Monday, February 9, 2026
Homeഅമേരിക്കമണൽ മലയിലെ പച്ചപ്പ് (പ്രവാസ കഥകൾ) ✍ റോമി ബെന്നി

മണൽ മലയിലെ പച്ചപ്പ് (പ്രവാസ കഥകൾ) ✍ റോമി ബെന്നി

പൊടിക്കാറ്റൽപ്പം ശാന്തമായിട്ടുണ്ട്. പുറത്തേയ്ക്കു നോക്കിയാൽ ദൂരെ മണൽ മല മയങ്ങി കിടക്കുന്നു.

ആലസ്യഭാവമണിഞ്ഞ മണ്ണിൻ്റെ നിറമുള്ള കുന്നുകൾ എന്തോ ചിന്തിച്ചു കിടക്കുകയാണ്. എല്ലാം കണ്ടും കേട്ടും മറ്റുള്ളവരുടെ പ്രശ്നക്കാറ്റിനെ തടുത്തു നിർത്താൻ ശ്രമിച്ചും, സ്വയം താപമേറ്റെടുത്ത് പൊള്ളുന്ന മനസുമായി കഴിയുന്ന മരുഭൂമിയിലെ പ്രവാസിയെപ്പോലെ .

താഴെ വിരിച്ച പ്ലാസ്റ്റിക് പായയിൽ ഈന്തപ്പഴം കൊഴിഞ്ഞു വീണു നിറഞ്ഞു.പുരയിടത്തിനുള്ളിലെ ആകെയുള്ള ഒരു ഈന്തപ്പനയിലെ പഴങ്ങൾ ശേഖരിച്ചുകൊള്ളാൻ അറബി ഓണർ അനുവദിച്ചിട്ടുണ്ട്.

നാട്ടിൽ അമ്മ കുടമ്പുളി ഉണക്കി വെളിച്ചെണ്ണയും ഉപ്പും പുരട്ടി ഭരണികളിൽ ശേഖരിച്ചു വെയ്ക്കുന്നതു ഓർമ വന്നു.

പഴുത്തു സ്വർണ നിറമാർന്ന കുടമ്പുളി ഉടച്ച് കുരു നീക്കാൻ ചെറുപ്പത്തിലേ എന്തുത്സാഹമായിരുന്നു. മധുരവും പുളിയും കലർന്ന വെൺമയാർന്ന പൾപ്പോടുകൂടിയ കുരുക്കൾ വായിലിട്ട് നുണഞ്ഞിറക്കി ചാറു കുടിച്ച് ബാക്കി കളയുന്നതോർത്തപ്പോൾ നാവിലറിയാതെ രസമുകുളങ്ങൾ നനവാർന്നു.

മുളകുപൊടിയും, ഉപ്പും വെളിച്ചെണ്ണയും ചേർത്തു കുട്ടികൾ കൂടിയിരുന്ന്, കഴിക്കാറുണ്ടായിരുന്നു. ചിലരത് ചോറിന് അച്ചാറിനു പകരക്കാരനാക്കും.

ചിലപ്പോൾ പുളി ത്തൊണ്ടിലെ മഞ്ഞക്കറ പല്ലിലും പറ്റിപ്പിടിക്കും. കുട്ടക്കണക്കിനാണ് വലിയ കുളമ്പുളി മരത്തിൽ നിന്ന് പറിച്ചിറക്കുന്നത്. മഴക്കാലത്താണ് ധാരാളമായി ഉണ്ടാകുന്നത്.

ആദ്യം പച്ച നിറമുള്ള കായ്കൾ ഇലയോടു ചേർന്നു കിടക്കും. പിന്നെ മൂത്തു പഴുത്ത് സ്വർണ നിറമാകും. വെയിലത്തു വെച്ചോ, അടുപ്പിനു മുകളിൽ പരണ കെട്ടി താഴെ തീ ഇട്ടു കൊടുത്ത് പുകച്ചോ ഉണക്കി കരി വർണമാകും.

ഉപ്പും വെളിച്ചെണ്ണയും തിരുമ്മി,ഭരണികളിലാക്കി വെച്ചാൽ വർഷങ്ങളോളം കേടാകില്ല.

ചുവന്ന നിറത്തിൽ മീൻ വറ്റിച്ചു വെയ്ക്കുന്ന കറിയിലെ മുഖ്യ ഘടകം . നാട്ടിൽ നിന്നു പോന്നപ്പോൾ അമ്മ തനിക്കും തന്നിവിട്ടിരുന്നു കറുത്തു ചുരുണ്ട കുടമ്പുളി അല്ലികൾ. ബന്ധുമിത്രാദികൾക്കു അമ്മ വിതരണം ചെയ്യുന്ന കാഴ്ചയും ഓർമയിലുണ്ട്.

ഈന്തപ്പഴം താഴെ അടർന്നു വീഴുമ്പോൾ മണ്ണു പറ്റാതിരിക്കാൻ വിരിച്ചിട്ട പ്ലാസ്റ്റിക് പായിൽ കിടന്ന് താനെ ഉണങ്ങി കിട്ടിയത് സ്ഫടിക ഭരണിയിൽ ഇട്ടു വെച്ചാൽ മതി. നാട്ടിൽ പോകുമ്പോൾ തനിക്കും വിതരണം ചെയ്യാം.

കുട്ടികൾ സ്കൂളിൽ നിന്നു മടങ്ങിയെത്താനിനിയും സമയമുണ്ട്. നാട്ടിലെ പോലയല്ല ഉച്ചകഴിഞ്ഞു തിരിച്ചെത്തും. അതു വരെ വല്ലതും വായിക്കാം.

ആരോ ഗേയ്റ്റു തുറക്കുന്ന ശബ്ദം കേട്ടു. ശബ്നവും ഉമ്മയുമാണ് . ശബ്നമിന്നു ക്ലാസിൽ പോയില്ലാന്നു തോന്നുന്ന്. അയൽപക്കത്ത് താമസിക്കുന്നത് പാക്കിസ്ഥാനി കുടുംബമാണ്. അവളുടെ,കൈയ്യിലൊരു പൊതിയുമുണ്ട്.

വെളുക്കെ ചിരിച്ച് കൊണ്ട് കവർ നീട്ടി. എന്തെങ്കിലും സംസാരിക്കുന്നതിനു
മുമ്പു ശബ്നവും ഉമ്മയും തലയിലെ തുണി മുഖത്തേയ്ക്ക് വലിച്ചിട്ട് ഒരൊറ്റ ഓട്ടം.

എൽ . പി ജി ഗ്യാസ് സിലിണ്ടർ കൊണ്ടുവരുന്ന വണ്ടി മണിയടിച്ചു വരുന്നത് ഗേയ്റ്റിനു മുമ്പിലെത്തും മുമ്പേ അവർ വീടു പൂകി.

ഇവിടെ ഗാർഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടർ,ആവശ്യക്കാർക്കു മുറ്റത്തു കൊണ്ടു വന്നു തരും . ഗ്യാസ് തീർന്നാൽ മണിയടി കേട്ടു പുറത്തു വന്നു കുറ്റി വാങ്ങാം. അല്ലെങ്കിൽ പിന്നെ പെട്രോൾ പമ്പിൽ പോകണം . ഓരോ മണിക്കൂർ ഇടവിട്ട് വണ്ടി കടന്നു പോകും.

പര പുരുഷന്മാർ വരുമ്പോൾ പുറത്തു വരാൻ പാടില്ല എന്നാണു ശബ്ന ത്തിൻ്റെ നാട്ടിലെ അലിഖിത നിയമം. എങ്ങാനും അറിയാതെ വന്നു പോയാൽ അഞ്ചു വയസുകാരൻ കുഞ്ഞനുജൻ ഈസാ പോലും ഉമ്മയെയും ചേച്ചിമാരെയും അകത്തേയ്ക്ക് ഓടിച്ചു വിടുന്നത് കാണാം.

അവർക്ക് എന്തെങ്കിലുമാവശ്യത്തിന് പുറത്തിറങ്ങണമെങ്കിൽ അവലോകനം നടത്തുന്നത് അവനാണ്. ആദ്യം ചുറ്റുപാടു പരിശോധിക്കും എന്നിട്ട് കൈ കാണിക്കും പെൺകൂട്ടത്തിനു പുറത്തേക്കിറങ്ങാൻ അനു വാദം നൽകുന്ന മുദ്ര.

ശബ്നത്തിൻ്റെ ചേട്ടനും ചേച്ചിയും എന്നും വൈകുന്നേരങ്ങളിൽ ഇവിടെ പഠിക്കാൻ വരും. ട്യൂഷൻ എന്നു പേര് . അവരെ പഠിപ്പിക്കുന്നതിനു ഫീസ് മേടിക്കാത്തതിൻ്റെ പകരമാകാം ഇടയ്ക്കിടെ വരുന്ന സ്നേഹപ്പൊതികൾ .

സത്യത്തിൽ കറികളിലെ അപരിചിത മസാല ഗന്ധം നമുക്കത്ര പഥ്യമല്ല. അവരുടെ ഏറ്റവും ഇഷ്ട കറിയായ കരേല ഫ്രൈയ് എന്ന കരിപ്പച്ച പാവക്ക ,കൊണ്ടുണ്ടാക്കിയ നോൺവെജ് വിഭവം അവർ മക്കളുടെ കൈയ്യിൽ കൊടുത്തു വിടും . വീട്ടിൽ ആർക്കും അത് കഴിക്കാൻ ഇഷ്ടമല്ല.

മുഴുവൻ പാവയ്ക്ക പിളർന്ന് കുരുമാറ്റി അതിനകത്തു ഇറച്ചി കട്ലറ്റിൻ്റെ കൂട്ടു കുത്തി നിറച്ചു നൂലു കൊണ്ടു കെട്ടി വറുത്തെടുക്കുന്ന ഭക്ഷ്യ വിഭവം.
സ്നേഹത്തോടെ തരുമ്പോൾ വാങ്ങിക്കും. “അപ്പ കഴിച്ചോ ഞങ്ങൾക്കു വേണ്ട” എന്നു പറഞ്ഞ് എല്ലാവരും പുള്ളിക്കാരൻ്റെ തലയിൽ കെട്ടിവെക്കും.

പൊക്കം കുറഞ്ഞ മതിലിനപ്പുറവുമിപ്പുറവും,മയിലാഞ്ചിക്കാടുണ്ട്. അതിനിടയിൽ ഒരനക്കം കേട്ടു. നോക്കിയപ്പോൾ ശബ്ന ത്തിനൊപ്പമൊരു സുന്ദരി .

ഉയരമധികമില്ല. കണ്ണാടിക്കവിളുകളും നീലമിഴികളുമുള്ള സുന്ദരി. ഇടതൂർന്ന മുടി തട്ടമിട്ടു മൂടിയിട്ടും താഴേക്കു നീണ്ടു നിവർന്നു കിടക്കുന്നു. ചെമ്പിച്ചു തിളങ്ങുന്ന കേശഭാരം .

സൗന്ദര്യധാമത്തെ കണ്ണെടുക്കാതെ നോക്കി നിന്നു. കണ്ണിൽ മസ്കാരതേച്ചു കടുപ്പിച്ചുവെച്ചിട്ടുണ്ട്. ചുണ്ടിൽ അരുണാഭ നൽകാനിട്ട ലിപ്സ്റ്റിക്ക് അവളുടെ സൗന്ദര്യ മേറ്റുന്നുണ്ട്.

ആരാ ഇതു ശബ്‌നം ?

ബാബയുടെ അനുജൻ്റെ ഭാര്യയാണ് നാട്ടിൽ നിന്നു വന്നുവെന്നു മറുപടി.

ശബ്നത്തിൻ്റെ അമ്മയും താനും ആംഗ്യഭാഷയുടെ അങ്ങേയറ്റം വരെ എത്തിയതു കൊണ്ടും, ചില പദങ്ങൾ മാത്രം കാണാതെ പഠിച്ചതുകൊണ്ടും, എത്ര നേരം വേണമെങ്കിലും പരസ്പരം സംസാരിക്കും. ആദിമ മനുഷ്യൻ ഇങ്ങനെ യല്ലേ ഭാഷാരൂപീകരണം നടത്തിയതെന്ന ചിന്തയിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞ മുഖത്തോടെ പുതുമുഖത്തെ പരിചയപ്പെട്ടു.

അപരിചിതത്വത്തിൻ്റെ കെട്ടുകൾ പൊട്ടാൻ അധിക സമയമെടുത്തില്ല. കുറച്ചു ഇംഗ്ലീഷു പദങ്ങളൊക്കെ ആ മിടുക്കിക്ക് അറിയാവുന്നതു കൊണ്ടും അന്യരെ പ്രത്യേകിച്ച് അയൽക്കാരെ കുറിച്ചറിയാനുള്ള മനുഷ്യ സഹജമായ ആഗ്രഹം കൊണ്ടും വിശേഷങ്ങൾ പെട്ടെന്നു തന്നെ പരസ്പരം പങ്കിട്ടു മടങ്ങി.

ബാബയുടെ അനുജൻ നല്ല ഉയരമുള്ള മനുഷ്യൻ ആഴ്ചയിൽ ഒരിക്കൽ പിക്കപ്പ് വാൻ ഓടിച്ചു വരും. വെള്ളിയും ശനിയും അവധി ദിവസങ്ങളിൽ ഇവിടെ നിന്നിട്ട് ഞായർ രാവിലെ ജോലിസ്ഥലത്തു പോകും. വന്നാൽ അവരുടെ വീട്ടിലാകമാനം ചിരിയും വർത്തമാനവും മുഴങ്ങും . ചിലപ്പോൾ സുന്ദരി ഭാര്യയെ എടുത്തു വട്ടം പൊക്കലും ,കറക്കലും , വണ്ടിയിലേയ്ക്ക് എടുത്തു ഇരുത്തലും ഇതു കണ്ട് ചേട്ടൻ്റെ മക്കളുടെ കയ്യടിയും ബഹളവുമൊക്കെ , ഉമ്മറത്തു നിന്നാൽ തനിക്കു കാണാം കേൾക്കാം.

അപ്പോഴും പരിസരം വീക്ഷിക്കാൻ വീട്ടിലെ ഒരു ആൺ പ്രജ ചുറ്റിക്കറങ്ങുന്നു ണ്ടാകും.

അമിതാബച്ചനെ പോലെയുള്ള ആ മനുഷ്യൻ വന്നാൽ പിന്നെ കുട്ടികളാരും പഠിക്കാൻ വരികയുമില്ല.

കോഴിയെ ചാർക്കോളിൽ വെച്ച് ചുടലും, അതിൻ്റെ പുകയും ആകെ ബഹളമയം . പിന്നെ മജലീസിൽ ഹുക്കവലിച്ചിരിപ്പു മൊക്കെയാണ് .

പെണ്ണുങ്ങൾ നേരത്തേ കുഴച്ചു വെച്ച മാവ് വിശറി പോലെ നീട്ടിയടിച്ച് കൈയിൽ വെച്ചു തന്നെപരത്തി മുറത്തിൻ്റെ വലുപ്പത്തിൽ പരന്ന ആകൃതിയിലാക്കി ചുട്ടെടുക്കും. ഗോതമ്പു റൊട്ടി ചൂടോടെ വിളമ്പും .

എത്ര പ്രാവശ്യം കാണിച്ചു തന്നിട്ടും പഠിച്ചെടുക്കാതെ കൈ വെള്ളയിൽ വെച്ച് ഇത്ര വലുതാക്കി പരത്തുന്ന റൊട്ടികളെ സൃഷ്ടിക്കുന്നത് അത്ഭുതത്തോടെ കണ്ടിരിക്കാനേ തനിക്കു കഴിഞ്ഞ തുള്ളു.

വീക്കെൻ്റിലെ വൈകു ന്നേരങ്ങളിൽ ഒരാഴ്ചത്തെ വീട്ടു സാധനങ്ങൾ ലുലുമാളിൽ നിന്നോ കാരിഫറിൽ നിന്നോ വാങ്ങി, അന്ന് പുറത്തു നിന്നു ഭക്ഷണവും കഴിച്ച് ആഴ്ചയിലാകെ കിട്ടുന്ന പതിവാഘോഷവും തീർത്ത് രാത്രി ഞങ്ങൾ വീട്ടിൽ എത്തിയാലും അയൽവീട്ടിലെ ബഹളം തീർന്നിട്ടുണ്ടാകില്ല.

സ്കൂളിൽ കുട്ടികൾ പോയാൽ രണ്ടു പെണ്ണു ങ്ങൾ മാത്രമായിരിക്കും അവിടെ . കല്യാണം കഴിഞ്ഞിട്ട് എട്ടു വർഷമായി കുഞ്ഞുങ്ങളില്ലാത്ത കാര്യം ചേട്ടത്തിയമ്മ പറഞ്ഞപ്പോൾ അതു വരെ നിറഞ്ഞു നിന്നിരുന്ന സുന്ദരിയുടെ ചിരി പൊടുന്നനെ മറഞ്ഞ് മുഖമാനം കാർമേഘം മൂടിയതു തിരിച്ചറിഞ്ഞതു കൊണ്ട് ഞങ്ങൾ ചർച്ച പിന്നെ കൊടും ചൂടിനെ കുറിച്ചായി.

ദിനങ്ങളങ്ങനെ കടന്നു പോകവേ
പതിവു വേനലവധി വന്നുചേർന്നു. ജൂലൈ ആഗസ്റ്റിലാണ് അത്. നാട്ടിലേയ്ക്ക് തിരിക്കാനുള്ള തത്ര പ്പാടിലാണ് പ്രവാസ ലോകം.

കേരളത്തിലെ,തണുപ്പും മഴയുമൊക്കെ കൊതിച്ചോർത്തു ദിവസങ്ങളെണ്ണി ഞങ്ങളും നാട്ടിലെത്തി.

പിന്നെ ദിനങ്ങൾക്ക് കാറ്റിൻ്റെ വേഗതയാണ്. മൺകറിച്ചട്ടി, ചെറിയ മുറം, നാഴി, ചിരട്ട കൊണ്ടുണ്ടാക്കുന്ന തവി ,ഈറ്റയിൽ നെയ്ത ചെറിയ കുട്ട ഇങ്ങനെ പരമ്പരാഗത ഗൃഹോപകരണങ്ങൾ വാങ്ങിക്കൂട്ടി കെട്ടിപ്പൂട്ടി വീണ്ടും മടക്കം.

അച്ചാറുകൾ വീട്ടിലുണ്ടാക്കിയും, കറുത്ത ഹലുവയും വറുത്ത പലഹാര ക്കെട്ടുകളും വാങ്ങിച്ച് അപ്പനും അമ്മയും കൊണ്ടു വന്നു തരും. പൊതിയലും തൂക്കം നോക്കലും ഒക്കെ കഴിഞ്ഞ് ഇവിടെ എത്തിച്ചാൽ പിന്നെ ഇതു കാത്തിരിക്കുന്നവർക്ക് വിതരണം ചെയ്യണം.

അർദ്ധരാത്രിയായി തിരിച്ചു മറു നാട്ടിലെ വീട്ടിലെത്തിപ്പോൾ.
കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടപ്പോഴേ ശബ്നവും, കുട്ടിപ്പട്ടാള
വും ചാടി പുറത്തിറങ്ങി. അവരാരും ഉറങ്ങിയിട്ടില്ല .അവരും തലേന്നു വന്നതേ യുള്ളു എന്നു പറഞ്ഞു.

ഇലകൾ പോലും മാറ്റാത്ത പച്ച ആപ്പിളും , ചെറിയ തണ്ടോടെ പറിച്ചെടുത്ത ചെറിയ ഓറഞ്ചുകളും കൊണ്ടു വന്നു തന്നു. നാളെ കാണാമെന്നു പറഞ്ഞൊഴിഞ്ഞു. ക്ഷീണാധിക്യത്താൽ ഉറങ്ങിപ്പോയി.

ഉണർന്നു വന്ന പ്പോഴേക്കും ഭർത്താവ് ജോലിക്കു പോയിരു ന്നു. മക്കളും നല്ല ഉറക്കം. ഒന്നും ഉണ്ടാക്കാൻ തോന്നിയില്ല . എയർപോർട്ടിൽ മിഴിയൊപ്പി മറഞ്ഞ അച്ഛനെയും , ഇറങ്ങാൻ നേരത്ത് ഇറുക്കിപ്പിടിച്ചു ഉമ്മ വെച്ച അമ്മയെയും ഓർത്തു കൺ നനഞ്ഞു.

അവരെ ഒന്നു ഫോൺ വിളിക്കാൻ പുറത്തിറങ്ങിയപ്പോൾ ശബ്നത്തിൻ്റെ ഉമ്മ മതിലിനരികെ തല കാണിച്ചു. ഒരു വ്യസന ഭാവം . ഒരു പക്ഷേ തൻ്റെ അവസ്ഥ തന്നെയാകും. നാട്ടിൽ നിന്നു പോന്ന വിഷമം.

വാതോരാതെ ഇത്രയും ദിവസം മലയാളം സംസാരിച്ചിട്ട് ഇനി അധരമടച്ചു വെച്ച് ആംഗ്യഭാഷ പ്രയോഗം തുടങ്ങണം എന്നോർത്തപ്പോൾ അവരോടു മിണ്ടാൻ പോലും തോന്നിയില്ല .

പതിവുപോലെ അരികിലേയ്ക്ക് അവർ കൈ കാട്ടി വിളിച്ചു. മ്ലാനഭാവത്തോടെ തന്നെ. അവധിക്കാലത്ത് വെള്ളം കിട്ടാതെ ഉണങ്ങിപ്പോയ മയിലാഞ്ചിക്കാടിനരികെ അപ്പുറവും ഇപ്പുറവും ഞങ്ങൾ രണ്ടാളും അൽപ്പനേരം മൗനമായി നിന്നു.

സുന്ദരിപ്പെണ്ണിനെ
കാണുന്നില്ല . അവളുടെ പേരു പത്തു തവണ ചോദിച്ചറിഞ്ഞതാണ് പക്ഷേ ഓർത്തിരിക്കാൻ പറ്റാത്ത പേരായതു കൊണ്ട് സ്വന്തമായി ഒരു പേരു കൊടുത്തു ആയിഷ. അവളെ കാണാത്തതെന്തേ എന്ന എൻ്റെ ചോദ്യത്തിന് ഉത്തരമായി എന്തൊക്കെയോ അവർ പറഞ്ഞിട്ടു പോയി.

അന്നെന്തോ പതിവില്ലാതെ അവർ പറഞ്ഞതൊന്നും തനിക്ക് മനസിലായതുമില്ല.

കേട്ടു നിന്നു തിരികെ പോന്നു. അറിയാൻ ആഗ്രഹവും തോന്നിയില്ല.

വെയിലിൻ്റെ കാഠിന്യം കൂടി വന്നാൽ പിന്നെ പുറത്തു നിൽക്കാനുമാകില്ല.
വൈകുന്നേരം ശബ്നവും സഹോദരങ്ങളും ബുക്കു കെട്ടുമായി ഹോളിഡേ ഹോം വർക്കു ചെയ്യാൻ വന്നു. സ്കൂൾ തുറക്കാറാകുമ്പോഴാണ് കുട്ടികൾ എല്ലാവരും അക്കാര്യം ഓർമിക്കുന്നതു തന്നെ.

ശബ്‌നം ഒന്നും എഴുതാതെ കുത്തി വരച്ചിരിക്കുന്നതു കണ്ടപ്പോൾ ചോദിച്ചു.

എന്താ ഒരു മടി എഴുതാനൊക്കെ. നിൻ്റെ ബാബി നിർബന്ധിച്ചില്ലേ പഠിക്കാൻ !

ആയിഷയെ അങ്ങിനെയാണവൾ വിളിക്കുന്നത്.

ഇത്തവണ ബാബിയെ തിരികെ കൊണ്ടുവന്നില്ല . ഇളയയച്ഛൻ മിക്കവാറും വേറെ വിവാഹം കഴിക്കും. കുട്ടികളൊന്നുമില്ലാത്തതാ പ്രശ്നം. വിഷമത്തോടെ അവളതു പറഞ്ഞൊപ്പിച്ചു.

പഠിക്കാത്ത കാര്യത്തിനും, അക്ഷരത്തെറ്റിനും, എന്തിനൊക്കെയോ താനവരെ വഴക്കു പറഞ്ഞു കൊണ്ടിരുന്നു.

അവർ തിരിച്ചു ഒന്നും പറഞ്ഞില്ല. പറഞ്ഞാൽ ബാബ അറിയും ബെൽറ്റിനടി കിട്ടും. അധ്യാപകരെ അയാള ത്ര ബഹുമാനി ക്കുന്നുണ്ടെന്നു വല്ലപ്പോഴും കാണു മ്പോഴുള്ള അയാളുടെ പെരു മാറ്റത്തിൽ നിന്നറിയാം.
“നിങ്ങളുടെ മക്കളെ പോലെ കണ്ട് എൻ്റെ മക്കളെയും ഒന്നു പഠിപ്പിച്ചു തരൂ”
എന്നു പറഞ്ഞ് തലകുനിച്ചു വണങ്ങി നിന്ന അയാളുടെ രൂപം പെട്ടെന്നോർമ വന്നു.

കുറച്ചു ദിവസം കഴിഞ്ഞാണറിഞ്ഞത് ശബ്നത്തിൻ്റെ ഉമ്മ ഗർഭിണിയാണ്. അവരുടെ മുഖത്ത് സങ്കടഭാവത്തിനു കാരണം മകളെ പോലെ താൻ സ്നേഹിച്ച അനുജൻ്റെ ഭാര്യയെ ഓർത്തിട്ടാണെന്നു എനിക്കു മനസിലായി.

ആയിഷയുമായി അവർക്കു ഫോൺ വഴി ബന്ധമുണ്ടെന്നും തോന്നി.

സിനിമയിൽ കാണുന്ന പോലുള്ള പ്രേമരംഗമാടിയ ആജാനുബാഹു അവിടെ വന്നു പോകു മ്പോൾ അയാളോടു വല്ലാത്ത വെറുപ്പു തോന്നി. എന്തോ ഒരകൽച്ച, ആ കുടുംബത്തോടും . ആ പാവം പെണ്ണിനെ ഉപേക്ഷിക്കാൻ എല്ലാവരും കൂട്ടു നിന്നല്ലോ എന്ന ചിന്തയാകാം മാനസികമായ ഒരടുപ്പം അവരോട് കുറഞ്ഞു വന്നു.

ഗർഭാലസ്യമാണോ ആയിഷയുടെ കൂട്ടില്ലാത്തതിനാലാണോ ശബ്നത്തിൻ്റെ ഉമ്മ മൗന കൂടാരത്തിലായി.

വായനയും , ടി.വി. കാണലും കുട്ടികളെ പഠിപ്പിക്കലുമായി ദിവസങ്ങളോടിപ്പോയതറിഞ്ഞില്ല.

വെള്ളിയാഴ്ചകളിൽ പുറത്തു കാറും ചാരി നിന്ന് ഫോൺ ചെയ്യുന്ന ആയിഷയെ ഉപേക്ഷിച്ചവനെ കാണുമ്പോൾ , തനിക്ക് ദേഷ്യം ഇരച്ചു വരും , അയാൾ എങ്ങും , ആരെയും ശ്രദ്ധിക്കാറുമില്ല.

പാവം ആയിഷ കരഞ്ഞു വിഷമിച്ചിരിപ്പുണ്ടാകും. വലിയ മക്കളുള്ള ഭാര്യ യില്ലാത്ത വൃദ്ധന്മാരിൽ ആരെങ്കിലും അവളെ വിവാഹം ചെയ്തു കാണുമോ? എത്ര സന്തോഷവതിയായിരുന്നിവിടെ അവൾ .

അടുത്ത വെക്കേഷനു നാട്ടിൽ പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി അതിനിടെ ശബ്നത്തിന് കുഞ്ഞാങ്ങള പിറന്നു .

ഉടുപ്പൊക്കെ വാങ്ങി കാണാൻ ചെന്നപ്പോഴും പഴയതു പോലെ ചിരിച്ചുല്ലസിച്ച് സംസാരിക്കാനാർക്കും കഴിഞ്ഞില്ല.

ആംഗ്യ ഭാഷയ്ക്കോ തർജ്ജിമയ്ക്കോ ഒരു പ്രസക്തിയും ആ അന്തരീക്ഷത്തിൽ തോന്നിയതുമില്ല.

അവർ ഇത്തവണ വൈകിയേ നാട്ടിൽ പോകുന്നുള്ളു എന്നറിഞ്ഞു. സൽക്കാരമൊന്നും സ്വീകരിക്കാതെ തിരക്കു ഭാവിച്ചിറങ്ങിയപ്പോഴും മിഴികൾ ആ സുന്ദരി യെ വെറുതെ തേടി.

പതിവു പോലെ ഇത്ത വണയും വേനലവധി നാട്ടിൽ ആഘോഷിച്ചു. കുട്ടികളൊക്കെ തിമർത്തു കളിച്ചു , ബന്ധുജനഗൃഹ സന്ദർശനം, ചെറിയ പിക്നിക്കുകൾ, അറബി നാടു പാടെ മറന്നു നിൽക്കെ കലണ്ടറിലെ ദിനങ്ങൾ ഓടി മറഞ്ഞു മറിഞ്ഞു.

ഇത്തവണ വില്ലയിൽ മടങ്ങി
എത്തിയപ്പോൾ അടുത്ത വീട്ടിൽ ആളനക്കമൊന്നുമില്ല അവരെത്തിക്കാണില്ല. എന്തൊക്കെ അകൽച്ച ഉണ്ടായിയെന്നാകിലും
ഒരാഴ്ച കഴിഞ്ഞിട്ടും വീടു തുറക്കാതായപ്പോൾ ഒരു അസ്വസ്ഥത പതുക്കെ തനിക്കു തോന്നിത്തുടങ്ങി.

എപ്പഴോ ശബ്ദത്തിൽ കാർ പോർച്ചു തുറക്കുന്നതു കേട്ട പ്പോൾ മനസിലായി അവരെത്തിയെന്ന്.

പുറത്തേക്കിറങ്ങിയില്ല. അവരുടെ ബാബ ജോലിക്കു പോകട്ടെ എന്നിട്ടു സംസാരിക്കാമെന്നു വെച്ചു.

വൈകുന്നേരം കുട്ടികൾ പതിവു പോലെ എത്തി. ആപ്പിളും, ഓറഞ്ചും ഉണങ്ങാത്ത ഇലകളോടെ നാട്ടിൽ നിന്നു കൊണ്ടുവന്നത് ഒരു കൂട നിറയെ തന്നു.

മുറിച്ചു വെച്ച കറുത്ത ഹലുവയും , ചക്ക വറുത്തതു മുതൽ ചേമ്പു വറുത്തതു വരെ താനും അവർക്കായി മാറ്റി വെച്ചിരുന്നു.

മുന്നാ എന്തു ചെയ്യുന്നു ചോദിച്ചപ്പോൾ ശബ്ന ത്തിൻ്റെ കണ്ണിൽ വേദനയുടെ ഒരു തിരയിളക്കം. മൂത്ത സഹോദരങ്ങൾ മിണ്ടാതെ കുത്തിക്കുറിച്ചിരുന്നു. ഫോൺ വന്നതു കൊണ്ട് തനിക്കത് വീണ്ടും ചോദിക്കാനായതുമില്ല.

എത്ര എടുത്തിട്ടും ഈന്തപ്പഴം വീണ്ടും നിറഞ്ഞു തന്നെ നിൽക്കുന്ന പനയുടെ കീഴെ നിൽക്കുമ്പോൾ
മതിലിനരികിൽ ഒരനക്കം.

കുഞ്ഞുറങ്ങിയോ? എന്നു തൻ്റെ കുശലാന്വേഷണത്തിന് കരച്ചിലും ഒപ്പം ചിരിക്കാനൊരു ശ്രമവുമായി ശബ്നത്തിൻ്റെ ഉമ്മ.

ആകെ പതറിപ്പോയി . കുട്ടിക്കു വല്ലതും പറ്റിയോ? ഇതെന്താ ഇവരിങ്ങനെ ? അൽപം പേടി തോന്നാതിരുന്നില്ല.

ഏറെ പണിപ്പെട്ടാണങ്കിലും അവർ,എന്തൊക്കയോ പറഞ്ഞൊപ്പിച്ചു. ഒരു ബന്ധം തകർന്നു പോകാതിരിക്കാൻ ദാനം നൽകിയ തൻ്റെ കുഞ്ഞിനെകുറിച്ച് .

നാട്ടിൽ പോയപ്പോൾ അനുജൻ്റെ കല്യാണമെന്ന തീരുമാനത്തിൽ ഉറച്ചാണ് എല്ലാവരും പോയതത്രെ.

ആയിഷയെ പോയി കണ്ടപ്പോൾ ആകെ അലിഞ്ഞു പോയി ഇവരുടെ മനസ്. അത്ര യേറെ അവൾ മാറി പോയിരിക്കുന്നു. ആണിൻ്റെകുഴപ്പമോ പെണ്ണിൻ്റെതെന്നോ പരിശോധന നടത്താൻ പോലും പാടില്ലാത്തിടം. ബന്ധുക്കളുടെ നിർബന്ധമാണ് അവർ പിരിഞ്ഞു ജീവിക്കാനിട വന്നതെന്നു തനിക്കു മനസിലായി.

ആയിഷയെ നാട്ടിൽ കൊണ്ടു പോയി അവളുടെ വീട്ടിൽ ആക്കിയശേഷം തകർന്ന മട്ടിലെ അനുജൻ്റെ കദനജീവിതം. എല്ലാം കണ്ടറിഞ്ഞ് മുലപ്പാൽ മണം മാറാത്ത ഇളം ചുണ്ടിനെ വറ്റാത്ത മാറിടത്തിൽ നിന്നടർത്തി കൈമാറാൻ ഈ പാവം സ്ത്രീയ്ക്ക് എങ്ങനെ ധൈര്യം വന്നു.

കണ്ണീരിൽ പുഞ്ചിരി എനിക്കും വന്നു. പക്ഷേ ഈ അമ്മയുടെ നെഞ്ചിലെ ദുഗ്ധ ഭാരവും പൈതലിനെ പിരിഞ്ഞ ദുഃഖവും പറയാതെ തന്നെ ഏതൊരമ്മയ്ക്കാണ് മനസ്സിലാകാത്തത്.

നീറി നീറി അമ്മയുടെ കറുത്തു കരിവാളിച്ച കൺതടത്തിൽ വെറുതെ നോക്കി ഞാനും മനസാ തേങ്ങി.

അവരുടെ കൺകളിൽ അലിവിൻ കിരണത്തിൻ മിന്നലാട്ടം . ഒരാളുടെ ജീവിതം തിരിച്ചു പിടിച്ചു കൊടുത്തതിൻ്റെ ചാരിതാർഥ്യം പേറിയ
നിറമിഴികളും, വിറയ്ക്കുന്ന ചുണ്ടുകളും നോക്കി നിൽക്കെ അവരുടെ രൂപം എൻ്റെ നിറഞ്ഞ കണ്ണുകൾക്കു ഇരുട്ടു ബാധിച്ചതു കൊണ്ടു നിഴലായി തോന്നി .

കടുത്ത വെയിലിൽ രണ്ടു ദേഹങ്ങൾ പൊക്കം കുറഞ്ഞ മതിലിനപ്പുറവും ഇപ്പുറവും വിയർത്തും, മനമുരുകിയും വീർപ്പു മുട്ടി നിന്നു. രാഷ്ട്ര ഭാഷ വേഷഭേദാതികൾക്കപ്പുറം അമ്മ മനങ്ങൾ ഒരു പോലുരുകി.

ആംഗ്യ ഭാഷയില്ലാതെ ട്രാൻസ്ലേറ്റർ ഇല്ലാതെ എന്നിലെ അമ്മയ്ക്കു അവർ ഉരിയാടിയതും മിണ്ടാതെ പറഞ്ഞതുമെല്ലാം മാതൃഭാഷ പോലെ മനസിലായി.

കുഞ്ഞിനെ അനുജനു ദത്തു നൽകിയെങ്കിലും അവർക്കു കുഞ്ഞു ണ്ടായാൽ തിരികെ തരുമെന്ന പ്രതീക്ഷ പങ്കിടലിൽ തനിക്കും തെല്ലാശ്വാസമായി.

ഇങ്ങനെ ദത്തെടുത്തവർ ഉടൻ ഗർഭിണികളായ സംഭവ ങ്ങൾ ധാരാളം ഉണ്ടെന്നും കുഞ്ഞിനെ തിരികെ കിട്ടുമെന്ന അവരുടെ പ്രത്യാശയിൽ ചേർന്നു ഹൃദയം തുറന്നു താനുമതാശിച്ചു പ്രാർത്ഥിച്ചു നിന്നു.

സ്വയം ഉരുകിത്തീർന്നു വീണ്ടും മെഴുകായി തന്നെ നില കൊള്ളുന്ന വീണ്ടുമുരുകാൻ വെമ്പുന്ന തിരുരൂപത്തിനു മുന്നിലെ മെഴുകുതിരി കാഴ്ചയിൽ മിഴികളുടക്കി പിന്നെ കണ്ണടച്ചിരുന്നു.

ജീവിതത്തിലെ മരവിപ്പു മാറി മതി മറന്നാഹ്ലാദിക്കുന്ന ആയിഷ എന്ന അമ്മ മാലാഖയെ പോൽ തൻ്റെ മുമ്പിൽ പ്രഭയാർന്നു വന്നു നിന്നു.

“ഞാനുടനെ വരും കെട്ടോ അങ്ങോട്” അതു വരെ ബാബിയെ നോക്കണേ ”

എന്നു ഏതുഭാഷയിലാണവൾ പറഞ്ഞത്? പക്ഷേ തനിക്കു മനസിലായി.

പാതി മയക്കത്തിലോ നേർക്കാഴ്ചയോ എന്ന റിയാത്ത വിഭ്രമാവസ്ഥയിൽ അങ്ങു മലനിരയിൽ പച്ചപ്പു പോലെ എന്തോ കാണുന്നതിൽ മിഴിനട്ടിരുന്നു.

അബുദാബിക്കു ട്രാൻസ്ഫർ ആയതിനു ശേഷം അവരെ തീരെ ഓർമിക്കാതായി.

നാലു വർഷങ്ങൾക്കു ശേഷമുള്ള ഒരവധിക്കാലത്തിൻ്റെ അന്ത്യത്തിൽ തിരിച്ച് ഗൾഫിലെ എയർപ്പോർട്ടിൽ എത്തി കയറിയ ടാക്സി കാറിൽ അവിചാരിതമായി ഒരൊളെ കണ്ടു മുട്ടി.

ഡ്രൈവർ ശബ്നത്തിൻ്റെ ബാബയാണ്. കണ്ടയുടൻ എല്ലാവരെയും സന്തോഷത്തോടെ ആശംസകൾ പറഞ്ഞു സ്വീകരിച്ചു.

ഫ്ലാറ്റെത്തും മുമ്പ് സന്തോഷ വിഷയങ്ങളുടെ പൊതികെട്ടഴിച്ചയാൾ പറഞ്ഞത് വീർപ്പടക്കി കേട്ടിരുന്നു.

ശബ്നത്തിൻ്റെ കുഞ്ഞനുജനെ മടക്കി തിരികെ കിട്ടിയെന്നും, ആയിഷയ്ക്ക് മൂന്നു വർഷത്തിനിടയിൽ രണ്ടു കുഞ്ഞുങ്ങളുണ്ടായെന്ന ആഹ്ലാദവാർത്ത കേട്ട്
ആനന്ദവിസ്മയത്തോടെ മതി മറന്നിരുന്നു.

റോമി ബെന്നി✍

മുൻസിപ്പാലിറ്റിയിലെ ജോലി കഴിഞ്ഞതു കൊണ്ട് ഇപ്പോൾ ടാക്സി ഓടിക്കുകയാണെന്നും ഫാമിലിയെ നാട്ടിലാക്കി എന്നും പറഞ്ഞവസാനിപ്പിച്ചു.

ഫ്ലാറ്റെത്തി ഇറങ്ങിയപ്പോൾ എൻ്റെ ക്ഷേമാന്വേഷണം അവരെ അറിയിക്കണമെന്നു പറഞ്ഞു പതിയെ ഞാൻ നടന്നു. അയാൾ വിളിച്ചു പറഞ്ഞു.

നിങ്ങളോട് ഈ വാർത്തയറിക്കാനാകും തമ്പുരാൻ എന്നെ ടാക്സി ഡ്രൈവറാക്കി ഈ രാത്രി ഇങ്ങോട്ട് വിട്ടത്.
ഞങ്ങൾ എന്നും ഓർമിക്കാറുണ്ട്. പറയാറുണ്ട്. നമ്പറൊക്കെ പോയി.
ഇനിയും കാണാം.

കാറ്റിനു പതിവില്ലാത്ത തണുപ്പു തോന്നി. ശരീരത്തിനു ലഭിച്ച കുളിര് മനസിന് ശാന്തത നൽകി.

പ്രത്യാശ എന്നത് മരീചികയല്ല . അന്ന് ദൂരെ കണ്ടിരുന്ന മലയിൽ പാറക്കെട്ടുകളിലെ ചെറിയ പച്ചപ്പ് അവിടെ തന്നെയുണ്ടാകും. തോന്നലായിരുന്നില്ല. നടന്നെത്താൻ കുറച്ചു വൈകുമെന്നു മാത്രം.

RELATED ARTICLES

33 COMMENTS

  1. അഭിനന്ദനങ്ങൾ…… നല്ല കഥ… വായിക്കുംതോറും മനസ്സിൽ വിങ്ങൽ ആയിരുന്നു അവസാനം സന്തോഷമായി…… ഇനിയും എഴുതു… വായനക്കായി കാത്തിരിക്കുന്നു 👍🏽❤️👏🏽

  2. ഹൃദയത്ത തൊടുന്ന മനോഹരമായ കഥ. അഭിനന്ദനങ്ങൾ റോമീ

  3. അതിർവരമ്പുകളില്ലാത്ത സ്നേഹത്തിന്റെ കഥ, നോവിന്റെ കയറ്റിറക്കങ്ങളിലൂടെ കടന്ന് ഒടുവിൽ ശുഭപര്യവസാനം. മനോഹരമായ എഴൂത്തിലൂടെ വായനയുടെ അടിമയാക്കുന്ന ആഖ്യാനശൈലി. തുടരുക ഇനിയും ഇനിയും….

  4. വായനക്കാരുടെ മനസ്സിൽ ഒരായിരം ചിത്രങ്ങൾ വാരിവിതറാൻ കഥാകാരിക്ക് കഴിഞ്ഞുകഴിഞ്ഞു. നല്ല ഒതുക്കം വന്ന് എഴുത്ത്..

  5. നല്ല കഥ . കുടമ്പുളിയും, ഈന്തപ്പഴവും ഒരേ സമയം മനസിൽ വന്നു.
    നല്ല കഥകൾ ഇനിയും എഴുതു
    പ്രാർത്ഥനാശംസ

  6. കഥ വായിച്ചു വന്നപ്പോള്‍ ആ അമ്മയുടെ അവസ്ഥയില്‍ സങ്കടം തോന്നിയെങ്കിലും അവസാനം സന്തോഷം ആയി. നല്ല അവതരണം, സ്നേഹത്തോടെ ടീച്ചര്‍ക്ക് 🙏🏻😍

  7. നല്ല കഥ, ആദ്യം സങ്കടം തോന്നി. അവസാനം സന്തോഷം. യഥാർത്ഥ ജീവിതം ആണ്. ഇനിയും നല്ല ഓർമ്മകൾ കഥയായി എഴുതു 👌👌👌

  8. ഷബ്‌നവും ആയിഷയും ഉള്ളിൽ നിന്നിറങ്ങുന്നില്ല പാകിസ്ഥാൻ നമുക്ക് ശത്രു രാജ്യമാണ് പക്ഷെ നല്ലവരായ മനുഷ്യർ അവിടെയുമുണ്ട്, സ്നേഹസമ്പന്നരായവർ, നല്ല രീതിയിൽ ഹൃദയത്തിൽ സ്പർശിച്ച ആക്യാനം, അഭിനന്ദനങ്ങൾ.

  9. ഇതു കഥയോ അതോ ജീവിത മോ റോമി.
    കഥയുടെ ഏകാഗ്രത നിലനിർത്താനുള്ള കഴിവ് പ്രശംസനീയം.
    എഴുത്ത് തുടരൂ.❤️ ഭാവുകങ്ങൾ❤️

  10. ഭാഷ ഒരു തടസ്സമല്ല ഒരു ആശയവിനിമയത്തിനും .
    സാർവ്വലൗകികമായ ഭാഷ. അമ്മഭാഷ.

    അന്യരെ മനസ്സിലാക്കാനുള്ള സ്നേഹിക്കാനുള്ള റോമിയുടെ മനസ്സും അതിനുതകുന്ന സാഹചര്യങ്ങളും

    നല്ല കഥ അഭിനന്ദനങ്ങൾ

  11. അതെ ടീച്ചർ കുറച്ചു വൈകിയാണേലും തമ്പുരാൻ നമ്മൾ ആഗ്രഹിക്കുന്ന പോലെ തന്നെ നമ്മുടെ മുന്നിൽ കൊണ്ടുത്തരും 💞💞

    • Thank you Mumthaz

      മുംതസിനെയും അതു പോൽ ഒരിക്കൽ പത്തിരുപതു വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടി അല്ലേ !

    • മണൽമലയിലെ പച്ചപ്പ് മനോഹരം. സ്നേഹത്തിൻ്റെ സാന്ത്വനഭാവം കഥയിൽ കാണാം. ശബ്നവും ഉമ്മയും സുന്ദരിപ്പെണ്ണും മൊഞ്ചോടെ മനസ്സിലിടം നേടി.
      കഥകൾ, പ്രത്യേകിച്ച് മണലാരണ്യ കഥകൾ കേൾക്കാൻ കൊതിച്ചിരിക്കുന്ന വായനക്കാർക്കാകായി വീണ്ടും വീണ്ടും എഴുതൂ . കാത്തിരിക്കാം. നല്ലെഴുത്തിന് ഒരായിരം അഭിനന്ദനങ്ങൾ റോമിബെന്നി..

  12. മണൽമലയിലെ പച്ചപ്പ് മനോഹരം. സ്നേഹത്തിൻ്റെ സാന്ത്വനഭാവം കഥയിൽ കാണാം. ശബ്നവും ഉമ്മയും സുന്ദരിപ്പെണ്ണുമൊക്കെ മൊഞ്ചോടെ മനസ്സിലിടം നേടി. കഥകൾ കേൾക്കാൻ, പ്രത്യേകിച്ച് മണലാരണ്യ കഥകൾ കേൾക്കാൻ കൊതിച്ചിരിക്കുന്ന വായനക്കാർക്കായി വീണ്ടും വീണ്ടും എഴുതൂ. കാത്തിരിക്കാം.
    നല്ലെഴുത്തിന് ഒരായിരം അഭിനന്ദനങ്ങൾ റോമി ബെന്നി.

  13. ബാല്യകാല സ്മരണകൾ എഴുതി അവസാനിപ്പിച്ചു എന്നറിഞ്ഞപ്പോൾ ഉണ്ടായ വിഷമം ഇപ്പോൾ മാറി. കൂടാതെ എനിക്കും പരിചിതമായ ഗൾഫിലെ ഓർമ്മകൾ കഥാരൂപത്തിൽ എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ അതിലേറെ സന്തോഷം തോന്നി. പതിയെ മങ്ങിക്കൊണ്ടിരിക്കുന്ന ഓർമ്മകളിലേക്ക് വീണ്ടും മടങ്ങിപ്പോകാനുള്ള അവസരം ഒരുക്കുന്നതിന് നന്ദി. അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

  14. ഭാഷാ മതിലുകളും സംസ്കാര ഭിന്നതകളും ഇല്ലാതെ മറ്റൊരു മനുഷ്യനെ മനസിലാക്കുക , ഇന്നത്തെ തലമുറക്ക് ഏറ്റവും നല്ല മാതൃക ആണ് ടീച്ചർ.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com