മറക്കാത്ത ഒരു യാത്ര യായിരുന്നു അത്!വേമഞ്ചേരി മനയിലേക്ക്! പേരും പുകഴുംപെറ്റ മേഴത്തോൾ അഗ്നിഹോത്രിയുടെ ഇല്ലത്തേയ്ക്ക്!
“കുഞ്ഞിനു വായുണ്ടോ?”
ഗർഭാലസ്യത്തിൽ തളർന്നുകിടന്ന പഞ്ചമിയുടെ പ്രജ്ഞയിൽ ആ ശബ്ദം മുഴങ്ങി. ഇനിയും പൂർണ്ണമായി തുറന്നിട്ടില്ലാത്ത മിഴികൾ പൂട്ടി, കുഞ്ഞിളംചുണ്ടു പിളർത്തി വാവിട്ടുകരയുന്ന, ഈറ്റുചോര പുരണ്ട കുഞ്ഞ്.
“അമ്മ..”
ആ രാഗവായ്‌പ്പിന്റെ മധുരം ആദ്യമായി ആത്മാവിലേക്കിരച്ചു കയറിയപ്പോൾ അവൾ ആ കുഞ്ഞിനെ വാരിയെടുത്തു മാറോടണച്ചു. മാതാവിനുമാത്രം നൽകാനാവുന്ന ആ സ്നേഹസ്പർശമറിഞ്ഞമാത്രയിൽ അവൻ കരച്ചിൽ നിർത്തി, തന്റെ കുഞ്ഞിക്കണ്ണു മിഴിച്ചുനോക്കി. പനിനീർപ്പൂപോലെ മൃദുലമായ നെറ്റിയിലെ ചോരപ്പാട് തുടച്ചുകളഞ്ഞപ്പോൾ ആ മുഖം ഒന്നുകൂടി തുടുത്തോ? അവന് നൊന്തുകാണുമോ? നിറഞ്ഞ വാത്സല്ല്യത്തോടെ പഞ്ചമി ആ നെറ്റിയിൽ തന്റെ പൊള്ളുന്ന ചുണ്ടുകളമർത്തി. അമ്മയുടെ ആദ്യചുംബനത്തിന്റെ നിർവൃതിയിൽ അവൻ കുഞ്ഞിക്കണ്ണുപൂട്ടി മയങ്ങി.
“പഞ്ചമീ.. നീ കേൾക്കുന്നുണ്ടോ? കുഞ്ഞിനു വായുണ്ടോ?”
ആര്യപുത്രന്റെ സ്വരം വീണ്ടും കാതുകളിൽ.
“ങും.. ആര്യാ, നോക്കൂ മിടുക്കനാണ് നമ്മുടെ കുഞ്ഞ്.”
തെങ്ങോലകൊണ്ടു കെട്ടിമറച്ച ആ ഈറ്റില്ലത്തിന്റെ മുളങ്കാലുകളൊന്നിൽപ്പിടിച്ച് അവൾ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി.
“വേണ്ടാ.. ഇപ്പോൾ വിശ്രമിക്കൂ.”
അദ്ദേഹത്തിന്റെ കണ്ണുകൾ വാത്സല്യത്തോടെ അവന്റെ പിഞ്ചുമുഖത്തു പതിയുന്നത് ഒട്ടൊരു കൗതുകത്തോടെ അവൾ നോക്കിനിന്നു.
“ഇനിയെങ്കിലും ഈ അലച്ചിലിനൊരു വിരാമമാകുമല്ലോ..”
ഒരു ദിവസത്തെ ആയുസ്സുപോലുമില്ലാത്ത പ്രതീക്ഷ..
“വാ കീറിയ തമ്പുരാൻ പിള്ളയ്ക്ക് ഇരയും കല്പിച്ചിട്ടുണ്ടാകും. കുഞ്ഞിനെ എടുക്കേണ്ടാ. പോരൂ ”
അശനിപാതംപോലെ ഉള്ളിൽത്തറച്ച പതിയുടെ വാക്കുകൾ. ഉറച്ച കാൽവയ്പുകളോടെ നടന്നുനീങ്ങുന്ന അദ്ദേഹത്തിന്റെ ഭാവം എന്തായിരിക്കും?
ആത്മാംശമായ ആദ്യസന്താനത്തെ കുറ്റിക്കാട്ടിലുപേക്ഷിച്ചു പതിയെ അനുഗമിച്ച ഒരു പാവം പെണ്ണിന്റെ തേങ്ങൽ കാറ്റിൽ ഗദ്ഗദം നിറയ്ക്കുന്നു!
ഉണങ്ങിനിൽക്കുന്ന വയലുകൾ. മലബാർ ഗോൾഡ് ജ്വല്ലറിയുടെ ഫ്ലെക്സ് വെച്ചതിനരികേ കാണുന്ന ഇടവഴിയിലൂടെ കാറ് മുന്നോട്ടുനീങ്ങുമ്പോൾ മനസ്സുനിറയെ ആ അമ്മയായിരുന്നു.
പേരും പുകളുമിയന്ന മേഴത്തോളഗ്നിഹോത്രിയുടെ മണ്ണിലേക്ക്..
ഒരുകാലത്തു അഗ്നിഹോത്രങ്ങൾതീർത്ത മന്ത്രധ്വനികളാൽ മുഖരിതമായിരുന്നു ഇവിടം.
ഇവിടെയാണ് വായില്ലാക്കുന്നിലപ്പൻ ഒഴികെയുള്ള പതിനൊന്നു മക്കളും ഒത്തുകൂടി,വരരുചിയുടെ ശ്രാദ്ധമൂട്ടിയിരുന്നത്.
ഇവിടെവച്ചാണ് അഗ്നിഹോത്രി തന്റെ പത്നിക്ക് സഹോദരർ പത്തുപേരെയും ശംഖചക്രഗദാപദ്മധാരിയായ അനന്തശായി വിഷ്ണുഭഗവാന്റെ രൂപത്തിൽ കാണിച്ചുകൊടുത്തത്..
അച്ഛന്റെ ശ്രാദ്ധത്തിനുവേണ്ടി പാക്കനാർ കൊണ്ടുവന്ന സമ്മാനപ്പൊതിയിലെ പശുവിൻമുല കോവലവള്ളിയായി കിളിർത്തു കായ്ച്ചതും ഈ മണ്ണിലാണ്..
ഇവിടുത്തെ പുഴക്കരയിലാണ്, അന്തർജ്ജനം കുളിക്കാൻപോകുമ്പോൾ കൊണ്ടുപോയ താലത്തിൽ ശിവഭഗവാൻ സ്വയംഭൂവായി പ്രത്യക്ഷപ്പെട്ടു തൃത്താലയപ്പനായി മാറിയത്.
ഐതിഹ്യമുറങ്ങുന്ന ആ മണ്ണിൽ കുറേനേരമിരുന്നു. പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരനുഭൂതി ഉള്ളിൽ നിറയുകയായിരുന്നു. കാറ്റിന്റെ ചൂളംവിളിയിൽ കരിയിലകളിളകുന്ന ശബ്ദം. അഗ്നിഹോത്രിയുടെ തേവാരപൂജ ഏറ്റുവാങ്ങിയ ഭൂമിയിൽ ഒരു ഗർത്തംരൂപപ്പെട്ടെന്നും അതിൽനിന്നൊരു ശൂലം പൊങ്ങിവന്നുവെന്നും ആ സ്ഥാനത്തെ ദേവീചൈതന്യത്തിന്റെ പ്രതീകമായി എന്നും ഇരുതിരിയിട്ട് അവിടെ എള്ളെണ്ണവിളക്ക് തെളിയിക്കുമെന്നും അഗ്നിഹോത്രിയുടെ പിന്മുറക്കാരായ ഇല്ലക്കാർ പറഞ്ഞറിഞ്ഞു.
ഗതകാലചരിത്രത്തിന്റെ ബാക്കിപത്രമായ കുളം പായലിന്റെ പച്ചപ്പുമായി വെള്ളം വറ്റിക്കിടക്കുന്നു. പൊടിപിടിച്ച പൂമുഖപ്പടിയും, വേദമന്ത്രങ്ങൾ ഉരുക്കഴിക്കുന്ന വെട്ടുകൽച്ചുമരും പുല്ലുമൂടിയ മുറ്റവും നോക്കിയിരിക്കുമ്പോൾ എന്റെ മനസ്സുമുഴുവൻ അഗ്നിഹോത്രിക്ക് ജന്മം നൽകിയ പഞ്ചമിയായിരുന്നു.
മനുഷ്യൻ ഏകവർഗ്ഗമാണെന്നും അവന് ജാതിയില്ലെന്നും തന്റെ പന്ത്രണ്ടു മക്കളിലൂടെ ലോകത്തോടു വിളിച്ചുപറഞ്ഞ അമ്മേ, അവിടുത്തെ ഓർമ്മയ്ക്കാകട്ടെ ഇന്നത്തെ സല്യൂട്ട്!
മനസ്സു മന്ത്രിച്ചത് കുറച്ചുറക്കെ ആയിപ്പോയോ?
വളരെ ഹൃദയസ്പർശിയായ എഴുത്ത്