കാനം. ഇ. ജെ. ഒരു അവാർഡ് പോലും വാങ്ങാതെ സാംസ്കാരികകേരളത്തിന് നിരവധി സംഭാവനകൾ കൊടുത്ത വ്യക്തി. സ്വാർത്ഥതാല്പര്യങ്ങളുടെ വിളഭൂവിൽ ഇങ്ങനെയൊരാൾ ജീവിച്ചിരുന്നുവോ…
1926ജൂൺ 13ന് കോട്ടയം ജില്ലയിലെ കാനംദേശത്ത് ഇളവുങ്കൽ ഫിലിപ്പ് ജനിച്ചു. കാനം ഇ ജെ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന അദ്ദേഹം മലയാളത്തിലെ നോവലിസ്റ്റും, കവിയും, ചലച്ചിത്രപ്രവർത്തകനും, നാടകകൃത്തുമാണ്.
അദ്ദേഹത്തിന്റെ രചനകളെ പരിശോധിച്ചപ്പോൾ നൂറ്റിമുപ്പത് രചനകളെ കാണുവാൻ സാധിച്ചു. അവയെ അക്കമിട്ടു നിർത്തിയാൽ “ജീവിതം ആരഭിക്കുന്നു” എന്ന കൃതിയിൽ തുടങ്ങി “ഈ വഴിയിൽ ഞാൻ മാത്രം “എന്ന കൃതിയിലെത്തിച്ചേരുമ്പോൾ നൂറിലധികം മലയാളനോവലുകളെ കാണാൻ സാധിച്ചു. കവിതാസമാഹാരവും, നാടകങ്ങളുമായി മറ്റുള്ളവയും.
ഇനി സിനിമയുടെ വെള്ളിവെളിച്ചത്തിലൂടെ അദ്ദേഹത്തിന്റെ സർഗ്ഗവൈഭവത്തെ നോക്കിയാൽ, ആ തൂലികയാൽ പിറവികൊണ്ട നോവലുകളിൽ ഇരുപത്തിമൂന്നെണ്ണം മലയാളസിനിമാലോകത്തിലെ നിത്യഹരിതചിത്രങ്ങളുടെ കഥകളായി മാറിയത് കാണാൻ സാധിക്കും.ഉദയയുടെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രമായ “ഭാര്യ”യുടെ കഥയും, തിരക്കഥയും, സംഭാഷണവും നിർവ്വഹിച്ചത് കാനം ഇ ജെ എന്ന പ്രതിഭാധനൻ തന്നെ. അങ്ങനെ ഇരുപതു സിനിമകൾക്ക് തിരക്കഥയും ഇരുപതു സിനിമകളുടെ സംഭാഷണവും എട്ടോളം ഗാനങ്ങളും കൊണ്ട്, കാനം ഇ ജെ എന്ന കലാസ്നേഹി തന്റെ അറുപത്തിയൊന്നു വയസ്സിനുള്ളിൽ മലയാളസിനിമാലോകത്തിൽ പകരമില്ലാത്ത വസന്തം വിരിയിച്ചു. എന്നിട്ടും, അദ്ദേഹത്തെ സാംസ്കാരികകേരളം മറന്നതെന്തേ…
ചില പ്രത്യേകപേരുകളുടെ ജന്മദിനവും ചരമദിനവും പുസ്തകപ്രകാശനദിനവുംവരെ മലയാളസാഹിത്യലോകവും സാസ്ക്കാരികകേരളവും ആഘോഷവും ആചാരവുമൊക്കെയാക്കി മാറ്റിയപ്പോൾ കാനം ഇ ജെയെ ഓർക്കുവാൻ ആരും ശ്രമിച്ചില്ല.മാറി മാറി വന്ന സർക്കാരുകളെ ഓർമ്മിപ്പിക്കുവാൻ അക്ഷരകേരളം മറന്നുപോയ ആ തൂലികാവിസ്മയത്തെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നെഞ്ചോട് ചേർക്കുന്നു. അവരുടെ “അച്ചാച്ചി”യോടുള്ള സ്നേഹം കാനം ഇ ജെ ഫൗണ്ടേഷനായി രൂപം കൊണ്ടു. സ്വന്തം നാട് നൽകുന്ന ആദരവുമായി പുറപ്പാട് വിദ്യാഭ്യാസപദ്ധതിയും കാനം നോവൽറ്റി ലൈബ്രറിയും പിന്തുണയേകി.2024ജൂൺ ഒന്നിന് കോട്ടയം പ്രസ്സ് ക്ലബ്ബിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഥമ കാനം ഇ ജെ സാഹിത്യപുരസ്‌കാരം പ്രഖ്യാപിച്ചു.സാഹിത്യത്തിലെ സമഗ്രസംഭാവനയ്ക്കുള്ള ഈ പുരസ്‌കാരതിനർഹനായത് നോവലുകളിലൂടെ ജനകീയനായ എഴുത്തുകാരൻ ശ്രീ ജോയിസിയാണ്. മനോരാജ്യം എന്ന പ്രസിദ്ധീകരണം സ്ഥാപിക്കുകയും നീണ്ട എഴുത്തുകളെ വായനക്കാരുടെ ഹൃദയങ്ങളിൽ കുടിയിരുത്തുകയും മലയാളികളെ വായിപ്പിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായ കാനം ഇ ജെയുടെ പേരിലുള്ള പ്രഥമപുരസ്‌കാരത്തിനു എന്തുകൊണ്ടും അർഹതയുള്ളത്, അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന ശ്രീ ജോയ്‌സിയ്ക്കു തന്നെയാണ്. കാരണം ഏറ്റവും വലിയ അവാർഡ് കമ്മിറ്റിയും വിധികർത്താക്കളും വായനക്കാരാണ്.
21-01-2025ൽ അപ്പോളോ ഹാളിൽ (ഹോട്ടൽ ഐഡ, കോട്ടയം )നടക്കുന്ന ചടങ്ങിൽ നടക്കുന്ന ചടങ്ങിൽ ബഹു :ചീഫ് വിപ്പ് ശ്രീ എൻ എൻ ജയരാജ് അവർകൾ 25000രൂപയും ഫലകവു മടങ്ങുന്ന പുരസ്‌കാരം ശ്രീ ജോയ്സിയ്ക്ക് സമ്മാനിയ്ക്കും. രണ്ടു വർഷത്തിലൊരിക്കലാണ് ഈ അവാർഡ് നൽകുന്നത്.
പ്രസ്തുത പരിപാടിക്കും കാനം ഫൗണ്ടേഷനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.
അല്പമൊന്നു ചെവിയോർത്താൽ ഇപ്പോൾ എനിക്കും കേൾക്കാം ആ വരികൾ..
ഹേമന്തരാത്രിയിൽ മറ്റാരും പാടാത്ത
പ്രേമഗാനത്തിൽ പല്ലവികൾ.
എൻ കവിളിണയിൽ നേദിച്ചു നീ..
മലർചുണ്ടുകൾ വിറയ്ക്കും ചുംബനത്താൽ…
ചന്ദ്രികമാത്രം കണ്ടു… ചന്ദ്രികമാത്രം കണ്ടു..
ഞാൻ എന്നോട് തന്നെ ചോദിക്കുന്നു. എല്ലാവർക്കും അനുസ്മരണക്കുറിപ്പ് എഴുതാറുള്ളതല്ലേ.. എന്നിട്ട്, അദ്ദേഹത്തെ മാത്രം കാണാതെ പോയില്ലേ.. സൃഷ്ടിയുടെ പ്രണാമം
കൊള്ളാം, നന്നായിട്ടുണ്ട്. ആശംസ.