അതിനു ശേഷം മാത്രം അന്യരെ തിരുത്തുവാൻ ശ്രമിക്കുക. ദൈവമാണ് നമ്മുടെ ജീവിത സൗധത്തിൻ്റെ അടിത്തറ എന്ന് വിശ്വസിക്കുക. അടിത്തറ ഇളക്കമുള്ളതല്ലെങ്കിൽ മാത്രമേ കെട്ടിടം സുരക്ഷിതമായിരിക്കുകയുള്ളൂ. നാം സ്ഥിതപ്രജ്ഞൻ അഥവാ ഉറച്ച ബുദ്ധിയോടു കൂടിയവരാകാൻ ശ്രമിക്കുക. ബുദ്ധിയാണ് വിവേചന ശക്തി നൽകുന്നത്. മാനത്തിൽ അഭിമാനിക്കാതെയും അപമാനത്തിൽ ദുഃഖിക്കാതെയും ഇരിക്കുക. ഏതു ദു:ഖം വന്നാലും മനസ്സിലെ ദു:ഖത്തെ നിയന്ത്രിക്കാൻ കഴിയണം. സുഖം വരുമ്പോൾ അമിതമായി ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്യാതിരിക്കുക. അങ്ങനെ സുഖദു:ഖങ്ങളിൽ സമനില കൈക്കൊള്ളുക. സാധാരക്കാർക്ക് സാധാരണയായി മൂന്ന് തരത്തിലുള്ള വികാരങ്ങൾ കാണാറുണ്ട്. അവ സുഖവസ്തുക്കളോടുള്ള രാഗം, ദു:ഖവസ്തുക്കൾ കാണുമ്പോൾ അത് തങ്ങളെ ബാധിച്ചേക്കുമോ എന്ന ഭയം, രാഗവസ്തുക്കൾ ലഭിക്കാതെവരുകയോ ദോഷവസ്തുക്കൾ അകറ്റാൻ പറ്റാതെ വരികയോ ചെയ്യുമ്പോഴുണ്ടാകുന്ന ക്രോധം. ദു:ഖങ്ങളിൽ പരിഭ്രമിക്കാതെയും സുഖങ്ങളെ ആഗ്രഹിക്കാതെയും ബുദ്ധിയെ സ്വച്ഛമായി നിലനിർത്താൻ കഴിയുന്നവർക്ക് രാഗമോ ഭയമോ ക്രോധമോ ഉണ്ടാവുകയില്ല. ഇതിലേതെങ്കിലും ഒന്നുണ്ടായാൽ വിവേചനശക്തി നശിക്കും. അവനവനോടും മറ്റുള്ളവരോടും അമിതമായ മമത ഇല്ലാതാക്കി – ഇതിൽ ആദ്യത്തേതിന് സ്വാർത്ഥത എന്ന് പറയുന്നു.- മുക്തരാവാൻ ശ്രമിക്കുക. ആരോടും അമിതമായ സ്നേഹം പ്രകടിപ്പിക്കാതിരിക്കുക. അതുപോലെത്തന്നെ ആരേയും അധിക്ഷേപിക്കാതിരിക്കാനും ശ്രമിക്കുക. ആരേയും  അമിത പ്രശംസ ചെയ്യാതിരിക്കുക. അതായത് സമദർശ്വിത്വം വേണമെന്ന് സാരം. നന്മയെ തിന്മയിൽനിന്നും വേർതിരിച്ചറിയാനുള്ള കഴിവ് വളർത്തുക. മനസ്സിൻ്റെ നിയന്ത്രണത്തിലൂടെ മറ്റൊരാളെ മനസ്സിലാക്കാൻ സാധിക്കും. നമ്മൾ ഹിംസത്തെപ്പോലെയാകാൻ ശ്രമിക്കണം.(അത് വെള്ളമൊഴിച്ച പാലിൽ നിന്നും പാൽ മാത്രം വലിച്ചെടുത്തു കുടിക്കുന്നു.). നമുക്ക് ഇഷ്ടമല്ലാത്തവരെ വിമർശിക്കാതിരിക്കാനും ശ്രമിക്കുക .അതോടൊപ്പം നല്ലവരുടെ നന്മകളെ അംഗീകരിക്കുകയും വേണം.

സീതാദേവി ലക്ഷ്മണരേഖ കടന്നത് വിവേചനശക്തി നശിച്ചതിനാലാണ്. മാരീചൻ സ്വർണ്ണമാനല്ലായിരുന്നു.അത് ചതിയനാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ – ലക്ഷ്മണൻ പറഞ്ഞിട്ടുകൂടി – സീതയ്ക്ക് അപകടം ഉണ്ടാകുമായിരുന്നില്ല. അതുപോലുള്ള മാനുകൾ നമ്മുടെ ജീവിതത്തിലും ധാരാളം ഉണ്ട്. അവയെ തിരിച്ചറിയണം. അതുപോലെത്തന്നെ ധൃതരാഷ്ട്രർക്ക് അനുഭവിക്കേണ്ടി വന്ന ദു:ഖം മുഴുവനും ദുര്യോധനനോടുള്ള അമിതമായ സ്നേഹം കൊണ്ടായിരുന്നു.

വിവേചനശക്തിയും നിർണ്ണയശക്തിയും വേണ്ടവണ്ണം ഉപയോഗിച്ചാൽ മനസ്സിനു ശാന്തിയും സമാധാനവും ഉണ്ടാകും. മാത്രമല്ല ആപത്തിൽ ചാടാതിരിക്കാൻ കഴിയും. ഒന്നു മനസ്സിലാക്കുക! ശാന്തിയാണ് ആത്മാവിൻ്റെ സ്വഭാവം. ആത്മാവ് ശരീരമെടുക്കുമ്പോൾ അശാന്തി അനുഭവിക്കാൻ തുടങ്ങുന്നു. ബന്ധനത്തിൽനിന്നും മുക്തിനേടുന്നതിന് മനസ്സിൻ്റെ ഏകാഗ്രത പരിശീലിക്കണം. ഏകാന്തതയിൽ – നിശ്ശബ്ദതയിൽ, മനസ്സിനെ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചാൽ തെറ്റുകൾ ഭസ്മമാകും. ഒരു കോൺവക്സ് ലെൻസ് പ്രകാശത്തെ കേന്ദ്രീകരിച്ച് പഞ്ഞി കത്തിക്കുന്നതുപോലെ. തെറ്റിൻ്റെ വാസനകളെ – വിത്തുകളെ – പാടേ പറിച്ചെറിയുക. ഒരു വിത്തു കിടന്നാൽ മതി, മഴ പെയ്യുമ്പോൾ -അനുകൂല സാഹചര്യത്തിൽ – അത് പൊട്ടി വളർന്ന് ഇലയായി, ശാഖകളായി, വൻ ചെടിയായി വളരും.അപ്പോഴാണ് നമ്മുടെ അധർമ്മത്തെ ധർമ്മമായും അന്യർ ചെയ്യുന്ന ധർമ്മത്തെപ്പോലും അധർമ്മമായും നമുക്ക് വ്യാഖ്യാനിക്കാൻ കഴിയുന്നത്. മനസ്സിനു ശാന്തിപകരുന്നതാവട്ടെ, നമ്മുടെ വാക്കും മനസ്സും പ്രവർത്തിയും. ധ്യാനം കൊണ്ട് ഇത് നമുക്ക് നേടിയെടുക്കാൻ കഴിയും. മനസ്സ് ഈശ്വരനിൽ ഏകാഗ്രമാകുമ്പോൾ വിവിധ ജന്മങ്ങളിലെ പാപങ്ങൾ പോലും ഭസ്മീകരിക്കപ്പെടുന്നു. ധ്യാനം, വ്യായാമം, മരുന്ന്, മന്ത്രം ഇവയെല്ലാം കൂടി ചേർന്ന  Quantum Healing എന്ന ഒരു ചികിത്സാ സമ്പ്രദായം പാശ്ചാത്യ നാടുകളിൽ പ്രചരിച്ചുവരുന്നുണ്ട്. വിട്ടുവീഴ്ചയിലൂടെയും സ്നേഹധാരയിലൂടെയും ഓരോ വീടും ശാന്തികകുഞ്ജമാക്കി മാറ്റാൻ കഴിയും. അങ്ങനെയുള്ള വീടുകളിൽ വരുന്നവർക്ക് ശാന്തി ലഭിക്കുകയു ചെയ്യും. ഒന്ന് മനസ്സിലാക്കുക ! നമ്മുടെ മനസ്സ് നല്ലതാണെങ്കിൽ വനത്തേയും നഗരമാക്കാൻ സാധിക്കും. പാണ്ഡവർക്ക് കൊടുത്ത വനത്തെ അവർ ഇന്ദ്രപ്രസ്ഥമെന്ന പൂങ്കാവനമാക്കിയതുപോലെ……

പി.എം.എൻ.നമ്പൂതിരി.

RELATED ARTICLES

7 COMMENTS

  1. നമ്മുടെ ഇടയിലുള്ള മാനുകളെ തിരിച്ചറിയിലാണ് പ്രധാനം..
    ഹൃദ്യമായ അവതരണം

  2. വളരെ അധികം ഉപയോഗ പ്രദം ആവുന്ന ആധികാരിക മായി വിവരിച്ചു പറഞ്ഞ സത്യം 🙏

  3. നല്ല അറിവ് തന്നെ ഗുരുജി ,നാം മനസ്സിനെ പഠിപ്പിച്ചെടുക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ഓർത്തു വെക്കേണ്ടതുമായ അനേകം കാര്യങ്ങളെ കുറിച്ച് പറഞ്ഞു. നന്ദി ഗുരുജിനമസ്ക്കാരം ‘

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments