മലയാളി മനസ്സ് ൻ്റെ എല്ലാ വായനക്കാർക്കും മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ ഇരുപതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
വള്ളത്തോൾ സംഘത്തിലെ പ്രതിഭാശാലിയായ കവി ശ്രീ. കുറ്റിപ്പുറത്തു കേശവൻ നായർ ആണ് ഇന്നത്തെ നക്ഷത്രപ്പൂവ് !
കുറ്റിപ്പുറത്തു കേശവൻ നായർ (2️⃣0️⃣) (1882 – 1959)
ഇദ്ദേഹത്തിൻ്റെ പേരിനോട് ചേർത്തുള്ള കുറ്റിപ്പുറം തറവാട്ടുപേരാണ്. തിരൂരിനു തെക്ക് മംഗലം ഗ്രാമത്തിൽ 1852 സെപ്റ്റംബർ മാസത്തിൽ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ജനിച്ചു. അച്ഛൻ വള്ളത്തോൾ കോഴിപ്പറമ്പു വീട്ടിലെ കൊച്ചുണ്ണി മേനോനും അമ്മ കുറ്റിപ്പുറം തറവാട്ടിലെ മീനാക്ഷിയമ്മയും ആണ്.
ഗുരുകുല സമ്പ്രദായത്തിലായിരുന്നു ബാല്യകാല വിദ്യാഭ്യാസം. വള്ളത്തോളും, വള്ളത്തോൾ ഗോപാലമേനോനും കിട്ടുണ്ണി നായരും ഇവിടെ ഒരുമിച്ചു പഠിച്ചിരുന്നു. ഇവരെ ഒരേ ഞെട്ടിലെ പുഷ്പങ്ങളായിക്കരുതി ‘വള്ളത്തോൾ കമ്പനി’ എന്ന് സാഹിത്യകാരന്മാർ വിശേഷിപ്പിച്ചിരുന്നു. കുറച്ചുകാലം “കവന കൗമുദി” മാസികയുടെ മാനേജരായി ജോലി ചെയ്തിരുന്നു. പിന്നീട് തൃശ്ശൂർ ഗവ. ഹൈസ്ക്കൂളിൽ മലയാളം അദ്ധ്യാപകനായി. അധികം താമസിയാതെ എറണാകളം മഹാരാജാസ് കോളജിൽ മലയാളം ലക്ചററായി നിയമിതനായി. ചങ്ങമ്പുഴയും, വൈലോപ്പിള്ളിയും കുറ്റിപ്പുറത്തിൻ്റെ ശിഷ്യന്മാരാണ്!
മഹാകവി വള്ളത്തോളിൻ്റെ സഹോദരിയായ അമ്മുക്കുട്ടിയമ്മയെയാണ് കേശവൻ നായർ വിവാഹം ചെയ്തിരുന്നത്.
കുറ്റിപ്പുറം വളരെക്കുറച്ചേ എഴുതിയിട്ടുള്ളൂ. കാവ്യോപഹാരം,
നവ്യോപഹാരം, പ്രപഞ്ചം, ഓണം കഴിഞ്ഞു എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാനകൃതികൾ. പ്രതിമാനാടകവും, ശാകുന്തളവും വിവർത്തനം ചെയ്തിട്ടുണ്ട്. ഭഗവദ്ഗീത വിവർത്തനം ചെയ്തെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. പഴയസങ്കേതങ്ങളെ വിട്ട് വളരെ മുന്നേറിയ മട്ടിലുള്ള കവിതകളാണ് കാവ്യോപഹാരത്തിലുള്ളത്.
” നാട്യപ്രധാനം നഗരം ദരിദ്ര്യം നാട്ടിൻപ്പുറം നന്മകളാൽ സമൃദ്ധം”
എന്നു തുടങ്ങിയ ചിന്താബന്ധുരമായ കാവ്യശകലങ്ങൾ നിറഞ്ഞ ‘കാവ്യോപഹാരം’ തീർച്ചയായും കേശവൻ നായർ കൈരളിക്കു നല്കിയ വിലയേറിയ ഉപഹാരമാണ്. ഗ്രാമീണ ജീവിതത്തിൻ്റെ കാപട്യമില്ലായ്മ അദ്ദേഹത്തെ വളരെയധികം ആകർഷിച്ചിരുന്നു. ആ നിഷ്ക്കളങ്കതയും, സൗന്ദര്യവും പൊടിപ്പും തൊങ്ങലും കൂടാതെ ശാലീനത നിറയുന്ന വരികളിലൂടെ അവതരിപ്പിക്കുവാൻ കവിക്കുള്ള കഴിവും താല്പര്യവും എടുത്തു പറയേണ്ട കാര്യം തന്നെയാണ്.
‘കല്യാണിമാർതൻ കുരവാരവത്തിൻ
കല്ലോലനാദത്തിനിടയ്ക്കു തന്നെ
കല്യാണരംഗങ്ങളിൽ നിന്നു കേൾക്കാം
കല്ലും ദ്രവിക്കും പരിദേവനങ്ങൾ’
ഇങ്ങനെ ചില പദ്യങ്ങളിൽ പഴയ സംവിധാനശൈലി കാണുന്നുണ്ടെങ്കിലും അവയിലെ ആശയപുഷ്ടി ആകർഷകം തന്നെ!
“താക്കോൽ കൊടുക്കാതരുണോദയത്തിൽ
ത്താനേമുഴങ്ങും വലിയോരലാറാം
പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം,കേട്ടീങ്ങുണർന്നേറ്റു കൃഷിവലന്മാർ’
പ്രഭാതത്തിലെ പൂങ്കോഴിയുടെ കൂവലും കൃഷീവലന്മാരുടെ എഴുന്നേൽപ്പും ഒക്കെ ഒരു ചിത്രത്തിലെന്നപ്പോലെ,ഗ്രാമീണതയുടെ ഒരു ശരിപ്പകർപ്പ് കവി നമുക്ക് കാണിച്ചുതരുന്നു.
ഗ്രാമീണജീവിതത്തിൻ്റെ നിഷ്കളങ്ക സൗന്ദര്യത്തെ അനുഭവവേദ്യമാക്കുന്ന കവിതയായ ‘ഗ്രാമീണകന്യക’ കൈരളിയുടെ അഭിമാനമാണ്!
1959 ഫെബ്രുവരിയിൽ ചേന്നരയിലെ നന്ദനത്തു വച്ച് കുറ്റിപ്പുറത്തു കേശവൻ നായർ സാർ അന്തരിച്ചു🙏
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕
Super 👍
സന്തോഷം… സ്നേഹം…നന്ദി മാഡം🙏❤️