കിഴക്കൻ ചക്രവാളത്തിൽ ചുവപ്പും മഞ്ഞയും കലർന്ന വർണ്ണങ്ങൾ വിതറി സൂര്യൻ ഉദിച്ചുയർന്നു.
പ്രഭാതകൃത്യങ്ങൾക്ക് ശേഷം സദാനന്ദൻ മാഷ് വെള്ളം കോരുവാൻ വേണ്ടി ജഗന്നാഥൻ ചേട്ടന്റെ വീട്ടിലെത്തി.
” ചേച്ചി ബക്കറ്റും കയറും തരാമോ…? ”
” ഇത്രയും ആഴമുള്ള കിണറ്റിൽ നിന്നും വെള്ളം കോരുക എന്നത് മാഷിന് ബുദ്ധിമുട്ടാവും, ഞാൻ മോട്ടർ ഓൺ ചെയ്യാം കുടത്തിൽ വെള്ളം പിടിച്ചോളൂ..”
ദേവകിയമ്മ പറഞ്ഞു.
മൂന്ന് കുടം വെള്ളം കൊണ്ടുപോയി അണ്ടാവിൽ നിറച്ചതിനു ശേഷം സദാനന്ദൻ മാഷ് പാചകം ആരംഭിച്ചു. ഉപ്പുമാവും ചോറും കാബേജ് തോരനും ഉണ്ടാക്കി 9 മണി ആയപ്പോഴേക്കും കുളിച്ച് റെഡിയായി.
ഇന്ന് ശിവൻകുട്ടി മാഷ് വരും എന്നാണ് രാജപ്പൻ മാഷ് പറഞ്ഞത്..
സദാനന്ദൻ മാഷ് 9.15ന് സ്കൂളിൽ എത്തി. ക്ലാസ് മുറികൾ തുറന്നിട്ടില്ല. എങ്കിലും ചില വിരുതന്മാർ അടപ്പ് ഇല്ലാത്ത ജനലിലൂടെ ക്ലാസ് മുറിക്കുള്ളിൽ കയറിയിട്ടുണ്ട്. സദാനന്ദൻ മാഷ് അടുക്കളയിലേക്ക് നടന്നു.
“ഭവാനി അമ്മേ , ആരും വന്നിട്ടില്ലേ..?”
” ഇത്രയും നേരത്തെ ആര് വരാൻ! രാജപ്പൻ മാഷ് വരാൻ 10 മണിയാകും. പ്രധാനാധ്യാപകൻ ലീവാണ്.
ബെല്ലടിക്കുമ്പോഴേക്കും ടീച്ചർമാർ ഓടി കിതച്ച് എത്തും. സദാനന്ദൻ മാഷ് മുറ്റത്തേക്ക് ഇറങ്ങി.
കുട്ടികൾ പുല്ലില്ലാത്ത ഗ്രൗണ്ടിൽ ഓടിക്കളിക്കുന്നുണ്ട്.
സ്കൂൾ മണൽപ്പരപ്പ് കേവലം ഒരു കളിക്കളമല്ല, അത് കുട്ടിക്കാലത്തിന്റെ സ്വപ്നങ്ങൾ ചിറകടിച്ചുയരുന്ന ഒരിടമാണ്. ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങളിൽ നിന്നും അച്ചടക്കത്തിന്റെ അതിർവരമ്പുകളിൽ നിന്നും മോചിതരായി പുറത്തേക്ക് കുതിക്കുന്ന ആ നിമിഷം, ഗ്രൗണ്ട് ഒരു വലിയ ഉത്സവപ്പറമ്പായി മാറുന്നു.
ചിലർ വിയർത്തൊലിച്ച് പന്തിന് പിന്നാലെ പായുമ്പോൾ, അവരുടെ കണ്ണുകളിൽ ലോകകപ്പ് ഫൈനലിന്റെ ഗൗരവമാണ്. മറ്റു ചിലർ വലിയ മരത്തണലുകളിൽ സ്വകാര്യങ്ങൾ പറഞ്ഞും പൊട്ടിച്ചിരിച്ചും ഇരിക്കുന്നു. വീഴുമ്പോൾ ചിരിച്ചുകൊണ്ട് എഴുന്നേൽക്കുന്നവരും, തോൽവിയിൽ വാശിപിടിക്കുന്നവരും ആ മൺതരികളിൽ തങ്ങളുടെ ബാല്യം കൊത്തിവെക്കുകയാണ്. പൊടിപടലങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെയിലിന് പോലും ആ കുട്ടിക്കളികളുടെ ആവേശം പകർന്ന കിതപ്പുണ്ടാകും.
ടീച്ചർമാർ ഓടിക്കിതച്ച് വരുന്നത് കണ്ട് സദാനന്ദൻ മാഷ് ഓഫീസ് മുറിയെ ലക്ഷ്യമാക്കി നടന്നു.
ബെല്ലടിച്ചതും രാജപ്പൻ മാഷും കുറെ കുട്ടികളും എത്തി.
” എടോ എങ്ങനെയുണ്ട് താമസമൊക്കെ? ഓക്കേ അല്ലേ…? ”
രാജപ്പൻ മാഷ് ചോദിച്ചു.
” എന്ത് ഓക്കെ?
അയൽപക്കത്തെ ജഗനാഥൻ ചേട്ടന്റെ വീട്ടുകാർ ഉള്ളത് കാരണം രക്ഷപ്പെട്ടു!”
എല്ലാവരും ക്ലാസുകളിലേക്ക് പോയി.
ഇന്റർവല്ലിന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ നല്ല ഉയരമുള്ള ഒരാൾ ബാഗും തൂക്കി സ്കൂൾ ലക്ഷ്യമാക്കി നടന്നുവരുന്നത് കണ്ടു.
” ആ വരുന്നത് പുതിയ മാഷാണ് എന്നു തോന്നുന്നു.. ”
മഞ്ജുഷ ടീച്ചർ പറഞ്ഞു.
ഏതാണ്ട് ആറടി ഉയരം താടി നീട്ടി വളർത്തിയിട്ടുണ്ട് കറുത്ത പാന്റും വെളുത്ത ഷർട്ടുമാണ് വേഷം. വരാന്തയിൽ എത്തിയിട്ട് കുട്ടികളോട് അയാൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.
പിന്നീട് ഓഫീസ് മുറി ലക്ഷ്യമാക്കി നടന്നു. അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.
” എന്റെ പേര് ശിവൻകുട്ടി.
പുതിയ പി എസ് സി…”
” ഓ മനസ്സിലായി മനസ്സിലായി…
ഞങ്ങൾ മാഷിനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ”
രാജപ്പൻ മാഷ് പറഞ്ഞു.
” കോഴിക്കോട് ആണ് വീട് അല്ലേ…? ”
“അതേ. അത് ങ്ൾക്കെങ്ങനെ മനസ്സിലായി?”
” അതൊക്കെ ഞാൻ അറിഞ്ഞു. ആട്ടെ, എപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി? ”
“ഞാൻ അഞ്ചര മണിക്ക് ഇറങ്ങിയതാണ്.”
“അത് ശരി. എവിടെ സർട്ടിഫിക്കറ്റുകളും പോസ്റ്റിംഗ് ഓർഡറും?”
രാജപ്പൻ മാഷ് ഗൗരവത്തിൽ ചോദിച്ചു.
ശിവൻകുട്ടി സർട്ടിഫിക്കറ്റും പോസ്റ്റിംഗ് ഓർഡറും എടുത്തുകൊടുത്തു.
രാജപ്പൻ മാഷ് രജിസ്റ്ററിൽ പേര് എഴുതി.
” ദാ ഇവിടെ ഒപ്പിടൂ… ”
ശിവൻകുട്ടി മാഷ് ഒപ്പിട്ടു..
“സാർ ഞാൻ ഏത് ക്ലാസിലാണ് പോകേണ്ടത്? ”
” നാലാം ക്ലാസ്സിൽ. അതാ ആ കാണുന്നതാണ് ക്ലാസ്സ് ”
ഓഫീസ് മുറിയോട് ചേർന്ന് ഭാഗം ചൂണ്ടിക്കാട്ടി രാജപ്പൻ മാഷ് പറഞ്ഞു.
“നിങ്ങടെ പേരെന്താണ്?”
“എന്റെ പേര് രാജപ്പൻ.ഇവിടുത്തെ സീനിയർ അസിസ്റ്റന്റ് ആണ് ”
“ഓ ഞാൻ കരുതി ഹെഡ്മാസ്റ്റർ ആണെന്ന്!
രാജപ്പൻ മാഷ് ചിരിച്ചു.
തുടർന്ന് ഓരോരുത്തരും പരസ്പരം പരിചയപ്പെട്ടു .
“വിശദമായ പരിചയപ്പെടൽ പിന്നീട് ആവാം എല്ലാവരും ക്ലാസുകളിലേക്ക് പോകു. കുട്ടികൾ ബഹളം വയ്ക്കുന്നുണ്ട് ”
രാജപ്പൻ മാഷ് പറഞ്ഞു.
എല്ലാവരും അവനവന്റെ ക്ലാസുകളിലേക്ക് പോയി. രാജപ്പൻ മാഷ് ഹെഡ്മാസ്റ്ററുടെ കസേരയിലേക്ക് ചാരിയിരുന്നു.
(തുടരും…)




രസകരമായ വിവരണം.. കളിക്കളത്തെ കൺമുൻപിലെത്തിച്ചു. അന്ന്ദൂരെ ജോലി കിട്ടുന്നവർ അനുഭവിക്കുന്ന ഓരോ യാതനകളും
അറിയുന്നു.
നല്ലെഴുത്ത്