13 -2-2026 രാവിലെ 8.30 ന് എറണാകുളം ജവഹർലാൽ നെഹൃ സ്റ്റേടിയത്തിനടുത്തു നിന്നും 17 പേർ അടങ്ങുന്ന സംഘം ഏഴാറ്റുമുഖത്തെ പ്രകൃതി ഗ്രാമം കാണാൻ ഞങ്ങൾ ഒരു ട്രാവലറിൽ ഉല്ലാസയാത്ര പുറപ്പെട്ടു എല്ലാവരും സീനിയർ സിറ്റിസൺസ് ജോലിയും, കുടുംബ പ്രരബ്ധവുമായി കാലങ്ങൾ കഴിച്ചു കൂട്ടിഎങ്കിലും ഇനിയുളള ജീവിതം ആസ്വദിച്ച്,മനസ്സിന് സന്തോഷം പകരാൻ അവരുടെ കൂടെ ഞാനുംഒത്തുചേർന്നു.ഈ വൈകിയ വേളയിലാണ് എനിക്ക് കാഴ്ചകൾ കാണാനുളള മോഹമുദിച്ചത്.
സെക്രട്ടറി പോൾ ചേട്ടനൊപ്പം എഡ്രാക്കിന്റെ വനിതാ പ്രസിഡന്റ് രാജമ്മച്ചേച്ചി ട്രഷറർ സാജൻ, പാട്ടുകളും ക്വിസ് മത്സരങ്ങളുമായി ദാസനും ഭാര്യ രാജിയും,ക്വിസ് മത്സരത്തിൽ മറ്റുള്ളവരെ ആലോചനയുടെ മുൾമുനയിൽ നിർത്തിച്ച ജോസഫ് സാർ, ഡാൻസറായ ബേബിയും മറ്റുള്ളവരുംകൂടി പാട്ടും ഡാൻസും കഥ പറയലും ആയി ഞങ്ങളെ ബാല്യകാലത്തിലേയ്ക്കു കൊണ്ടുപോയി. അതുകൊണ്ട് സമയം പോയത് അറിഞ്ഞതേയില്ല.
പച്ചപ്പട്ടുവിരിച്ച പാതയോരത്തുകൂടെ ഞങ്ങൾ യാത്ര തുടർന്നു.ആലുവ ദേശത്തെ പത്മം ഹോട്ടലിൽ നിന്നും പ്രാതലും കഴിച്ച് ഞങ്ങൾ വീണ്ടും യാത്ര തുടർന്നുകൊണ്ടേയിരുന്നു.
“പാവാട ചുറ്റിയ റബ്ബർതൈ മരങ്ങൾക്കിടയിലൂടെ തുള്ളിയൊഴുകുന്ന കാട്ടരുവിയേയും കണ്ട് മനസ്സ് കുളിരുകോരി.
എറണാകുളം ജില്ലയിലാണെങ്കിലും ഏഴാറ്റുമുഖം കാണാനുള്ള ഭാഗ്യo ഇതുവരേയും എനിക്കുണ്ടായില്ല. അവിടുത്തെ വർണ്ണന കേട്ടിട്ട് ഒന്നു പോയി കാണാൻ പറ്റിയിരുന്നെങ്കിൽ എന്ന് പലപ്രാവശ്യം കൊതിയോടെ ഓർത്തിരുന്നിട്ടുണ്ട് അപ്പോഴാണ് രാജമ്മച്ചേച്ചിയുടെ വിളി
“ഒരു സീറ്റുണ്ട് സതിവരുന്നോ എന്ന്” കേട്ടപാതി കേൾക്കാത്തപാതിഞാൻ ok പറഞ്ഞു. അങ്ങനെയാണ് ഞാനും ഈ യത്രയിൽ പങ്കു ചേർന്നത് അതൊരു ഭാഗ്യമായി സുന്ദര ഗ്രാമം കാണാൻ പറ്റി.കുറെ ആളുകളായി പരിചയപ്പെടാനും പറ്റി.
ചാലക്കുടിപ്പുഴയുടെ കരയിലുള്ള വിനോദ കേന്ദ്രമാണ് ഏഴാറ്റുമുഖം.പുഴ ഏഴായ് പിരിയുന്നതു കൊണ്ടാണ് ഏഴാറ്റുമുഖം എന്ന പേരുവരാൻ കാരണം.
കണ്ണിനും മനസ്സിനും കുളിരു കോരുന്ന എത്രയോ സുന്ദരമായ സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ടെങ്കിലും പുറംനാടുകൾ കാണാനാണ് ആളുകൾക്കിഷ്ടം. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നു പറഞ്ഞതു പോലെയാണ് മനുഷ്യമനസ്സ്.
ഞങ്ങളെ സ്വാഗതo ചെയ്ത് വഴിയിലെല്ലാം പനകളുടെ നീണ്ട നിരകാണാമായിരു ന്നു. “പ്രകൃതിയിൽ മുങ്ങിക്കുളിച്ചു നില്ക്കുന്ന ഏഴാറ്റുമുഖം ”
ഞങ്ങൾ പ്രകൃതിഗ്രാമ കവാടത്തിലേക്കെത്തിച്ചേർന്നു. ഞങ്ങളുടെ
ട്രാവലറിലെ
“സാരഥിയായ കമൽ”
വണ്ടി സുരക്ഷിതമായി പാർക്കിങ്ങിൽ കൊണ്ടുപോയി നിർത്തിയിട്ട് ഞങ്ങളോടൊപ്പം കൂടി നല്ല അത്മാർത്ഥതയുള്ള പയ്യൻ
ഗ്രാമീണഭംഗി കണ്ടാസ്വദിക്കുവാൻ കവാടത്തിനുള്ളിലേയ്ക്കു ഞങ്ങൾ പ്രവേശിച്ചു.
പച്ചപ്പട്ടു പുതച്ച അന്തരീക്ഷം വൻമരക്കൂട്ടങ്ങൾ, ഡാമിൽ നിന്നൊഴുകുന്ന വെള്ളം, നാടിനെ കുളിരണിയിച്ചു കൊണ്ട് കനാലിലൂടെ ഒഴുകിപ്പോകുന്ന കാഴ്ചയും കണ്ട്, വിജയലക്ഷ്മിച്ചേച്ചി കൊണ്ടുവന്ന മധുരമുള്ള കൊഴിക്കട്ടയും കഴിച്ച് കുറച്ചു നേരം ഞങ്ങൾ അവിടെ കഴിച്ചു കൂട്ടി പിന്നെ എല്ലാവരും പുഴയുടെ സൗന്ദര്യം കാണാൻ എണീറ്റു കുറച്ചുപേർ നടന്നു അപ്പോഴാണ് ഊഞ്ഞാലുകണ്ടത് പ്രായംമറന്ന് ബാല്യകാല സ്മരണകളിലേയ്ക്കു പോയി . അങ്ങിനെ ഞങ്ങൾകുറച്ചുപേർ ഊഞ്ഞാലാടി ബാല്യത്തെ തിരികെ കൊണ്ടുവന്നു. കുഞ്ഞുന്നാളിൽ ആടാനായ് അച്ഛൻ കെട്ടിത്തന്ന ഊഞ്ഞാലിന്റെ കാര്യം ഓർത്തു പോയി.
ഞാനും മറ്റുള്ളവർക്കൊപ്പം എല്ലാം മറന്ന് ഊഞ്ഞാലിലിരുന്നാടി. ആ സമയo കൊണ്ട് കുറെപ്പേർ പുഴയിലേയ്ക്കിറങ്ങി ആടിക്കൊണ്ടിരുന്ന ഞങ്ങൾ എഴുന്നേറ്റ് ഓടിപ്പോയി പുഴയിലിറങ്ങി.
വർണ്ണനാതീതമായ സൗന്ദര്യം നോക്കെത്താ ദൂരത്ത് ഓരോരുത്തരെ മാടി വിളിച്ചുകൊണ്ട് അവളങ്ങനെ വിശാലമായി നീണ്ടുനിവർന്നു കിടക്കുന്നു.
കൂനകൾ കൂട്ടിയതുപോലെ നിരനിരയായ് കിടക്കുന്ന പാറക്കൂട്ടങ്ങൾ അതിനിടയിലൂടെ കണ്ണുനീരിനെ വെല്ലുന്ന അരുവികൾ അതിൽ ഇറങ്ങി നീരാടണമെന്നെനിയ്ക്കു തോന്നിപ്പോയി. ബാല്യകാലംകൈ വിട്ടു പോയതോർത്തു സങ്കടപ്പെട്ടു.
എന്തൊരു തണുപ്പ് തെളിനീരിന്റെ മനോഹാരിത കണ്ടാസ്വദിച്ചു നിന്നപ്പോഴാണ് ഒരാൾ ഓരോ പാറയിൽ നിന്നും എടുത്തു ചാടി, എടുത്തു ചാടി ഓടിയും നടന്നും പോകുന്ന കാഴ്ചകണ്ടത്. കൗതുകം തോന്നി ഞാനും നോക്കി നിന്നു പോയി.
“ഇത്ര പേടിയില്ലാതെ ഓടി നടക്കുന്നത് ആരായിരിക്കും, എന്നോർത്തു അയാൾ ബാല്യത്തിലേയ്ക്കു തിരിച്ചു പോയോഎന്നു വിചാരിച്ചു. പിന്നീടാണ് മനസ്സിലായത് ക്വിസ് മത്സരത്തിൽ ഞങ്ങളെ മുൾമുനയിൽ നിർത്തിയ ആളാണെന്ന് !
പ്രായം ഒരക്കം മാത്രം. ആസ്വദിക്കാനുള്ള കഴിവുണ്ടെങ്കിൽ പേടി എന്താണെന്നറിയില്ല ഞാൻ അതിന്റെ വീഡിയോ എടുത്തു. എത്ര മനോഹരമായ കാഴ്ച.
രാജമ്മച്ചേച്ചിയും അക്ബറും ഞാനും പതുക്കെ നടന്ന് ഒരു പാറപ്പുത്ത് കയറി നിന്നു കാലുതെന്നിയാൽ തലയടിച്ച് വെള്ളത്തിലേയ്ക്ക് വീഴുമെന്ന് തീർച്ചയാണ്.
നീർച്ചാലിന്നടിയിൽ ചരലു കാണാമെങ്കിലും അടി നല്ല ഒഴുക്കാണ് ഞാനും അതിസാഹസികമായി പേടിച്ചു വിറച്ച് വെളളത്തിലിറങ്ങി എന്തൊരു തണുപ്പ് ചാടി എന്നു പറഞ്ഞാൽ മതിയല്ലൊ ഒരു കണക്കിന് ഞാൻ കയറി പാറപ്പുറത്തിരുന്നു. അതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.
ഇണക്കുരുവികളെപ്പോലെ രണ്ടു യുവമിഥുനങ്ങൾ ഓടിച്ചാടി നടക്കുന്നുണ്ടായിരുന്നു ചെറുപ്പത്തിലെ പെരിയാറിലെ നീർ ച്ചുഴിയിൽ പോയതോർത്തു ഞാൻ പേടിച്ചിരുന്നു .
അവിടെ കുറച്ചുപേർ കുളിക്കുന്നു,കുറേപ്പേർ കാഴ്ചകൾ കണ്ടു നില്ക്കുന്നു എവിടെ നോക്കിയാലുംപ്രകൃതി രമണീയത തുളുമ്പി നില്ക്കുന്നു. നീലപ്പുടവയുടുത്ത മലനിരകളിൽ നിന്നും കൈകാട്ടി വിളിക്കുന്ന വന്മരക്കൂട്ടങ്ങൾക്കിടയിലൂടെ പുഞ്ചിരി പൊഴിച്ചു കൊണ്ടു നില്ക്കുന്ന വർണ്ണാഭമായ പൂങ്കുലകൾ വർണ്ണനാതീതം തന്നെ!
ഞാനും പാറപ്പുറത്തു നിന്നും എഴുന്നേറ്റ് പിച്ചവച്ച് കരയിൽ കയറി അവിടെ നിന്നും വെള്ളച്ചാട്ടവും കണ്ട് കനാൽബണ്ടിലൂടെ നടന്ന് റെസ്റ്റ് എടുക്കാനിരുന്നു
കുറച്ചു സമയം കഴിഞ്ഞ് അവിടമെല്ലാം ചുറ്റിനടന്നു കണ്ട് ഞങ്ങൾ സിൽവർ സ്റ്റോം അമെയ്സ്മെന്റ് പാർക്ക് കാണാൻ പോയി
പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലത്തിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. പുഴയിലും, കരയിലുമുള്ള കാഴ്ചകൾ പറയാൻ വാക്കുകൾ പോര തൂക്കുപാലം ഇടയ്ക്ക് തേങ്ങിക്കൊണ്ടിരുന്നു. ചിലർ പേടിച്ച് കൈവിരിയിൽ പിടിച്ചും നടന്നും അക്കരെ എത്തി എന്നു പറഞ്ഞാൽ മതിയല്ലൊ ! ചിലർക്ക് ദൂരേ നോക്കുമ്പോൾ പേടി ചിലർക്ക് തലച്ചുറ്റൽ കൈപിടിച്ചു നടത്താൻ ഓരോരുത്തരും കൂടി പോയാൽ പോരല്ലൊ തിരിച്ചു പോരുകയും വേണം! അപ്പോഴാണ് മാനം മുട്ടി നില്ക്കുന്ന മരച്ചില്ലയിൽ തവിട്ടു നിറത്തോടു കൂടി പൂത്തുലഞ്ഞു നില്ക്കുന്ന പൂക്കൾ കണ്ടത് ഞാൻ കുറെ നേരം നോക്കി നിന്നു എല്ലാം പ്രകൃതിയുടെ വരദാനം
മഴക്കാലമായാൽ പ്രകൃതി ആളാകെ മാറും രൗദ്രഭാവത്തിൽ എല്ലാം തച്ചുടച്ച് ഒഴുക്കിക്കൊണ്ടുപോകും. പുഴനിറഞ്ഞ് ഒഴുകുന്ന കാഴ്ച മനോഹരമാണെങ്കിലും ഭയാനകമാണ്. പാലത്തിന്റെ അറ്റം തുമ്പോർമുഴിയാണ്. തൃശ്ശൂർ ജില്ലയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഏഴാറ്റുമുഖവും തുമ്പോർമുഴിയേയും ബന്ധിപ്പിക്കുന്നതാണ് തൂക്കുപാലം.
പണ്ട് ഒരു നാട്ടിൽ നിന്നും വേറൊരു നാട്ടിലേയ്ക്കുപോകണമെങ്കിൽ കപ്പം കൊടുക്കണമായിരുന്നു അതുപോലെ ടിക്കറ്റെടുത്തിട്ടു വേണം അക്കരെയെത്താൻ അവിടുത്തെ പാർക്കും കണ്ട് ഞങ്ങൾ ക്ഷീണിച്ച് ഷെൽറ്ററിൽ വന്നിരിപ്പായി അപ്പോഴാണ് പാട്ടുകാരനായ ദാസൻ പുതിയ പരിപാടിയായ് വന്നത് തളർന്നിരുന്നവരെല്ലാം ഉഷാറായി. ഓരോ നേതാക്കന്മാരുടെ സിഗ്നൽ കാണിക്കും നമ്മൾ ആരാണെന്ന് അഭിനയിച്ചു കാണിക്കണം ജയിക്കുന്നവർക്ക് സമ്മാനവും
ക്ഷീണമൊക്കെപമ്പ കടന്നു പിന്നെ പാട്ട് ഡാൻസ് സമയം പോയതറിഞ്ഞില്ല അപ്പോഴാണ് ജോസഫ് സാറിന്റെ ക്വിസ്സ് മത്സരം. എല്ലാവരേയും ആലോചനയുടെ മുൾമുനയിൽ നിർത്തി അവസാനം സാറു തന്നെ ജയിച്ചു. പാറപ്പുറത്തു കൂടി ചാടി നടന്നത് ഈ ജോസഫ് സാറാണെന്നു മനസ്സിലായത്. നമിച്ചു പോയി.
കുറച്ചു കഴിഞ്ഞ് ഞങ്ങൾ തൂക്കുപാലത്തിലൂടെ തിരികെ യാത്ര തുടർന്നു ചിലർ തലചുറ്റിവീഴും എന്ന അവസ്ഥയായി കൈവിരി ഉള്ളതു കൊണ്ട് ആരും താഴെ വിഴില്ല എങ്കിലും പാലത്തിന്റെ തേങ്ങലിൽ ഞങ്ങളും കൂടെ കൂടി. പാലത്തിനിരുവശങ്ങളിലുളള കാഴ്ചകൾ കാണാൻ ഇരുകണ്ണുകളും പോരഎങ്കിലും കൈവിരിയിൽ മുറുകെ പിടിച്ചില്ലെങ്കിൽ താഴേയ്ക്കു വീഴുമോ എന്ന ഭയം എന്നാലും ഞാൻ കുറച്ചു വീഡിയൊ എടുത്തു. പാലം ഇറങ്ങി ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. വാഴച്ചാൽ വട്ടപ്പാറകൂടി ആതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ പോയി.
വണ്ടിയിലിരുന്നു തന്നെ കുട്ടികളെ കാണിക്കുന്നതു പോലെ
“ദാ നോക്കൂ അതാണ് വെളളച്ചാട്ടം ”
എന്നു പറഞ്ഞു തന്നു ഞാൻ പല പ്രാവശ്യം പോയിട്ടുള്ളതു കൊണ്ട് എനിക്കൊന്നും തോന്നിയില്ല.
ചുട്ടുപൊള്ളുന്ന വെയിലായതു കൊണ്ട് ആർക്കും പോകാൻ വയ്യ എന്നാലും ആ ജങ്ഷനിൽ വണ്ടി നിർത്തി.
ഞങ്ങളെ കണ്ടതോടുകൂടി വനത്തിൽ നിന്നും വാനരക്കൂട്ടങ്ങൾ വന്നുകൊണ്ടിരുന്നു. കുഞ്ഞുങ്ങളുടെ നോട്ടവും തല്ലുപിടുത്തവും കാണാൻ കൗതുകമാണെങ്കിലും അടുത്തു വരുന്നത് എനിക്കു പേടിയാണ്. മൊബൈലും, ബാഗും എടുത്തു കൊണ്ടുപോയ കഥകൾ ഞാൻ കേട്ടിട്ടുണ്ട് അതുകൊണ്ട് അവയെ കാണാത്തതുപോലെ ഒഴിഞ്ഞുമാറി.
കാട്ടുമൃഗങ്ങളുടെ ആവാസ കേന്ദ്രം ആനയും ഇടയ്ക്ക് ഇറങ്ങിവരും കുറച്ചു സമയം ചിലവഴിച്ച് ഞങ്ങൾ വാഴച്ചാലിലേയ്ക്കു തിരിച്ചു.
വരുന്ന വഴി വനത്തിന്റെ മനോഹര ദൃശ്യങ്ങളാണ്. വനത്തിന്നിടയിലൂടെ വെള്ളച്ചേല വിരിച്ച പോലെ ഒഴുകുന്ന പാലരുവികളും കണ്ട് ഭക്ഷണം കഴിക്കാൻ ജാനകി ഹോട്ടലിൽ കയറി. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പോലെ അധികം കറികളൊന്നും ഇല്ലാതെ നാടൻ ഭക്ഷണം ! അവരുടെ നല്ല രീതിയിലുള്ള പെരുമാറ്റം കൊണ്ട് ഞങ്ങൾ തൃപ്തരായി.
അവിടെ നിന്നും ഞങ്ങൾ വാഴച്ചാലിലേയ്ക്ക് പോയി.ആരും പുഴയിൽ ഇറങ്ങിയില്ലെങ്കിലും ഞാനും എന്റെ കസിനായ
“ലത വിശ്വംഭരനുo ” വണ്ടിയുടെ സാരഥിയും കൂടി കുറെ സ്റ്റെപ്പിറങ്ങി പുഴയിലെത്തി എനിക്ക് പേടിയൊന്നും തോന്നിയില്ല ആകാശവും പുഴയും തൊട്ടു തൊട്ടു നില്ക്കുന്നു.നല്ല തണുത്തവെള്ളം ഞാൻ ഇറങ്ങി കാൽ കഴുകി സാരഥി ഞങ്ങളുടെ ഫോട്ടൊയെടുത്തു. ഞാൻ പാറപ്പുറത്തു കയറി നിന്ന് നോക്കി അപാരസൗന്ദര്യം നാട്ടുമ്പുറത്ത് ജനിച്ചു വളർന്ന എനിക്ക് പുഴയും,മലകളും കാണുമ്പോൾ ഭൂതകാല ഓർമ്മകൾ ഓടി വരും.പ്രകൃതി എന്റെ കൂടപ്പിറപ്പാണ്.
ആകാശനീലിമയ്ക്കെന്തുഭംഗി. മാനംമുട്ടിനില്ക്കുന്ന മലനിരകൾ മാടി വിളിക്കുന്നതു പോലെ തോന്നി. അപകടം ക്ഷണിച്ചു വരുത്താതിരിക്കാൻവേണ്ടി ഞങ്ങൾ അവിടെ നിന്നും തിരിച്ചു പോരാൻ തുടങ്ങി.അപ്പോഴാണ് ഒരു പശു ശകുനം മുടക്കിയതു പോലെ താഴെ വന്നു നില്ക്കുന്നതു കണ്ടത് ഇത്ര താഴ്ചയിലേയ്ക്ക് ഈ പശു എങ്ങനെ ഇറങ്ങി ?മായയാണോ എന്നു തോന്നിപ്പോയി.
ഞങ്ങൾ മുകളിലേയ്ക്ക് സ്റ്റെപ്പു കയറുന്നതിനിടയിൽ എതിരെ വരുന്നു “കൊമ്പുoകുലുക്കി കാളയേപ്പോലിരിക്കുന്ന ഒരു പശു”
എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ രണ്ടും കൂടി കൈപിടിച്ചു നിന്നു എതിർവശത്തേയ്ക്കുപശു നീങ്ങിയപ്പോൾ ഞങ്ങൾ പ്രാണനും കൊണ്ട് സ്റ്റെപ്പ് കയറി മുകളിലെത്തി .ഏതോ ഒരു സ്പോട്സ്മാന്റെ പോലെയാണ് പശുവിന്റെ വരവ് അതിന്റെ ഇണയെ തേടി വരുന്നതുപോലെ തോന്നി. ചാടി ഇറങ്ങിവരുന്നത് കണ്ടാൽ പേടി തോന്നും.ഞങ്ങൾക്ക് ഓടിക്കയറാനും ഓടി ഇറങ്ങാനും പറ്റാത്ത അവസ്ഥ.താഴെ പുഴ അതും കുറെ സ്റ്റെപ്പിറങ്ങണം മുകളിലേയ്ക്കും അതു പോലെ തന്നെ!
സാരഥി നടന്ന് മുകളിലെത്തിയിരുന്നു വിളിച്ചാലും ആരും കേൾക്കില്ല മറ്റാരും വന്നതുമില്ല. എന്തായാലും ഓരം ചേർന്ന് പശുവിനെ തിരിഞ്ഞു നോക്കി ഞങ്ങൾ മുകളിലെത്തി ജീവൻ തിരിച്ചു കിട്ടി. അവിടെ നിന്നും ഞങ്ങൾ എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു ആർക്കും പിന്നെ ചായയൊന്നും വേണ്ടി വന്നില്ല വയർഫുൾ. ഏതൊരു യാത്രയിലും വായ യ്ക്കു റെസ്റ്റു കൊടുക്കാതെ ചവച്ചുകൊണ്ടിരിക്കും അത്ര പലഹാരങ്ങളാണ് ഓരോരുത്തർ കൊണ്ടുവരുന്നത്
ഓരോയാത്രയും പുതിയ അറിവുകളാണ് നേടിത്തരുന്നത് എല്ലാവരും സ്വയം പരിചയപ്പെടുത്തിയും പാട്ടുപാടിയും കഥകൾ പറഞ്ഞും ഞങ്ങളുടെ നാടെത്തിയത് അറിഞ്ഞതേയില്ല. 6 മണിയ് മുന്നേ ഞങ്ങൾ എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടിലെത്തി
നല്ലൊരു കൂട്ടായ്മ ഇനിയും ഇതുപോലെ നല്ലൊരു യാത്രയ്ക്കായ് ഞാനും കാത്തിരിക്കുന്നു.




👏👏മനോഹരം
നന്നായിട്ടുണ്ട്