Thursday, July 17, 2025
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ (ഭാഗം. 50) 'സീതത്തോട് ' ✍ സജി ടി. പാലക്കാട്

പള്ളിക്കൂടം കഥകൾ (ഭാഗം. 50) ‘സീതത്തോട് ‘ ✍ സജി ടി. പാലക്കാട്

“എവിടെ ജോലി കിട്ടിയാലും പോകാൻ തയ്യാറാണോ?”

പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ ഇന്റർവ്യൂന് ഒറ്റ ചോദ്യമേ സദാനന്ദൻ മാഷിനോട് ചോദിച്ചോളൂ..

“അതേ സാർ… ”

എങ്ങനെയെങ്കിലും ഒരു ജോലി കിട്ടിയാൽ മതി എന്ന് സ്വപ്നം കണ്ടു നടക്കുന്നയാൾ ‘അല്ല ‘ എന്ന് പറയില്ലല്ലോ..

“കുറച്ചുനേരം പുറത്ത് വെയിറ്റ് ചെയ്യൂ വിളിക്കാം..”

“ശരി സാർ..”

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ വരാന്തയിലേക്ക് ഇറങ്ങിയപ്പോൾ ഉദ്യോഗാർത്ഥികളുടെ നീണ്ട നിര. ഒന്നാം നിലയിൽ നിന്നും താഴേക്ക് നോക്കിയപ്പോൾ താഴെ മരച്ചുവട്ടിൽ ഇരുചക്രവാഹനങ്ങളുടെ വരിവരി ആയ പാർക്കിംഗ് കണ്ടു. കൗതുകം തോന്നി. പക്ഷേ, എല്ലാ വാഹനങ്ങളുടെയും സീറ്റുകളുടെ നിറം വെള്ള.!ഇതെന്താണ് ഇങ്ങനെ എന്ന് ഒരു നിമിഷം ആലോചിച്ചു. പിന്നീടാണ് മനസ്സിലായത് വൃക്ഷങ്ങളിലെ അന്തേവാസികളുടെ പ്രതിഷേധം ആണ് എന്ന്. മരക്കൊമ്പുകളിലേക്ക് നോക്കിയപ്പോൾ നിറയെ പക്ഷികളുടെ കലപില ശബ്ദം.

ഏതാണ്ട് ഒരു മണിക്കൂർ കൊണ്ട് ഉദ്യോഗാർത്ഥികളുടെ നിര അവസാനിച്ചു. വിയർപ്പ് കണങ്ങൾ താഴേക്ക് ഒഴുകി. സദാനന്ദൻ മാഷിന്റെ ലൂണാർ ചെരുപ്പ് തെന്നി. മറ്റ് ജില്ലയെ അപേക്ഷിച്ച് പാലക്കാട് ചൂട് കൂടുതലാണ്. കൂടാതെ ചൂടുകാറ്റ് മുഖത്തേക്ക് അടിച്ചു കൊണ്ടിരിക്കും.

ചായ കുടിക്കണം എന്നുള്ളവർക്ക് മെയിൻ റോഡിൽ പോകേണ്ട ആവശ്യമില്ല. സിവിൽ സ്റ്റേഷന്റെ ഉള്ളിൽ തന്നെ മിൽമ ബൂത്തുണ്ട്. ഒരു ചായ കുടിച്ചാലോ…?
നല്ല തലവേദന. സാദാനന്ദൻ മാഷ് ചുവട്ടിലേക്കുള്ള കോണിപ്പടി ഇറങ്ങാൻ തുടങ്ങി.

ആരാ സദാനന്ദൻ..?

ഒരാൾ ഓഫീസിൽ നിന്നും ഇറങ്ങി വന്നിട്ട് ചോദിച്ചു.

“ഞാനാണ്..”

“അകത്തേക്ക് ചെല്ലു… സാർ വിളിക്കുന്നു.”

അകത്ത് ചെന്നതും സെക്ഷൻ ക്ലാർക്ക് ഒരു കവർ പുഞ്ചിരിച്ചുകൊണ്ട് മുന്നിലേക്ക് നീട്ടി..

“ഇതാ അപ്പോയിന്റ്മെന്റ് ഓർഡർ… സീതത്തോട് സ്കൂളിലേക്ക് ആണ് കേട്ടോ..”

‘ സീതത്തോട്’ എന്ന് കേട്ടപ്പോൾ ഒന്ന് ഞെട്ടി. കാരണം മറ്റൊന്നുമല്ല ഈ സ്ഥലം പത്തനംതിട്ട ജില്ലയിൽ ആണല്ലോ!
സീതത്തോടിലേക്ക് പാലക്കാട് വിദ്യാഭ്യാസ ഓഫീസർ എങ്ങനെ നിയമന ഉത്തരവ് നൽകും..?

“എന്താ…?”

“ഈ സീതത്തോട് എന്ന് പറഞ്ഞാൽ…..?”

” അതോ……?
അങ്ങനെ ഒരു സ്ഥലം പാലക്കാടും ഉണ്ട്. കൊല്ലംങ്കോട് ഉപജില്ലയിൽ. ”

ചിരിച്ചുകൊണ്ട് ജീവനക്കാരൻ പറഞ്ഞു.

“ആ പിന്നെ സീതത്തോട് സ്കൂളിലെ ഹെഡ്മാസ്റ്റർ അവിടെ നിൽപ്പുണ്ട്, ശിവദാസൻ എന്നാണ് പേര് . അദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലൂ .”

“ഓക്കേ സർ..”

കുറച്ചു കഴിഞ്ഞപ്പോൾ ഉയരം കുറഞ്ഞ ഒരാൾ അടുത്ത് വന്നു .

” പേര് സദാനന്ദൻ എന്നാണോ ..?”

“അതെ….”

“ഞാൻ കുറെ നേരമായി തന്നെ നോക്കുന്നു. സീതത്തോട് സ്കൂളിലേക്ക് അല്ലേ നിയമനം കിട്ടിയിരിക്കുന്നത്?”

“അതെ…”

“ഞാൻ അവിടുത്തെ ഹെഡ്മാസ്റ്റർ ആണ്, പേര് ശിവദാസൻ.
വരൂ നമുക്ക് പോകാം”

“ഇപ്പോഴോ…?”

“സമയം നാലുമണി കഴിഞ്ഞല്ലോ..?”

” ഇപ്പോൾ സ്കൂളിലേക്ക് അല്ല നമ്മൾ പോകുന്നത്.എന്റെ വീട്ടിലേക്കാണ്. ഇന്ന് രാത്രി വീട്ടിൽ കിടന്നിട്ട് നാളെ നമുക്ക് സ്കൂളിൽ പോകാം. ”

” നാളെ ഞായർ അല്ലേ? സ്കൂൾ ഉണ്ടോ ? ”

ഹെഡ്മാസ്റ്ററ് ഒന്ന് ചിരിച്ചു.

“നാളെ നമുക്ക് വേറെ ഒരിടം വരെ പോകണം. തിങ്കൾ രാവിലെ സ്കൂളിൽ പോകണം.’

“മനസ്സിലായില്ല..”

“താൻ വരു വീട്ടിൽ ചെന്നിട് വിശദമായി പറയാം.”

സിവിൽ സ്റ്റേഷനിൽ നിന്ന് ഓട്ടോ പിടിച്ച് ബസ് സ്റ്റാൻഡിൽ എത്തി. കൊഴിഞ്ഞാമ്പാറ ബസ്സിൽ കയറി അടുത്തടുത്ത സീറ്റിൽ ഇരുന്നു. കണ്ടക്ടർ വന്നു.

“രണ്ട് പേര്ണ്ട് ട്ടൊ…”

“ഇതാരാ മാഷേ..?”

“ഇത് സ്കൂളിലെ പുതിയ മാഷ്.”

“മാഷ് രക്ഷപ്പെട്ടല്ലോ?
ഒരു കൂട്ടായി അല്ലേ..?”

കണ്ടക്ടർ ചിരിച്ചുകൊണ്ട് പറഞ്ഞു.

വണ്ടി ടൗൺ വിട്ട് ഗ്രാമത്തിലേക്ക് പ്രവേശച്ചു. റോഡിന് ഇരുവശവും പച്ചപ്പ ട്ട് വിരിച്ച പോലെ നെൽപ്പാടം പരന്നു കിടക്കുന്നു. പാടവരമ്പത്ത് കരിമ്പനകൾ.. ദൂരെ നീലമലകൾ…
റോഡ് അരികിൽ ധാരാളം ചെറിയ ചെറിയ ക്ഷേത്രങ്ങൾ..
ബസ്സിലെ സ്ത്രീകളുടെ ഉച്ചത്തിലുള്ള സംസാരം. കൂടുതൽ പേരും തമിഴ് ഭാഷയിലാണ് സംസാരിക്കുന്നത്.

ശരിക്കും പറഞ്ഞാൽ ഈ മാസം പി.എസ്സി നിയമനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്.പക്ഷേ വീണ്ടും താൽക്കാലിക നിയമനം. പാലക്കാട് ജില്ലയിൽ മൂന്നുവർഷം ജോലി നോക്കിയിട്ടുണ്ടെങ്കിലും സീതത്തോട് എന്ന സ്ഥലത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ല. ഇന്റർവ്യൂ നടന്ന ദിവസം തനിക്ക് ഒഴികെ ആർക്കും നേരിട്ട് നിയമനം ഉത്തരവ് കൊടുത്തതുമില്ല. എന്തുകൊണ്ട് തനിക്ക് മാത്രം ഉത്തരവ് തന്നു..?
എല്ലാവരോടും പോസ്റ്റൽ ആയി നിയമന ഉത്തരവും വരുമെന്നാണ് പറഞ്ഞിരിക്കുന്നത് പക്ഷേ..

“തന്റെ നാട് എവിടെ ? ”

പ്രധാന അധ്യാപകന്റെ ചോദ്യം കേട്ട് സദാനന്ദൻ മാഷ് ചിന്തയിൽ നിന്നുണർന്നു.

” ചങ്ങനാശ്ശേരി. ”

“വീട്ടിൽ ആരൊക്കെയുണ്ട്…?”

“അച്ഛൻ, അമ്മ, അച്ഛമ്മ,നാല് പെങ്ങമ്മാർ, പിന്നെ ഒരു അനുജനും.”

“താനാണോ മൂത്തയാൾ..?”

“അതെ. ”

ആരുടെ എങ്കിലും കല്യാണം കഴിഞ്ഞുവോ? ”

‘ഒരു പെങ്ങളുടെ കല്യാണം കഴിഞ്ഞു..”

“ഉം… എന്നാലും ഉത്തരവാദിത്വം ഉണ്ടല്ലോ..?”

“ഉം.. ”

അരമണിക്കൂർ യാത്രക്കൊടുവിൽ ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ ബസ് ഞരങ്ങി നിന്നു.

“വരു നമുക്ക് ഇവിടെ ഇറങ്ങാം. ”

ആറേഴു കടകളുള്ള ഒരു ചെറിയ ഗ്രാമം. ഇടതുവശത്തുകൂടിയുള്ള മണ്ണ് റോഡിലൂടെ രണ്ടുപേരും നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ നീണ്ട് പരന്നു കിടക്കുന്ന പാറ പാറപ്പുറത്ത് കൂടിയായി നടത്തം. ശിവദാസൻ മാഷ് മുൻപിൽ നടന്നു. പിന്നാലെ സദാനന്ദൻ മാഷും. ചെരിഞ്ഞ പാറ. എന്നാൽ അത്യാവശ്യം കയറ്റവും ഉണ്ട്. കയറ്റം കയറി മെല്ലെ നടന്നു.

“ഇത് എവിടുന്നാണ് മാഷേ പാട്ട് കേൾക്കുന്നത് ?”

“അതോ.., ആ കാണുന്ന ഓല മേഞ്ഞ കെട്ടിടം കണ്ടോ?
അതാണ് സിനിമ തിയേറ്റർ. അവിടെ നിന്നുമാണ് പാട്ടു കേൾക്കുന്നത് ”

“ഇനിയും നടക്കണോ…?”

“എന്താ താൻ മടുത്തോ?
ഇനി കുറച്ചു പോയാൽ മതി.”

ഏയ്, ഞാൻ മടുത്തിട്ട് ഒന്നുമില്ല വെറുതെ ചോദിച്ചു എന്ന് മാത്രം.
സാറ് നന്നായി കിതക്കുന്നുണ്ടല്ലോ..? ”

” പ്രായമൊക്കെ ആയില്ലേ..?
അപ്പോൾ ചെറിയ പ്രയാസങ്ങൾ ഒക്കെ ഉണ്ടാവും.. ദാ ആ കാണുന്നതാണ് നമ്മുടെ വീട്. ”

ഒരു ടെറസ് വീട് ചൂണ്ടിക്കാട്ടി ശിവദാസൻ മാഷ് പറഞ്ഞു. കോളിംഗ് ബെൽ അടിച്ചതും ഏകദേശം 40 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.

“ആഹാ വന്നോ..?”
ഇത്തവണ എന്തായാലും ആളെ കിട്ടി അല്ലേ ? ”

“ഓ കിട്ടി കിട്ടി. ഡി. ഡി യെ കണ്ട് കാലു പിടിച്ചിട്ടാണ് ഒരാളെ കയ്യോടെ തന്നത്. ഇത് സദാനന്ദൻ മാഷ്.. തെക്കാ വീട്.. മാഷേ ഇത് എന്റെ ഭാര്യ വിജയം… ടീച്ചറാണ്.”

” വരു മാഷേ…, ഇരിക്കൂ. ”

സദാനന്ദൻ മാഷ് ബാഗ് താഴെവച്ച് സോഫയിൽ ഇരുന്നു. രണ്ടു മുറിയും ഹാളും,അടുക്കളയും,സ്വീകരണ മുറിയുമുള്ള കൊച്ചു വീട്. സ്വീകരണ മുറിയിൽ ഒരു ബി. പി. എൽ. ടെലിവിഷൻ ഇരിപ്പുണ്ട്.

” മാഷിന് ചായയോ കാപ്പിയോ..?
എന്താ ഇഷ്ടം..?

മാഷിന്റെ ഭാര്യ ചോദിച്ചു.

“എന്തായാലും കുഴപ്പമില്ല..”

“എങ്കിൽ ഡ്രസ്സ് മാറി വരു.”

ഡ്രസ്സ് മാറി വന്നപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു.

“മാഷിന്റെ വീട് തെക്ക് എവിടെയാണ്?

സദാനന്ദൻ മാഷ് വീടും നാടും പറഞ്ഞു.

” ഞങ്ങളുടെ വീടും കോട്ടയമാണ്. മാഷ് മേലു കഴുകുന്നുണ്ടോ..? ”

” ഉണ്ട്.. ”

” ദാ കുളിമുറി അവിടെയാണ്. ”

മാഷ് കുളിമുറിയെ ലക്ഷ്യമാക്കി നടന്നു. ഹോട്ടലിലെ പോലെയുള്ള കുളിമുറി. വെള്ളച്ചാട്ടത്തിൽ നിന്ന് വെള്ളം താഴേക്ക് വീഴുന്ന പോലെ ഷവർ ഉള്ള കുളിമുറി സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. തോട്ടിലും പുഴയിലും കുളിച്ച് ശീലമുള്ള സദാനന്ദൻ മാഷിന് പുതിയ അനുഭവവും ആയിരുന്നു കുളിമുറി.

“ഇപ്പോൾ ക്ഷീണം ഒക്കെ മാറിയില്ലേ..?”

കുളി കഴിഞ്ഞു വന്നപ്പോൾ ശിവദാസൻ മാഷ് ചോദിച്ചു.

“മാഷേ എന്താണ് എനിക്ക് മാത്രം നിയമന ഉത്തരവ് നേരിട്ട് തന്നത്?
മറ്റുള്ളവർക്ക് നിയമനം കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ഇനി അഥവാ കിട്ടിയാൽ തന്നെ ഏത് സ്കൂളിലാണ് നിയമനം എന്നോ ഒന്നും അറിയില്ല.”

” അതോ മറ്റുള്ള സ്കൂൾ പോലെയല്ല സീതത്തോട് സ്കൂൾ. കുറെ പ്രത്യേകതകൾ ഉണ്ട്.അതെല്ലാം താൻ വരും ദിവസങ്ങളിൽ അറിയും. നാളെ നമുക്ക് ഇവിടെ നിന്നും സ്കൂളിലേക്ക് പുറപ്പെടണം.
നാളെ വൈകിട്ട് പൊള്ളാച്ചിയിൽ തങ്ങണം.

” പൊള്ളാച്ചിയിലോ…?
അത് അങ്ങ് തമിഴ്നാട്ടിൽ അല്ലേ..? ”

” അതെ നമ്മുടെ സ്കൂളിലേക്ക് കേരളത്തിലൂടെ വഴി ഇല്ല. പൊള്ളാച്ചിയിൽ പോയിട്ട് മറ്റന്നാൾ പുലർച്ചെ അഞ്ചുമണിക്ക് സ്കൂളിലേക്ക് പോകാം. ”

സദാനന്ദൻ മാഷിന് ഒന്നു മാത്രം മനസ്സിലായി. ഇതുവരെ ജോലി ചെയ്ത വിദ്യാലയം പോലെയല്ല സീതത്തോട് സ്കൂൾ.

അത്താഴം കഴിച്ച് കട്ടിലിലെ മെത്തയിൽ കിടന്നു. നല്ല സോഫ്റ്റ് മെത്ത. ചൂട് ഒട്ടുംതന്നെ അനുഭവപ്പെട്ടില്ല.
പകൽ നടന്ന കാര്യങ്ങൾ ഒരു സിനിമയിലെ എന്നപോലെ മനസ്സിലൂടെ മിന്നി മറഞ്ഞു..

(തുടരും….)

സജി ടി. പാലക്കാട്✍

RELATED ARTICLES

6 COMMENTS

  1. സീതത്തോടുവരെ മാഷിനൊപ്പം അനുവാചകരും സഞ്ചരിച്ചു. തൊഴിലില്ലായ്മ, സ്ഥിര ജോലി കിട്ടാൻ കാത്തിരിപ്പ് എന്നിങ്ങനെ എക്കാലത്തെയും സാമൂഹ്യ പ്രശ്നങ്ങൾ കഥയിലുടനീളം കാണാൻ കഴിയുന്നു. സീതത്തോടു സ്കൂളനുഭവങ്ങളറിയാൻ കാത്തിരിക്കുന്നു.

  2. സീതത്തോട് സ്കൂൾ എന്തു പ്രത്യേകതയായിരിക്കും , അറിയാനായി കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ