Tuesday, July 15, 2025
Homeസിനിമതിളക്കം കുറയാത്ത താരങ്ങൾ (20) 'സോമൻ' സുരേഷ് തെക്കീട്ടിൽ

തിളക്കം കുറയാത്ത താരങ്ങൾ (20) ‘സോമൻ’ സുരേഷ് തെക്കീട്ടിൽ

സൗമ്യം ദീപ്തം.

മണ്ണടി പറമ്പിൽ ഗോവിന്ദ പണിക്കർ സോമശേഖരൻ എന്ന എം.ജി സോമൻ. രണ്ട് വ്യാഴവട്ടക്കാലം മലയാള സിനിമയുടെ മുൻനിരയിൽ നിറഞ്ഞാടിയ താരം. 1973 ൽ പുറത്തു വന്ന ഗായത്രിയിലെ രാജാമണി മുതൽ 1997ൽ പ്രേക്ഷകരിലെത്തിയ ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ വരെ അഭിനയത്തിൻ്റെ കരുത്തും, വ്യത്യസ്തതയും കൂടെ ലാളിത്യവും കയ്യൊപ്പായി പതിഞ്ഞ എത്രയെത്ര കഥാപാത്രങ്ങൾ. നായകനായി ഉപനായകനായി, സെമി വില്ലനായി, പ്രധാന വില്ലനായി അങ്ങനെയങ്ങനെ സോമൻ പൂർണത നൽകിയ സോമനാൽ പൂർണത നേടിയ എത്രയെത്ര വേഷങ്ങൾ .സത്യം. സോമൻ്റെ വരവ് ഒരു തലമുറ നന്നായി ആഘോഷിച്ചു. ഒരു നായകനിൽ ഉണ്ടായിരിക്കണം എന്ന് അക്കാലത്ത് കരുതപ്പെട്ടിരുന്ന സൗന്ദര്യ സങ്കൽപ്പങ്ങളുടെ അളവുകോൽ തൽക്കാലം
മാറ്റി വെച്ചാണ് സോമനെ മലയാള സിനിമാ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചത്.

അഭിനയമോഹം എക്കാലത്തും ഉള്ളിൽ കൊണ്ടു നടന്നിരുന്ന ഈ റിട്ടേർഡ് പട്ടാളക്കാരന് (എയർ ഫോഴ്സ്) ആരേയും ആകർഷിക്കത്തക്ക സൗന്ദര്യമോ ശരീര വടിവോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും അയാൾ ……
അതെ അയാൾ… അതു തന്നെയാണ് സോമൻ്റെ  പ്രത്യേകതയും സവിശേഷതയും. അതു വരെ കണ്ടിട്ടില്ലാത്ത ഒരു ശൈലി, ഭാവം, ചലനം .ജനങ്ങൾക്ക് സോമനെ വല്ലാതെ ഇഷ്ടമായി. തടിച്ച കൺപോളകളും നീളമേറിയ കൃതാവും ഉറക്കം തൂങ്ങുന്ന കണ്ണുകളും, അലസത നിറഞ്ഞ അല്പം പുച്ഛം കലർന്ന ഒരു തരം നിഷേധഭാവവും അന്നത്തെ സിനിമാ രീതികളിൽ ഏറെയൊന്നും കേട്ടു പരിചിതമല്ലാത്ത പ്രത്യേകത നിറഞ്ഞ സംഭാഷണരീതിയുമൊക്കെയായി കടന്നു വന്ന സോമൻ അതിവേഗം നടന്നു കയറിയത് പ്രേക്ഷക ലക്ഷങ്ങളുടെ പുതു നായകസങ്കൽപ്പങ്ങളുടെ സിംഹാസനത്തിലേക്കായിരുന്നു. “പറ്റുകേല, ഒക്കുകേല, അല്ലിയോ എന്നാ പറ്റി “എന്നൊക്കെ സോമൻ്റെ കഥാപാത്രങ്ങളിലൂടെടെയാണ് മലയാളി കേട്ടു പരിചയിക്കുന്നത് പിന്നെ ശീലിക്കുന്നത്.

1941 സെപ്തംബർ 28നാണ് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ തിരുമൂലപുരത്ത് സോമൻ്റെ ജനനം. അച്ഛൻ കെ.എൻ ഗോവിന്ദ പണിക്കർ. അമ്മ പി.കെ ഭവാനി അമ്മ. അഭിനയ ജീവിതത്തിൽ ഒരു തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും ഒരു തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും സോമന് ലഭിച്ചു.1976 ലാണ് തണൽ ,പല്ലവി എന്നീ ചിത്രങ്ങളിലുടെ മികച്ച നടനുള്ള അംഗീകാരം സോമൻ നേടിയത്. ഒമ്പത് വർഷത്തെ സൈനിക സേവനത്തിനു ശേഷം നാടക രംഗത്ത് സജീവമാവുകയും ശേഷം സിനിമാരംഗത്തെത്തുകയും ചെയ്ത സോമൻ ജീവൻ പകർന്ന പല കഥാപാത്രങ്ങളും എത്ര കാലം കഴിഞ്ഞാലും പ്രേക്ഷകരിൽ വിസ്മയവും കൗതുകവും തീർക്കാൻ പ്രാപ്തമായ രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. കഥാപാത്രങ്ങളുടെ ശക്തി മുഴുവനായി തന്നിലേക്കാവാഹിക്കാൻ സോമൻ ശ്രമിച്ചു. അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു. .ഐ.വി.ശശി സംവിധാനം ചെയ്ത “ഇതാ ഇവിടെവരെ “യിലെ വിശ്വനാഥനും ജേസി സംവിധാനം ചെയ്ത
”രക്തമില്ലാത്ത മനുഷ്യനി”ലെ ശിവനും ” ഒരു വിളിപ്പാടകലെ “യിലെ മേജറും ശക്തമായ ഉദാഹരണങ്ങൾ. സോമനല്ലാതെ ആ കഥാപാത്രങ്ങൾക്ക് ഇത്ര തന്മയത്വത്തോടെ ജീവൻ പകരാൻ വേറെ ആര്?

മുക്കുവനെ സ്നേഹിച്ച ഭൂതം, തുറമുഖം, വാടകയ്ക്ക് ഒരു ഹൃദയം, നീയോ ഞാനോ, സ്ഫോടനം യക്ഷിപ്പാറു, തുടങ്ങി ആരാധകരെ പൂർണമായി തൃപ്തിപ്പെടുത്തിയ ഒരുപാടൊരുപാട് ചിത്രങ്ങൾ സോമൻ്റേതായി പുറത്തു വന്നു. ഇനി നായകനല്ലാതെ വന്ന് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ എടുത്താലും സോമൻ മിന്നിത്തിളങ്ങിയ ചിത്രങ്ങൾ അനവധിയാണ് ചിത്രത്തിലെ പോലീസ് ഓഫീസർ, താളവട്ടത്തിലെ ഡോക്ടർ, സന്മനസ്സുള്ളവർക്ക് സമാധാനത്തിലെ പത്രാധിപർ, അങ്ങനെയങ്ങനെ .
അമേരിക്കയിൽ വെച്ച് പൂർണമായി ചിത്രീകരിച്ച്, അതുവരെയുള്ള മലയാള സിനിമയിൽ എറ്റവും ചെലവേറിയ അത്ഭുത ചിത്രമായി വന്ന ഏഴാം കടലിനിക്കരെയിലും നായകനായി വന്നത് സോമനായിരുന്നു. അക്കാലത്തെ വൻ വിജയചിത്രമായിരുന്നു ഏഴാം കടലിനക്കരെ.

അമ്മ എന്ന താരസംഘടനയുടെ പ്രസിഡണ്ട്,ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സോമൻ, ജോൺ പോളിനൊപ്പം ചേർന്ന് ഭൂമിക എന്ന സിനിമ നിർമ്മിക്കുകയും ചെയ്തു.ഐ.വി ശശിയുടെ സംവിധാനത്തിൽ മലയാളത്തിലെ വൻ താരനിര അണിനിരന്നുവെങ്കിലും ചിത്രം വൻ വിജയം നേടിയില്ല.

400 സിനിമകളിലായി സോമനെ മലയാളി കണ്ടു. 1975 ൽ ഇരുപത് ചിത്രങ്ങളിൽ അഭിനയിച്ച സോമന് 1976-ൽ ഇരുപത്തിയഞ്ചു സിനിമകളുണ്ടായി. 1977 ൽ അഭിനയിച്ച സിനിമകൾ മുപ്പത്തിയഞ്ചായി.1978ൽ സോമൻ വേഷമിട്ടത് 41 ചിത്രങ്ങളിലാണ്. ഇതു വരെ തകർക്കപ്പെടാത്ത ഇനി ഒരാൾക്കും ഒരു കാലത്തും തകർക്കാൻ കഴിയാത്ത റെക്കാർഡ്.ആ ചരിത്രം സോമൻ്റെ പേരിൽ തന്നെ എക്കാലത്തും നിലനിൽക്കും. ആ നാൽപ്പത്തൊന്നു ചിത്രങ്ങളിൽ ഒന്നു വന്നു പോകുന്ന ചെറുവേഷങ്ങളൊന്നുമായിരുന്നില്ല സോമന്. സോമൻ്റെ അഭിനയ ജീവിതത്തിലെ കരുത്തുറ്റ വേഷങ്ങൾ പിറന്നു വീണ വർഷം കൂടിയായിരുന്നു 1978. നസീർ, മധു എന്നിവർക്കൊപ്പം അനിഷേധ്യനായി നിന്ന സോമൻ അതിശക്തമായ ജയൻ തരംഗത്തിലും അടിപതറാതെ തിളങ്ങി നിന്ന നായകനായിരുന്നു. ജയൻ്റെ അകാലമരണത്തിനു ശേഷം സുകുമാരൻ്റെ അതി ശക്തമായ കാലം പിറന്നപ്പോൾ സുകുമാരന് തുല്യനായി സോമനും നിന്നു. പിന്നീട് മാറി വന്നൊരു കാലത്ത് നായകവേഷങ്ങളിൽ നിന്നും സ്വഭാവ വേഷങ്ങളിലേക്ക് ചുവടു മാറ്റി സോമൻ രംഗത്ത് ശക്തനായി തന്നെ തുടർന്നു .

ഭാര്യ സുജാത. മകൻ സജി.മകൾ സന്ധ്യ .

സിനിമാരംഗത്തും പുറത്തും ഏറെ സൗഹൃദങ്ങൾ നിലനിലനിർത്തിയിരുന്ന സൗഹൃദങ്ങൾക്ക് എന്നും വലിയ പ്രാധാന്യം നൽകിയിരുന്ന സുഹൃത്തുക്കളുടെ, പ്രേക്ഷകരുടെ പ്രിയപ്പെട്ട സോമൻ 1997 ഡിസംബർ 12ന് തൻ്റെ അമ്പത്തിയാറാം വയസ്സിൽ വിടവാങ്ങി. ആനക്കാട്ടിൽ ഈപ്പച്ചനെ പോലെ കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ തൻ്റെ ആരാധകർക്കായി ഈ ഭൂമിയിൽ ബാക്കി വെച്ചു കൊണ്ട്.

സുരേഷ് തെക്കീട്ടിൽ✍

RELATED ARTICLES

2 COMMENTS

  1. സൗമ്യനും നിഷ്കളങ്കനുമായ നായകൻ
    എംജി സോമൻ മലയാളികളുടെ മനസ്സ് നടനാണ്. അദ്ദേഹത്തെക്കുറിച്ച് നന്നായി എഴുതി

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ