ജിബിയിൽ താമസത്തിനായി ബുക്ക് ചെയ്ത ‘ ഹോം സ്റ്റേ’ കണ്ടുപിടിക്കാനാവാതെ ഒരു കടയുടെ അടുത്ത് വാഹനം നിറുത്തി .ഹോം സ്റ്റേക്കാരെ ഫോൺ ചെയ്ത് വഴിയെ പറ്റി ചോദിക്കുമ്പോൾ , അവർ പറയുന്നത് ഞങ്ങൾക്കോ ഞങ്ങൾ പറയുന്നത് അവർക്കോ മനസ്സിലാവുന്നില്ല. എന്നാൽ അടുത്തുള്ള കടക്കാരനെ ഫോൺ ഏൽപ്പിച്ച് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ പറഞ്ഞപ്പോൾ , അയാൾ പറയുന്നത് ‘ മിനി തായ്ലാൻഡിൽ’ നിന്നാണ് വിളിക്കുന്നത്. ‘ മിനി തായ്ലാൻഡ്’ എന്ന് കേട്ട്ഞാൻ ഒന്ന് ഞെട്ടി! ഹിമാചൽ പ്രദേശിലുള്ളവരുടെ മുഖരൂപം( features) നമ്മളിൽ നിന്ന് വ്യത്യാസമാണ്. വാഹനത്തിലിരുന്ന് ഉറങ്ങി പോയതു കൊണ്ടൊ മറ്റോ നമ്മൾ തായ്ലാൻഡിൽ എത്തി യോ എന്നൊരു സംശയവും ഇല്ലാതില്ല.
ഹിമാചൽ പ്രദേശിലെ ചില സ്ഥലങ്ങളെ സ്വിറ്റ്സർലൻഡ് എന്ന് വിളിപ്പേരുള്ളതായി കേട്ടിട്ടുണ്ട്. എന്നാലും തായ്ലാൻഡ്! ‘കുൽഹി കടണ്ടി അല്ലെങ്കിൽ വീര രേ ആൾ ‘ എന്നാണ് നാട്ടുകാർ ഇതിനെ വിളിക്കുന്നത് . എന്നാൽ ടൂറിസ്റ്റുകാർ ഈ സ്ഥലത്തിന് കൊടുത്ത പേരാണിത്, ജിബിയുടെ മിനി തായ്‌ലൻഡാണ്. അതിന്റെ ഘടന തായ്‌ലൻഡ് ദ്വീപ് പോലെയാണ്. രണ്ട് ഭീമാകാരമായ പാറകൾ (അതിർത്തികൾ) ഒരുമിച്ച് അടുക്കി വച്ചതിന്റെ കരയിലൂടെ ഒഴുകുന്ന നദി കാണുമ്പോൾ ഇത് തായ്‌ലൻഡ് ആണെന്ന് തോന്നും . പക്ഷെ അങ്ങോട്ടേക്ക് എത്താൻ നല്ലൊരു നടപ്പ് ആവശ്യമുണ്ട്. എന്നാലും വെള്ളത്തിന്റെ ആ ശബ്ദവും അധികം ആഴമില്ലാതെ നല്ല ക്ലിയർ ആയി വെള്ളം ഒഴുകുന്നത് കാണാൻ നല്ല രസം.
സമൃദ്ധമായ ഹിമാലയത്താൽ ചുറ്റപ്പെട്ട നദിയിൽ രൂപംകൊണ്ട പ്രകൃതിദത്ത കുളമാണിത്.അവിടെ കുളിക്കാൻ പറ്റുമെന്നാണ് പറഞ്ഞത്. ആ സാഹസത്തിനൊന്നും പോയില്ല. കൈ നനച്ചപ്പോൾ തന്നെ മനസ്സിലായി നല്ല തണുത്ത വെള്ളം.
നിറയെ പാറക്കെട്ടുകളും അതിലൂടെ ഒഴുകുന്ന വെള്ളവും എല്ലാം കണ്ടപ്പോൾ പഴയ സ്കൂൾ – കോളേജ് പിക്നിക്ക് ആണ് ഓർമ്മ വന്നത്. തൃപ്പെരുപ്പ് , പാലരുവിയൊക്കെയായിരുന്നു അന്നത്തെ യാത്രകൾ . രണ്ടു ബസ്സിലായി യാത്ര ചെയ്യുന്ന കുട്ടികളെ ഇതു പോലത്തെ സ്ഥലങ്ങളിൽ തുറന്നു വിടുമ്പോൾ , പറയണോ പിന്നത്തെ ബഹളം.
ഇന്ന് വിരലിലെണ്ണാവുന്ന ടൂറിസ്റ്റുകളുമായി അവിടെയെല്ലാം കറങ്ങി നടക്കുമ്പോൾ പ്രകൃതിയിൽ നിന്നുമുള്ള വെള്ളത്തിന്റെ ആ ‘കളകള ‘ശബ്ദവും അതിനോട് ദേഷ്യം തീർക്കുന്ന പോലെയുള്ള പക്ഷികളുടെ ശബ്ദവും എല്ലാം മറ്റൊരു അനുഭവം എന്നു പറയാം.
മീൻ വിഭവങ്ങൾ ഇവിടെയുള്ളവരുടെ ഒരു സ്പെഷ്യലാണ്. ‘ grilled trout ( ഗ്രില്ലു ചെയ്ത പുഴമീൻ) നാണ് അതിൽ പ്രസിദ്ധി. ‘തിരിഞ്ഞു കടിക്കാത്ത എന്തിനെയും കഴിക്കണമെന്നാണ് പൊതുവെയുള്ള പോളിസി’ എങ്കിലും ‘എന്താണെങ്കിലും അത് എന്താണെന്ന് അറിഞ്ഞു കഴിക്കണം’ എന്നാണ് കൂടെയുള്ള ആളിൻ്റെ പോളിസി. മീനിൻ്റെ ഓരോ പേരുകൾ ഹിന്ദിയിലാണ് പറയുക. ഗൂഗിളിൻ്റെ സഹായത്തോടെ അതിൻ്റെ ഇംഗ്ലീഷ്, പടമൊക്കെ കണ്ടാലെ ഓർഡർ ചെയ്യാൻ തയ്യാറാവുകയുള്ളൂ.’മേലനങ്ങാതെ കിട്ടുന്നത് എന്തും വിഴുങ്ങാം’ എന്ന മട്ടിലാണ് എൻ്റെ ഇരുപ്പ്. അതു കൊണ്ടു തന്നെ ഈ ഗൂഗിളിനൊന്നും ഞാൻ വലിയ പ്രാധാന്യം കൊടുത്തില്ല. ഓർഡറു കൊടുത്ത മീനിന്റെ വിഭവം കഴിച്ചപ്പോൾ, എവിടെയോ കഴിച്ചു മറന്ന രുചി. അതോടെ ഗൂഗിളുമായിട്ടുള്ള അന്വേഷണമായി അടുത്ത എന്റെ പരിപാടി. പണ്ട് ഞാൻ സ്കൂളിലൊക്കെ പഠിക്കുമ്പോൾ അമ്മയുടെ ഒരു ബന്ധു , ‘ മാന്തൾ’ ന്റെ ഉണക്ക മീനുമായി ഞങ്ങളുടെ വീട് സന്ദർശിച്ചിരുന്നു. അതോടെ രാവിലെയും ഉച്ചക്കും വൈകുന്നേരവും ഇതിന്റെ പല പാചക രീതികളുമായി അമ്മ ഹാപ്പി. ഇതാണ് കറിയെങ്കിൽ ഞാൻ ഭക്ഷണം കഴിക്കില്ല എന്ന വാശിയിൽ ഞാനും. അമ്മ അതിനൊന്നും പ്രാധാന്യം കൊടുക്കാത്തതുകൊണ്ട്. കരച്ചിലിന്റെ ദിവസങ്ങളായിരുന്നു അന്നെല്ലാം. ആ മീനാണ് എന്റെ മുൻപിൽ vip സ്റ്റെലിൽ . ചില രുചികളും മണങ്ങളും അങ്ങനെയാണ് നമ്മൾ അവരെ മറന്നാലും അവർ നമ്മളെ മറക്കാൻ തയ്യാറല്ല എന്നു തോന്നുന്നു.
‘ മിനി തായ്ലാൻഡ്’ പേര് പോലെ വേറിട്ടൊരു അനുഭവം സമ്മാനിച്ച സ്ഥലം എന്നു പറയാം.
Thanks
വായിക്കാൻ നല്ല രസമുള്ള എഴുത്ത് 👍🏻😍
Thanks ❤️
നല്ല അവതരണം 🌹
Thanks ❤️
മിനി തായ്‌ലൻഡും മാന്തൾ കറിയും..
വായിക്കാൻ പതിവുപോലെ നല്ല രസം.
മികച്ച അവതരണം
Thanks ❤️