നേരം പുലര്‍ന്നതേ ഉണ്ടായിരുന്നുള്ളു. മെയിന്‍ഡോറില്‍ അരോ തുടരെത്തുടരെ മുട്ടുന്നതു കേട്ടു. ഉറക്കംഞെട്ടിയ ഞാന്‍, ശല്യം! ഇതാരാണാവോ കൊച്ചുവെളുപ്പാന്‍കാലത്തെന്ന് പിറുപിറുത്തുകൊണ്ട് പുതപ്പുടുത്തു വലിച്ചുമൂടി തിരിഞ്ഞുകിടന്നു.
“ദാണ്ടെടീ പിന്നേം മുട്ടുന്നു. ചെന്നുനോക്ക്!” ഭര്‍ത്താവിന്‍റെ വക നിര്‍ദ്ദേശം..
ഇല്ല..സമ്മതിക്കില്ല, നല്ലോരോണമായിട്ട് കാലത്തോരോന്നിറങ്ങിക്കൊള്ളും. ഉടുതുണി വാരിച്ചുറ്റി, മുടിയും തൂത്തുകെട്ടി ഞാനെണീറ്റു. കതക് ചെയിന്‍ലോക്ക് ഇട്ടുകൊണ്ടുതന്നെ പാതിതുറന്നുനോക്കി. ഒറ്റനോട്ടത്തില്‍ കണ്ടതൊരു കുടവയറാണ്.
ആരാ കതകടിച്ചു പൊളിക്കുന്നത്? പുറത്തു callingbell കണ്ടില്ലേ? എനിക്ക് ചെറുതായി ദേഷ്യം വന്നുതുടങ്ങിയിരുന്നു.
“ഓണമായിട്ട് ഉച്ചവരെക്കിടന്നു പോത്തുപോലെ ഉറക്കമാണോ?” പുറത്തൂന്നു ചോദ്യംവന്നു. അതുചോദിക്കാന്‍ നിങ്ങളാരാ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പ്രായത്തെ മാനിച്ചതുവേണ്ടെന്നുവച്ചു.
പണ്ടൊക്കെ സ്ത്രീകള്‍ അതിരാവിലേ ഉണരും. കുളിച്ചു ശുദ്ധിയായി പാചകപ്പുരയില്‍ കയറും. കാലംമാറി കോലവുംമാറി. ശിവശിവ!
എവിടുന്നാണാവോ എഴുന്നെള്ളത്ത്? ഞാനയാളെ അടിമുടി ശ്രദ്ധിച്ചു.
എന്തായാലും ഭിക്ഷക്കാരനല്ല. ഏതോ നാടകക്കമ്പനീന്നു ചാടിപ്പോന്ന ലക്ഷണമുണ്ട്.
തലയില്‍ കിരീടം. കാതില്‍ കാതിപ്പൂ. കഴുത്തിലും കൈകളിലും നിറയെ ആഭരണങ്ങള്‍. വസ്ത്രധാരണമാണെങ്കില്‍ പണ്ടത്തെ രാജാക്കന്മാരുടെ രീതി.. കഴുത്തിലൂടെ ഉത്തരീയം ചുറ്റിയിരിക്കുന്നു. കയ്യിലൊരു ഓലക്കുട നിവര്‍ത്തുപിടിച്ചിട്ടുണ്ട്. ആകെപ്പാടെ പന്തികേട് തോന്നി. വല്ല ഭ്രാന്തനുമായിരിക്കുമോ? ഏയ്! ചിലപ്പോള്‍ നാടകത്തിന് മാവേലിയായി വേഷം കെട്ടിയതാവും.
“എന്തായിങ്ങനെ നോക്കുന്നത്? കതകൊന്നു തുറക്ക്. ഞാനകത്തേയ്ക്ക് വരട്ടെ!”
.നിങ്ങളാരാ, എന്താന്നൊക്കെ പറയാതെ കതകുതുറക്കുന്ന പ്രശ്നമില്ല. കാലം വല്ലാത്തതാ മാഷേ!
ഞാന്‍ മാവേലിയാ. നിങ്ങളെയൊക്കെ കാണാന്‍ വന്നതാ. എനിക്ക് വിശക്കുന്നുണ്ട്.
എന്താ, മാവേലിയോ? അപ്പറഞ്ഞ തമാശയോര്‍ത്തു ഞാന്‍ പൊട്ടിച്ചിരിച്ചു. അയാളുടെ മുഖം മ്ലാനമായി.
ഇത്രയുമായപ്പോഴേയ്ക്കും ഏട്ടനെണീറ്റുവന്നു. പാവത്തിന് വിശന്നിട്ടാവും. പേടിക്കണ്ട കതകുതുറക്ക്. ഞാനിവിടെയുണ്ടല്ലോ!
“ഇവിടെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാന്‍ പോണതേയുള്ളു. കയറിവാ.. ഞാന്‍ ഡോര്‍ തുറന്നുകൊടുത്തുകൊണ്ടു ക്ഷണിച്ചു.
മാരകായുധങ്ങളൊന്നും കയ്യിലില്ലല്ലോ? അതുകേട്ടയാള്‍ കരയാന്‍ ഭാവിച്ചു.
“ഇരിക്ക്”
“എവിടെയായിരുന്നു ഇന്നലെ കളി?” ഏട്ടന്‍റെ ചോദ്യംകേട്ട് അയാളൊന്നു ഞെട്ടി.
ഞാന്‍ സാക്ഷാല്‍ മാവേലിയാണ്. വിശ്വാസമില്ലല്ലേ? മലയാളിയിപ്പോള്‍ സത്യങ്ങള്‍ വിശ്വസിക്കാതെയായി.
മാവേലി ചുറ്റുമൊന്നുനോക്കി. മുറിയ്ക്കുള്ളിലതാ വലിയൊരു പൂക്കളം
“ഇതെന്താ, പൂക്കളമിടുന്നതിപ്പോള്‍ മുറിയ്ക്കുള്ളിലാണോ?”
ഇതോണപ്പൂക്കളമത്സരമാണ് മാവേലീ! നല്ല പൂക്കളത്തിനു സമ്മാനമുണ്ട്. കറിപ്പൊടികളും മറ്റുമാണ് കഴിഞ്ഞ തവണ കിട്ടിയത്.
മാവേലി ചിരിച്ചു.
എല്ലാവര്‍ക്കും സുഖമല്ലേ? ഇവിടെ സുഖംതന്നെ. നാട്ടില്‍ നിന്നുവരുന്ന ഞെട്ടിക്കുന്ന ഭീകരവാര്‍ത്തകളാണ് ഞങ്ങളെ വേദനിപ്പിക്കുന്നത്.
കലിയുഗത്തില്‍ ഇതൊക്കെ സംഭവിച്ചേ തീരു. ഞാന്‍ പോകുമ്പോള്‍ മനുഷ്യരൊക്കെ എത്ര നല്ലവരായിരുന്നു? സന്തോഷവും, സമാധാനവും, സുഖസമൃദ്ധിയും എങ്ങും വിളയാടിയിരുന്നു. നന്മയുള്ള ജനങ്ങള്‍ അദ്ധ്വാനികളും സ്നേഹസമ്പന്നരുമായിരുന്നു. ഓരോതവണയും ഞാന്‍ വരുമ്പോളിവിടെ മാറ്റങ്ങള്‍ കാണാനുണ്ട്. ഇപ്പോളതു കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്.
അപ്പോഴേയ്ക്കും തലേദിവസം ഓര്‍ഡര്‍ചെയ്ത സദ്യയെത്തി.
ഇതെന്താ, ഓണത്തിനുപോലും വീട്ടില്‍ ചമയ്ക്കലില്ലേ? അതെങ്ങനെ, മൊബൈലില്‍ നോക്കാന്‍തന്നെ ഇപ്പോളാര്‍ക്കും സമയം തികയുന്നില്ലല്ലോ? കാണംവിറ്റും ഓണമുണ്ണുന്ന കാലമൊക്കെ പൊയ്പ്പോയി. ഇന്നാളുകളുടെ പക്കല്‍ പണമുണ്ട്. അവര്‍ക്കൊട്ടധ്വാനിക്കാനും വയ്യ.
സദ്യയുണ്ടൊരേമ്പക്കവുംവിട്ടു മാവേലി പോകാനെണീറ്റു.
ഒരുനിമിഷം..മാവേലീ! നമുക്കൊരു ഗ്രൂപ്പ്‌ഫോട്ടോ എടുക്കണ്ടേ? ഭര്‍ത്താവ് അദ്ദേഹത്തിന്‍റെ തോളിലും അദ്ദേഹം എന്‍റെ തോളിലും കയ്യിട്ടു.
ഇനിയടുത്തവര്‍ഷം വരുമോ?
“അതാലോചിക്കണം”
പോകാനെങ്ങനെ, ടാക്സി വിളിച്ചുതരണോ?
വേണ്ട! യാത്രയെല്ലാം ഡ്രോണിന്റെ സഹായത്തോടെയാണിപ്പോള്‍.
എങ്ങനെയാ ഫോട്ടോ ഒന്നയയ്ക്കുക ?
വാട്സാപ്പുണ്ട് നമ്പര്‍തരാം.
അവിടെയും WiFi ഒക്കെയുണ്ടോ?
പിന്നേ! ഇന്നതില്ലാത്ത അതല-വിതല-സുതലങ്ങളുണ്ടോ?
താങ്കള്‍ നല്ലവനായിരുന്നു. നന്മയുള്ളവരെ ചവിട്ടിത്താഴ്ത്താനാണ് അന്നുമിന്നും മനുഷ്യര്‍ക്കുല്‍സാഹം.
സംഭവാമി യുഗേ യുഗേ! മാവേലി പ്രസന്നവദനനായി നടന്നുനീങ്ങി.




ഓണാശംസകൾ
ഉഷാചന്ദ്ര ന്റേത് നല്ല Surrealistic രചന.
അവസാനം വരെ ആകാംഷയും കൗതുകവും നിലനിർത്തി നല്ല ഭാഷാശുദ്ധിയോടെ എഴുതിയിരിക്കുന്നു.
” അവിടെയും WIFI ഒക്കെയുണ്ടോ?
പിന്നേ! ഇന്നതില്ലാത്ത അതല -വിതല -സുതലങ്ങളുണ്ടോ? ഈ പ്രയോഗം ഏറെ ഇഷ്ടമായി.
ഭാവനയിൽ ആണെങ്കിലും മാവേലിയുമായുള്ള അഭിമുഖ സംഭാഷണങ്ങൾ പൊളിച്ചു.. ഉഷ ചേച്ചി❤️💚എല്ലാവായനക്കാർക്കും ഓണാശംസകൾ 🌹🌹🌹🌹
മാവേലിയുമായുള്ള സംഭാഷണങ്ങൾ കാലിക പ്രസക്തിയുള്ളതും യോജിച്ചതും തന്നെ. ഇന്നത്തെ തലമുറയ്ക്ക് ഗാന്ധിജിയെയും നെഹ്റുവിനെയും ഫോട്ടോ കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത ബ്ലോഗർ വീഡിയോസ് കണ്ടിട്ടുണ്ട്. അത് പോലെതന്നെയാകും മാവേലി ശരിക്കും നാട്ടിലേക്ക് വന്നാൽ, ഇത്തരത്തിൽ തന്നെ ആയിരിക്കും പ്രതികരണങ്ങൾ. നമ്മളാണോ മാറിയത്, നമ്മുടെ സംസ്കാരമാണോ മാറിയത്…??
എന്തായാലും കഥ നന്നായി ടീച്ചറെ അഭിനന്ദനങ്ങൾ….
മനോഹരമായ എഴുത്ത്. വായിക്കുന്നതിനു ഒപ്പം ദൃശ്യം മനസ്സിൽ ഒരേ സ്പീഡിൽ കടന്ന് പോയി. എഴുത്തുകാരിയുടെ മിടുക്കാണ് അത്. ഒരേ സമയം വായിക്കാനും വായിച്ചത് visualize ചെയ്യാനും വായനകാരന് പറ്റുന്ന വിധം എഴുതാൻ നല്ല കഴിവ് തന്നെ വേണം.
സ്നേഹാശംസകൾ… ഹാപ്പി ഓണം… 🌹🌹🌹🌹🌹❤️❤️❤️❤️
നന്നായിട്ടുണ്ട്. നല്ലെഴുത്ത്.