Friday, June 5, 2026
Homeഅമേരിക്കതിളക്കം കുറയാത്ത താരങ്ങൾ (36) "മാള അരവിന്ദൻ- മലയാള സിനിമയിലെ ചിരിക്കാലം" ✍ തയ്യാറാക്കിയത്:...

തിളക്കം കുറയാത്ത താരങ്ങൾ (36) “മാള അരവിന്ദൻ- മലയാള സിനിമയിലെ ചിരിക്കാലം” ✍ തയ്യാറാക്കിയത്: സുരേഷ് തെക്കീട്ടിൽ

മലയാള സിനിമയിലെ ഒരു ചിരിക്കാലത്തിന് മാള എന്നാണ് പേര്.തൃശൂർ ജില്ലയിലെ ഈ സ്ഥലനാമം അരവിന്ദൻ എന്ന സരസനായ മനുഷ്യൻ സ്വന്തമാക്കിയ കാലം. സ്വന്തം പേരായി തന്നെ ഉറപ്പിച്ച കാലം . അങ്ങനെ ആ നാടിന് ചിരി എന്ന പുതിയൊരർത്ഥം കൂടി സമ്മാനിക്കപ്പെട്ട കാലം.

മാള അരവിന്ദൻ്റെ ആദ്യകാല സിനിമകളിൽ ചിലതിൽ ഗോഷ്ടി കലർന്നിരുന്നു എന്ന് ചെറിയ തോതിൽ വിമർശനം വന്നതാണ്.അതിൽ അല്പം സത്യമുണ്ടാകാം.എന്നാൽ അക്കാര്യത്തിൽ പൂർണമായും നടനെ കുറ്റപ്പെടുത്താനാവില്ല . സ്വന്തം ഇഷ്ടത്തിനനുസരിച്ച് മാത്രമല്ലല്ലോ ഒരാൾ അഭിനയിക്കുന്നത്.നടനെ എങ്ങനെ അവതരിപ്പിച്ചാലാണ് പ്രേക്ഷകർ സ്വീകരിക്കുക എന്ന് നന്നായി തിരിച്ചറിയുന്ന സംവിധായകനു കീഴിലാണ് നടൻ .മാത്രമല്ല ചില സിനിമകളിലെങ്കിലും കഥയുമായി ബന്ധമില്ലാത്ത രംഗങ്ങൾ ഹാസ്യം എന്ന പേരിൽ കൂട്ടി ചേർക്കുകയും അത് തന്നെ കൃത്യമായി എഴുതപ്പെടാതെ നടൻ സ്വയം ചെയ്യേണ്ടതായ അവസ്ഥകളും അന്ന് ഉണ്ടായിരുന്നത്രേ. ഈ രംഗങ്ങൾ സിനിമയുടെ ഒഴുക്കിൽ മുഴുവനായി ലയിച്ചു ചേരാതെ വേറിട്ട് മുഴച്ചു നിന്നാൽ അതാരുടെ വീഴ്ച ? അത്തരം സന്ദർഭങ്ങളിൽ നടൻ നിസ്സഹായനാവുന്നത് സ്വാഭാവികം. ഇത് അക്കാലത്ത് ഏതെങ്കിലും ഒരു നടൻ്റെ മാത്രം അവസ്ഥയായിരുന്നില്ല എന്നതാണ് വാസ്തവം. എന്നാൽ ഒന്നുറപ്പ് .മാളയെ തങ്ങളുടെ ഇഷ്ടങ്ങളിൽ പ്രഥമ സ്ഥാനത്തു തന്നെ ചേർത്തു വെക്കാൻ എക്കാലത്തും ജനലക്ഷങ്ങൾ ഉണ്ടായിരുന്നു.

ഒരു കാലത്ത് ഈ നടൻ സിനിമയുടെ വിജയ ഘടകം തന്നെയായി നിന്നു. പോസ്റ്ററുകളിൽ നായികാ നായകൻമാരെ പോലെ മാളയും സ്ഥാനം പിടിച്ചു. ആ മുഖം വെള്ളിത്തിരയിൽ തെളിയുമ്പോഴേ തിയേറ്ററുകൾ ചിരിയാൽ ഇളകി മറിഞ്ഞു. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ വിശേഷിച്ച് എൺപതുകളുടെ രണ്ടാം പകുതിയിൽ തമാശ രംഗങ്ങളിലെ സൂപ്പർ സ്റ്റാർ തന്നെയായി മാള .ഒരു ദിവസത്തെ ഡേറ്റിനായി മുൻനിര സംവിധായകർ വരെ കാത്തുകെട്ടിക്കിടന്ന കാലം. നൽകാൻ അരവിന്ദന് ഡേറ്റേ ഇല്ലാതിരുന്ന കാലം. ആ കാലത്ത് സിനിമ കണ്ടു വളർന്ന തലമുറയ്ക്ക് മാള എന്നും വിസ്മയം തന്നെ . പിന്നീട് സിനിമയിൽ തിരക്ക് കുറഞ്ഞൊരു സമയം അദ്ദേഹം ആ തിരക്കേറിയ കാലത്തെ രസകരമായി വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു.

“നന്നായി ഓടിയവരെല്ലാം പിന്നീട് നന്നായി കിതച്ചിട്ടുമുണ്ട്. ഞാനും അങ്ങനെ തന്നെ .നന്നായി ഓടുകയായിരുന്നു .അതു കൊണ്ടു ഇനി കുറച്ചു കിതയ്ക്കാം.”

1939 ജനുവരി 15 നാണ് ഇന്നത്തെ എറണാകുളം ജില്ലയിലെ വടവുകോട് എന്ന സ്ഥലത്ത് എക്സെസ് ഉദ്യോഗസ്ഥനായിരുന്ന താനാട്ട് അയ്യപ്പൻ്റേയും സംഗീത അധ്യാപികയായ പൊന്നമ്മയുടെയും നാലു മക്കളിൽ മൂത്തയാളായി മാള അരവിന്ദൻ്റെ ജനനം. പ്രകാശൻ ,രാമനാഥൻ എന്നിവർ സഹോദരന്മാരും സൗദാമിനി സഹോദരിയും.

അരവിന്ദൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേയാണ് അച്ഛൻ്റെ മരണം സംഭവിച്ചത് .തുടർന്ന് ആ കുടുംബം തൃശൂർ ജില്ലയിലെ മാളയിലേക്ക് താമസം മാറി. അത് മാള എന്ന പ്രദേശത്തിൻ്റെ പേരിന് വലിയപെരുമ നേടി കൊടുത്തു എന്ന് പിൽക്കാല ചരിത്രം .അമ്മയും കൂടപ്പിറപ്പുകളും അരവിന്ദന് അത്രമേൽ പ്രിയപ്പെട്ടവരായിരുന്നു. അമ്മയെ കുറിച്ചും സഹോദരന്മാരെ കുറിച്ചും വിശേഷിച്ച് സഹോദരൻ രാമനാഥനെ കുറിച്ച് അരവിന്ദൻ മതിവരാതെ സംസാരിക്കുന്നത് അഭിമുഖങ്ങളിൽ കേട്ടിട്ടുണ്ട് .ഇനി ഒരു ജന്മമുണ്ടെങ്കിൽ തനിക്ക് രാമനാഥൻ്റ ഏട്ടൻ തന്നെയാകണം എന്ന് വികാരത്തോടെ പറയുന്ന മാള അരവിന്ദൻ സഹോദരനുമായുള്ള ആത്മബന്ധത്തിൻ്റെ ആഴം ആത്മാർത്ഥമായ വാക്കുകളിൽ ചേർത്തുവെക്കുന്നതും കേട്ടിട്ടുണ്ട്.

കറ കളഞ്ഞ മുരുക ഭക്തനായിരുന്ന മാള അരവിന്ദൻ കലാരംഗത്ത് പ്രവേശിച്ചത് തബല ആർട്ടിസ്റ്റായിട്ടാണ് . പിന്നിട് നാടകരംഗത്ത് സജീവമായി. കേരളത്തിലെ പ്രസിദ്ധമായ നിരവധി നാടക സംഘങ്ങളിൽ അഭിനയിച്ചു . നാടക രംഗത്തെ സജീവമായ 12 വർഷങ്ങളിൽ അദ്ദേഹം കോട്ടയം നാഷണൽ തിയേറ്റേഴ്സ്,നാടക ശാല,സൂര്യ സോമ, എന്നീ കേരളത്തിലെ പ്രസിദ്ധമായ സമിതികളിൽ മികച്ച വേഷങ്ങൾ ചെയ്തു. സൂര്യ സോമയുടെ “നിധി” എന്ന നാടകത്തിലൂടെ ഏറ്റവും മികച്ച നാടകനടനുള്ള സംഗീത നാടക അക്കാദമി അവാർഡ് നേടി. .വീണ്ടും 1978 ൽ “രസ്ന” എന്ന നാടകത്തിലൂടെ സംസ്ഥാന അവാർഡിനർഹനായി.നാടകരംഗത്ത് വലിയ പേര് സ്വന്തമാക്കിയ ശേഷമായിരുന്നു സിനിമ രംഗത്തേക്കുള്ള വരവ്. എന്നാൽ അഭിനയിച്ച ആദ്യ സിനിമ “തളിരുകൾ ” തിയേറ്ററിൽ എത്തിയില്ല .പിന്നീട് സിന്ദൂരം എന്ന സിനിമയിലൂടെ സാന്നിധ്യമുറപ്പിക്കുകയും “താറാവ്” എന്ന സിനിമയിലുടെ സ്ഥിര സ്ഥാനമുറപ്പിക്കുകയും ചെയ്തു. സിനിമയിൽ നിന്നും ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളും ഈ നടനെ തേടി വന്നു.

1981ൽ അന്നത്തെ വമ്പൻ താരനിരയെ അണിനിരത്തി ജേസി യുടെ സംവിധാനത്തിൽ പുറത്തു വന്ന താറാവിൽ മധു, സോമൻ, ശ്രീവിദ്യ എന്നിവർക്കൊപ്പം തന്നെ മാളയും നന്നായി ശ്രദ്ധിക്കപ്പെട്ടു. അംഗ പരിമിതിയുള്ള കഥാപാത്രമായി മാള കാഴ്ചവെച്ച പ്രകടനം വലിയ ചർച്ചയായി. “തക്കിടമുണ്ടൻ താറാവേ, തവിട്ടു മുണ്ടൻ താറാവേ, ഇഷ്ടം കൂടാൻ നിനക്കുമുണ്ടൊരു കുട്ടി താറാവ് ”
ഓ എൻ.വിയുടെ വരികൾ ആ കഥാപാത്രത്തിനു ചേരുന്ന വിധം അല്പം കൊഞ്ഞപ്പട ശബ്ദത്തിൽ യേശുദാസ് ആലപിച്ചപ്പോൾ രംഗത്ത് ജനം കണ്ടത് മാള അരവിന്ദനെയായിരുന്നല്ലോ . 45 കൊല്ലങ്ങൾ പിന്നിട്ടിട്ടും ആ ഗാന ചിത്രീകരണവും കഥാപാത്രത്തിന് മാള നൽകിയ മിഴിവും പൂർണതയും ആസ്വാദക മനസ്സിലുണ്ട്. താറാവ് റിലീസായതോടെ ഈ നടൻ സിനിമയുടെ അവിഭാജ്യ ഘടകമായി മാറുന്നതാണ് കണ്ടത്. അതുവരെ പ്രേക്ഷക ഹൃദയങ്ങളിൽ ഒരു ഹാസ്യതാരത്തിനും എത്താൻ കഴിയാത്ത ഉയരങ്ങളിൽ മാള അരവിന്ദൻ പ്രതിഷ്ഠിക്കപ്പെട്ടു.മമ്മുട്ടി, മോഹൻലാൽ എന്നീ രണ്ട് മുൻനിര താരങ്ങൾക്കൊപ്പവും ഒരേ പോലെ ഈ നടൻ വെള്ളിത്തിരയിൽ നിറഞ്ഞു. ഒരു ദിവസം തന്നെ നാല് സിനിമകളിൽ വേഷമിട്ട കാര്യം മാള അരവിന്ദൻ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. പറയുക മാത്രമല്ല ആ സിനിമകളുടെ പേരുകൾ വെളിപ്പെടുത്തുകയും ചെയ്തു.

“നീയറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട് ”

1985 ൽ വിജയാ മൂവീസിൻ്റെ ബാനറിൽ സാജൻ്റെ സംവിധാനത്തിൽ എത്തിയ “കണ്ടു കണ്ടറിഞ്ഞു ” എന്ന സിനിമയിൽ മോഹൻലാലുമൊത്തുള്ള ഗംഭീര പാട്ടു രംഗം നാടാകെ ശ്രദ്ധ നേടി. ഗ്രാമഗ്രാമാന്തരം ആ വരികൾ മൂളി നടക്കുവാൻ ചെറുപ്പക്കാരുണ്ടായി.ആ സിനിമയിറങ്ങി നാൽപ്പതു വർഷം പിന്നിട്ടു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. എൻ്റെ കൗമാര സിനിമാക്കാഴ്ചകളിൽ ഇന്നലെ കണ്ട പോലെ ഭംഗിയൊട്ടും കുറയാതെ “കണ്ടു കണ്ടറിഞ്ഞു ” സിനിമയുണ്ട്. “നീയറിഞ്ഞോ മേലേ മാനത്ത് ” എന്നാരംഭിക്കുന്ന ആ ഗംഭീര ഗാനരംഗവും.

ക്രമേണ ഹാസ്യതാരം എന്ന തലത്തിൽ നിന്നും മികച്ച സ്വഭാവനടൻ എന്ന നിലയിലേക്ക് മാറുന്ന മാള അരവിന്ദനേയും നാം കണ്ടു .അത്തരം കഥാപാത്രങ്ങൾ തേടി വന്നപ്പോൾ അത്ഭുതകരമായ അഭിനയ ശൈലിയിൽ മലയാളികളെ ത്രസിപ്പിക്കുവാൻ ഈ നടനായി. പെരുമഴക്കാലം, ഭൂതക്കണ്ണാടി’ സല്ലാപം ,വധു ഡോക്ടറാണ് ,സേതുരാമയ്യർ സി.ബി.ഐ,കന്മദം, ജോക്കർ ,മീശമാധവൻ എന്നിങ്ങനെ ധാരാളം സിനിമകൾ. ആ സിനിമകളിലെല്ലാം മാള ചെയ്ത കഥാപാത്രങ്ങൾ ഈ നടനെ മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിലേക്കുയർത്തി നിർത്തി. കുഞ്ഞൂട്ടനാശാരി, മുള്ളാണി പപ്പൻ തുടങ്ങി പല സിനിമകളിലേയും കഥാപാത്രങ്ങളുടെ പേരുകൾ ആ സിനിമകളോളം തന്നെ വളർന്നു.
ജനഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞ ഒരു മനോഹര ഗാനരംഗത്തെ കൂടി പറയാതെ പോകാനാവില്ല. പോയാൽ അത് ശരിയുമല്ല. കൈതപ്രത്തിൻ്റെ വരികൾ ജോൺസൺ മാഷുടെ സംഗീതം എം..ജി .ശ്രീകുമാറിൻ്റെ ആലാപനം .

“തല ചായ്ക്കാനൊരു താഴ്‌വാരം, നീലാകാശം മണിമേട ”
മാള അരവിന്ദനെ എങ്ങനെ നാം മറക്കും.ലോഹിതദാസിൻ്റെ ഭൂതകണ്ണാടിയുടെ വിജയത്തിനു പിന്നിലെ പല ഘടകങ്ങളിലൊന്ന് ഈ ഗാന ചിത്രീകരണം തന്നെ എന്നതിൽ ആർക്കാണ് സംശയം.

ആത്മാർത്ഥ പ്രണയത്തിൻ്റെ സഫലീകരണം തന്നെയായിരുന്നു മാള അരവിന്ദൻ്റെ വിവാഹ ജീവിതം. പ്രണയിനിയായിരുന്ന അന്നക്കുട്ടി ജീവിത സഖിയായി. മുത്തു എന്ന് വിളിക്കുന്ന കിഷോറും, കലയും മക്കൾ . അഭിനയത്തിൽ നിന്നും ലഭിച്ച സമ്പാദ്യമെല്ലാം നല്ല രീതിയിൽ ഉപയോഗപ്പെടുത്തി ജീവിതം കെട്ടിപ്പടുത്ത വ്യക്തി കൂടിയാണ് ഈ നടൻ.മക്കളെ നന്നായി സ്നേഹിക്കുകയും കുടുംബത്തെ നന്നായി ശ്രദ്ധിക്കുകയും ചെയ്ത മാള അരവിന്ദന്റെ ഏറ്റവും വലിയ വികാരം തന്നെ തൻ്റെ വീടും കുടുംബവും തന്നെ ആയിരുന്നത്രേ. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്ന് സമയവും അവസരവും കിട്ടിയാൽ ഉടൻ വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നു ഇദ്ദേഹമെന്നും സഹപ്രവർത്തകർ പങ്കു വെക്കുന്ന ഓർമകളിൽ കാണാം.തൻ്റെ വീടിനെയും ,കുടുംബത്തെയും മക്കളെയും എല്ലാം ചേർത്തുവെച്ചു ജീവിച്ച കുടുംബനാഥനും കൂടിയായിരുന്നു മാള അരവിന്ദൻ. മൂന്ന് പതിറ്റാണ്ടിലധികം നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ അഞ്ഞൂറോളം ചിത്രങ്ങളിൽ വേഷമിട്ടു. നൂൽപ്പാലമായിരുന്നു അഭിനയിച്ച അവസാന സിനിമ. .കുടുംബ ബന്ധങ്ങളെ പോലെ തന്നെ തൻ്റെ എല്ലാ സൗഹൃദങ്ങളേയും നില നിർത്തിയും ചേർത്തു പിടിച്ചും ജീവിച്ച ഇദ്ദേഹം 2015 ജനുവരി 28ന് തൻ്റെ എഴുപത്തിയാറാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് കൊയമ്പത്തൂരിൽ അന്തരിച്ചു.

സ്വന്തമായ ഒരു ശൈലി ആവിഷ്കരിക്കുവാൻ സാധിക്കുക എന്നതാണ് ഒരു നടനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായ കാര്യം. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറ്റ് നടൻമാരിൽ നിന്നും തീർത്തും വേറിട്ട ഒരു രീതിയിലാണെങ്കിൽ ശൈലിയിലാണെങ്കിൽ ആ രീതിയ്ക്കും ശൈലിക്കും ജനം കാത്തിരുന്നുവെങ്കിൽ അതവരിൽ ഒരു മടുപ്പും ഒരു കാലത്തും സൃഷ്ടിച്ചില്ല എങ്കിൽ അവിടെയാണ് ഒരു നടനെ വിലയിരുത്തേണ്ടത് ,അംഗീകരിക്കേണ്ടത് മാള അരവിന്ദൻ വിലയിരുത്തപ്പെട്ടതും, അംഗീകരിക്കപ്പെട്ടതും അതുവഴി വിജയിച്ചതും അവിടെയാണ്. ആ പ്രത്യേകതകൾ കൊണ്ടു തന്നെ മലയാള സിനിമയുടെ ഒരു ചിരിക്കാലത്തിൽ മുഴങ്ങുന്നുണ്ട് ആ ശബ്ദം ,മറ നീക്കി തെളിയുന്നുണ്ട് ആ മുഖം. അതോടൊപ്പം തന്നെ അതേ ശക്തിയാൽ നിറഞ്ഞു നിൽക്കുന്നുണ്ട് ഹാസ്യത്തെ കയ്യകലെ നിർത്തി കണ്ണീരുണങ്ങാത്ത ജീവിതം സൂക്ഷ്മ ഭാവങ്ങളാൽ വരച്ച് കരുത്തുകാട്ടിയ കുറേയേറെ കഥാപാത്രങ്ങളും.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com