മറ്റൊരാളുടെ തണലിൽ സ്വന്തം വേരുകൾ പടർത്താൻ ശ്രമിക്കുന്നതാണ് ഒരു മനുഷ്യൻ തന്റെ ജീവിതത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതി. ചാരിനിൽക്കാൻ എപ്പോഴും ഒരു തണൽമരം തിരയുമ്പോൾ നാം മറന്നുപോകുന്നത്, ഒരുനാൾ ആ മരം ഇലപൊഴിക്കുകയോ കടപുഴകി വീഴുകയോ ചെയ്താൽ വന്നെത്തുന്ന വെയിലിന്റെ കഠിനമായ ചൂടിനെക്കുറിച്ചാണ്.
കൂടെയുണ്ടായിരുന്നവർ അകന്നുപോകുമ്പോൾ സ്വന്തം ജീവിതം മരുഭൂമി പോലെ വിരസവും ശൂന്യവുമായി മാറുകയാണെങ്കിൽ, നമ്മുടെ സന്തോഷത്തിന്റെയും നിലനിൽപ്പിന്റെയും താക്കോൽ മറ്റാരുടെയോ കൈകളിൽ നാം അറിഞ്ഞോ അറിയാതെയോ ഏൽപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണത്.
മനുഷ്യൻ ഒരു സാമൂഹികജീവിയാണെന്നത് ശരിതന്നെ; എങ്കിലും ആത്യന്തികമായി ഓരോ ജീവിതവും സ്വയം നയിക്കേണ്ട ഒരു തനിച്ചുപോരാട്ടമാണ്. അന്യരുടെ സാന്നിധ്യവും പിന്തുണയും ജീവിതത്തിന്റെ യാത്രകളിൽ മാറ്റുകൂട്ടി നൽകിയേക്കാം. എന്നാൽ ആ സാന്നിധ്യങ്ങളെ സ്വന്തം നിലനിൽപ്പിന്റെ ആധാരമായി കാണരുത്. കൂടെയുള്ളവർ നൽകുന്ന സ്നേഹവും കരുതലുമെല്ലാം താൽക്കാലികമായ തങ്ങുതാവളങ്ങൾ മാത്രമാണ്.
മറ്റുള്ളവരിൽ അമിതമായി പ്രതീക്ഷകൾ അർപ്പിക്കാതിരിക്കുമ്പോഴാണ് ഒരു മനുഷ്യൻ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും യഥാർത്ഥ ഉയരങ്ങൾ തൊടുന്നത്.
ജീവിതത്തിൽ നാം തനിച്ചാകുന്ന നിമിഷങ്ങൾ യഥാർത്ഥത്തിൽ ഒരു ശാപമല്ല, മറിച്ച് നമ്മെത്തന്നെ തിരിച്ചറിയാനുള്ള അപൂർവ്വമായ അവസരങ്ങളാണ്. കൂടെ നിൽക്കാൻ ആരുമില്ലാത്ത നേരങ്ങളിൽ, സ്വന്തം സ്വപ്നങ്ങൾക്ക് കാവലായി മാറാൻ നമുക്ക് കഴിയണം.
അന്യരെ ആശ്രയിച്ചു ജീവിക്കുമ്പോൾ നാം നമ്മുടെ സ്വന്തം വ്യക്തിത്വത്തെയും അന്തസ്സിനെയുമാണ് പണയം വെക്കുന്നത്. തനിക്കെന്ത് ചെയ്യാൻ സാധിക്കും, തന്റെ കൈകളിൽ എന്താണോ ഉള്ളത് അതിനെ എങ്ങനെ സമർത്ഥമായി ഉപയോഗിക്കാം എന്ന് തിരിച്ചറിയുന്നിടത്താണ് ആത്മാവലംബം പിറവിയെടുക്കുന്നത്.
അകന്നുപോകുന്ന മനുഷ്യരും കൈവിട്ടുപോകുന്ന സാഹചര്യങ്ങളും നമ്മെ തളർത്താനല്ല, മറിച്ച് നമ്മിലെ കരുത്ത് പുറത്തെടുക്കാനുള്ള പാഠങ്ങളാണെന്ന് തിരിച്ചറിയുക. സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ പഠിക്കുന്ന ഒരു വ്യക്തിക്ക് ലോകത്തിൽ ഒന്നിനെയും ഭയക്കേണ്ടതില്ല. തനിയെ നടക്കാൻ ഭയമില്ലാത്തവന് വഴി തെറ്റാറുമില്ല. മറ്റുള്ളവരുടെ തണലിനായി കാത്തുനിൽക്കാതെ, സ്വന്തം മനസ്സിനെ ഒരു വലിയ വെളിച്ചമാക്കി മാറ്റുക.
ജീവിതത്തിന്റെ ഏത് നിമിഷത്തിലും അന്യരിൽ അഭയം തേടാതെ, തന്നിൽത്തന്നെ അഭയം കണ്ടെത്തുക. സ്വന്തം ആത്മാവിൽ വെളിച്ചം സൂക്ഷിക്കുന്നവനെയും, സ്വന്തം കൈകളിൽ വിശ്വാസമർപ്പിച്ച് തനിയെ നടക്കാൻ മടിക്കാത്തവനെയും തോൽപ്പിക്കാൻ ഈ ലോകത്ത് ഒരു ശക്തിക്കും കഴിയില്ല.
സ്നേഹാദരങ്ങളോടെ..
സിജു ജേക്കബ്, ഓസ്‌ട്രേലിയ
(എഴുത്തുകാരൻ/സഞ്ചാരി)



