Monday, March 17, 2025
Homeഅമേരിക്കവിവാഹിതകളുടെ പെരുകുന്ന ആത്മഹത്യകൾ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ")

വിവാഹിതകളുടെ പെരുകുന്ന ആത്മഹത്യകൾ (സുബി വാസു എഴുതുന്ന “ഇന്നലെ-ഇന്ന്-നാളെ”)

സുബി വാസു നിലമ്പൂർ

ആത്മഹത്യയുടെ കാര്യത്തിൽ അപകടകരമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ് കേരളം.
പലതരത്തിൽ, പലസാഹചര്യത്തിൽ, പല കാരണങ്ങൾകൊണ്ട് ആത്മഹത്യ ചെയ്യുന്ന ആളുകളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. അതിൽ തന്നെ വിവാഹശേഷമുള്ള പീഡനങ്ങളിലും, മറ്റ് ഗാർഹിക പ്രശ്നങ്ങളിലും മനമുരുകി ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ ആത്മഹത്യ കൂടുന്നു. കുടുംബ പ്രശ്നങ്ങളും, സാമ്പത്തിക ബാധ്യതകളും ആത്മഹത്യക്കു ഏറ്റവും വലിയ കാരണങ്ങളായി മാറുന്നു. മരണം കഴിഞ്ഞ ശേഷമാണ് ഓരോരുത്തരും അനുഭവിച്ച മെന്റൽ ട്രോമകൾ പുറത്തു വരുന്നത്.

വിവാഹിതരായ പെൺകുട്ടികളുടെ മരണം അതൊരു തുടർകഥയായി വാർത്തകളിൽ ഇടം പിടിക്കുന്നു. ഈ അടുത്ത കാലത്തായി ആത്മഹത്യ ചെയ്ത എത്ര യെത്ര പെൺകുട്ടികളാണ്. ഉത്ര, വിസ്മയ, തുഷാര, ഷാഹിന, ആൻലിയ,…. ഇപ്പൊ ഏറ്റവും ഒടുവിലായി മലപ്പുറം ജില്ലയിൽ പൂക്കൂട്ടുംപാടത്തു എന്റെ നാട്ടിൽ നിന്നും വിഷ്ണുജ എന്നൊരു പെൺകുട്ടികൂടി ആത്മഹത്യ ചെയ്തിരിക്കുന്നു. എന്തുകൊണ്ട് ഇവരൊക്കെ ആത്മഹത്യയിൽ അഭയം തേടി? ഉത്തരങ്ങൾ ഒരുപാട് ഉണ്ട്. ഇവരുടെയൊക്കെ വില്ലൻ സ്ത്രീധനവും, നിറവും, ഗാർഹിക പീഡനങ്ങളും എല്ലാം ആണ്. ഇവരുടെയൊക്കെ ആത്മഹത്യയിൽ പൊതുവായുള്ള കാര്യം നോക്കിയാൽ എല്ലാവർക്കും ഒരുപാടു സാമ്യങ്ങൾ കാണുന്നു.

കല്യാണമെന്നത് പരസ്പരധാരണയുടെയും, പരസ്പരം സ്നേഹത്തിന്റെയും ലയനമാണ്. താലിയെന്നത് സുരക്ഷയൊരുക്കേണ്ട ബിംബമായിട്ടാണ് പണ്ട് ആളുകൾ കണ്ടിരുന്നത്. ഓരോ പെൺകുട്ടിയും കല്യാണം കഴിഞ്ഞ് മറ്റൊരുവന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് അവരുടെ ഭാവി സുരക്ഷിതമായി എന്നാണ്. ഒരുതരത്തിൽ എല്ലാവരും അതു തന്നെയാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് തന്നെയാണ് ഉള്ളതൊക്കെ വിറ്റും പെറുക്കിയും മകൾക്കു കൊടുക്കുന്നത്. പക്ഷെ പലപ്പോഴും അതൊരു ആഗ്രഹം മാത്രമായി ചുരുങ്ങുന്നു.

മരണശേഷമാണ് പല ആരോപണങ്ങളും വീട്ടുകാർ ഉന്നയിക്കുന്നത്. അതിൽ തന്നെ മിക്കവാറും പെൺകുട്ടികളുടെ കാര്യത്തിൽ സ്ത്രീധനം എന്നത് പ്രധാന വില്ലനായി കടന്നുവന്നു. പണ്ട് കാലത്ത് സ്വന്തം പെൺമക്കൾക്ക് സമ്മാനമായി മാതാപിതാക്കൾ കൊടുത്തിരുന്ന ആചാരം ഇന്നൊരു ദുരാചാരമായി മാറിയിരിക്കുന്നു. ഒരുപാട് വിവാഹിതകളുടെ ജീവിതം അവസാനിപ്പിക്കാനും ഒരുപാട് പേർക്ക് കണ്ണീരു കുടിക്കാനും ഇതൊരു വലിയ അനാചാരമായി വളർന്നു വന്നതിൽ സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്.

പണ്ടുകാലത്ത് വധുവിനു സമ്മാനമായി പട്ടു വസ്ത്രങ്ങളും, ധാന്യങ്ങളും, ആഭരണങ്ങളും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കൊടുത്തിരുന്നു. അതൊരിക്കലും ഒരു നിർബന്ധിത കാര്യമല്ലായിരുന്നു. ചുരുക്കം ചില സമുദായങ്ങളിൽ പെണ്ണിന് സമ്മാനങ്ങൾ കൊണ്ടു കൊടുത്ത് അവരെ കല്യാണം കഴിച്ചു കൊണ്ടു പോകുന്ന ആചാരങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അതു നിർബന്ധമായി തുടരുന്ന ദുരചാരമാണ്. നിയമവിരുദ്ധമായ കാര്യമാണെങ്കിലും കൊടുക്കുന്നവരും, വാങ്ങുന്നവരും ഒട്ടും കുറവല്ല. തന്റെ മകൾക്കു കുറവ് വരാതെയിരിക്കാൻ ഓരോ രക്ഷിതാക്കളും ശ്രമിക്കുന്നു. തന്റെ മകന്റെ ഭാവി സുരക്ഷിതമാക്കാൻ അവരും പെൺകുട്ടികളുടെ ധനം സ്വീകരിക്കുന്നു. ചില പെൺകുട്ടികൾ തന്നെ വീട്ടുകാരോട് അവക്കാവശ്യമുള്ളത് ചോദിച്ചു വാങ്ങുന്നു. ഗിഫ്റ്റ് എന്ന പേരിൽ കാറും, ബൈക്കും, സ്ഥലവും, ആഭരണങ്ങൾ, വീട് എന്നുവേണ്ടതൊക്കെ കൊടുക്കുന്നു, അല്ലെങ്കിൽ ആൺവീട്ടുകാർ ചോദിക്കുന്ന അവസ്ഥ. പല സ്ഥലങ്ങളിലും കച്ചവടം ഉറപ്പിക്കുംപോലെയാണ് പെൺകുട്ടികളുടെ വിവാഹനിശ്ചയം കഴിയുന്നത്.

പെൺകുട്ടികൾ പഠിച്ചവരകട്ടെ, ജോലിയുള്ളവരാകട്ടെ എന്നാലും സ്ത്രീധനം ചോദിച്ചു വാങ്ങും. വിവാഹം കഴിയുന്നതോടെ പല വീടുകളിലും മകൾക്കു എല്ലാം കൊടുത്തു ഒഴിവാക്കി വിടുന്നു. പിന്നെയൊരു വിരുന്നുകാരി മാത്രമായി വന്നു പോകുന്ന എത്രയോ പെൺമക്കൾ!. വിവാഹിതരായ പെൺകുട്ടികളുടെ അവസ്ഥ സ്വന്തം വീട്ടിൽ നിന്ന് പോരുകയും എത്തിപ്പെട്ട വീട്ടിൽ ശരിയായി ഒരു വേരുറപ്പിക്കാൻ കഴിയാതെ അവിടെ മുരടിക്കുകയും ചെയ്യുന്നു. സ്ത്രീധനതുകയുടെ, ആഭരണങ്ങളുടെ, സാമ്പത്തിക സ്ഥിതികളുടെ ഏറ്റകുറച്ചിലുകൾ അവരുടെ ജീവിതത്തിൽ നന്നായി പ്രതിഫലിക്കും. പല പെൺകുട്ടികളും ഇത്തരം പീഡനങ്ങൾ അനുഭവിക്കുകയും, ചിലർ എല്ലാം സഹിച്ചു ഒതുങ്ങി കഴിയും, ചിലർ ഒരു പരിധിവരെ പിടിച്ചു നിൽക്കും, ചിലരോ ഒരു കഷ്ണം കയറിൽ, അല്ലെങ്കിൽ ഒരിറ്റു വിഷത്തിൽ, റെയിൽവേ പാളങ്ങളിൽ ചിതറിപോകുന്നു.

നിറത്തിന്റെ പേരിൽ അവഹേളനങ്ങളും അധിക്ഷേപങ്ങളും നേരിട്ടു ജീവിതം അവസാനിപ്പിക്കുന്ന പെൺകുട്ടികളും ഒട്ടും കുറവല്ല. ഈയടുത്ത് നടന്ന പല സംഭവങ്ങളിലും നീ എനിക്ക് ചേർന്ന ഭാര്യയല്ല, നിന്റെ നിറം കൊള്ളില്ല, എനിക്ക് നിന്നെ കൂടെ കൂട്ടാൻ മടിയാണ്, തുടങ്ങിയ പല പ്രസ്താവനകളും അവർക്ക് നേരെ ഭർത്താക്കന്മാർ ഉന്നയിച്ചിട്ടുണ്ട്. അതുകൂടാതെ വീട്ടുകാരുടെ കുറ്റപ്പെടുത്തൽ വേറെയും. നീ അവനു ചേരില്ല, എന്തുകണ്ടിട്ടാ നിന്നെ കെട്ടിയെ, നിന്നെ കണ്ടാൽ കൊള്ളില്ലെങ്കിലും ഭർത്താവ് നല്ല സുന്ദരൻ ആണല്ലോ, ഇയാളൊക്കെ എവിടെനോക്കിയ പെണ്ണ് കെട്ടിയെ, ഒരുപാടു ചോദ്യങ്ങൾ കേൾക്കെയും, കേൾക്കാതെയും ഉന്നയിക്കും ഇതൊക്കെ ഒരു പെൺകുട്ടിയുടെ മനസ്സിനെ അത്രമേൽ പൊള്ളിച്ചിരിക്കും അതുകൊണ്ടാണല്ലോ അവർ മരണത്തെ കൂട്ടു പിടിച്ചത്.

“നീ എന്റെ ചിലവിൽ കഴിയുമ്പോൾ എന്നെ അനുസരിച്ചു ജീവിക്കണം.”
മിക്കവാറും പെൺകുട്ടികൾ കേട്ട ഒരു ഡയലോഗ് ആണ്. അവരുടെ ചിലവിൽ ജീവിക്കുന്നു എന്നൊരു കാരണത്താൽ അടിമയെപോലെ അവരുടെ ഇഷ്ടത്തിൽ ജീവിക്കേണ്ട ഗതികേട്!. പല പെൺകുട്ടികൾക്കും അവരുടെ ഭർത്താവും വീട്ടുകാരും അപകർഷതയും, ആത്മാഭിമാനം ചോദ്യം ചെയ്യുന്ന അവസ്ഥയും ഉണ്ടാവുന്നു. പലരും നന്നായി പഠിച്ചവരാണ്, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവരാണ്. പക്ഷേ വിവാഹശേഷം പലർക്കും തങ്ങളുടെ ഇഷ്ടത്തിന് ജോലിക്ക് പോകാനും പഠിക്കാനും കഴിയുന്നില്ല. എങ്കിലും ഇതിന്റെയൊക്കെ പഴി ചെന്നു ചേരുന്നത് പെൺകുട്ടികളിലാണ്. പതിയെ തന്നെ ഒന്നിനും കൊള്ളില്ലയെന്ന അപകർഷതാ ബോധവും, വിഷാദവും അവരെ തളർത്തുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

പെൺകുട്ടികൾ ആത്മഹത്യചെയ്യുമ്പോൾ ആണ് സ്വാന്തം വീട്ടുകാർ വരെ കാരണങ്ങൾ തേടി പോകുന്നത്. മിക്കവാറും പെൺകുട്ടികൾ വീട്ടിൽ പറയുന്നുണ്ട്ങ്കിലും, വീട്ടിൽ നിന്ന് കാര്യമായി സപ്പോർട്ട് കിട്ടാറില്ല. എന്തെങ്കിലും ആവശ്യപ്പെടുന്നത് കൊടുത്തു കൊണ്ട്, മാധ്യസ്ത ചർച്ചയിൽ തിരിച്ചു ക്കണ്ടുവിടും. ചിലർ വീട്ടിൽ അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കി പതിയെ മരണത്തിലേക്ക് നടക്കുന്നു. എന്താണ് ഇങ്ങനെ സംഭവിക്കുന്നത്?
ചിന്തിച്ചു നോക്കിയാൽ കൃത്യമായി പരിഹാരമുള്ള പ്രശ്നങ്ങളെ ഒള്ളൂ.
പെൺകുട്ടികൾ ബാധ്യതയല്ല അവർക്കു നമുടെ വീട്ടിൽ കിട്ടുന്ന സുരക്ഷയും, സ്നേഹവും വേറെ കിട്ടില്ല. അതുകൊണ്ട് തന്നെ അവരെ കല്യാണം കഴിച്ചു വിടുമ്പോഴും ഞങ്ങൾ ഇവിടുണ്ട്, നിനക്കൊരു മുറിയുണ്ടെന്നു ഓരോ പെണ്മക്കളോടും മാതാപിതാക്കൾ പറയണം. നിങ്ങൾക്കു സ്ത്രീധനമാണ് വേണ്ടതെങ്കിൽ എന്റെ കുട്ടിയെ തരില്ല എന്ന് മുഖത്ത് നോക്കി പറയാൻ കഴിയണം. പെൺകുട്ടികളെ പഠിപ്പിച്ചു, അവർക്കൊരു വരുമാനം കണ്ടെത്തി കൊടുക്കുക, എന്തെങ്കിലും കൈത്തൊഴിലെങ്കിലും അറിഞ്ഞിരിക്കുക.

വിവാഹശേഷം ആ വീട്ടിൽ പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ലെങ്കിൽ വീട്ടുകാരെ അറിയിക്കുക, അവിടുന്ന് സപ്പോർട്ട് കിട്ടിയാലും ഇല്ലെങ്കിലും ആ ബന്ധത്തിൽ നിന്ന് ഇറങ്ങിപ്പോരാൻ കഴിയണം. അതിനുള്ള തന്റേടം ഓരോ പെൺകുട്ടിക്കും ഉണ്ടാവണം. ഞാൻ മരിച്ചാൽ നഷ്ടം എനിക്ക് മാത്രമാണെന്ന് ചിന്തിച്ചാൽ മതി എവിടെ നിന്നും ഇറങ്ങിപ്പോരാൻ കഴിയും. ഇനിയും ഇത്തരം ആത്മഹത്യകൾ ഉണ്ടാവാതെ യിരിക്കാൻ സ്ത്രീധനം വാങ്ങുന്നവരെയും കൊടുക്കുന്നവരെയും ഒരുപോലെ നിയമനടപടികൾക്കു വിധേയമാക്കണം. പെൺകുട്ടികൾ മാറി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും, ഇനിയും പഠിക്കാനുണ്ട്.

സുബി വാസു നിലമ്പൂർ✍

RELATED ARTICLES

5 COMMENTS

  1. അതേ, ഒരു ജോലി കിട്ടിയിട്ടേ പെൺകുട്ടികൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാവൂ. 👍നന്നായി എഴുതി 🙏

  2. വിവാഹം, സ്ത്രീധനം, ആത്മഹത്യ. ഈ തുറന്നെഴുത്ത് എല്ലാവരിലും എത്തട്ടെ. നന്നായിട്ടുണ്ട് അവതരണം 👍❤️

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments