വിശുദ്ധ എവുപ്രാസ്യമ്മ
——————————
തൃശ്ശൂർ ജില്ലയിലെ എടത്തുരുത്തി കോട്ടൂർ ഗ്രാമത്തിൽ എലുവത്തിങ്കൽ ചേർപ്പുക്കാരൻ സിറോ മലബാർ തറവാട്ടിൽ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മകളായാണ് റോസ എന്ന എവുപ്രാസ്യമ്മ ജനിച്ചത്. ഒമ്പതാം വയസിൽതന്നെ കർമലീത്താ സഭയിൽ അംഗമായി. പിന്നീട് സഭാവസ്ത്രം സ്വീകരിച്ച് എവുപ്രാസ്യമ്മ എന്ന പേരു സ്വീകരിച്ചു. ഒല്ലൂർ സെന്റ് മേരീസ് മഠത്തിൽ 45 വർഷത്തോളം പ്രവർത്തിച്ചു. 1987-ൽ സഭ ദൈവദാസിയായി പ്രഖ്യാപിച്ചു. ‘പ്രാർത്ഥിക്കുന്ന അമ്മ’ എന്ന് ഇവരെ വിളിച്ചിരുന്നു. നല്ല സാമ്പത്തിക പശ്ചാത്തലമുണ്ടായിരുന്ന കുടുംബമായിരുന്നു റോസിൻ്റേത്.
എന്നാൽ തന്റെ ഓമന മകളെ വിലയും നിലയും ഉള്ള ഒരു കുടുംബത്തിൽ കെട്ടിച്ചയയ്ക്കുന്നത് സ്വപ്നം കണ്ടു കൊണ്ടിരുന്ന റോസയുടെ പിതാവ് രണ്ടാമത്തെ മകളായ കൊച്ചുത്രേസ്യയെ കന്യാസ്ത്രീയാകാൻ അയക്കാം എന്ന് തീരുമാനിച്ചു. എന്നാൽ കൊച്ചുത്രേസ്യയുടെ അകാലചരമം എല്ലാത്തിനും തിരിച്ചടിയായി. അങ്ങനെ എവുപ്രാസ്യയെ 1866ൽ കൂനമ്മാവിൽ കർമ്മലീത്ത മഠത്തിന്റെ ബോർഡിംഗിൽ ആക്കി.
എന്നാൽ ശാരീരിക അസ്വാസ്ഥ്യങ്ങൾ അവളെ പീഡിപ്പിച്ചു കൊണ്ടിരുന്നു. രണ്ടുപ്രാവശ്യം വീട്ടിലേക്ക് കൊണ്ടു പോയി. സുഖമായപ്പോൾ വീണ്ടും തിരിച്ചുവന്നു. മൂന്നാം പ്രാവശ്യം മാരകമായ രോഗത്താൽ തീർത്തും അവശയായിയെങ്കിലും തിരുക്കുടുംബ ദർശനത്താൽ അവൾ സൗഖ്യം പ്രാപിച്ചു. 1897 മേയ് പത്താം തീയതി അവൾക്ക് ശിരോവസ്ത്രം ലഭിക്കുകയും ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

1913 മുതല്‍ 1916 വരെ ഒല്ലൂരിലെ സെന്റ് മേരീസ് കർമ്മലീത്താ മഠത്തിലെ സുപ്പീരിയറായിരുന്നു അമ്മ. ഈ മഠമായിരുന്നു 45 വർഷത്തോളം അമ്മയുടെ പ്രവർത്തന മേഖല. എവുപ്രാസ്യാമ്മ തന്റെ സമയത്തിന്റെ ഭൂരിഭാഗവും കോണ്‍വെന്റിലെ ചാപ്പലിലാണ് ചിലവഴിച്ചിരുന്നത്. വിശുദ്ധ കുര്‍ബ്ബാനയും ജപമാലയുമായിരുന്നു അവളുടെ ജീവ ശ്രോതസ്സ്. ജീവിതം പൂര്‍ണ്ണമായും ദൈവസേവനത്തിനായി സമര്‍പ്പിച്ച ഏവുപ്രാസ്യാമ്മ 1952 ഓഗസ്റ്റ് 29 നു ദൈവസന്നിധിയിലേക്ക് യാത്രയായി. 2006 ൽ വാഴ്ത്തപ്പെട്ട പദവിയിലേക്കു ഉയർത്തിയ എവുപ്രാസ്യമ്മയെ 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.
ദൈവഹിതത്തോടുള്ള വിധേയത്വമായിരുന്നു എവുപ്രാസ്യയുടെ ദൈവസ്‌നേഹത്തിന്റെ കാതല്‍. തിരുഹൃദയത്തോട് അതിരറ്റ ഭക്തിയുണ്ടായിരുന്നു. രോഗികളെ കരുതലോടെ ശുശ്രൂഷിച്ചു. പാവങ്ങളോടു കരുണ കാണിച്ചു. നീണ്ട മണിക്കൂറുകള്‍ ജപമാല പ്രാര്‍ത്ഥനയില്‍ മുഴുകി.
കാലത്തിന്റെ തികവില്‍ എലുവത്തിങ്കല്‍ തറവാടിന്റെ സമ്പത്തും പ്രതാപവും നശിച്ചു. സഹോദരങ്ങള്‍ നാടും വീടും വിട്ടുപോയി. അവരില്‍ ചിലര്‍ക്കു സംഭവിച്ച മാര്‍ഗ്ഗഭ്രംശങ്ങള്‍ കൂടിയായപ്പോള്‍ എവുപ്രാസ്യ തികച്ചും തളര്‍ന്നുപോയി. 1913-ല്‍ പിതാവും 1923-ല്‍ മാതാവും മരിച്ചു.
1916-ല്‍ മഠാധിപസ്ഥാനം ഉപേക്ഷിച്ച എവുപ്രാസ്യയെന്ന “പ്രാര്‍ത്ഥിക്കുന്ന അമ്മ”യെ കാണാന്‍, പ്രാര്‍ത്ഥനാസഹായം ചോദിക്കാന്‍ സന്ദര്‍ശന മുറിയില്‍ ആളുകള്‍ കാത്തുനില്‍ക്കുമായിരുന്നു. പള്ളിയും മുറിയും കഴിഞ്ഞാല്‍ പിന്നെ കണ്ടുമുട്ടുക രോഗികളുടെ അടുത്തായിരിക്കും. മറ്റുള്ളവരുടെ ഹൃദയങ്ങള്‍ വായിച്ചറിയാന്‍ എവുപ്രാസ്യക്കു പ്രത്യേക കഴിവുണ്ടായിരുന്നു. അമ്മയുടെ വാക്കുകള്‍ക്കും ഉണ്ടായിരുന്നു ഒരു പ്രവാചകശക്തി.
സന്യാസത്തിലേക്ക് പ്രവേശിച്ചപ്പോൾ മുതൽ സഹനങ്ങളും രോഗങ്ങളും ക്ലേശങ്ങളും പ്രലോഭനങ്ങളും അവളെ ഏറെ അലട്ടി. അതുപോലെതന്നെ സ്വർഗ്ഗീയ ആനന്ദവും ഉണ്ടായിരുന്നു. 1898 ജനുവരി പത്താം തീയതി അനുഗ്രഹീതമായ കർമ്മല സഭാവസ്ത്രം ലഭിച്ചു.
അവളുടെ എല്ലാ ആധ്യാത്മിക സംഘട്ടനങ്ങളും ദൈവീക വെളിപാടുകളും മേനാച്ചേരി പിതാവിനെ അദ്ദേഹത്തിന്റെ കല്പനപ്രകാരം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ രചിക്കപ്പെട്ട എൺപതോളം കത്തുകൾ ‘എവുപ്രസ്യാമ്മയുടെ ലിഖിതങ്ങൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1900 മെയ് ഇരുപത്തിനാലാം തീയതി ഒല്ലൂരിൽ സ്ഥാപിതമായ സെന്റ് മേരിസ് മഠത്തിന്റെ ആശിർവാദ ദിനത്തിൽ സിസ്റ്റർ എവുപ്രാസ്യ നിത്യവ്രത വാഗ്ദാനം ചെയ്തു. തുടർന്നുള്ള 48 വർഷത്തോളം എവുപ്രസ്യാമ്മ ഈ ഒല്ലൂർ മഠത്തിൽ തന്നെയാണ് താമസിച്ചിട്ടുള്ളത്. നോവീസ് മിസ്ട്രസ്, മഠ അധിപ തുടങ്ങിയ ഉത്തരവാദിത്വങ്ങളിൽ നിയോഗിക്കപ്പെട്ട സിസ്റ്ററുടെ പ്രാർത്ഥന ജീവിതവും നിയമാനുഷ്‌ഠന താൽപര്യവും താപസ കൃത്യങ്ങളും ജീവിതകാലത്തുതന്നെ പ്രത്യേകം ശ്രദ്ധേയമായിരുന്നു.
എളിയ ഭാവത്തോടെ എപ്പോഴും വ്യാപിക്കാനും കർത്താവ് നൽകിയ ആത്മീയ വരങ്ങൾ സന്തോഷപൂർവ്വം മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി ചെലവഴിക്കാനും എവുപ്രാസ്യമ്മ സദാ ഉത്സുകയായിരുന്നു. നീണ്ട മണിക്കൂറുകൾ തിരുസന്നിധിയിൽ ഭക്തിപൂർവ്വം പ്രാർത്ഥിച്ചും ജപമാല ചൊല്ലിയും കഴിഞ്ഞിരുന്ന ഈ സുകൃതിനി ‘പ്രാർത്ഥിക്കുന്ന അമ്മ’ എന്ന അപരനാമത്തിലാണ് നാട്ടിൽ അറിയപ്പെട്ടിരുന്നത്. ‘പണത്തിൽ കുറഞ്ഞാലും പുണ്യത്തിൽ കുറയരുത്’, എന്ന് എല്ലാവരോടും പറഞ്ഞിരുന്നു.




🙏
❤️🙏
അവിടെ പോയി പ്രാർത്ഥിച്ചിട്ടുണ്ട്. വളരെ വിശദമായ വിവരണം.