ജ്യോത്സ്നിക
കേരളത്തിന്റെ വിജ്ഞാനസമ്പത്ത് അതിബൃഹത്തായ പ്രാചീനഗ്രന്ഥശേഖരങ്ങളിൽ അടക്കം ചെയ്തിരിക്കുന്നു. വിവിധ ഹസ്തലിഖിതഗ്രന്ഥാലയങ്ങളിലെ താളിയോലകളിലും മറ്റ് എഴുത്തുസാമഗ്രികളിലുമായി നല്ലൊരുശതമാനം വിജ്ഞാനവും വെളിച്ചം കാണാതെ കിടക്കുന്നു. അവയെ വേണ്ടവിധ ത്തിൽ പഠിക്കാനോ പ്രസിദ്ധീകരിക്കാനോ സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ചരിത്രം, വാസ്തു, വൈദ്യം, ജ്യോതിഷം, ഗണിതം, തന്ത്രം, മന്ത്രം, കൃഷി തുടങ്ങി വിവിധ വിഷയങ്ങളിലുള്ള വൈജ്ഞാനിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരണം കാത്ത് പല ഗ്രന്ഥാലയങ്ങളിലുമിരിപ്പുണ്ട്.
കേരളസർവ്വകലാശാല ഹസ്‌തലിഖിതഗ്രന്ഥാലയത്തിലെ വിഷയാധിഷ്ഠിതകാറ്റലോഗ് പ്രകാരം 696 വൈദ്യഗ്രന്ഥങ്ങളും 162 വിഷവൈദ്യഗ്രന്ഥങ്ങളും 1644 ജ്യോതിഷവിഷയഗ്രന്ഥങ്ങളും 12ശില്‌പശാസ്ത്രഗ്രന്ഥങ്ങളും 22 സാമുദ്രികശാസ്ത്ര ഗ്രന്ഥങ്ങളും ഉൾപ്പെടെ വൈജ്ഞാനിക വിഷയങ്ങൾ പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങളുടെ ഹസ്തലിഖിതരേഖകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
കേരള സർവകലാശാലയുടെ ഹസ്തലിഖിത ഗ്രന്ഥാലയത്തിൽ ആയുർവേദം , സിദ്ധ, യൂനാനി, മർമ്മ ചികിത്സ തുടങ്ങി വൈദ്യവിഷയ വിഭാഗത്തിലെ ഗ്രന്ഥങ്ങളുടെ വലിയൊരു ശേഖരമുണ്ട്. ആയുർവേദ ചികിത്സാ ഗ്രന്ഥങ്ങളാണ് എണ്ണത്തിൽ കൂടുതൽ. അവയിൽ വിഷവൈദ്യ വിഭാഗത്തിൽ പ്രമുഖങ്ങളായ ഗ്രന്ഥങ്ങൾ ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ ഉണ്ട്. കേരളീയർ മറ്റു ശാസ്ത്രവിഭാഗങ്ങളിൽ എന്നപോലെ വിഷവൈദ്യത്തിലും ധാരാളം ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും സംസ്കൃത ഗ്രന്ഥങ്ങളുടെ രീതി പിന്തുടരുന്നവയാണ്. വിഷനാരായണീയം, ഉഡ്ഡീശം, ഉൽപ്പലം, ഹരമേഖല , ലക്ഷണാമൃതം, അഷ്ടാംഗഹൃദയം, കാലവഞ്ചനം എന്നിവയാണ് കേരളത്തിൽ പ്രാചീനകാലം മുതലേ പഠിച്ചുപോരുന്ന പ്രധാനപ്പെട്ട 7 വിഷചികിത്സാ ഗ്രന്ഥങ്ങൾ . ഇവയെല്ലാം സംസ്കൃതഭാഷയിൽ വിരചിതമായ ഗ്രന്ഥങ്ങളാണ് . മേൽപ്പറഞ്ഞ ഗ്രന്ഥങ്ങളുടെ സ്വാധീനം ഉൾക്കൊണ്ട് മലയാളത്തിൽ രചിച്ചിട്ടുള്ള വിശിഷ്ടമായ ‘ജ്യോത്സ്നിക ‘എന്ന ഗ്രന്ഥം സമകാലവിഷ ചികിത്സാ മേഖലയിലെ പ്രമുഖ കൃതിയാണ്.
വിഷനാരായണീയം, അഷ്ടാംഗഹൃദയം, ലക്ഷണാമൃതം
‘ ജ്യോത്സ്നിക ‘ എന്ന പേര്
കേരളീയവിഷവൈദ്യഗ്രന്ഥങ്ങൾക്ക് ആധാരമായി അഷ്ടാംഗഹൃദയം, വിഷനാരായണീയം, ഉഡ്ഡീശം, ഉത്പലം, ഹരമേഖല, ലക്ഷണാമൃതം, കാലവഞ്ചനം എന്നിങ്ങനെ ഏഴു ഗ്രന്ഥങ്ങൾ ഉള്ളതായി സൂചിപ്പിച്ചല്ലോ. ഇവയിൽ ഔഷധപ്രയോഗത്തിന് പ്രാധാന്യം നൽകുന്ന ‘ഉഡ്ഡീശം’ ജ്യോത്സ്നികയ്ക്ക് മുഖ്യാവലംബമായിത്തീർന്നിരിക്കാം എന്നാണ് പണ്ഡിതനിഗമനം. അതുകൊണ്ടാണ് ഉഡ്ഡീശൻ (ചന്ദ്രൻ) എന്ന അർത്ഥത്തിനനുഗുണമായിട്ട് ഇതിനു ‘ജ്യോത്സ്‌നിക’ എന്നു പേരു കൊടുത്തത്. ആയുർവേദ ചികിത്സയും ചന്ദ്രനും നിലാവുമായുള്ള ബന്ധം സുവിദിതമാണ്. ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള വിശാഖകല, അമൃതകല എന്നീ ആശയങ്ങൾ പരമ്പരാഗത പാമ്പുകടി ചികിത്സയിലെ സംജ്ഞകളാണ്. ചന്ദ്രന്റെ ശുക്ല പക്ഷം കൃഷ്ണപക്ഷം എന്നീ ഘട്ടങ്ങളെയാണ് അവ സൂചിപ്പിക്കുന്നത്. ഔഷധസേവയും രോഗശാന്തിയും ആയി ഇവയ്ക്ക് ബന്ധമുണ്ട്.
പ്രസിദ്ധീകരണ ചരിത്രം
ജ്യോത്സ്‌നികയുടെ ഒന്നും രണ്ടും പതിപ്പുകൾ
കേരളസർവ്വകലാശാലയുടെ ഹസ്‌തലിഖിതഗ്രന്ഥാലയത്തിൽ നിന്നുള്ള ഗ്രന്ഥപ്രസാധനചരിത്രം തുടങ്ങുന്നത്ശ്രീ വഞ്ചിസേതുലക്ഷ്മി ഗ്രന്ഥാവലിയിൽ നിന്നാണ്. ട്രിവാൻഡ്രം സാൻസ്ക്രിറ്റ് സീരീസ്, ട്രിവാൻഡ്രം മലയാളം സീരിയസ് എന്നീ പേരുകളിൽ സംസ്കൃത ഗ്രന്ഥങ്ങളും മലയാളം ഗ്രന്ഥങ്ങളും ഇവിടെ നിന്ന് ഇന്നും പ്രസിദ്ധീകരിച്ചു പോരുന്നു. ശ്രീ വഞ്ചി സേതുലക്ഷ്മി ഗ്രന്ഥാവലി 9ആം നമ്പറിൽ കൊളത്തേരി ശങ്കരമേനോൻ ആണ് ജ്യോത്സ്‌നിക ആദ്യമായി പ്രസിദ്ധീകരിച്ചത്. കോഴിക്കോട്ടുനിന്ന് നടത്തിപ്പോന്നിരുന്ന കവനോദയ ഗ്രന്ഥാവലിയിൽ ജോത്സ്നിക അച്ചടിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് 1940 ൽ പബ്ലിക്കേഷൻ ഓഫ് ഓറിയന്റൽ മാനിസ്ക്രിപ്സിന്റെ ക്യുറേറ്റർ ആയിരുന്ന കെ മഹാദേവശാസ്ത്രി ജോത്സ്നിക പ്രസിദ്ധീകരിച്ചു. 2013 ൽ ഡോ. കെ. ജി. ശ്രീലേഖ ജനറൽ എഡിറ്ററായി ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് & മനുസ്ക്രിപ്റ്റ്സ് ലൈബ്രറി ജ്യോത്സ്നിക പുന :പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റുപലരും ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും വിശദമായ പഠനം കേരള സർവകലാശാലയുടെ ഗ്രന്ഥാലയം പ്രസിദ്ധീകരിച്ച പതിപ്പിനെ ആധാരമാക്കിയുള്ളതാണ്.
ജൈവവൈവിധ്യത്താൽ സമ്പന്നമായ കേരളത്തിൽ വിവിധയിനം പാമ്പുകളുടെയും വിഷജന്തുക്കളുടെയും കടിയേറ്റ് മനുഷ്യർ മരിക്കാറുണ്ട്. അതുകൊണ്ടു തന്നെ ആയുർവ്വേദവിജ്ഞാനത്തിൽ വിഷചികിത്സയ്ക്ക് കേരളത്തിൽ വലിയ പ്രാധാന്യമുണ്ടായി. ഈ വിഷയം പഠിക്കുകയും തൊഴിലായി സ്വീകരിക്കുകയും ഗവേഷണം നടത്തുകയും ഔഷധങ്ങൾ നിർമ്മിക്കുകയും ചെയ്‌ത അനേകം പുരാതന കുടുംബങ്ങൾ കേരളത്തിലുണ്ട്. മറ്റെവിടെയും കാണാത്ത അപൂർവ്വ ചികിത്സാവിധികൾ കേരളീയ വിഷചികിത്സാപാരമ്പര്യത്തിൽ കാണാൻ സാധിക്കും. നാട്ടുവൈദ്യത്തിന്റേതായ ഒരു വഴിയും സംസ്കൃതവൈദ്യഗ്രന്ഥങ്ങളെ പിന്തുടരുന്ന മറ്റൊരുവഴിയും സംയോജിക്കുന്നതാണ് കേരളത്തിന്റെ വിഷചികിത്സാപാരമ്പര്യം. ഈ പുതിയ കാലഘട്ടത്തിലും ആയുർവേദ വിഷചികിത്സാപാരമ്പര്യം സജീവമായി തുടർന്നുകൊണ്ടുപോകുന്ന വൈദ്യന്മാർ കേരളത്തിൽ ഉണ്ട്.
ഗ്രന്ഥകർത്താവ്, കാലം
‘നാരായണേന ഭാഷേയം
ചികിത്സാ ജോത്സ്നികാഭിധാ’
എന്ന് ഗ്രന്ഥാവസാനത്തിൽ കൊടുത്തിരിക്കുന്നതിൽ നിന്ന് ഒരു നാരായണൻ ആണ് ഗ്രന്ഥകർത്താവ് എന്ന് മനസ്സിലാക്കാം. ഇതിലെ ഭാഷ പരിശോധിച്ചു നോക്കിയാൽ ഗ്രന്ഥകാരനായ നാരായണൻ മലബാറിലോ തൃശ്ശൂരിലോ ഉള്ള ആളാണെന്നും ലക്ഷണാമൃതം എന്ന ഗ്രന്ഥത്തോട് ജ്യോത്സ്നികയ്ക്ക്അടുപ്പമുള്ളതിനാൽ അതിനു ശേഷം രചിച്ചതായിരിക്കാം ഇത് എന്നും കെ.മഹാദേവ ശാസ്ത്രി ആമുഖത്തിൽ അഭിപ്രായപ്പെടുന്നുണ്ട്. ഗ്രന്ഥകാരനായ നാരായണനെക്കുറിച്ച് കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം കേരളബ്രാഹ്മണൻ ആയിരുന്നോ എന്ന് നിശ്ചയം ഇല്ല എന്നും കെ .ശങ്കരമേനോൻ പറയുന്നുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന കാലത്തെക്കുറിച്ച് കൃത്യമായി പറയാൻ സാധിക്കില്ല.
ഭാഷാസ്വരൂപം
ജ്യോത്സ്നിക സംസ്കൃത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി മലയാളത്തിൽ എഴുതിയിട്ടുള്ള കൃതിയാണ്. സംസ്കൃതവും മലയാളവും ഇടകലർത്തിയുള്ള ഒരു ഭാഷാരീതിയാണ് ഗ്രന്ഥകർത്താവ് പിന്തുടരുന്നത്. സരസവും ലളിതവുമായ കാവ്യഭാഷയിലാണ് ഗ്രന്ഥം എഴുതിയിട്ടുള്ളത്. സംസ്കൃതത്തിന്റെ അതിപ്രസരം ഉണ്ടെങ്കിലും സാമാന്യജനങ്ങൾക്ക് വായിച്ചു മനസിലാക്കാൻ പാകത്തിൽ കേരളഭാഷയോട് ചേർന്ന് പോകുന്ന സംസ്കൃതമാണ് പൊതുവെ ഗ്രന്ഥഭാഷയിൽ കാണുന്നത്.
ഉള്ളടക്കം
ഇതിൽ ആകെ 21 അധികാരങ്ങളുള്ളവയിൽ 20 അധികാരങ്ങൾ (അദ്ധ്യായങ്ങൾ)കൊണ്ടു് സർപ്പം, മണ്ഡലി മുതലായ പാമ്പുകൾ, എലി, തേള് എട്ടുകാലി, കീരി, പൂച്ച, പട്ടി, കുറുക്കൻ, കുതിര, വാനരം, മനുഷ്യൻ, തവള, അരണ, ഓന്ത്, പല്ലി, കടന്നൽ, ചേരട്ട, തൊട്ടാരട്ടി, മത്സ്യം, അട്ട, വണ്ട് മുതലായ ജന്തുക്കൾ, ചേർക്കുരു മുതലായ സ്ഥാവരപദാർത്ഥങ്ങൾ എന്നിവ മൂലമുണ്ടാകുന്ന വിഷങ്ങൾക്കുള്ള ചികിത്സാക്രമങ്ങളും ചില മന്ത്രങ്ങളും ധ്യാനക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു. 21ആം അധികാരത്തിൽ വൈദ്യപാരമ്പര്യത്തെക്കുറിച്ചാണ് വിവരിക്കുന്നത്. അനുബന്ധമായി, വിഷം ഏറ്റവർക്ക് ഉണ്ടാകുന്ന ഉപദ്രവങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. തുടർന്ന് അകാരാദിക്രമത്തിലുള്ള പദസൂചിയും അർത്ഥങ്ങളും നൽകിയിട്ടുണ്ട്.
ആയുർവ്വേദ ചികിത്സാഗ്രന്ഥങ്ങളിലെല്ലാം പൊതുവെ കാണുന്ന ധ്യാനങ്ങളും മന്ത്രങ്ങളും ഈ ഗ്രന്ഥത്തിലും ഉൾക്കൊളളുന്നുണ്ട്. ആയുർവ്വേദ ചികിത്സ മേഖലയിലെ എണ്ണപ്പെട്ട ക്ലാസ്സിക് സംസ്കൃതഗ്രന്ഥങ്ങളെ അംഗീകരിക്കുകയും അടിസ്ഥാനമാക്കുകയും ചെയ്യുന്ന ജോത്സ്നിക ഔഷധപരിജ്ഞാനം, പ്രയോഗകുശലത എന്നീ ഗുണങ്ങളാൽ സമ്പന്നമാണ്. പോസ്റ്റ് ക്ലാസിക്കൽ കാലഘട്ടത്തിലെ ആയുർവേദ ചികിത്സാഗ്രന്ഥങ്ങൾ രണ്ട് മേഖലകളാണ് സംയോജിപ്പിക്കുന്നത്.
ഒന്ന്- രോഗസാധ്യതയുടെ എല്ലാ ഉറവിടങ്ങളും പരിശോധിക്കുക.
രണ്ട്- രോഗനിർണ്ണയവും ചികിത്സയും ജീവിതശൈലിയും ഫലപ്രദമായികോർത്തിണക്കുക.
ഈ രണ്ടുമേഖലയെയും സമഗ്രമായി ചേർത്തിണക്കുന്ന ജ്യോത്സ്‌നിക സമകാല വിഷചികിത്സാമേഖലയിലും ഏറെ പ്രയോജനകരമായ ഗ്രന്ഥമാണ്.
ഗവേഷണ പ്രാധാന്യം
ജ്യോത്സ്‌നികയുടെ താളിയോലഗ്രന്ഥങ്ങൾ
കേരളം ആയുർവേദചികിത്സാരീതികളിൽ, പ്രത്യേകിച്ച് വിഷചികിത്സയിൽ നൂറ്റാണ്ടുകളായി പ്രായോഗികപരിജ്ഞാനം കൈവരിച്ചിട്ടുളള നാടാണ്. കേരളീയ ആയൂർവ്വേദ വിഷചികിത്സാപ്രയോഗഗ്രന്ഥങ്ങളിൽ ഉളളടക്കം, അവതരണം, പ്രയോഗജ്ഞാനം എന്നീ നിലകളിൽ വേറിട്ടുനിൽക്കുന്ന പ്രധാന കൃതിയാണ് ജ്യോത്സ്‌നിക. നൂറ്റാണ്ടുകളായി കേരളത്തിൽ വ്യാപകമായി പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം വിഷചികിത്സാമേഖലയിൽ ഏറെ പ്രസക്തമാണ്. അഷ്ടാംഗഹൃദയം പഠിച്ചശേഷം വിഷചികിത്സാ മേഖലയിൽ പ്രത്യേക പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ജ്യോത്സ്‌നിക പാഠ്യപദ്ധതിയിലുളള ആധാരഗ്രന്ഥമാണ്. വിഷചികിത്സ എന്ന് കേൾക്കുമ്പോൾ പാമ്പുവിഷചികിത്സയാണ് പ്രധാനമെങ്കിലും പാമ്പുവിഷമുൾപ്പെടെ മൃഗങ്ങൾ, പ്രാണികൾ, സസ്യങ്ങൾ, ക്ഷുദ്രജീവികൾ, ആഹാരം എന്നിവയിൽനിന്ന് മനുഷ്യനേൽക്കുന്ന എല്ലാ വിഷങ്ങളും വിഷലക്ഷണങ്ങളും ചികിത്സയും ഔഷധവും എല്ലാം ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. പ്രയോഗസമുച്ചയം, ലക്ഷണാമൃതം, ക്രിയാകൗമുദി, വിഷചന്ദ്രിക, വിഷനാരായണീയം എന്നീ പ്രസിദ്ധവിഷവൈദ്യഗ്രന്ഥങ്ങളോടൊപ്പം പ്രാധാന്യമർഹിക്കുന്ന ജ്യോത്സ്‌നിക പ്രയോഗജ്ഞാനം, അന്തർവൈജ്ഞാനികസ്വഭാവം, സമഗ്രത എന്നീ ഗുണങ്ങളാൽ ആയുർവ്വേദ വിഷചികിത്സാമേഖലയിലെ സമകാലികഗ്രന്ഥങ്ങളിൽ വേറിട്ടുനിൽക്കുന്നു. നൂറ്റാണ്ടുകളായി ആയുർവ്വേദപഠിതാക്കളുടെയും പരിശീലകരുടെയും വിലപ്പെട്ട കൈപ്പുസ്‌തകമായ ഈ ഗ്രന്ഥം ആയുർവ്വേദ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിലെ പ്രധാനകൃതിയാണ്.
സർവ്വകലാശാലാഹസ്‌തലിഖിതഗ്രന്ഥാലയം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സ്വകാര്യവ്യക്തികളും ജ്യോത്സ്‌നികയുടെ താളിയോലഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ ഈ അച്ചടിപ്പതിപ്പുകൾ ഒന്നും സംശോധിതപാഠമല്ല. മറിച്ച് അന്ന് ലഭ്യമായ ഒരു ഗ്രന്ഥം അച്ചടിക്കുക മാത്രമാണ് ചെയ്‌തിട്ടുള്ളത്. എന്നാൽ ജ്യോത്സ്‌നികയ്ക്ക് നമ്മുടെ ഹസ്‌തലിഖിതഗ്രന്ഥാലയത്തിൽ 5 പകർപ്പുകളുണ്ട്. തൃപ്പൂണിത്തുറ, കാലിക്കറ്റ്, കോട്ടക്കൽ എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും ഈ ഗ്രന്ഥത്തിന് പകർപ്പുകൾ ഉളളതായി അറിയാൻ സാധിച്ചിട്ടുണ്ട്. ആ നിലയ്ക്കാണ് ജ്യോത്സ്‌നികയുടെ ഒരു സംശോധിതപാഠം (Critically Edited Text) ഉണ്ടാകേണ്ടതിൻ്റെ പ്രാധാന്യം ബോധ്യപ്പെട്ടത്. പഠിതാക്കളും പരിശീലകരും വ്യാപകമായി ഉപയോഗിക്കുന്ന ഒരു ആധാരഗ്രന്ഥത്തിൻ്റെ പിഴവുകൾ തീർത്ത പാഠം ലഭ്യമാക്കുക എന്നത് ആയുർവേദവിഷചികിത്സാമേഖലയുടെയും കാലഘട്ടത്തിന്റെയും ആവശ്യകതയാണെന്നു മനസ്സിലാക്കി ഈ ഗ്രന്ഥത്തിന്റെ സംശോധിതപാഠം തയ്യാറാക്കാനുള്ള ഗവേഷണം മാനുസ്ക്രിപ്സ് ലൈബ്രറി കേന്ദ്രമാക്കി കേരള സർവകലാശാലയിൽ നടന്നുവരുന്നു.
പ്രധാന സവിശേഷതകൾ
ജ്യോത്സ്നിക രോഗസാധ്യതയുടെ ഉറവിടവും രോഗനിർണയവും ചികിത്സയും ഔഷധപ്രയോഗവും ഒരുമിച്ചുചേർത്ത് പ്രതിപാദിക്കുന്ന ഗ്രന്ഥം എന്ന നിലയിൽ പണ്ഡിതന്മാർക്കും ഈ മേഖലയിലെ ചികിത്സകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥമാണ്. വിവിധ മേഖലകളിലെ അറിവുകൾ അന്തർവൈജ്ഞാനികമായി സമീപിക്കുന്ന ഈ കൃതി ആയുർവേദ ചികിത്സാപഠിതാക്കളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന ഗ്രന്ഥമാണ്.
ഈ ഗ്രന്ഥത്തിൽ ശുപാർശ ചെയ്യുന്ന പല മരുന്നുകളും പൂന്തോട്ടങ്ങളിൽ നിന്നും അടുക്കളകളിൽ നിന്നും എളുപ്പത്തിൽ ലഭിക്കുന്നതാണ്. പാമ്പിന്റെ വിഷം, മറ്റ് വിഷ ജന്തുക്കൾ, വ്യത്യസ്തതരം വിഷലക്ഷണങ്ങൾ എന്നിവയുൾപ്പെടെ വിഷബാധയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇത് നൽകുന്നു. ലോകത്തിൽ വിഷമില്ലാത്ത വസ്തുക്കളില്ല. നാം ഏതിനെ അമൃതമായിക്കരുതുന്നുവോ, അതു തന്നെ കാലദേശശരീരാവസ്ഥകൾക്കനുഗുണമായി ഉപയോഗിച്ചില്ലെങ്കിൽ മഹാവിഷമായ്ത്തീരുന്നതാണു്. പാലു ശരീരപോഷകമാണല്ലോ. അതും അസ്ഥാനത്തിലുപയോഗിച്ചാൽ വിഷമായിത്തീരുമെന്ന് ഒരു ബാലനും അറിയാവുന്നതാകുന്നു.
നമ്മുടെ പൂർവ്വികന്മാർ വിധിച്ചിരിക്കുന്ന ആഹാരങ്ങളിൽ ചേരുന്ന സാധനങ്ങൾ എല്ലാംതന്നെ അവയിലുണ്ടാകാവുന്ന വിഷാംശങ്ങളുടെ പ്രതീകങ്ങളായിട്ടാണിരിക്കുന്നത്. ഉദാഹരണത്തിനു മൂന്നുനാലു യോഗങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നുണ്ട് .
• ചക്കപ്രഥമനിൽ ചുക്കുപൊടിച്ചു ചേർക്കുന്നത്, നാം സ്വാദിനാണെന്നും, വൈദ്യൻ ചക്കയുടെ വിഷം മാറ്റുവാനാണെന്നും ധരിക്കുന്നു.
• മോരും, തയിരും കൂട്ടന്നതിനു പഴയ ഉപ്പുമാങ്ങ ഉപയോഗിച്ചാൽ അവയുടെ വിഷം തീരും. ഈവിധമായ ആഹാരം നമുക്ക് ഏററവും ഇഷ്ടവും അനുഭവത്തിലിരിക്കുന്ന തുമാണ്.
• കറിയിൽ മഞ്ഞളും, കടുകും, ഉപ്പും ചേർക്കുന്നത് പുഴുക്കളുടെയും മററും വിഷം, മാറ്റുവാനാണു് ; ഇതു എല്ലാപേർക്കും അനുഭവപ്പെട്ട സംഗതിയാകകൊണ്ട് വിസ്തരിക്കുന്നില്ല
• മോരിൽ ഉപ്പിട്ടു കൂട്ടിയാൽ അന്നവിഷം ബാധിക്കുന്നതല്ല
ഇപ്രകാരം നമ്മുടെ ഭക്ഷണകാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള അറിവുകൾ വൈദ്യശാസ്ത്രത്തിൽ ഉള്ള സാരമായ ഉപദേശങ്ങൾ ആണെന്ന് ഗ്രന്ഥകർത്താവ് ചൂണ്ടിക്കാണിക്കുന്നു
അഷ്ടാംഗ ചികിത്സാത്മകമായ ആയുർവ്വേദത്തിൻ്റെ ഒരു പ്രധാന അംഗം വിഷചികിത്സയാണ്. ഈ വിഷയത്തിൽ കേരളീയർ, പരീക്ഷിച്ചനുഭവപ്പെട്ടിട്ടുള്ള തത്വങ്ങളുംചികിത്സകളും ക്രോഡീകരിച്ച് പല വിശിഷ്ടഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ കേരളത്തിൽ വിരചിതമായ ഒരു അപൂർവ വിഷവൈദ്യഗ്രന്ഥമാണ് ‘ജ്യോത്സ്‌നിക’, ഇരുപത്തിയൊന്ന് അധികാരങ്ങളുള്ള ഈ കൃതിയിൽ വിവിധ ജന്തുക്കളുടെ വിഷങ്ങൾക്കുള്ള ചികിത്സാക്രമങ്ങളും മന്ത്രങ്ങളും ധ്യാനക്രമങ്ങളും പ്രതിപാദിക്കുന്നു. കേരളീയമായ പ്രാചീന പ്രമാണഗ്രന്ഥങ്ങളെ അംഗീകരിക്കുകയും അടിസ്ഥാനമാക്കുകയും ചെയ്യുന്ന ഈ വൈദ്യഗ്രന്ഥം മന്ത്രസിദ്ധി,ഔഷധപരിജ്ഞാനം, പ്രയോഗകുശലത എന്നീ ഗുണങ്ങൾ കൊണ്ട് വിഷചികിത്സാരംഗത്ത് മുന്നിട്ടു നിൽക്കുന്നു. ആയുർവ്വേദ ചികിത്സാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കൃതി ഏറെ പ്രയോജനപ്പെടുമെന്നു കരുതുന്നു.
Super 😄👍
വിജ്ഞാനപ്രദം
നല്ല അറിവ്.
വൈദ്യശാസ്ത്ര രംഗത്ത് കേരളത്തിന്റെ സംഭാവനകൾ അടയാളപ്പെടുത്താൻ ഏറെ സഹായകമായിരിക്കുമിത്. നന്മകൾ ടീച്ചർ🥰👍
നമ്മുടെ പൂർവികരുടെ ജ്ഞാനസമ്പത്തിനെ നിത്യമൃതിയിലേക്ക് കൈവിടാതെ ഇത്തരം കൃതിപരിചയം തുടരുക..
ആശംസകൾ ❤️
സൂപ്പർ 👏
വിഷവൈദ്യത്തെക്കുറിച്ച് കൗതുകകരവും വിജ്ഞാനപ്രദവുമായ അറിവുകൾ പകർന്നു തന്ന എഴുത്ത്. ഒരുപാട് നന്ദി ടീച്ചർ ❤️. പുതിയ കൃതികളുമായി വീണ്ടും വരിക ❤️❤️❤️
വളരെ interesting ആയ ലേഖനം. എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന ഭാഷ. All the best ടീച്ചർ ❤️🙏🏻
സാധാരണജനങ്ങളിൽ നിന്നും അന്യവൽക്കരിക്കപ്പെട്ടിരുന്ന ഈ വിജ്ഞാനശേഖരത്ത ജനാധിപത്യവത്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെയിലേക്കാണ് ടീച്ചറുടെ ലേഖനപരമ്പരകൾ വിരൽചൂണ്ടുന്നത് ❤️
വളരെ നല്ല എഴുത്ത്, ഇനിയും പുതിയ വിഷയങ്ങളുമായി ജനമനസ്സുകളിൽ ഇടം പിടിക്കാൻ കഴിയട്ടെ ആശംസകൾ.😍🥰
👍👍