ഡാലസിലെ ആ വൈകുന്നേരം അസാധാരണമായിരുന്നു. മഞ്ഞ് നിശ്ശബ്ദമായി വീഴുകയായിരുന്നു.ആകാശത്തിൽ നിന്ന് പതിക്കുന്ന ഓരോ തുള്ളിയും ഭൂമിയെ സ്പർശിക്കുന്നതിനു മുമ്പ് ലോകത്തെ മുഴുവൻ ഒരു നിശ്ശബ്ദതയിലേക്കു നയിക്കുന്നതുപോലെ. ഓഫീസ് മുറിയിലെ ജനാലക്കൽ നിന്ന് പുറത്തേക്ക് നോക്കിനിൽക്കുമ്പോൾ, ആ വെളുത്ത ശൂന്യതയിൽ രവിക്ക് സ്വന്തം മനസ്സിന്റെ ഒരു പ്രതിബിംബം കാണാനായി.സുന്ദരമാണെങ്കിലും എവിടെയോ ഒറ്റപ്പെട്ടത്.
അത് തന്നെ അവനെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി.
കർക്കിടകമാസത്തിലെ മഴ!
മഴത്തുള്ളികൾ ചില്ലുകളിൽ പതിക്കുന്ന ശബ്ദം,
ഉമ്മറത്ത് ഇരുന്ന് കാറ്റിന്റെ തണുപ്പ് ഏറ്റുവാങ്ങിക്കൊണ്ട് ചൂടോടെ കപ്പപുഴുങ്ങിയതും കണ്ണുനീർ വരുത്തുന്ന കാന്താരി ചമ്മന്തിയും!
അവിടെ, ഓരോ രുചിക്കും ഒരു കഥയുണ്ടായിരുന്നു. ഓരോ നിമിഷത്തിനും ഒരു ബന്ധമുണ്ടായിരുന്നു.
ഇവിടെ, എല്ലാം ഉണ്ടെങ്കിലും എന്തോ ഒന്നില്ല.
ഇരുപത് വർഷം മുൻപ് അമേരിക്കയിലെത്തിയപ്പോൾ, രവിയുടെ മനസ്സ് സ്വപ്നങ്ങളാൽ നിറഞ്ഞിരുന്നു. വലിയ വീട്, നല്ല ജോലി, സ്വാതന്ത്ര്യം എല്ലാം കൈവരിക്കാനുള്ള ഒരു യാത്ര. പക്ഷേ, ആ യാത്രയിൽ എവിടെയോ അവൻ പതുക്കെ തന്റെ ചില ഭാഗങ്ങൾ നഷ്ടപ്പെടുത്തി.
ആദ്യ ദിവസങ്ങളിൽ ഭാഷ തന്നെ ഒരു മതിലായിരുന്നു.
“Sorry?” “Come again?” എന്നിങ്ങനെ പലതവണ കേൾക്കുമ്പോൾ, ഓരോ തവണയും അവന്റെ ആത്മവിശ്വാസം അല്പം വീതം ചോരുകയായിരുന്നു.
പറയാൻ അറിയാത്തതല്ല പക്ഷേ കേൾക്കുന്നവർക്ക് മനസ്സിലാകാത്തത്,അതായിരുന്നു ഏറ്റവും വലിയ വേദന.
കാലം കഴിഞ്ഞപ്പോൾ ഭാഷയും ശൈലിയും അവൻ പഠിച്ചു.
പക്ഷേ ഒരു ദിവസം മുഴുവൻ ഇംഗ്ലീഷിൽ സംസാരിച്ച ശേഷം വീട്ടിലെത്തിയപ്പോൾ മലയാളത്തിൽ രണ്ട് വാക്ക് പോലും പറയാൻ ആരുമില്ലാത്ത അവസ്ഥ,അത് അവന്റെ ഉള്ളിൽ ഒരു ശൂന്യതയായി വളർന്നു.
അത് ഏകാന്തതയല്ല മാത്രം “തനിച്ചാവുക” എന്നൊരു അനുഭവം.
ചില രാത്രികളിൽ സുഹൃത്തുക്കളോടൊപ്പം ഇരുന്നു ചെറിയ ചിരികളിലും പഴയ ഓർമ്മകളിലും മുങ്ങിക്കുളിക്കുമ്പോൾ, ഗ്ലാസ്സിലിരിക്കുന്ന Glenfidich പോലും നാട്ടിലെ ഒരു കള്ള് ഷാപ്പിന്റെ ചൂട് നൽകാൻ ശ്രമിക്കുന്നതുപോലെ തോന്നും.
പക്ഷേ ആ ചൂട് ഒരു നിമിഷം മാത്രം പിന്നെ വീണ്ടും നിശ്ശബ്ദത.
ഭക്ഷണം പോലും അവനു ഒരു ഓർമ്മയായിരുന്നു.
പാസ്തയും ബർഗറും അവൻ കഴിക്കും ആസ്വദിക്കും.പക്ഷേ മനസ്സിന്റെ ആഴത്തിൽ, പച്ചമാങ്ങ ചേർന്ന മത്തി കറിയുടെ ഒരു കഷണം മാത്രം അവനെ പൂർണ്ണമാക്കും.
“Spice and Rice” പോലുള്ള ഇടങ്ങളിൽ പോയി ഒരു കപ്പ ബിരിയാണി കഴിക്കുമ്പോൾ പോലും, അവൻ വെറും ഭക്ഷണം കഴിക്കുന്നില്ല,ഓർമ്മകളെയാണ് വീണ്ടും ജീവിപ്പിക്കുന്നത്.
ഓണം വന്നാൽ ആ നൊസ്റ്റാൾജിയ അതിന്റെ ഉച്ചസ്ഥായിയിലെത്തും.
നാട്ടിൽ പോലെ ആയിരങ്ങൾ കൂടിയൊരു ആഘോഷമല്ലെങ്കിലും ഒരു ചെറിയ ഹാളിൽ ഒത്തുചേരുന്ന മലയാളികൾ സെറ്റ് മുണ്ടും കുർത്തയും ധരിച്ച് പാട്ടും നൃത്തവും പങ്കുവെച്ച് അവിടെ ഒരു ചെറുകേരളം ജനിക്കുന്നു.
ആ നിമിഷങ്ങളിൽ, “നമ്മൾ ആരാണ്” എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിക്കുന്നു.
എന്നാൽ വീട്ടിനുള്ളിൽ മറ്റൊരു കഥ നടക്കുന്നു.
അമേരിക്കയിൽ വളർന്ന സഹോദരൻ അരുൺ, ജീവിതത്തെ വേറൊരു കണ്ണിലൂടെ കാണുന്നു.
അവനു ബന്ധങ്ങൾ ഒരു തിരഞ്ഞെടുപ്പാണ്.
രവിക്ക്, അത് ഒരു ഉത്തരവാദിത്തം.
ഈ രണ്ട് ലോകങ്ങൾ തമ്മിൽ പലപ്പോഴും മൗനമായ ഒരു സംഘർഷം നടക്കും.വാക്കുകൾക്കപ്പുറം.
ഒരു രാത്രിയിൽ, ഏറെ ഏകാന്തത തോന്നിയപ്പോൾ രവി അമ്മയെ വിളിച്ചു.
ഫോൺ എടുത്ത ഉടൻ കേട്ടത്,
“മോനെ…”
ആ ഒരു വാക്ക് മാത്രം മതിയായിരുന്നു.
അവന്റെ ഉള്ളിൽ അടിഞ്ഞുകൂടിയ വേദനകളും ശൂന്യതയും എല്ലാം അലിഞ്ഞുപോയി.
കണ്ണുനീർ ഒഴുകി.പക്ഷേ അത് ദുഃഖത്തിന്റെയല്ല, തിരിച്ചുകിട്ടിയൊരു ആശ്വാസത്തിന്റെ.
അന്ന് അവൻ മനസ്സിലാക്കി,
നമ്മൾ എത്ര ദൂരെ പോയാലും നമ്മളുടെ വേരുകൾ നമ്മളെ ഒരിക്കലും വിടുന്നില്ല.
മഞ്ഞ് മൂടിയ ഡാലസിലെ ആ നിശ്ശബ്ദതയിൽ, അവന്റെ ഉള്ളിൽ ഇപ്പോഴും മഴ പെയ്യുന്നു.’കേരളത്തിന്റെ മഴ’.
അതൊരു ഓർമ്മയല്ല മാത്രം
അതൊരു തിരിച്ചറിവാണ്.
പ്രവാസജീവിതം ഒരു യാത്ര മാത്രമല്ല
അതൊരു വലിവാണ്.
സ്വപ്നങ്ങളുടെയും വേരുകളുടെയും ഇടയിൽ.




👌
നന്നായിട്ടുണ്ട്
തുടരൂ