കുരുന്നുകൾ പൂമ്പാറ്റകളെപ്പോലെയും, തുമ്പികളെപ്പോലെയും സ്കൂൾ മുറ്റത്ത് പാറിക്കളിച്ചു .അവരുടെ താളത്തിനൊത്ത് ശിരുവാണിപ്പുഴയിലെ കുഞ്ഞോളങ്ങളും ചുവടുവച്ചു.
“എങ്ങനുണ്ട് മാഷേ ഞങ്ങളുടെ കുട്ടികൾ..?”
ക്ലാസ് കഴിഞ്ഞു ഓഫീസിലേക്ക് എത്തിയപ്പോൾ പ്രധാനാധ്യാപിക ചോദിച്ചു.
“നിങ്ങളുടെ കുട്ടികളോ..?”
“സോറി ഇവിടുത്തെ കുട്ടികൾ എന്നാണ് ഉദ്ദേശിച്ചത്…”
“ഏത് സ്കൂളിൽ ആയാലും കുട്ടികൾ നല്ല മിടുക്കന്മാരും മിടുക്കികളും അല്ലേ ടീച്ചർ?”
” കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് നല്ല കുട്ടികളാണോ എന്നാവും ടീച്ചർ ഉദ്ദേശിച്ചത്…”
വിപിൻ മാഷ് പറഞ്ഞു.
“കുട്ടികൾ എല്ലായിടത്തും ഒരുപോലെയാണ് മാഷേ. പാലക്കാട്ടെ കുട്ടികളും, കോട്ടയത്തെ കുട്ടികളും ആലപ്പുഴയിലെ കുട്ടികളും കഴിവുള്ളവർ തന്നെ. നമ്മൾ അധ്യാപകരുടെ ഇടപെടൽ പോലെയിരിക്കും അവരുടെ കഴിവുകൾ വികസിക്കുന്നത്.
കുട്ടികളുടെ കുടുംബ പശ്ചാത്തലത്തിൽ മാറ്റം ഉണ്ടാകാം. അത് കണ്ടറിഞ്ഞ് അധ്യാപകർ ഇടപെട്ടാൽ എല്ലാ കുട്ടികളും മിടുക്കന്മാർ ആകും. അധ്യാപകരുടെ മനോഭാവത്തിലാണ് മാറ്റം വരേണ്ടത്.”
“സദാനന്ദൻ മാഷ് ആദ്യദിനം തന്നെ കുട്ടികളെ കയ്യിലെടുത്തു ടീച്ചർ . ആട്ടോം, പാട്ടും ഒക്കെയായി കുട്ടികൾ ഇളകി മറിഞ്ഞു. എന്റെ ക്ലാസിലെ കുട്ടികളുടെ ശ്രദ്ധ പോലും മാഷിൻ്റെ ക്ലാസിലേക്ക് ആയിരുന്നു.”
സജിമോൻ മാഷ് പറഞ്ഞു.
‘അത് പിന്നെ മാഷേ നമ്മൾ കുട്ടികളെ സ്നേഹിക്കണം .
നിർഭാഗ്യവശാൽ വീട്ടിൽ നിന്നായാലും സ്കൂളിൽ നിന്നായാലും അവർക്ക് കിട്ടാത്തതും സ്നേഹം തന്നെ….”
സമയം 4 .30 ആയപ്പോഴേക്കും എല്ലാ കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. ഓഫീസ് മുറി പൂട്ടി നാലു പേരും പുറത്തിറങ്ങി.
ഗ്രൗണ്ടിൽ നിന്നും റോഡിലേക്കാണ് ഇറങ്ങുന്നത്. റോഡിന് താഴെ പുഴയുടെ തീരത്ത് പടർന്നു പന്തലിച്ചു നിൽക്കുന്ന കൂറ്റൻ പേരാൽ .ആലിന്റെ ശിഖരങ്ങൾ സ്കൂൾ മുറ്റത്ത് കുട പിടിച്ച പോലെ..!
“എത്ര മനോഹരമാണ് നമ്മുടെ നാട്!”
“മാഷ് എന്തെങ്കിലും പറഞ്ഞോ..?”
“നമ്മുടെ സ്കൂളും പരിസരവുമെല്ലാം കാണാൻ എന്തൊരു ഭംഗിയാണ്..!
ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ…!”
“മാഷ് ചിത്രം വരയ്ക്കുമോ?”
സജിമോൻ മാഷ് ചോദിച്ചു.
“ഏയ്..അങ്ങനെയൊന്നുമില്ല ചെറുതായിട്ട് വരയ്ക്കും, അത്രമാത്രം…
അതിരിക്കട്ടെ, ടീച്ചർ എങ്ങനെയാണ് പുഴ കടന്നു പോകുക?
ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അര വരെ നനഞ്ഞു. ”
“അത് സദാനന്ദൻ മാഷിന് വഴി നല്ല നിശ്ചയം ഇല്ലാത്തതുകൊണ്ടാണ് . പരിചയക്കാർക്ക് സുഖമായി നടക്കാം. മുട്ടിനു താഴെ അല്ലെങ്കിൽ മുട്ടോളം മാത്രം വെള്ളമുള്ള സ്ഥലം നോക്കി നടക്കണം. ശരി, ഞാൻ നടക്കട്ടെ . എത്രനേരം നിന്നാലാണ് ഒരു ജീപ്പ് കിട്ടുന്നത് എന്ന് അറിയില്ലല്ലോ ?
നാളെ കാണാം കേട്ടോ..”
“ശരി ടീച്ചർ ..”
ടീച്ചർ പുഴ കടന്നതും മൂന്നുപേരും കൂടി കടവത്തുള്ള ആൽമരച്ചുവട്ടിൽ നിന്നു.
“അതാണ് വിജയൻ ചേട്ടന്റെ കട.”
വിപിൻ മാഷ് പറഞ്ഞു.
“ഞാൻ പരിചയപ്പെട്ടു ,നല്ല മനുഷ്യൻ.”
“തെക്കനാണ് നാൽപ്പത് വർഷം മുമ്പ് ഇവിടെ എത്തിയതാണ്. ഏറ്റവും ചെറിയ കുട്ടി രണ്ടാം ക്ലാസിലാണ് .”
“ആണോ..?”
“അതാ ആൾ അവിടെ നിൽപ്പുണ്ടല്ലോ.. ?”
“ഈ സുന്ദരിക്കുട്ടിയാണോ വിജയൻ ചേട്ടന്റെ മോൾ..?”
“ഓ..”
സദാനന്ദൻ മാഷിനെ കണ്ടതും അനില ഓടിവന്നു കയ്യിൽ തൂങ്ങി.
“അച്ഛാ , ഇതാണ് ന്റെ മാഷ്..”
“ആണോ …?
വരിൻ മാഷേ. ബാഗ് വേണ്ടേ..?”
“അയ്യോ ! ഞാനത് മറന്നു..”
“മറന്നാലും സാരമില്ല, തൊട്ടടുത്തല്ലേ താമസം..”
ബാഗ് കൊടുത്തുകൊണ്ട് വിജയൻ ചേട്ടൻ പറഞ്ഞു.
” പിന്നെ വരാം ചേട്ടാ….”
“ആയിക്കോട്ടെ ..”
വിപിൻ മാഷിന്റെയും സജിമോൻ മാഷിന്റെയും പിന്നാലെ സദാനന്ദൻ മാഷ് നടന്നു.
ഓടുമേഞ്ഞ ഒരു പഴയ കെട്ടിടം. ചെറിയ മുറ്റം. ഒറ്റനോട്ടത്തിൽ മുൻപ് അവിടെ ഒരു ചായക്കട പ്രവർത്തിച്ചിരുന്നതുപോലെ തോന്നും. മുറികളുടെ ഘടന അങ്ങനെയാണ്..
ഒരു ചെറിയ അടുക്കളയും ഉണ്ട്.
ബാഗ് ഒരു ഡെസ്കിന് മുകളിൽ വെച്ചിട്ട് സദാനന്ദൻ മാഷ് മുറ്റത്തേക്കിറങ്ങി. മുറ്റത്തിന് ഓരം ചേർന്ന് ഒരു ചെറിയ പൂന്തോട്ടം. കാശിത്തുമ്പയും , പത്തുമണി ചെടിയും അവിടവിടെയായി റോസാച്ചെടിയും കാണാം.
മുറ്റത്തിന് താഴെ റോഡാണ്.
“വിപിൻ മാഷേ.. ആരാ പുതിയ ആൾ..?”
റോഡിന് താഴെയുള്ള ചെറിയ വീട്ടിൽ നിന്നും ഒരു സ്ത്രീ വിളിച്ചു ചോദിച്ചു.
ഏകദേശം 40 വയസ്സു പ്രായം.
കള്ളിമുണ്ടും ഷർട്ടും ആണ് വേഷം. കറുത്തിട്ടാണെങ്കിലും സുന്ദരി. ചുരുണ്ട മുടി. പുഞ്ചിരിക്കുന്ന മുഖം.
” ഇത് പുതിയ മാഷാണ് രാധേച്ചി..”
” ആണോ …?”
വീട്ടിൽ നിന്നും റോഡിലേക്ക് കയറി വന്നു കൊണ്ട് അവർ ചോദിച്ചു.
“വിപിൻ മാഷേ ,ഞാൻ ഇത്രയും പറഞ്ഞിട്ടും പുതിയ മാഷ് ഒന്ന് ചിരിക്കുക പോലും ചെയ്തില്ലല്ലോ?
“പുള്ളി ഇന്ന് വന്നതല്ലേയുള്ളൂ …?
പരിചയം ഇല്ലാത്തതുകൊണ്ടാവും.”
” ഞാൻ റോഡിലേക്ക് കയറി വന്നിട്ടും ഒന്നും മിണ്ടാതെ മുറിക്കകത്തേക്ക് പോയതുകൊണ്ട് പറഞ്ഞതാണ് ..”
“ഉം …”
“ചേച്ചി എവിടേക്കാ ..?
“ഞാൻ പരുത്തി തോട്ടത്തിൽ വരെ ഒന്ന് പോയി നോക്കട്ടെ…”
“ശരി പോയി വരു..”
” സദാനന്ദൻ മാഷേ, നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ട്..”
” എന്നെക്കുറിച്ചോ..?
ആര്..?
“താഴത്തെ വീട്ടിലെ രാധേച്ചി. നിങ്ങൾ മിണ്ടിയില്ലത്രേ…”
“ആദ്യം കാണുമ്പോഴേ എന്തു മിണ്ടാനാണ്..?”
” അവിടെ ആശാനും ചേച്ചിയും മാത്രമേ ഉള്ളൂ. അവർക്ക് മക്കളില്ല. റോഡിന് താഴെ വീടും ചായക്കടയും കൂടി ഒരുമിച്ചാണ് .”
“എന്താണ് ഒരു ചർച്ച..?
സജിമോൻ മാഷ് ചായയുമായി വന്നു.
” ചുമ്മാ…”
” എങ്കിൽ ചായ കുടിക്കൂ…”
സജിമോൻ മാഷ് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു…
(തുടരും…..)
മനോഹരം