Wednesday, July 9, 2025
Homeസ്പെഷ്യൽസ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് - ഭാഗം 26) 'യാത്രയ്ക്കൊടുവിൽ..' ✍ ഗിരിജാവാര്യർ

സ്വപ്നശലഭങ്ങൾ (ഓർമ്മക്കുറിപ്പ് – ഭാഗം 26) ‘യാത്രയ്ക്കൊടുവിൽ..’ ✍ ഗിരിജാവാര്യർ

ഇരുളിൻ കരിമ്പടക്കെട്ടു പുതച്ച കൂറ്റൻപാറയുടെമേൽ തൂങ്ങിനിൽപ്പുണ്ടൊരു നക്ഷത്രം.രക്ഷകന്റെ ജനനത്തെക്കുറിച്ച് ആട്ടിടയർക്ക് മാർഗ്ഗനിർദ്ദേശം നൽകിയ നക്ഷത്രമാവുമോ ഇത്‌?എന്തൊരു തെളിച്ചമാണതിന്!

നാളെ ക്രിസ്മസ്സാണ്!

താഴെ പച്ചപുതച്ച തേങ്ങോലകളെ ഇളക്കി കാറ്റടിച്ചു.മഴപെയ്യുമോ? രാക്കിളികളുടെ ശബ്ദം മാത്രം മുഴങ്ങുന്ന അന്തരീക്ഷം.തേങ്ങോലയ്ക്കു മുകളിലൂടെ പറന്ന ചിത്രശലഭത്തേക്കണ്ട ഞാൻ അത്ഭുതം കൂറി.

“പൂമ്പാറ്റക്ക് ഇത്രയും ഉയർന്നു പറക്കാമോ?”

“പറ്റുമെന്നുറപ്പല്ലേ? ഇല്ലെങ്കിൽ നീയിതു കാണുമോ?”

നല്ല ഉത്തരം. ഊറിക്കൂടിയ ചിരി കടിച്ചമർത്തി.

മലകൾക്കു മീതേ ഇരുട്ടു കട്ടപിടിച്ചുകഴിഞ്ഞു. ഇന്നലെ ഇവിടെയെത്തിയപ്പോൾ നേരം ഉച്ചയായിരുന്നു. പാറകളിലൂടെ ഒലിച്ചിറങ്ങുന്ന ജലത്തിൽ വെയിൽ വെള്ളിപ്പൊട്ടുകൾ ചാർത്തുന്നു.ചോലകളുടെ ഹാരമണിഞ്ഞു സുന്ദരിമാരായി കരിമ്പാറക്കൂട്ടങ്ങൾ!

“വണ്ടിയൊന്നു നിറുത്തൂ.. ഞാനിതൊന്നു ക്യാമറയിലാക്കിക്കോട്ടേ!”

“ദേ പ്പൊ നന്നായ്യേ.. ആ പാറക്കെട്ടുകളുടെ അടിയിലേക്കാണ് നമ്മള് പോണേ.. കുറച്ചുകൂടി ക്ലിയർ ഫോട്ടോസ് കിട്ടും. ഇനി രണ്ടുദിവസം പാറയും ചോലയും നോക്കിയിരിക്കാനല്ലേ ഈ യാത്ര?”

കാട്ടുപാതയിലൂടെ വണ്ടി മുന്നോട്ട്. ‘റോഡ് ‘ എന്നൊന്നും പറയാനില്ല. ചുറ്റിലും നിരനിരയായി പാറക്കൂട്ടങ്ങളും ഇടയിലിടയിൽ മൺറോഡും. രണ്ടിടത്തു വണ്ടിയുടെ അടിതട്ടി. വണ്ടിയുടെ കുലുക്കത്തിൽ ‘ഹൌ ‘എന്നു ഡ്രൈവറും ശബ്ദമിട്ടു.

പാറയുടെ ഓരങ്ങളിൽനിറയേ കമ്മൽപ്പൂക്കൾ. ആ ചെടിയ്ക്ക് മറ്റെന്തോ പേരുണ്ടാകാം. ഇത്‌ അമ്മയിട്ട പേര് . മുമ്പു വാര്യേത്തു അമ്മ കൗതുകത്തോടെ കൊണ്ടുവന്നു നട്ടുപിടിപ്പിച്ചിരുന്നു. പൂത്തുകഴിഞ്ഞപ്പോഴല്ലേ അസുരവിത്താണ് എന്നു മനസ്സിലായത്. വിത്തുവീണിടത്തെല്ലാം മുളയ്ക്കും. പ്രത്യേകിച്ചൊരു സംരക്ഷണവും വേണ്ടാ.മഞ്ഞ നിറത്തിൽ കമ്മലിന്റെ ആകൃതിയിലുള്ള പൂക്കൾ തലയിൽചൂടി ആ കുഞ്ഞുചെടികൾ നിൽക്കുന്നതുകാണുമ്പോൾ ഒരു മഞ്ഞക്കണി പൂത്തിറങ്ങിയതുപോലെ!
പാഴ്മുളകൾക്ക് വലിയ സംരക്ഷണം വേണ്ടല്ലോ. ആരും ശ്രദ്ധിക്കാനില്ലെങ്കിലും അവ തട്ടിത്തഴച്ചങ്ങ് വളരും. അതിജീവനത്തിന്റെ അടയാളമായി.

വഴികൾ ഉള്ളോട്ടു പോകുന്തോറും കിളികളുടെ ശബ്ദം കൂടിക്കൂടിവന്നു. പശ്ചാത്തല സംഗീതമായി സീതാർക്കുണ്ടിലെ നീരൊഴുക്കിന്റെ ശബ്ദവും.നീർച്ചാലിന്നരികിൽ രണ്ടുമൂന്നു കാട്ടുതെച്ചിക്കുലകൾ എത്തിനോക്കുന്നു. ചോരച്ചെമപ്പാർന്ന പൂക്കൾ!
എന്റെ ആവേശമിരട്ടിച്ചു.

“ശ്യോ.. എന്തു ഭംഗിള്ള സ്ഥലാ!”

ഇന്നലെ ഉച്ചനേരത്താണിവിടെ എത്തിയതെങ്കിലും ഉച്ചച്ചൂട് ലവലേശമറിഞ്ഞില്ല.

“രണ്ടുനാള് നിനക്കു സ്വസ്ഥമായിരുന്നെഴുതാൻ പറ്റിയ സ്ഥലം. ഇപ്പോൾ ഇവിടെ ഗസ്റ്റായിട്ടു നമ്മളേയുള്ളൂ.”

വെള്ളം കൊണ്ടുവന്ന റൂംബോയ്, അനിരുദ്ധ് അതുകേട്ടൊന്നു പുഞ്ചിരിച്ചു.

” നാളെ ക്രിസ്മസ് അല്ലേ മാഡം ? എല്ലാവരും പ്രാർത്ഥനകളും ആഘോഷങ്ങളുമായി വീട്ടിലാവും.മാത്രമല്ല ഇതു തുടങ്ങിയിട്ടിപ്പോൾ ഒരു വർഷമേ ആയിട്ടുള്ളൂ.. ആളുകൾ അറിഞ്ഞുവരുന്നതേയുള്ളൂ.”

കുന്നുംപുറത്തെ പള്ളിയിപ്പോൾ കൊടിതോരണങ്ങളും അലങ്കാരദീപങ്ങളുംകൊണ്ടു നിറഞ്ഞിരിക്കും. വർണ്ണബലൂണുകളിൽത്തട്ടി തിരുരൂപത്തിലേക്കു വെയിൽപ്പൊട്ടുകൾ ചാഞ്ഞുവീഴുന്നുണ്ടായിരിക്കും.പള്ളി മുറ്റത്തു നല്ല തിരക്കായിരിക്കും

“നമുക്കിവിടെയും ഒരു ക്രിബ് തയ്യാറാക്കിക്കൂടെ?”

“ഉണ്ടല്ലോ മാഡം, താഴെക്കിറങ്ങിവരൂ.

അവൻ ചിരിച്ചുകൊണ്ട് ധൃതിയിൽ
സ്റ്റെപ്പിറങ്ങി താഴേക്കു പോയി. ഫസ്റ്റ് ഫ്ലോറിൽ നിന്നും മലനിരകൾ വ്യക്തമായി കാണാമെന്നുവെച്ചാണ് അവർ ആ റൂം തന്നത്. നമ്മുടെ മുട്ടുവേദനയുടെ കാര്യം അവർക്കറിയില്ലല്ലോ.

“എന്നാൽ നമുക്കൊന്നു പോയിനോക്കാം അല്ലേ?”

അദ്ദേഹത്തിന്റെ കൈപിടിച്ച് താഴെയിറങ്ങി.സൂര്യൻ അസ്തമിച്ചു കഴിഞ്ഞു. തണുത്ത കാറ്റ് വീശിയടിക്കുന്നു

അവിടവിടെയായി അതിഥികൾക്കു താമസിക്കാനുള്ള മന്ദിരങ്ങൾ.
എല്ലാറ്റിനും ഒരു നിലയേ ഉള്ളൂ. ഒന്നിലും ആളില്ല. നിശ്ശബ്ദത തളംകെട്ടിനിൽക്കുന്നു.

അടഞ്ഞു കിടക്കുന്ന മുറികൾക്കു മുന്നിലൂടെ വെറുതേ നടന്നു. നിലാവ് ചരിഞ്ഞു വീഴുന്ന വാതിലിൽ വെറുതേ മുട്ടിനോക്കി അവനോട് ചോദിച്ചു.
“നീ പ്ലസ്‌ ടു കഴിഞ്ഞുവെന്നല്ലേ പറഞ്ഞത്? The listeners എന്നൊരു കവിത പഠിച്ചിട്ടുണ്ടാവൂലോ!”

“Is anybody there? said the Traveller,
Knocking on the moonlit door!”

“ആഹാ, കൊള്ളാലോ മിടുക്കാ..”

റിസപ്ഷനു മുമ്പിലാണ് ക്രിബ് തയ്യാറാക്കി വച്ചിരിക്കുന്നത്. മേരിയുടെയും, ഔസേപ്പിന്റെയും ഉണ്ണിയേശുവിന്റെയും രൂപങ്ങൾ ക്കെന്തൊരു ചന്തം !പച്ചപുതച്ച പുൽത്തകിടിയിൽ മേഞ്ഞുനടക്കുന്ന ആട്ടിൻകുഞ്ഞുങ്ങൾ! വശങ്ങളിലായി സ്വർണച്ചിറകുള്ള മാലാഖമാർ!!

റോസ്‌ലിൻ.. അവളിപ്പോൾ എവിടെയാകും? മഠത്തിൽച്ചേർന്നതിനുശേഷവും ഒന്നുരണ്ടു തവണ അവളെക്കാണാൻവേണ്ടിമാത്രമായി പോയി! ട്രാൻസ്ഫർ കിട്ടി ദൂരേക്ക് മാറിയപ്പോൾ വീടുപോലെതന്നെ മിസ്സ്‌ ചെയ്തത് അവളുടെ സാമീപ്യമാണ്.വഴിയമ്പലങ്ങളിൽ കണ്ടുമറന്ന ഒരു മുഖമായി ഇന്നു റോസ്‌ലിന്റേതും.

നേരത്തേ കൂമ്പൻമലകളെ വട്ടമിട്ടു പറക്കുന്ന കാക്കകളെ നോക്കിയിരുന്നപ്പോൾമനസ്സ് ശൂന്യമായിരുന്നു.എന്നാലിപ്പോൾ പറക്കുന്നത് ഒരു രാക്കിളിയാണ്. ഒന്നല്ല.. മൂന്നെണ്ണം.. മുമ്പിലും പിന്നിലും വരിയായങ്ങനെ.. അച്ഛനുമമ്മയും കുഞ്ഞുമാണോ? ആയിരിക്കാം. കൂപ്പുകുത്തിയുള്ള ആ പറക്കൽ കൗതുകത്തോടെ നിന്നു.തികഞ്ഞ നിശ്ശബ്ദത. Walter de la Mare ന്റെ phantom listeners ഇവിടെയൊക്കയുണ്ടാവുമോ എന്ന ചിന്ത ഉള്ളിൽ കടന്നുകൂടി.

അദ്ദേഹവും, അനിരുദ്ധും നടന്ന് ദൂരെ ക്രിബ്ബിനടുത്തെത്തിക്കഴിഞ്ഞു. എനിക്കവരെ കാണാം.എന്നാലെന്റെ ശബ്ദത്തിന് അതുവരെയെത്താൻ കഴിയില്ലെന്നൊരു തോന്നൽ! എന്തോ ഒരു ഭയം! ഇന്നെന്തേ ഏകാന്തപഥികനായ ആ യാത്രകന്റെ ഓർമ്മതന്നെ ഉള്ളിലേക്കെത്തുന്നു?

“ആരുമില്ലേ? ഞാൻ വന്നു, വാക്കു തെറ്റിക്കാതെ എത്തി. അവരോടു പറയൂ “
ഇതു കേൾക്കാൻ,യാത്രികന്റെ നരച്ച കണ്ണുകളിലേക്ക് അന്വേഷണമുനയുമായി ഒരു മുഖവും, ആ രാത്രിയിൽ,വള്ളി പടർന്ന ജനാലയ്ക്കരികിൽ പ്രത്യക്ഷപ്പെട്ടില്ല! ആ നിലാപ്പെയ്ത്തിൽ നിശബ്ദമായി മരവിച്ച്നിന്ന പ്രേതാത്മക്കളുടെ സാന്നിദ്ധ്യം അയാൾ തിരിച്ചറിഞ്ഞു.മണ്ണിലെ മനുഷ്യന്റെ സ്വരം അവരും അറിയുന്നുണ്ടായിരുന്നു. എന്നിട്ടും ഒരിലപോലുമനക്കാതെ അവരത് കേട്ടുനിന്നു. സൈലന്റ് ലിസണേഴ്‌സ്.
“Though every word he spake fell echoing through the shadowiness of the still house.”
ഇപ്പോൾ ആ വരികൾ എന്റെ ഉള്ളിലും ചുഴി കുത്തുന്നു.

ഇപ്പോൾ കേട്ടത് കാലൻകോഴിയുടെ ശബ്ദമല്ലേ? രാവറേയായില്ല, അതിനുമുമ്പേ..
സിരകളിലൂടെ ഭയം അരിച്ചുകയറി. കുറേ ദൂരെ നിൽക്കുന്ന അവരോടൊപ്പമെത്താനുള്ള നടത്തം ഓട്ടമായത് ഞാൻ പോലുമറിഞ്ഞില്ല.

കിതച്ചുവന്ന എന്നെക്കണ്ട, അവരുടെ ദുശ്ചോദ്യങ്ങൾ ഒഴിവാക്കാനായിമാത്രം കയറിപ്പറഞ്ഞു.

“കാലങ്കോഴി”
അനിരുദ്ധ് ചിരിച്ചു.

“അതാണോ.. ഇവയിവടത്തെ സ്ഥിരക്കാരാ മാഡം.കാലങ്കോഴി മാത്രമല്ല, കാടിറങ്ങി മാനും മ്ലാവുമൊക്കെ വരാറുണ്ട്. കഴിഞ്ഞ ദിവസം ഒരു മ്ലാവു വന്നു. കൂട്ടംതെറ്റിവന്നൊരു കുഞ്ഞ്. ഇവിടുത്തെ പട്ടികളെല്ലാം കൂടിയതിനെ വളഞ്ഞു. പാവം. അതാകെ പേടിച്ചുകാണും. ഒടുവിൽ ഞങ്ങൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ചുപറഞ്ഞാണ് അതിനെ രക്ഷപ്പെടുത്തി കാട്ടിലേക്കു വിട്ടത്.”

ഇതിനോടകം അനിക്കുട്ടൻ ഞങ്ങളുടെ ഗൈഡും കൂട്ടുമൊക്കെയായി.സംസാരം കേട്ടിരിക്കാൻ ബഹുരസം. ഇവിടുത്തുകാരൻതന്നേ. പ്ലസ് ടു കഴിഞ്ഞു പഠിപ്പുനിറുത്തി. അച്ഛനുമമ്മയുമില്ലാത്ത കുട്ടി. വിവാഹിതരായ രണ്ടു ചേച്ചിമാർ. അമ്മയുംകൂടി പോയതോടെ അവൻ വീട്ടിൽ തനിച്ചായി.

“അമ്മ ഇടയ്ക്കിടയ്ക്ക് ഒരു നെഞ്ചുവേദന പറയുമായിരുന്നു. സ്വന്തം കാര്യം നോക്കാതെ പണിയെടുത്തു. അറ്റാക് ആയിരുന്നു.”

“അടുത്താഴ്ച അമ്മയുടെ ആണ്ടുബലിയാണ്. വീട്ടിൽപോണം. ബലിയിടണം.”

അതുപറയുമ്പോൾ അവന്റെ കണ്ണു നിറഞ്ഞിരുന്നോ?

“മാഡം, നമുക്ക് കുളം കാണാൻ പോകേണ്ടേ? ഗസ്റ്റ്‌ വരുമ്പോൾ അവിടേക്കു കൊണ്ടുപോകാറുണ്ട്. ലൈഫ് ജാക്കറ്റ് കൊണ്ടുവരട്ടെ? വട്ടത്തോണിയിൽ ഒരു യാത്രയാവാം.”

“അയ്യോ, വേണ്ടാ കുട്ടീ.. ഈ പ്രായത്തിൽ അങ്ങനെയുള്ള സാഹസികതയൊന്നും വേണ്ടാ ”
“എന്നാൽ ഞാൻ ഫിഷ്ഫുഡ് എടുത്തു വരാം.”
അവൻ നടന്നുമറഞ്ഞപ്പോൾ ഞാൻ പതുക്കെ ചോദിച്ചു.

”അല്ല, ഈ മരിച്ചുപോയ ആത്മാക്കളുടെ പ്രസൻസ് ഇവിടെയൊക്കെ..”
മുഴുമിക്കേണ്ടിവന്നില്ല. ഉത്തരം കിട്ടി.
“പിന്നേ.. ഇവിടെ എത്രപേര് മരിച്ചതാ, ഈ സീതാർക്കുണ്ടിൽ.. ചിലത് ആക്‌സിഡന്റൽ ഡെത്ത്, വേറെ ചിലത് സൂയിസൈഡ്.എന്തായാലും ആശകൾ മരിക്കാത്തവരല്ലേ? പ്രേതമാവാൻ സാദ്ധ്യതയുണ്ട്.. നൂറു ശതമാനം.”
ഉച്ചത്തിലുള്ള പൊട്ടിച്ചിരി കേട്ടപ്പോൾത്തന്നെ പരിഹാസം വ്യക്തമായി. ഞാൻ പിന്നെയൊന്നും ചോദിച്ചില്ല.

അപ്പോഴേക്കും മീൻതീറ്റയും, ജാക്കറ്റുമായി അനിക്കുട്ടൻ റെഡി. എന്നെ ഒന്നുഷാറാക്കാൻ അവന്റെ വകയും.

“പേടിക്കാനൊന്നുമില്ല മാഡം. ഇതൊക്കെ ഒരു രസല്ലേ?”

ഈ കുട്ടിക്കെന്തറിയാം? ചിറപോലെ പരന്നുകിടക്കുന്ന അമ്പലക്കുളത്തിൽ ‘അക്കരെയിക്കരെ’ നീന്തിക്കടന്ന ഒരു കാലം തനിക്കുമുണ്ടായിരുന്നെന്നു ഇവനോടു പറയണോ?

കിഴുക്കാംതൂക്കായ കൂമ്പൻ പാറയിൽ അള്ളിപ്പിടിച്ചുകയറി, ദശപുഷ്പത്തിലേക്കുള്ള കൃഷ്ണക്രാന്തി പറിച്ചുകൊണ്ടുവന്നിരുന്നതും നീയിന്നു കാണുന്ന ഈ മാഡംതന്നെയായിരുന്നുവെന്നു വിശദീകരിക്കണോ?

വേണ്ടാ.. കുന്നുകണ്ടാലും വെള്ളം കണ്ടാലും പേടിക്കുന്ന പട്ടണക്കാരിയായി അവന്റെ മനസ്സിലെ സങ്കല്പം അങ്ങനെത്തന്നെ നിൽക്കട്ടേ!

അനിക്കുട്ടൻ ബക്കറ്റിൽ കൊണ്ടുവന്ന എന്തോ വെള്ളത്തിൽ കലക്കി. തീറ്റയെടുക്കാൻ വന്ന തിലോപ്പിയമീനുകളുടെ തിരക്കുനോക്കി ഞാൻ വെറുതെയിരുന്നു, അന്തിച്ചോപ്പ് വിടപറഞ്ഞ മാനത്തെ ക്രിസ്മസ്ഓർമ്മകളുടെ ഭാണ്ഡക്കെട്ടഴിച്ച്..

ഗിരിജാവാര്യർ✍

RELATED ARTICLES

8 COMMENTS

  1. വായിച്ചു. ശ്വാസം വിടാതെ. കമ്മൽ പൂക്കൾ കാണാൻ കൊതി തോന്നി. ആരും ഇല്ലാത്ത ആ വഴീക്കൂടെ അങ്ങനെ നടക്കാന്ബെന്ത രസവും ല്ലേ? ക്രിബ് എന്ന് കേട്ടപ്പോ തന്നെ സ്കൂൾ ജീവിതവും st തോമസ്‌ലെ ദിവസങ്ങളും ഓർത്തു. ആ പാവം വരസ്യാ റുക്കുട്ടിയേം പിന്നെ കുളത്തിൽ അക്കരെയ്ക്കാരെ നീന്തി പൂക്കൾ കൊണ്ടു വന്നിരുന്ന മിടുക്കിയെയും അതിലൊക്കെ അപ്പുറം എത്തിയ അനിരുദ്ധൻ കണ്ട മാഡം ത്തിന്റെയും കണ്ടു. അപാരം ഈ ശൈലി. ഉള്ളിലേക്ക് കയറുന്ന ഒഴുക്ക് ഈ എഴുത്തിനു. ഇടക്കിടക്ക് englush അധ്യാപികക്ക് ഇങ്ങനെ പുറത്തു വരുമ്പോളും എന്ത് രസാന്നോ ❤️🌹👍

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ