യോഗയോഗ്- രവീന്ദ്ര നാഥ ടാഗോർ ന്റെ ഭാരതീയ കുടുംബവ്യവസ്ഥയിൽ സ്ത്രീകളുടെ സ്ഥാനം അടയാളപ്പെടുത്തുന്ന ക്ലാസിക്കൽ നോവൽ ആണ്. വിവർത്തനം മേഘ സുധീർ.
പഴയ ജന്മിത്വത്തിന്റെ കാലത്ത് സമ്പന്നതയുടെ മടിത്തട്ടിൽ പരസ്പരം പോരടിച്ചു കഴിഞ്ഞ മാടമ്പികളാണ് ചാറ്റർജി കുടുംബവും ഘോഷാൽ കുടുംബവും. അക്കാലത്ത് അവരുടെ പരിചാരകർ പോലും പരസ്പരം കണ്ടാൽ വഴക്കു കൂടുമായിരുന്നു. ഇന്ന് രണ്ടു കുടുംബങ്ങളുടെയും പഴയ പ്രതാപം നിലവിലില്ല. ഘോഷാൽ കുടുംബത്തിലെ മധുസൂദനൻ സ്വന്തം പരിശ്രമത്താൽ തന്റെ തറവാടിന്റെ സാമ്പത്തിക തകർച്ച ഏറെക്കുറെ പരിഹരിച്ച് പ്രമാണിത്വം വീണ്ടെടുത്തിരിക്കുന്നു. ധനം അതുമാത്രമാണ് അയാളെ ജീവിതത്തെ അടുപ്പിച്ച് നിർത്തുന്നത്.അയാളുടെ ഭാര്യ ആകുന്നത് ചാറ്റർജി കുടുംബത്തിലെ കുമുദിനിയാണ്. അവൾ ആകട്ടെ തികച്ചും ആധുനിക പുരോഗമന ആശയങ്ങളുടെ വക്താവായ വിപ്രദാസിന്റെ ശിക്ഷണത്തിലും ലാളനയിലും വളർന്ന അദ്ദേഹത്തിന്റെ സഹോദരിയാണ്.
അളവറ്റ ധനം നേടിയപ്പോൾ അഹങ്കാരിയായ മധുസൂദനന്റെ പ്രാകൃത സ്വഭാവവും ഉമാ മഹേശ്വര സങ്കല്പം സ്വപ്നം കണ്ട് സർഗ്ഗാത്മകതയും സബുദ്ധിയും തികഞ്ഞ വിപ്രദാസ് വളർത്തിയെടുത്ത കുമുദിനിയുടെ മൂല്യബോധവും തമ്മിലുള്ള പൊരുത്ക്കേട് ആണ് ഈ നോവലിലെ കഥ.അന്നത്തെ കാലത്ത് പോലും സ്ത്രീ സ്വാതന്ത്ര്യചിന്തകളെ അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.
പുരോഗമന- പാരമ്പര്വാദികളുടെയും വേദാന്തികളുടെയും പുത്തൻ പണക്കാരുടെയും വീടുകളിലെ അടിച്ചമർത്തപ്പെട്ട സ്ത്രീകളുടെ ശബ്ദം ആണ് കുമുദിനി. സ്ത്രീ ശക്‌തീകരണം അതിശക്തമായി ഈ നോവലിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അഹങ്കാരിയും മറ്റുള്ളവരുടെ മനസ്സ് കാണാൻ ശ്രമിക്കാതെ ധനം ആണ് എല്ലാം എന്നു ചിന്തിക്കുന്ന ഇടുങ്ങിയ ചിന്താഗതിയുള്ളതും മുരടനുമായ മധുസൂദനൻ എന്ന ഭർത്താവിനും സഹോദരിയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വിപ്രദാസ് എന്ന സഹോദരന്റയും സ്വന്തം നിലപാടിൽ ഉറച്ചു നിൽക്കുന്ന കുമുദിനിയും വായനക്കാരന് മറക്കാൻ സാധിക്കില്ല.
അവരുടെ ജീവിതത്തിന്റെ തുടക്കം തന്നെ അസ്വാരസ്യങ്ങളുടേതായിരുന്നു. സംഗീതവും പ്രകൃതിയുമെല്ലാം ഇവിടെ കഥാപാത്രങ്ങൾ ആണ്. വിവാഹിതയായി മറ്റൊരു കുടുംബത്തിൽ എത്തുന്ന ഒരു സ്ത്രീയുടെ മാനസിക പ്രയാസം, വിഭിന്നങ്ങളായ സാമൂഹിക സാംസ്‌കാരിക കുടുംബപശ്ചാത്തലത്തിൽ ഉള്ള രണ്ട് വ്യക്തികൾ ഒന്നാകുന്നതിന്റെ ബുദ്ധിമുട്ട്.. എല്ലാം ടാഗോർ കാവ്യാത്മകമായി എഴുതിയിട്ടുണ്ട്. സ്ത്രീപക്ഷ ചിന്തകൾ ഇവിടെ പ്രവർത്തികമാക്കുന്നത് കുമു വിനെക്കാളും വിപ്രദാസ് ആണ്. സ്ത്രീകൾ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം ഇത്രയും മനോഹരമായി അദ്ദേഹം സ്ത്രീ മനസ്സുകളെ പഠിച്ചു എഴുതിയപോലെയാണ്. ടാഗോർ ന്റെ ഏറ്റവും മികച്ച രചനയാണ് യോഗായോഗ്.
നന്നായിട്ടുണ്ട്..
പുസ്തകത്തെക്കുറിച്ച് നല്ല വിവരണം..