വളരെ സമാധാനപരമായി കണ്ണീരിൽ കുതിർന്ന തേങ്ങലുകളോടെ മണവാളൻകുന്ന് മാര്‍ക്കോസുചേട്ടന് വിടനല്കി.
മാസങ്ങൾ കടന്നു പോകുന്നു പോലീസിന്റെ അന്വേഷണം എങ്ങും എത്തിയില്ല. DYSP ജയേഷിന്റെ ഇടപെടലിൽ രാമഭദ്രന് നേരെ പോലീസിന്റെ ക്രൂരമായ വിളയാട്ടം ഉണ്ടാകുന്നില്ല.
തുടർന്ന് വായിക്കുക……
👇👇👇👇👇👇👇
അദ്ധ്യായം 14
മനസ്സെത്തുന്നിടത്ത് കണ്ണെത്തണം. കണ്ണെത്തുന്നിടത്ത് മെയ്യത്തണം, മെയ്യെത്തണമെങ്കിൽ നമ്മൾ അവിടെ പറന്നുചെല്ലണം. അതെ നാളികേരത്തിൻ്റെ നാൽക്കവല വിട്ട് നാണ്യം വിളയുന്ന നഗരം തേടി പറക്കണം. തന്റെ സ്വത്തിന്റെ എല്ലാ ചുമതലയും രാമഭദ്രനെ ഏൽപ്പിച്ച് ജയിംസ് തിരിച്ച് അമേരിക്കയ്ക്ക് പറന്നു. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് ശേഷം അവൻ എത്തിച്ചേർന്നു. നേരെ പോയത് ഓഫീസിലേയ്ക്കാണ്. അന്ന് മുഴുവൻ അവിടെ ഇരുന്ന് കാര്യങ്ങൾ എല്ലാം വിശദമായി പഠിച്ച് പിറ്റേന്ന് വെളുപ്പിനവൻ ബ്രൂക്ലിൻ ഹൈറ്റ്സിലെ തന്റെ താമസസ്ഥലത്തേക്ക് പോയി.
അവിടെ അവനെ വരവേറ്റത് വളരെ ദയനിയമായ കാഴ്ച്ചയായിരുന്നു. ആകെ അലങ്കോലമാക്കി ഇട്ടിരിക്കുന്ന റൂമുകളും, അടുക്കളയും, ഒക്കെ വാരിവലിച്ചിട്ടിട്ടുണ്ട്. അലമാരകളെല്ലാം തുറന്നിട്ടിരിക്കുന്നു. ജയിംസിന്റെ ഭാര്യയായിരുന്നവളുടെ തുണികളെല്ലാം എടുത്തു കൊണ്ടു പോയിരിക്കുന്നു. ഓഫീസ് സംബന്ധമായ ചില ഫയലുകളും കാണാതായിരിക്കുന്നു.
കാര്യങ്ങൾ ജയിംസിന് മനസ്സിലായി. കാരണം നാട്ടിൽ പോകുമ്പോൾ വീടിന്റെ പൂട്ട് മാറ്റിയിട്ടുണ്ടായിരുന്നില്ല. ഒരു താക്കോല് ഒളിച്ചോടിപ്പോയ ഭാര്യയുടെ കൈയ്യിൽ ഇപ്പഴും ഉള്ള കാര്യം അവന് ഓർമ്മ വന്നു. ഒന്നും ചെയ്യാൻ അവന് കഴിയില്ല. നിയമപരമായി അവൻ ഇംപ്പാഴും വിവാഹബന്ധം വേർപെടുത്തിയിട്ടില്ല.
അകലെ ആകാശത്തിൽ ഇന്ദ്രധനുസ്സിൽ നിന്ന് തൊടുത്തുവിട്ട വജ്രായുധം പോലെ കൊള്ളിയാൻ മിന്നിമറഞ്ഞു. ദൂരെ എവിടെയോ തകർത്തു പെയ്യുന്ന മഴയിൽ നിന്ന് കുതറി മാറി തണുത്തു വിറച്ച ഒരു കുഞ്ഞു കാറ്റ് ജെയിസിനെ വട്ടം ചുറ്റിക്കടന്നുപോയി. അവൻ ഉടനെച്ചെന്ന് മുൻവശത്തെ വാതിൽ കുറ്റിയിട്ടു. അവനും അവന്റെ കമ്പനിയിലെ ഒരു പയ്യനും കുടി രണ്ട് മൂന്ന് ദിവസം എടുത്തു ആ വീടൊന്ന് വൃത്തിയാക്കാന്‍. തുടർന്ന് വീടിന്റെ പ്രധാന പൂട്ടും താക്കോലും മാറ്റി. കാര്യങ്ങൾ സാധാരണ ഗതിയിലേക്ക് കടന്നു.
നഗരവീഥികളിലെ പതിവ് കാഴ്ച്ചകൾക്ക് ഇപ്പോൾ അവന് കൂടുതൽ ഭംഗി തോന്നി. ഇതുവരെയില്ലാത്ത ഒരു പ്രത്യേക സുഖം അവൻ ആ കാഴ്ച്ചകളിൽ അനുഭവിച്ചു. അതിനാൽ എല്ലാത്തിനോടും പൊരുത്തപ്പെടാൻ അവൻ അവൻ്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. ഒരു നാല് ദിവസത്തിനു ശേഷം അവന് വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് കിട്ടി. വളരെപ്പെട്ടന്ന് അവൻ ആ പേപ്പറുകൾ ഒപ്പിട്ടു കൊടുത്തു. ഏകദേശം ഒരു മാസത്തിനുള്ളിൽ വിവാഹമോചനം നടന്നു.
വിവാഹംബന്ധം വേർപെടുത്തിയിയതിനു ശേഷം ജയിംസ് വളരെ സന്തോഷവാനായിരുന്നു. ബിസിനസ്സിൽ മാത്രം ശ്രദ്ധിച്ച് വളരെ നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. നാട്ടിൽ വിളിച്ച് രാമഭദ്രന് വേണ്ട നിർദ്ദേശങ്ങൾ അപ്പപ്പോൾ കൊടുക്കുവാനും അവൻ വളരെയധികം ശ്രദ്ധിച്ചിരുന്നു. കമ്പനിയിലെ മുഴുവൻ സ്റ്റാഫിനോടും വളരെ നല്ല രീതിയിൽ ഇടപെടുകയും, .അവർക്ക് ശബള വർദ്ധനയടക്കമുള്ള കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തു.
ജെയിംസ് അമേരിക്കൻ മലയാളി വ്യവസായികളുടെ ഇടയിൽ ശ്രദ്ധേയനായി, പലതരം ചാരിറ്റി പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായി മാറി. അവന്റെ പ്രശസ്തിയും പെരുമാറ്റവും കൊണ്ട് ഇതിനിടയിൽ നിരവധി പെൺകുട്ടികൾ അവന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. എല്ലാവരോടും മൃദുസമീപനം സ്വീകരിക്കുവാനും, എല്ലാവരേയും കൂടെ നിർത്തുവാനും. അവരോടൊപ്പം സന്തോഷിക്കുവാനും അവൻ വളരെയധികം ശ്രദ്ധിച്ചു.
ഇതിനിടയിൽ ആഷ്ലെ റോസ എന്ന യുവസുന്ദരി മാത്രം അവന്റെ മനസ്സിൽ അറിയാതെ ഇടം പിടിച്ചു. അവളുടെ സൗന്ദര്യം, അതിലുപരി അവളുടെ വിനയം, അമേരിക്കക്കാരിയാണെങ്കിലും ആഢ്യത്തമില്ലാത്ത ഭാവം, ചടുലമായ സംസാരരീതി, അതിലുപരി അമേരിക്കയുടെ ടൂറിസം മേഘലയിൽ നല്ലൊരു ജോലി. ഇതൊക്കെ ആയിരുന്നു ജയിംസിനെ അവളിലേക്ക് അടുപ്പിച്ചത്.
അമേരിക്കയിലെ മലയാളി സമാജം നടത്തുന്ന ഒരു ആഘോഷ പരിപാടിയുടെ ഭാഗമായി നാട്ടിൽ നിന്നും കലാകാരൻമാരെ കൊണ്ടുവരേണ്ടുന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് ജയിംസ് ആഷ്ലെ റോസയുടെ അടുത്തെത്തുന്നത്.
ആദ്യമായി ഇത്തരം ഒരു പരിപാടിയുമായി ടൂറിസം ഓഫീസിൽ എത്തിയ ജയിംസിന് ആദ്യ ദിവസത്തെ ആഷ്ലെയുടെ പെരുമാറ്റം തന്നെ വല്ലാതെ ആകർഷിച്ചു. അതിനാൽ തുടർന്നുള്ള ആ പരിപാടിയുടെ മുഴുവൻ ആവശ്യങ്ങൾക്കും അവൻ അവളെത്തന്നെയായിരുന്നു സമീപിച്ചിരുന്നത്.
സംശയങ്ങൾക്കും, അഭിപ്രായങ്ങൾക്കും സ്നേഹത്തിൻ സുഗന്ധം ചാലിച്ച നിർദ്ദേശങ്ങൾ പകർന്ന് നല്കി മനസ്സിന്റെ ക്യാൻവാസിൽ പുതിയൊരനുഭവത്തിന്റെ മനോഹര ഛായാ ചിത്രങ്ങൾ വരച്ചുകൊണ്ടവൾ അവന്റെ ഹൃദയത്തിൽ ചേക്കേറി. നീലത്തടാകത്തിൽ ആഢംബരനൗകയിൽ ആത്മശിഖരത്തിൽ കൂടണഞ്ഞ മോഹപ്പക്ഷികളായവർ സഞ്ചരിച്ചു. അമേരിക്കയുടെ വശ്യ സുന്ദര വീഥികളിലെല്ലാം പൂത്തുലഞ്ഞ ചുകന്ന ഓക്ക് ചെടികളായവർ മാറി. മഞ്ഞിൻ കണങ്ങൾ കുടപിടിച്ച സായാഹ്നങ്ങളിൽ ഗ്രോസ് ബീക്ക് പക്ഷികളായവർ പറന്നു.
ആഷ്ലെ റോസയുമായുള്ള സൗഹൃദംകൊണ്ട് ജയിംസിന്റ സാന്നിധ്യത്തിൽ ചെറിയ ചെറിയ മലയാളി സംഘടനകൾ ഒത്തിരി മലയാളി പ്രോഗ്രാമുകൾ അമേരിക്കയിൽ നടത്തുകയുണ്ടായി . പരിപാടികളുടെ എണ്ണം കൂടുന്തോറും സൗഹൃദത്തിൻ്റെ ആഴവും കൂടി വന്നു.
മാസങ്ങൾ അതിവേഗം കടന്നുപോയി. ക്രിസ്തുമസ് ആഘോഷങ്ങൾക്കായി അമേരിക്കൻ നാടും നഗരവും അണിഞ്ഞൊരുങ്ങി. വർണ്ണാഭമായ ദീപാലങ്കാരങ്ങക്കൊണ്ട് നഗരത്തിന്റെ പ്രഭ പത്തരമാറ്റായി തിളങ്ങി. മുഴുവൻ ദേവാലയങ്ങളും പ്രാർത്ഥനകൾ കൊണ്ട് സജീവമായി.
ക്രിസ്തുമസ് ദിനം വന്നണഞ്ഞു. ക്രിസ്മസ് മരങ്ങളും, പുൽക്കൂടുകളും കൊണ്ട് വീടുകളെല്ലാം അണിഞ്ഞൊരുങ്ങി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മകളിൽ ആബാലവൃന്ദം ജനങ്ങളും മഹത് ശ്രുതികൾപ്പാടി .
ജയിംസും, റോസയും പള്ളിയിലെ പ്രാർത്ഥനയൊക്കെക്കഴിഞ്ഞ് ഡിന്നറിനായി നഗരത്തിലെ ഒരു പ്രസിദ്ധമായ ഹോട്ടലിൽക്കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കേ ജയിംസിന് തല കറങ്ങുന്നതായി തോന്നി. കണ്ണിമകൾ ഇടവിട്ട് ചിമ്മിക്കൊണ്ട് അവൻ തല ഒന്നു കുടഞ്ഞു നോക്കി. ഇല്ല തല കറങ്ങുന്നുണ്ട്.
റോസ അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്തു പറ്റി ജയിംസ്..? എന്താ ഒരു വല്ലായ്മ…? അവൾ സ്നേഹത്തോടെ തിരക്കി.
ഏയ്.. ഒന്നുമില്ല. അവൻ നിസ്സാരമട്ടിൽ പറഞ്ഞു.
പെട്ടന്ന് ഛർദ്ദിക്കണം എന്നു തോന്നിയ ജയിംസ് ഉടനെ വാഷ് റൂമിലേക്ക് ഓടി. അപ്പോൾ കഴിച്ച ആഹാരം മുഴുവൻ ചർദ്ദിയിലൂടെ പുറത്തേക്കൊഴുകി. പെട്ടന്നവന്റെ കാലുകൾ വിറച്ചു. കണ്ണുകൾ പുറത്തോട്ട് തള്ളി. തലയ്ക്കകത്ത് എന്തോ ഭയങ്കരമായ ഭാരം അനുഭവപ്പെടുന്നു. താൻ വീഴുമോ എന്നവൻ ചിന്തിച്ചു. കാരണം ഛർദ്ദിയുടെ കൂടെ ചോരയുംകലർന്നിരുന്നു. എന്നാൽ അത് കൂടുതലായി വന്നില്ല. ഉടനെ തന്നെ നിൽക്കുകയും ചെയ്തു.
താൻ കഴിച്ചഭക്ഷണത്തിന്റെ കുഴപ്പമായിരിക്കും എന്ന് കരുതി റോസയോട് ഒന്നും പറയാതെ അവളെയും കൂട്ടി ബില്ലും കൊടുത്ത് പുറത്തിറങ്ങി. അവൾ എത്ര ആവർത്തി ചോദിച്ചിട്ടും അവിടുത്തെ ഭക്ഷണം ശരിയില്ല എന്നു മാത്രം അവൻ പറഞ്ഞു കൊണ്ടവൻ നടന്നുനീങ്ങി.
തുടരും …….




നന്നായിട്ടുണ്ട്