ശ്രീനാഥ് തോപ്പിൽ ഇഞ്ചോറ. മലയാള സിനിമയിലെ 80കളിൽ വസന്തം തീർത്ത കലാകാരന്മാരുടെയിടയിൽ അധികം കോലാഹലങ്ങളില്ലാതെ, താരജാഡ ഇല്ലാതെ നിശബ്ദം തങ്ങളുടെ സാന്നിധ്യം അറിയിച്ചു കൊണ്ട് കടന്നുപോയ ഒരുപിടി നല്ല താരങ്ങളുണ്ട്. എന്നാൽ ഇന്നും ഓർക്കത്തക്കവിധം സ്വന്തം കഴിവ് അടയാളപ്പെടുത്താൻ മറക്കാത്തവർ. ശ്രീനാഥും അതുപോലെ തന്നെ. സുന്ദരമായ മുഖവും ചുരുണ്ട മുടിയും ഒത്ത ഉയരവും നിറപുഞ്ചിരിയും ശ്രീനാഥിന്റെ കഥാപാത്രങ്ങൾക്ക് മാറ്റേകിയിരുന്നു.
1956 ഓഗസ്റ്റ് 26ന് തൃശ്ശൂർ മത്തുംപടി എന്ന സ്ഥലത്ത് കമലാലയത്തിൽ ബാലകൃഷ്ണൻ നായരുടെയും കമലാദേവിയുടെയും പുത്രനായിട്ടായിരുന്നു ശ്രീനാഥിന്റെ ജനനം.
ഐരാണിക്കുളം സർക്കാർ സ്കൂൾ, കല്ലേറ്റുംകര ബി. വി. എം. ഹൈസ്കൂൾ, അളകപ്പ നഗർ ത്യാഗരാജ പോളിടെക്നിക് എന്നിവിടങ്ങളിൽ നിന്നും തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീനാഥ്, സൗത്ത് ഇന്ത്യ ഫിലിം ചേംബറിൽ രണ്ടു വർഷത്തെ അഭിനയ കോഴ്സും ചെയ്തിട്ടുണ്ട്. നടൻ ശങ്കർ ക്ലാസ്മേറ്റ് ആയിരുന്നു.
80 കളുടെ തുടക്കത്തിൽ തന്നെ മലയാളസിനിമാരംഗത്ത് ശ്രീനാഥ് സജീവമായിരുന്നു. 1978ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം.
ശാലിനി എന്റെ കൂട്ടുകാരി, ഇത് ഞങ്ങളുടെ കഥ, കിരീടം, ഒരു സിബിഐ ഡയറിക്കുറിപ്പ്, ദേവാസുരം, സന്ധ്യ മയങ്ങും നേരം, ചേക്കേറാനൊരു ചില്ല, കിലുക്കം, കിലുകിലുക്കം, ജാഗ്രത, കുടുംബപുരാണം, മതിലുകൾ, സർവ്വകലാശാല, ഹലോ മൈ ഡിയർ റോങ് നമ്പർ, ഇരുപതാം നൂറ്റാണ്ട്, ചെങ്കോൽ തുടങ്ങിയ 40 ഓളം ജനപ്രിയ ചിത്രങ്ങൾ ശ്രീനാഥിന്റെ ലിസ്റ്റിലുണ്ട്. കുറച്ച് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2009 ലെ കേരള കഫെയായിരുന്നു അവസാന ചിത്രം.
ബിഗ് സ്ക്രീനിൽ മാത്രം ഒതുങ്ങി നിൽക്കാതെ മിനിസ്ക്രീനിലും തന്റെ ശ്രദ്ധ കേന്ദ്രീകരിച്ച് ടെലിവിഷൻ പ്രേക്ഷകരുടെയും ആരാധനാ പാത്രമായി മാറിയിരുന്നു ശ്രീനാഥ്. തപസ്യ, സമയം, മോഹ പക്ഷി, എന്റെ മാനസപുത്രി തുടങ്ങിയ സീരിയലുകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനാഥ്, പ്രശസ്തിയുടെ മുൻനിരയിൽ തന്നെയായിരുന്നു. രണ്ട് തവണ മികച്ച ടെലിവിഷൻ നടനുള്ള സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
1984 ൽ അഭിനേത്രിയായ ശാന്തി കൃഷ്ണയെ പ്രണയവിവാഹം ചെയ്തുവെങ്കിലും 1995ൽ ഇവർ വിവാഹമോചിതരായി. ശേഷം ശ്രീമതി. ലതയെ പുനർവിവാഹം ചെയ്തു. ഇവർക്ക് ഒരു മകനുണ്ട് വിശ്വജിത് ശ്രീനാഥ്.
2009 ലെ പതിനഞ്ചാം ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള ശിവസേന സ്ഥാനാർത്ഥിയായിരുന്നു ശ്രീനാഥ്.
2010 ഏപ്രിൽ 23ന് തന്റെ 53ആം വയസ്സിൽ കോതമംഗലത്തെ ഒരു ഹോട്ടൽ മുറിയിൽ കൈത്തണ്ട മുറിഞ്ഞ നിലയിൽ ശ്രീനാഥ് മരിച്ചു കിടക്കുന്നതായി കണ്ടെത്തി. ശിക്കാർ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കോതമംഗലത്തെത്തിയതായിരുന്നു ശ്രീനാഥ്. തിരുവനന്തപുരത്തെ ശാന്തി കവാടം ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി.
ഒരുപക്ഷേ ഇനിയും ഏറെ ദൂരം മുൻപോട്ടു പോകേണ്ടിയിരുന്ന ഒരു കലാകാരൻ കൂടി മലയാള സിനിമയ്ക്ക് നഷ്ടമായി. പ്രേക്ഷക മനസ്സുകളിൽ ഒരു വിങ്ങലായി ഇന്നും അദ്ദേഹം സ്മരിക്കപ്പെടുന്നു.
പരേതന് ഏറെ ബഹുമാനാദരങ്ങളോടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്..
മലയാളത്തിന്റെ സൗമ്യ മുഖം ശ്രീനാഥനെ കുറിച്ച് നല്ല എഴുത്ത്