നമ്മുടെ കൺമുമ്പിൽ വിടരുന്ന കാഴ്ചകൾ സത്യത്തിൽ ബന്ധമില്ലായ്മയുടെ ഒരു മഹാസമുദ്രമാണ്. ഒരുകാലത്ത് ഊടും പാവും പോലെ പരസ്പരം പിണഞ്ഞുകിടന്നിരുന്ന സ്നേഹബന്ധങ്ങൾ ഇന്ന് തുരുമ്പിച്ച ചങ്ങലക്കണ്ണികൾ മാത്രമായി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയാൽ ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങിയെന്ന് നാം അഹങ്കരിക്കുമ്പോഴും, മനുഷ്യഹൃദയങ്ങൾ തമ്മിലുള്ള അകലം പ്രപഞ്ചത്തോളം വലുതാവുകയാണ്.
ആൾക്കൂട്ടത്തിനിടയിലും വന്യമായ ഒറ്റപ്പെടൽ അനുഭവിക്കുന്ന വിചിത്രമായൊരു യുഗത്തിലാണ് നാം ജീവിക്കുന്നത്.
കുടുംബമെന്ന പവിത്രമായ വ്യവസ്ഥിതിക്കുള്ളിൽ പോലും ഇന്ന് മാതാപിതാക്കളും മക്കളും തമ്മിലുള്ള ദൂരം അളവറ്റതായിരിക്കുന്നു. അവിടെ കൈമാറപ്പെടുന്നത് കേവലം അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകളും കടമകളുടെ കല്ലച്ചിലടിച്ച നിർബന്ധങ്ങളും മാത്രമാണ്. ഹൃദയം ഹൃദയത്തോട് നേരിട്ട് സംവദിക്കുന്ന ആർദ്രമായ നിമിഷങ്ങൾ വിരളമായിരിക്കുന്നു; പകരം അവ ഒരേ കൂരയ്ക്കുള്ളിലെ രണ്ട് ഒറ്റപ്പെട്ട ദ്വീപുകളായി പരിണമിച്ചിരിക്കുന്നു. ദാമ്പത്യത്തിന്റെ അവസ്ഥയും ഇതിൽനിന്നും ഭിന്നമല്ല. ജീവിതയാത്രയിലെ ഉദാത്തമായ കൈകോർക്കലാകേണ്ട ഭാര്യാഭർതൃബന്ധം പലപ്പോഴും ഒരു നഷ്ടക്കച്ചവടത്തിലെ പങ്കാളിത്തം പോലെയായി മാറുന്നു. കൂടിച്ചേരുമ്പോൾ ഉണ്ടാകേണ്ട ഹൃദയസംഗീതത്തിന് പകരം അവിടെ അവഗണനയുടെ നിശ്ശബ്ദമായ മുരൾച്ച മാത്രമാണ് അവശേഷിക്കുന്നത്.
ഇതിനേക്കാളൊക്കെ ഭീതിജനകമാണ് സഹോദരബന്ധങ്ങളിലെ ശൈത്യകാലം. ഒരു ഉദരത്തിൽ ജനിച്ച്, ഒരേ മണ്ണിൽ കൈകോർത്തു വളർന്നവർ ഇന്ന് ഈഗോയുടെയും അവകാശവാദങ്ങളുടെയും കൂർത്ത കത്തികളാണ് പരസ്പരം വീശുന്നത്. ഏട്ടന് അനുജനെ ദൃഷ്ടിക്ക് കണ്ടുകൂടാ എന്ന അവസ്ഥയും, അമ്മായിയമ്മയും മരുമകളും തമ്മിൽ ഏഴകലത്തിൽ തീർക്കുന്ന വെറുപ്പിന്റെ മതിലുകളും നമ്മുടെ നിത്യജീവിതത്തിലെ നഗ്നമായ സത്യങ്ങളാണ്.
വാത്സല്യത്തിന്റെയും വിട്ടുവീഴ്ചയുടെയും സ്ഥാനത്ത് കടുത്ത മത്സരബുദ്ധിയും അസൂയയും ആസ്ഥാനമുറപ്പിച്ചു കഴിഞ്ഞു.
കുടുംബത്തിന്റെ ഈ തകർച്ച സ്വാഭാവികമായും സമൂഹത്തിലേക്കും പടർന്നിരിക്കുന്നു. ബന്ധുക്കളും അയൽക്കാരും വെറും ആചാരപരമായ ചടങ്ങുകളിൽ മാത്രം കണ്ടുമുട്ടുന്ന അപരിചിതരായി മാറി. ഇതിന്റെയൊക്കെ പ്രതിഫലനമെന്നോണം, രാജ്യത്തിന്റെ ഐക്യതയും അഖണ്ഡതയും എന്ന ആശയങ്ങൾ കേവലം പ്രസംഗവേദികളിലെ വാചകക്കസർത്തുക്കളും ജലരേഖകളുമായി ചുരുങ്ങിയിരിക്കുന്നു. ഉള്ളിൽ വിദ്വേഷത്തിന്റെ കനലുകൾ ഒളിപ്പിച്ചുവെച്ച്, പുറമേക്ക് ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന ഇരട്ടത്താപ്പാണ് എങ്ങും.
ഇവിടെയാണ് മനുഷ്യസഹജമായ ഏറ്റവും വലിയ വൈരുധ്യം ഒളിഞ്ഞിരിക്കുന്നത്. ചുറ്റുമുള്ള എല്ലാ യഥാർത്ഥ ബന്ധങ്ങളും സ്വന്തം കൈകൊണ്ട് അറുത്തെറിഞ്ഞ പ്രബുദ്ധനായ മനുഷ്യൻ, ഈ ശൂന്യതയുടെ ലോകത്തിരുന്ന് വീണ്ടും പുതിയ സ്നേഹബന്ധങ്ങൾക്കായി കൊതിക്കുകയും ഉള്ളത് നിലനിർത്താൻ പാടുപെടുകയും ചെയ്യുന്നു! തകർന്ന വേരുകൾക്ക് വെള്ളമൊഴിക്കാതെ, പുതിയ ചില്ലകൾ കിളിർക്കുമെന്ന് വിശ്വസിക്കുന്ന മനുഷ്യൻ എത്ര വലിയ വിഡ്ഢിയാണ്? സ്വന്തം കൈകൊണ്ട് കെടുത്തുകളഞ്ഞ തീനാളത്തിന്റെ ഓർമ്മയിൽ ഇരുട്ടത്തിരുന്ന് കണ്ണീരൊഴുക്കുന്ന ഈ മൗഢ്യമാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തസത്യം. തന്നിലേക്ക് മാത്രം ചുരുങ്ങുന്ന ഈ അന്യതാബോധത്തിന്റെ തടവറകളിൽ നിന്നും പവിത്രമായ മനുഷ്യത്വത്തിലേക്ക് ഉണരാൻ നമുക്ക് സാധിക്കാത്തപക്ഷം, കാലം ഈ സമൂഹത്തെ ഒരു വലിയ ശവപ്പറമ്പാക്കി മാറ്റുമെന്നതിൽ തർക്കമില്ല.




👍