Tuesday, July 14, 2026
Homeഅമേരിക്കപി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. "സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ" (11) 'കൗണ്ടറുടെ വീട്ടിലെ കല്യാണം'.

പി.എൻ. വിജയൻ എഴുതുന്ന ചരിത്ര നോവൽ.. “സാന്തന്നൂരിലെ സർവ്വേക്കല്ലുകൾ” (11) ‘കൗണ്ടറുടെ വീട്ടിലെ കല്യാണം’.

കൗണ്ടറുടെ വീട്ടിലെ കല്യാണം.

നായരുടെ ടീക്കടയിൽ വെച്ചാണ് കൗണ്ടറിന്റെ വീട്ടിലെ കല്യാണത്തെക്കുറിച്ച് സാന്തന്നൂരിലെ ജനങ്ങൾ അറിയുന്നത്.

“തെരിയലിയാ?”
“എന്നാ ?”
“കൗണ്ടർവീട്ടു കല്യാണം ഊരുക്ക് മൊത്തം അഴൈപ്പിരുക്ക്.
പന്തലോടെ വേലൈയെല്ലാം മുക്കാ വാശി മുടിഞ്ചാച്ച്. മൂണ്ണ് പന്തൽ ഇരുക്ക് . ഒണ്ണ് കല്യാണപ്പന്തൽ . ഇടതുപക്കം സാപ്പാടുക്ക് . വലതുപക്കം നടനഅരങ്കം. തെരിയുമാ യാർ യാർ വര പോറാങ്കയെണ്ണ് ?”

“എങ്കളുക്ക് എന്നാ തെരിയും. നീയേ ശൊല്ലിതൊലൈ.
നീ താനേ കൗണ്ടറോടെ മുക്കിയ അടിയാള് !”

“കിണ്ടൽ പണ്ണാതെ.”

“സൊല്ല് മുനിയാണ്ടീ ”

“ഇല്ലെെ. നീങ്കളേ പോയാ വിസാരുയുങ്കെ. എനക്ക് തെരിയാത്.”

മേസ്ത്രിപെരിയസ്സാമിയും ശിത്താളും തന്നെ പരിഹസിച്ചതായി തോന്നിയപ്പോൾ മുനിയാണ്ടി മെല്ലെ എഴുന്നേറ്റു.

“ഡേയ് നാൻ ശുമ്മാ വിളയാട്ടുക്ക് ചൊന്നതല്ലവാ. നീ സൊല്ല് യാർ യാർ വരാങ്ക ?”
“ലളിതാ പത്മിനി രാകിണി. കേൾവിപ്പട്ടിരിക്കീങ്കളാ ?ഇന്ത ഉലകത്തിലെ അവങ്കളൈ മാതിരി നടനക്കലൈഞ്ഞർകൾ വേറെയില്ലെെ . മദ്രാസിലെ ഇരുന്തു അവങ്കളും പക്കമേളക്കാരർകളും ഇണ്ണൈക്ക് നൈറ്റ് വണ്ടിയിലേ വാറാങ്ക”
അപ്പടിയാ ? റംബ പ്രമാദമാ ഇരുക്കുമേ. ഊരിലെ മൊത്തം ആളുങ്കളും വന്താ ഉക്കാരക്കൂട മുടിയാതെ.”

“പന്തൽ എല്ലാം ഊര് മക്കളക്ക് കെടയായത് അവങ്ക കെടച്ച എടത്തിലെ എല്ലാം നിക്കവേണ്ടിയത് താൻ ”

“അപ്പടിയാ ? വെളിയേ നിൻ്റു പാക്കറതാ ? ഇരുന്താലും പറവായില്ലെെ . ലളിതാ പത്മിനി രാകിണി ഇവങ്ക മൂൻ്റുപേരും നടികൾ അല്ലവാ ? ”

പിന്നെ അവരുടെ അഭിപ്രായങ്ങളും ചർച്ചകളും മറ്റൊരു വഴിക്കു നീണ്ടു. അതിന്നിടയിൽ നായരുടെ കടയിലെ കച്ചവടം തുടർന്നു.

കടയിൽ വരുന്നവർക്കും പോകുന്നവർക്കും സംസാരിക്കുവാൻ ഒരു വിഷയം മാത്രം. നാട്ടിലെ ഏറ്റവും വലിയ ജന്മിയായ കൗണ്ടറുടെ വീട്ടിലെ മകൻ്റെ കല്യാണമാണ്. മകൻ രാമസ്വാമിക്ക് പതിനെട്ടു വയസ്സ് കാണും. വലിയ പഠിപ്പും പത്രാസും ഒന്നുമില്ല. റെയിൽവേ പള്ളിക്കൂടത്തിൽ അഞ്ചാം ക്ലാസ് വരെ പഠിച്ചു . അതു മതിയെന്നാണ് കൗണ്ടർ തീരുമാനിച്ചത്. അത്യാവശ്യം കണക്ക് കൂട്ടാനും വരവ് ചെലവ് എഴുതാനും അഞ്ചാം ക്ലാസ് മതി. പിന്നെ ചട്ടക്കാരുടെ സ്കൂളിലെ അഞ്ചാം ക്ലാസ് ഒട്ടും മോശമല്ല. ഇംഗ്ലീഷ് പറയാനും എഴുതാനും അത്യാവശ്യം അറിയും. അതിൻ്റെ വലിയ ആവശ്യമില്ലെങ്കിലും. വയലും തോപ്പും നോക്കി വരുന്നതിനും പണിക്കാർക്ക് കൂലി വീതിച്ചു കൊടുക്കുന്നതിനും അത് ധാരാളം.

സാന്തന്നൂരിലെ ജനങ്ങൾ കാത്തിരിക്കുകയാണ്. ഗ്രാമത്തിലും കടവീഥിയിലും കണ്ടുമുട്ടുന്നവരെല്ലാം സംസാരിക്കുന്നത് കൗണ്ടറുടെ വീട്ടിലെ കല്യാണത്തെക്കുറിച്ചാണ്. കൗണ്ടറുടെ വീടിൻ്റെ മുന്നിലൂടെ പോകുന്നവരെല്ലാം എത്തിനോക്കുന്നുണ്ട്. അവർ കാണുന്നവരോട് എല്ലാം അന്വേഷിക്കുന്നുമുണ്ട്.

തലേദിവസം രാത്രിമുതലേ കൗണ്ടറുടെ വീട് ഒരു അരമനൈയായി മാറിയിരിക്കുന്നു. പന്തൽക്കാലുകൾ എല്ലാം വർണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. മുകളിലെ ഓലയും പുല്ലും കാണാത്ത രീതിയിൽ വെള്ളത്തുണിയും അലങ്കാരങ്ങളും പന്തലിന്റെ ഓരങ്ങളിൽ മാലകളും അവയ്ക്കിടയിൽ ബലൂണുകളും പുതിയൊരു വർണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നുണ്ട്.

അടുത്തും അകലത്തും ഉള്ള ബന്ധുക്കളും മിത്രങ്ങളും കുതിരവണ്ടികളിൽ വന്നുകൊണ്ടിരിക്കുന്നു.വീടിൻ്റെ പൂമുഖത്ത് കസവുതുണ്ട് തലയിൽകെട്ടി വെള്ളി കെട്ടിയ ചൂരൽക്കുച്ചി കയ്യിൽപ്പിടിച്ച് കൗണ്ടർ ഉലാത്തുകയാണ്. പന്തൽപ്പണിയും അലങ്കാരപ്പണിയും തുടർന്നുകൊണ്ടിരിക്കുന്നവരെയും പലരും ഉത്സാഹിപ്പിക്കുന്നുണ്ട്. കൗണ്ടർ എല്ലാം നിശ്ശബ്ദനായി നോക്കി കൈവിരലുകൾ നീട്ടിക്കൊണ്ട് നിർദേശം കൊടുക്കുന്നുണ്ട്.

മൂന്നുപന്തലിലും ഒരുക്കങ്ങൾ നടക്കുകയാണ് വെപ്പുകാരും വിളമ്പുകാരും നേരത്തെ എത്തിയിട്ടുണ്ട്. സാധനങ്ങളെല്ലാം കാളവണ്ടികളിൽ നേരത്തെ എത്തിയിരുന്നു. ഒന്നിനും കുറവ് വരുന്നില്ല. കുറവു വരരുത് എന്ന നിലപാടിലാണ് കൂടെനിൽക്കുന്ന എല്ലാവരും.

രാത്രിവണ്ടിയിൽ എത്തുന്ന പ്രശസ്ത താരങ്ങളെ സ്വീകരിക്കാനും പാർപ്പിക്കാനും പ്രത്യേകം ഏർപ്പാടുകൾ ചെയ്യപ്പെട്ടിട്ടുണ്ട്. അതിനുവേണ്ടി കൗണ്ടർ കോയമ്പത്തൂരിൽനിന്ന് രണ്ട് കാർ വാടകയ്ക്ക് എടുത്തിട്ടുണ്ട്. രണ്ടു കാറും വീട്ടുപടിക്കൽ എല്ലാവരും കാണുന്ന വിധത്തിൽ നിർത്തിയിരിക്കുകയാണ് അത് ഓടിക്കുന്നവർ പ്രത്യേക യൂണിഫോം ധരിച്ചിട്ടുണ്ട്. കാറു കാണുന്നതിനും പടിക്കൽ ചെറിയ തിരക്കുണ്ട്. ഒന്ന് രണ്ടുപേർ ഡ്രൈവറോട് കാറിനെ കുറിച്ചും അതിൻ്റെ വിലയെക്കുറിച്ചും അതിൻ്റെ മുതലാളിമാരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

കല്യാണപ്പന്തലിന്റെ പണി തീർന്നുകഴിഞ്ഞിരിക്കുന്നു. അതാണ് ഏറ്റവും വിശേഷപ്പെട്ട പന്തൽ. വിവിധ വർണ്ണത്തിലുള്ള വൈദ്യുത വിളക്കുകൾകൊണ്ടും പുഷ്പാലങ്കാരങ്ങൾ കൊണ്ടും അത് മിന്നിത്തിളങ്ങുകയാണ്. അതിൻ്റെ തൂണുകൾക്കിടയിലൂടെ പട്ടുസാരികളും പട്ടുദാവണികളും ഇടയ്ക്കിടെ മിന്നിമറയുന്നുണ്ട്. അകത്തെ മുറികളിൽ നിന്ന് പാദസരത്തിന്റെ കിലുക്കവും പാത്രങ്ങളുടെ ചിലമ്പലും കേൾക്കാനുണ്ട്.

അകത്തും പുറത്തും എല്ലാവരും കാത്തിരിക്കുന്നത് ഇനി വരാൻ പോകുന്ന മണിക്കൂറുകൾക്കാണ്. അടുത്ത ദിവസത്തെ സൂര്യോദയത്തോടെ സാന്തന്നൂർ ഗ്രാമം മുഴുവൻ അവിടേക്ക് ഒഴുകിയെത്തും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ. എല്ലാവർക്കും ഇരിക്കാനും എല്ലാം കാണാനും അവസരം ഉണ്ടാവണം എന്നാണ് പ്രാർത്ഥന. പുറത്തു നിന്നാലും കല്യാണമണ്ഡപം എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. വരുന്നവരെ എല്ലാം അവരുടെ നിലയും വിലയും അനുസരിച്ച് സ്വീകരിക്കാനും ഇരുത്തേണ്ട ഇരിപ്പിടങ്ങളിൽ ഇരുത്താനം എല്ലാ ഉപചാരവും ചെയ്തു കൊടുക്കാനും കൗണ്ടർ ആശ്രിതരെ ഏർപ്പാടാക്കിയിട്ടുണ്ട്.

എല്ലാവരുടെയും കാത്തിരിപ്പ് തുടരുകയാണ്. കാണാനുള്ള ഓരോ രംഗവും മുന്നിലേക്ക് വരുന്നതുപോലെ ഓരോരുത്തർക്കും തോന്നിത്തുടങ്ങി. കനവുകളെല്ലാം കാഴ്ചകൾ ആവുമെന്നും ഓർമ്മകൾ ആവുന്നതിനുമുമ്പേ അവ അനുഭവിക്കണമെന്നും
ഓരോ ബന്ധുവും സുഹൃത്തും മാത്രമല്ല ഒരോ സാധാരണ സാന്തന്നൂർകാരനും വിചാരിക്കുന്നുണ്ട്.

പി.എൻ. വിജയൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com