ക്ഷേത്രാചാരങ്ങളിൽ പറഞ്ഞ തരത്തിലുള്ള ഒരു സങ്കല്പത്തിൻ്റെ അടിസ്ഥാനത്തിൽ ക്ഷേത്രങ്ങളെ എങ്ങനെ സംരക്ഷിക്കണം എന്നതിനെപ്പറ്റി ഒരു പദ്ധതി ഉണ്ടാക്കുമ്പോൾ അതിൽ സുപ്രധാനമായൊരു സ്ഥാനം ഈ സാങ്കേതിക വിദഗ്ദ്ധരെ സൃഷ്ടിക്കുന്നതിന് കൊടുക്കേണ്ടി വരും. ഇക്കാലത്ത് തന്ത്രിമാരുടേയും ശാന്തിക്കാരുടേയും അവസ്ഥ വളരെ ദയനീയവും ശോചനീയവുമാണെന്ന് പ്രത്യേകം പറയണ്ടതില്ലല്ലോ. (ഗുരുവായൂർ തിരുപ്പതി മുതലായ വലിയ ക്ഷേത്രങ്ങളിലെ കാര്യം വിത്യസ്ഥമാണ്.) നമ്മുടെ രാഷ്ട്രത്തിനും സമാജത്തിനും വൈദേശികരുടെ സൈനീകവും സാംസ്ക്കരികവുമായ ആക്രമങ്ങൾ മൂലവും ആന്തരിക ഛിദ്രശക്തികൾ മുലവും നേരിട്ട അധോഗതിയിൽ ഒരു പക്ഷേ ഏറ്റവുമധികം കോട്ടം പറ്റിയത് ഈ വിഭാഗത്തിനല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ന് സാമ്പത്തികമായി കാര്യമായൊന്നും പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ജോലിയായി തീർന്നിട്ടുണ്ട് ഇവരുടേത്. അതു കൊണ്ട് സമാജത്തിലെ ഒന്നിനു നിവർത്തിയില്ലാത്ത കുറേപേർ മാത്രമാണ് ഈ തൊഴിലിൽ വ്യാപൃതരായിട്ടുള്ളത്. പഠിപ്പും യോഗ്യതയുമുള്ള ദുർല്ലഭം ചില തന്ത്രി മാരേയും ശാന്തിക്കാരേയും ഒഴിച്ചുനിർത്തി മാത്രമേ ഈ നിഗമനത്തിൽ എത്തിച്ചേർന്നിട്ടുള്ളൂവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പക്ഷെ പ്രായേണ ബുദ്ധിശക്തിയും പഠിപ്പുമൊക്കെയുള്ളവർ മറ്റു ജീവസന്ധാരണ മാർഗ്ഗങ്ങൾ അന്വേഷിച്ചു പോകുന്നതാണ് ഇന്നത്തെ സ്ഥിതി. ഈ അധ:പതനത്തിൻ്റെ കാരണം സാമ്പത്തികമായ നേട്ടകുറവല്ല. നേരെ മറിച്ച് നൂറ്റാണ്ടുകളായുള്ള ക്രമത്തിലുള്ള അധ:പതനവും സമാജത്തിനും അതിൻ്റെ കേന്ദ്ര ബിന്ദുവായ ആദ്ധ്യാത്മിക മൂല്യത്തിനും ഏറ്റ ആഘാതവും മറ്റുമാണ്.
കേരളത്തിലെ ശാന്തിക്കാരെ ശരിയായ ആഗമ തന്ത്രശാസ്ത്രങ്ങളും പ്രസക്തവേദഭാഗങ്ങളും നിഷ്കർഷയോടെ അഭ്യസിപ്പിക്കുക. അവർക്ക് വിധിപ്രകാരം മന്ത്രദീക്ഷയെകൊടുത്ത് തുടർന്ന് മന്ത്ര സിദ്ധിവരുത്തുവാൻ ഉള്ള ഉപാസനാക്രമങ്ങളിലൂടെ പ്രാഥമികമായിട്ടെങ്കിലും ഒരു മന്ത്രസിദ്ധി വരുത്തിയെടുക്കുക എന്നതാണിന്ന് നമ്മുടെ മുമ്പിലുള്ള പ്രഥമ കർത്തവ്യം പഴയകാലത്ത് മിക്ക മഹാക്ഷേത്രങ്ങളിലും ശാന്തിക്കാരായി അവരോധിക്കപ്പെടുന്നവർ അവർ ജോലി ചെയുന്ന കാലത്തോളമെങ്കിലും കർശനമായ ബ്രഹ്മചര്യനിഷ്ഠയും വ്രതങ്ങളും പാലിയ്ക്കണമെന്നും അവർക്ക് അതത് ദേവൻ്റെ മൂലമന്ത്രത്തിൻ്റേതായ ദീക്ഷ അഥവാ ഉപദേശം തന്ത്രശാസ്ത്ര വിധിയനുസരിച്ച് കലശാഭിഷേകത്തോടെത്തന്നെ തന്ത്രിയോ ആചാര്യനോ നിർവ്വഹിച്ചിരുന്നുവെന്നും മനസ്സിലാകുമ്പോൾ ഈ കാര്യത്തിൽ വളരെയേറെ ശുഷ്കാന്തി ഈ പദ്ധതിയുടെ ആവിഷ്കർത്താക്കൾക്കുണ്ടായിരുന്നതായി നമുക്ക് കാണാവുന്നതാണ്
അത്തരം ശാന്തിക്കാർ സ്വഗൃഹങ്ങളിൽ പോകാതെ ക്ഷേത്രത്തോടനുബന്ധിച്ച് അവർക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച കെട്ടിടത്തിൽത്തന്നെ താമസിച്ചു കൊള്ളണമെന്നും അധികമൊന്നും ബാഹ്യലോകബന്ധം കൂടാതെ ജപതപാദികളിൽ മുഴുകിക്കഴിയണമെന്നുമായിരുന്നു അടുത്തകാലം വരെ കേരളത്തിലെ ചിട്ട. ഇപ്പോൾ അതെല്ലാം നമ്മൾ ലംഘിച്ചുക്കഴിഞ്ഞു. ഇന്നത്തെ നിലയ്ക്കുള്ള അശിക്ഷിതരും അയോഗ്യരുമായ ശാന്തിക്കാരെ വേണ്ട രീതിയിൽ പരിവർത്തനം ചെയ്യുവാൻ നമുക്ക് ഉദ്ദേശമില്ലെങ്കിൽ ക്ഷേത്രങ്ങൾ പുതുക്കി പണിയുന്നതുകൊണ്ടും ഉത്സവാദികൾ മേളയായി നടത്തുന്നതു കൊണ്ടും വിശേഷിച്ച് ഫലമൊന്നും ഉണ്ടാകുവാൻ പോകുന്നില്ല. വെള്ളത്തിൽ വരച്ച വരപോലെ അതെല്ലാം വ്യർത്ഥമായി കലാശിക്കാനാണ് സാധ്യത. മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതും ക്ഷേത്രത്തിൻ്റെ നിത്യനിദാന ചെലവുകളിലേയ്ക്ക് വരുമാനം ഉണ്ടാക്കി കൊടുക്കുന്ന പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും നഷ്ടപ്പെട്ടുപോയ ദേവസ്വം സ്വത്തുക്കളെ തിരിച്ചു കിട്ടുവാൻ വേണ്ടി സംഘടിതയജ്ഞങ്ങൾ നടത്തുന്നതും അനുകൂലമായ നിയമനിർമ്മാണത്തിനും മറ്റും സമ്മർദ്ദം ചെലുത്തുന്നതും അപ്രധാന കാര്യങ്ങളാണെന്ന് ഇതിനർത്ഥമില്ല. ഈ വക കാര്യങ്ങളെപ്പറ്റി പ്രൗഢഗംഭീരമായ നിർദ്ദേശങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ നിഷ്ണാതരായ പ്രഗത്ഭമതികൾ അവ അവതരിപ്പിക്കുവാൻ ഇടയുണ്ടല്ലോ എന്ന് കരുതിയാണ് സാധാരണ ഗതിയിൽ മറ്റുള്ളവർ അവഗണിക്കുന്ന ഈ കാര്യത്തിലേയ്ക്ക് ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തെ വിവരിച്ചുകൊണ്ട് വിരൽ ചൂണ്ടുവാൻ ഞാൻ ശ്രമിക്കുന്നത്.
(തുടരും)
🙏
നല്ല ചിന്ത തന്നെ ഗുരുജി ക്ഷേത്ര ചൈതന്യം. വർദ്ധിപ്പിക്കന്നതിൽ പ്രധാന പങ്കു വഹിക്കുന്ന തന്ത്രിമാർക്കും പൂജ ചെയ്യുന്ന ശാന്തിമാർക്കും വേണ്ട അടിസ്ഥാന അറിവ് ഉണ്ടായിരിക്കേണ്ടതു തന്നെ. നന്ദി ഗുരുജി. നമസ്ക്കാരം ‘