പാതിരാപ്പൂവും തിരുവാതിര നിലാവും
ചില വീടുകളിൽ സ്നേഹം തുറന്നു പറയാറില്ല. അത് രാവിലെ ചായയായി വരും. വൈകുന്നേരം കാത്തിരുപ്പായി മാറും. രാത്രിയിൽ ഭക്ഷണം കഴിച്ചോ?..
എന്ന ഒരു ചോദ്യമായി ജീവിക്കും. വീട് എന്നത് ചുമരുകളും മേൽക്കൂരയും ചേർന്ന ഒരു കെട്ടിടമല്ല. ഒരാളുടെ വേദന മറ്റൊരാളുടെ മൗനത്തിൽ പോലും കേൾക്കുന്നിടമാണ്. അതാണ് ഈ സ്നേഹകുടീരം എട്ടുകെട്ട്.
തറവാട്ടിലെ ആഘോഷങ്ങൾ വെറുമൊരു ചടങ്ങല്ല. മറിച്ച് കുടുംബബന്ധങ്ങളുടെ കൂടിച്ചേരലാണ്. ധനുമാസത്തിലെ തണുപ്പും, പാതിരാപ്പൂ ചൂടലും, തുടിച്ചു കുളിയും, നിലാവിലെ തിരുവാതിരക്കളിയും ഗുഹാതുരത്വം ഉണർത്തുന്നവയാണ്. തലമുറകൾ തമ്മിലുള്ള സ്നേഹവും കൈമാറുന്ന പാട്ടുകളും ആ രാത്രിയെ ധന്യമാക്കുന്നു.
ധനുമാസത്തിലെ തണുത്ത കാറ്റ് വീശിത്തുടങ്ങിയപ്പോൾ സ്നേഹകുടീരം തറവാട് വീണ്ടും സജീവമായി. നഗരത്തിരക്കുകളിൽ നിന്ന് കുടുംബാംഗങ്ങൾ ഓരോരുത്തരായി തറവാടിന്റെ തണലിലേക്ക് തിരിച്ചെത്തി.
മുറ്റത്ത് കുട്ടികളുടെ കളിചിരികൾ, ഉമ്മറത്ത് മുതിർന്നവരുടെ കാര്യവിചാരങ്ങൾ, അകത്തളങ്ങളിൽ മുത്തശ്ശിയുടെ പുരാണകഥകൾ സ്നേഹകുടീരം ശരിക്കും ഒരു സ്വർഗ്ഗമായി മാറി.
രോഹിണി നാൾ മുതൽ ആഘോഷങ്ങൾക്ക് തുടക്കമായി. ഏഴരവെളുപ്പിന് തറവാട്ടുകുളത്തിന്റെ പടവുകളിൽ തണുപ്പിനെ വകഞ്ഞുമാറ്റി സ്ത്രീകൾ ഒത്തുകൂടി. ‘ഗംഗ ഉണർത്തൽ’ പാട്ടുകൾ പാടി അവർ കുളത്തിൽ തുടിച്ചു കുളിച്ചു.
വെള്ളം പരസ്പരം തെറിപ്പിച്ചും ചിരിച്ചും അവർ ആ പുലർകാലങ്ങളെ ധന്യമാക്കി. കുളി കഴിഞ്ഞ് പുതുവസ്ത്രങ്ങളണിഞ്ഞെത്തുന്നവർക്കായി ചൂടുള്ള ഉപ്പുമാവും പഴവും പപ്പടവും അടുക്കളയിൽ തയ്യാറായിരുന്നു.
തിരുവാതിര നാളിലെ രാവിനായിരുന്നു ഏറ്റവും ഭംഗി. പൗർണ്ണമിയോട് അടുത്ത തിരുവാതിരപ്പൊൻനിലാവ് തറവാടിന്റെ നടുമുറ്റത്തേക്ക് വെള്ളി വെളിച്ചം വാരിക്കോരിയിട്ടു. ചെമ്പകമരത്തിന്റെ ഇലകൾക്കിടയിലൂടെ അരിച്ചെത്തിയ നിലാക്കീറുകൾ തറവാടിന്റെ പഴമയ്ക്ക് ഒരു ദിവ്യപരിവേഷം നൽകി.
കസവുമുണ്ടും വേഷ്ടിയും ധരിച്ച്, നെറ്റിയിൽ മംഗല്യതിലകം ചാർത്തി മുടിയിൽ പാതിരാപ്പൂ ചൂടിയ സ്ത്രീകൾ നടുമുറ്റത്ത് നിരന്നു അവർ നിലാവിൽ മിന്നുന്ന ദേവകന്യകമാരെപ്പോലെ തോന്നിപ്പിച്ചു.
പാലയ്ക്കാമാലകളും കമ്മലുകളും ആ വെള്ളി വെളിച്ചത്തിൽ തിളങ്ങി. മുല്ലപ്പൂവിന്റെയും പിച്ചിപ്പൂവിന്റെയും ഗന്ധം കാറ്റിൽ അലിഞ്ഞുചേർന്നു.
കൗമുദി അമ്മ പാടിത്തുടങ്ങി:
”ധനുമാസത്തില്‍ തിരുവാതിര…”
മറ്റുള്ളവർ അത് ഏറ്റുപാടി വട്ടത്തിൽ കൈകൊട്ടിക്കളിക്കുമ്പോൾ തലമുറകൾ തമ്മിലുള്ള ദൂരം മാഞ്ഞുപോയി.
ഇടയ്ക്ക് ആഷിതയ്ക്ക് താളം തെറ്റിയപ്പോൾ അമ്മായി കളിയാക്കി ചിരിച്ചു. “ഈ മണ്ണിലെ കാറ്റേറ്റാൽ കൈകൾ താനേ താളം പിടിച്ചോളും” എന്ന മുത്തശ്ശിയുടെ സ്നേഹശാസന ആ രാത്രിയുടെ മാറ്റ് കൂട്ടി.
കളി കഴിഞ്ഞ് എല്ലാവരും കൈകോർത്തു നിന്നപ്പോൾ, ആ തറവാടിന്റെ ഐക്യം ആ നിലാവിൽ കൂടുതൽ തെളിഞ്ഞു കണ്ടു. ദൂരെയെവിടെയോ ഒരു രാക്കിളിയുടെ പാട്ട് മാത്രം ആ നിശബ്ദതയിൽ ബാക്കിയായി.
സ്നേഹകുടീരത്തിന്റെ അങ്കണത്തിൽ മറ്റൊരു ധനുമാസ രാവുകൂടി ഓർമ്മ കളുടെ ഏടുകളിൽ തുന്നിച്ചേർക്കപ്പെട്ടു.




👌