Wednesday, March 19, 2025
Homeഅമേരിക്കറമദാൻ വ്രതാനുഷ്ഠാനം ✍ആസിഫ അഫ്രോസ് ബാംഗ്ലൂർ.

റമദാൻ വ്രതാനുഷ്ഠാനം ✍ആസിഫ അഫ്രോസ് ബാംഗ്ലൂർ.

ആസിഫ അഫ്രോസ് ബാംഗ്ലൂർ.

ഇസ്ലാമിക കലണ്ടർ ആയ ഹിജ്റ വർഷ പ്രകാരം ഒന്പതാമത്തെ മാസമാണ് റമദാൻ. ഇസ്ലാം മതവിശ്വാസപ്രകാരം ഏറ്റവും അനുഗ്രഹീതവും പുണ്യവും പവിത്രവുമായ മാസം. പരിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസം കൂടിയാണിത്.

ഇസ്ലാമിക പഞ്ചസ്തംഭങ്ങളിൽ നാലാമത്തെതായ വ്രതാനുഷ്ഠാനം ഈ മാസത്തിലാണ്. ചന്ദ്രമാസപിറവി ആരംഭിക്കുന്നതോടെ റമദാൻ വ്രതം തുടങ്ങുന്നു. ഈ മാസം വിശ്വാസികൾ നിർബന്ധമായും വ്രതമനുഷ്ഠിക്കേണ്ടതുണ്ട്.

നോമ്പെടുക്കുന്നതിന്റെ തലേദിവസം അർദ്ധരാത്രി മുതൽ പ്രഭാത നമസ്കാരത്തിനു വേണ്ടിയുള്ള ബാങ്ക് വിളി മുഴങ്ങുന്നതിന് അല്പസമയം മുൻപ് വരെ കഴിക്കുന്ന ഭക്ഷണമാണ് അത്താഴം. അത്താഴം കഴിച്ചു കഴിഞ്ഞാൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉൾപ്പെടെ എല്ലാ സുഖസൗകര്യങ്ങളും വൈകാരികാസ്വാദനങ്ങളും- അവ ലഭ്യമായിരിക്കെ തന്നെ ഉപേക്ഷിക്കുന്നതാണ് നോമ്പ് അഥവാ വ്രതം.

ഉപവാസം എടുക്കുന്ന വ്യക്തിയിൽ നിന്നും മോശമായ സംസാരമോ ചിന്തയോ പ്രവർത്തിയോ ദേഹേച്ഛയോ പാടില്ല. ഒരു മാസക്കാലം ദൈവീക പരിശീലനത്തിന് വിധേയരാവുകയാണ് വിശ്വാസികൾ. ഭയഭക്തി നിർഭരവും ആത്മീയമായി വളരെ ഗുണപരവുമായ മാസമാണിത്.

റമദാൻ ഒന്നിന് തുടക്കം കുറിക്കുന്ന നോമ്പുകാലത്ത് ഖുർആൻ പാരായണം വർദ്ധിപ്പിക്കൽ, ദിനേന അഞ്ചു നേരമുള്ള നമസ്കാരങ്ങൾക്ക് പുറമേയുള്ള നിശാനമസ്കാരങ്ങൾ എന്നിവ ഏറെ പ്രാധാന്യമർഹിക്കുന്നു. റമദാൻ മാസത്തിലെ നിശാനമസ്ക്കാരം ‘തറാവീഹ് നമസ്കാരം’ എന്നറിയപ്പെടുന്നു. സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ തുടങ്ങിയവ അധികരിപ്പിച്ചുകൊണ്ട് ഇസ്ലാം മത വിശ്വാസികൾ ലോക മാതൃകയാവുന്ന മാസം കൂടിയാണിത്. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ഠിക്കപ്പെടേണ്ടത്.

ഭൗതിക സുഖസൗകര്യങ്ങളിൽ മുഴുകി ധാർമ്മികമൂല്യങ്ങളും മതനിഷ്ഠകളും മറന്നു പോകാനിടയുള്ള മനുഷ്യനെ, വിശപ്പും ദാഹവും അനുഭവിപ്പിച്ചുകൊണ്ട് ദരിദ്രരായ സഹജീവികളുമായി അടുക്കുവാനും ഉള്ളതിൽ നിന്നും ഒരു പങ്ക് അവർക്കും കൂടി നൽകുവാനും റമദാൻ ഓർമ്മപ്പെടുത്തുന്നു. താൻ സമ്പാദിച്ചതിന്റെ ഒരു പങ്ക് അഗതികൾക്കും അശരണർക്കും കൂടി അവകാശപ്പെട്ടതാണ് എന്ന പാഠം ലോക മുസ്ലിംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്നു.

വരും മാസങ്ങളിലേക്കുള്ള ആത്മീയ ഊർജ്ജം കൈവരിക്കാനും ചെയ്തുപോയ പാപങ്ങളിൽ പശ്ചാത്തപിച്ച് മടങ്ങാനും ഒരു പുതിയ മനുഷ്യനായി പിറവിയെടുക്കുവാനും വേണ്ടി ഇസ്ലാം മത വിശ്വാസികളെ രൂപപ്പെടുത്തിയെടുക്കുവാനാണ് ഈ പുണ്യമാസം കൊണ്ട് ഉദ്ദേശിക്കുന്നത്.

ആയിരം രാത്രികൾക്ക് തുല്യമായി കണക്കാക്കപ്പെടുന്ന ലൈലത്തുൽ ഖദർ റമദാൻ മാസത്തിലെ ഏറ്റവും ശ്രേഷ്ഠമായ പുണ്യ രാത്രിയാണ്.

സൂര്യൻ അസ്തമിച്ചു കഴിഞ്ഞു ബാങ്ക് വിളി കേൾക്കുന്നതോടെ നോമ്പുതുറയുടെ സമയമായി. ഈ നേരത്ത് ചുരുങ്ങിയ പ്രാർത്ഥനകൾ ചൊല്ലി, അനുഗ്രഹങ്ങൾ തേടാവുന്നതാണ്. കാരക്കയോ ഈത്തപ്പഴമോ കൊണ്ട് നോമ്പു തുറക്കുന്നതാണ് പ്രവാചകചര്യ.

റമദാൻ ഒന്നിന് തുടങ്ങി 29നോ 30നോ നോമ്പ് അവസാനിക്കുന്നു. റമദാൻ മാസത്തിന്റെ പരിസമാപ്തി ചെറിയ പെരുന്നാൾ ആഘോഷിച്ചു കൊണ്ടാണ് ലോക മുസ്ലിങ്ങൾ കൊണ്ടാടുന്നത്. എന്നാൽ ചെറിയ പെരുന്നാൾ, ബലിപെരുന്നാൾ, തുടർന്നുള്ള മൂന്ന് ദിനങ്ങൾ എന്നീ സമയങ്ങളിൽ നോമ്പ് അനുഷ്ഠിക്കൽ നിഷിദ്ധവും ആണ്. അതുപോലെ തന്നെ യാത്രക്കാർ, രോഗാവസ്ഥയിലുള്ളവർ, മുലയൂട്ടുന്ന അമ്മമാർ, വലിയ അശുദ്ധിയുള്ളവർ കുഞ്ഞുങ്ങൾ തുടങ്ങിയവർക്ക് വ്രതമനുഷ്ഠിക്കുന്നതിൽ പ്രത്യേക ഇളവുകളും ഇസ്ലാം അനുവദിച്ചു നൽകിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾ വ്രതമനുഷ്ഠിക്കുന്ന ഈ പുണ്യ മാസത്തിൽ അല്ലാഹുവിന്റെ പ്രീതിയും അനുഗ്രഹവും ഉണ്ടാവട്ടെ എന്നാശംസിച്ചുകൊണ്ട്..

ആസിഫ അഫ്രോസ്, ബാംഗ്ലൂർ.

RELATED ARTICLES

6 COMMENTS

  1. പുണ്യ മാസത്തിന്റെ പ്രാധാന്യം നന്നായി വിവരിച്ചു. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments