Monday, November 17, 2025
Homeഅമേരിക്കഅമേരിക്ക - (8) 'ന്യൂ യോർക്ക് - Coney island' (യാത്രാ വിവരണം) ✍...

അമേരിക്ക – (8) ‘ന്യൂ യോർക്ക് – Coney island’ (യാത്രാ വിവരണം) ✍ തയ്യാറാക്കിയത്: റിറ്റ  ഡൽഹി

ന്യൂയോർക്കിൽ സന്ദർശനം നടത്തിയ സ്ഥലങ്ങളിലെ  ഏറ്റവും സജീവമായ  ഒന്നായിരുന്നു ‘ കോണി ഐലൻഡ്’. ഈ നഗരത്തിലെ ബ്രൂക്ലിനിലുള്ള ഒരു അയൽപക്ക വിനോദ മേഖലയാണ് ഈ ഐലൻഡ് .

എന്നാൽ അങ്ങോട്ടേക്കുള്ള യാത്ര, എന്തോ നമ്മുടെ തീവണ്ടി യാത്രകളെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഒരു മണിക്കൂർ ദൈർഘ്യമുള്ള സബ്‌വേ യാത്രയാണത്. പലപ്പോഴും ട്രെയിൻ സ്റ്റേഷനിലും അല്ലാതെയും നിറുത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാരെല്ലാം അതൊന്നും ഒരു പ്രശ്നമേയല്ല എന്ന മട്ടിലാണ് . ഒരു പക്ഷെ അതിനെല്ലാം അസ്വസ്ഥത പ്രകടിപ്പിച്ചത് ഞങ്ങളായിരിക്കാം.

അവിടുത്തെ മെട്രോ ട്രെയിനിലെ യാത്രാ അനുഭവങ്ങൾ രസകരം എന്ന് ഇപ്പോൾ തോന്നുന്നുവെങ്കിലും ആ സമയത്ത് ത്രിശങ്കു സ്വർഗ്ഗത്തിൽ പെട്ട പോലെയായിരുന്നു. ന്യൂയോർക്ക് സിറ്റിയിലെ മെട്രോ സ്റ്റേഷനിൽ ഒന്നിലധികം ലൈനുകൾ ഉണ്ട്. ചില സ്റ്റേഷനുകളിൽ 13  വ്യത്യസ്ത ലൈനുകൾ വരെ സർവീസ് നടത്തുന്നുണ്ട്.ഒരേ കളർ ലൈൻ ഉപയോഗിക്കുന്ന നിരവധി സർവീസുകളുള്ളതിനാൽ ഓരോ ട്രെയിനിന്റെയും മുൻവശത്ത് ലൈൻ നിറവും റൂട്ട് നമ്പറും അക്ഷരവും ശ്രദ്ധിക്കേണ്ടതാണ്. മിക്കവരും വീട്ടിൽ നിന്നിറങ്ങുമ്പോഴേ മാപ്പിൽ പോകേണ്ട സ്ഥലം ചേർക്കുകയാണ് പതിവ്. പിന്നീട് ട്രെയിനും പ്ലാറ്റു ഫോമും ഇറങ്ങേണ്ട സ്ഥലവും എല്ലാം മാപ്പ് പറയുന്നതു പോലെ! ഞങ്ങളും അത് പോലെ പോകേണ്ട സ്ഥലമെല്ലാം മാപ്പിൽ ചേർത്തി നടന്നു. പക്ഷെ സ്റ്റേഷൻ എത്തുമ്പോഴേക്കും ട്രെയിൻ അതിൻ്റെ വഴിക്ക് പോയി കാണും. പിന്നീട് അതിനെ പറ്റി അന്വേഷിച്ചപ്പോഴാണ് പറയുന്നത്, നിങ്ങൾ നടക്കുന്നത് വളരെ പതുക്കെയാണ് അതു കൊണ്ടാണ് ഈ പ്രശ്നം. ഒരാൾക്ക് നടക്കാൻ പറ്റുന്ന വേഗതയും മാപ്പ് നിശ്ചയിച്ചിട്ടുണ്ടത്രേ ! ആ വേഗതയിൽ നടന്നാലെ ട്രെയിൻ കിട്ടുകയുള്ളു. അടുത്ത പ്രാവശ്യം സ്പീഡ് കൂട്ടി നടന്ന് മാപ്പ് പറഞ്ഞ പ്ലാറ്റ് ഫോമിൽ എത്തിയപ്പോൾ ട്രെയിൻ വന്നിട്ടുണ്ട്. ഹാവൂ!ചാടിക്കയറി. കഷ്ടക്കാലത്തിന് ആ ബോഗിയിൽ ‘ റൂട്ട് മാപ്പ്’ ഇല്ല. ഇനി തെറ്റിയോ എന്ന ചിന്തയിൽ മൂന്നു – നാലു സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ഞങ്ങൾ തീവണ്ടിയിൽ നിന്നും ഇറങ്ങി. ‘ഇനി എന്ത്?’ അടുത്തു കണ്ട മദാമ്മയോട് ചോദിച്ചപ്പോൾ അതിന്  ഇംഗ്ലീഷ് വലിയ പിടിപാടില്ല. ‘ ഇംഗ്ലീഷ് അറിയാത്ത മദാമ്മയോ?’ അത് റഷ്യയിൽ നിന്നോ മറ്റോ വന്നിട്ടുള്ളതാണ്. മുറി ഇംഗ്ലീഷും ആക്ഷനുമായി മനസ്സിലാക്കി വന്നപ്പോഴേക്കും അവരുടെ ട്രെയിൻ വന്നു. അവർ റ്റാറ്റ പറഞ്ഞു പോയി. പിന്നെ അവിടെയെല്ലാം നടന്നപ്പോൾ കണ്ട മെട്രോയിൽ ജോലിയുള്ള ഒരു മെക്കാനിക്കിനോട് ചോദിച്ചപ്പോൾ, അയാളുടെ ‘വിക്ക്’ കാരണം പറയുന്നതൊന്നും ഞങ്ങൾക്ക് ശരിക്കും മനസ്സിലാകുന്നില്ല🙂.  ഒരേ കാര്യം തന്നെ ഞാനും എൻ്റെ നല്ല പാതിയും മനസ്സിലാക്കിയത് രണ്ടു തരത്തിൽ. അടുത്തൊരു പരീക്ഷണം എന്ന നിലയിലായിരുന്നു പിന്നീടുള്ള യാത്ര!

അറ്റ്ലാന്റിക് സമുദ്രത്തിൽ ഏകദേശം മൂന്ന് മൈൽ നീളുന്ന ഒരു മണൽ നിറഞ്ഞ കടൽത്തീരമാണ് കോണി ഐലൻഡിനുള്ളത്, കടൽക്കാറ്റ് ആസ്വദിക്കാനും ചുറ്റിക്കറങ്ങാനും അനുയോജ്യമായ സ്ഥലം. അതു പോലെ വൈവിധ്യമാർന്ന റൈഡുകൾ, ഗെയിമുകൾ, ഉള്ള  രണ്ട് ഐക്കണിക് അമ്യൂസ്‌മെന്റ് പാർക്കുകളുണ്ട്: ലൂണ പാർക്ക്, ഡെനോയുടെ വണ്ടർ വീൽ അമ്യൂസ്‌മെന്റ് പാർക്ക് . 1988-ൽ ഒരു നഗര ലാൻഡ്‌മാർക്കായി മാറ്റിയ ‘സൈക്ലോൺ‘ . യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും പഴക്കമുള്ള തടി റോളർ കോസ്റ്ററുകളിൽ ഒന്നാണ്.

ഇതു പോലെയുള്ള പൊതുസ്ഥലങ്ങളിൽ പിയാനോ/ഡ്രം/വയലിൻ …. അത്തരം മ്യൂസിക്ക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന കലാകാരന്മാരേയും പാട്ടുകാരേയും ധാരാളം കാണാം. ‘ ജീവിതം ആസ്വദിക്കാനുള്ളതാണ്’ എന്ന മട്ടിൽ ഒരു പറ്റം വയസ്സമാരുടേയും വയസ്സികളുടേയും ഡാൻസു കളി കാഴ്ചകളെ ഉഷാറാക്കി.

‘ ബ്ളും’….. അതിനു പുറകെ രണ്ട് ചെരുപ്പുകളും ആരോ എറിയുന്നുണ്ട്. പിന്നെയും ‘ ബ്ളും’… കടലിൻ്റെ ഉള്ളിലേക്കായിട്ടുള്ള പാലത്തിൽ കൂടി നടന്നപ്പോൾ കണ്ട കാഴ്ചയാണ്. വല്ല ആത്മഹത്യയാണോ ? കാഴ്ച കണ്ടു നിന്ന ഇതിനൊക്കെ ഉത്തരം പറയണോ?

, ഈശ്വരാ🤔. ഒരു പറ്റം കൗമാരക്കാർ പാലത്തിൽ നിന്ന് കടലിലേക്ക് ചാടുകയാണ്. പിന്നീട് അവിടെ നിന്ന് നീന്തി കരയിലേക്ക് വരുന്നുണ്ട്. അതു പോലെയൊന്നും ചെയ്യരുത് എന്ന് പല സ്ഥലത്ത് ബോർഡ് വെച്ചിട്ടുണ്ട്. നിയമങ്ങൾക്ക് ഒരു പാട് പ്രാധാന്യം കൊടുക്കുന്ന  ഈ അമേരിക്കക്കാർക്ക് എന്തു പറ്റി എന്ന് ഓർത്തെങ്കിലും അവരെല്ലാം മെക്സിക്കയിൽ നിന്നുള്ളവരാകാം എന്നാണ് കൂടെയുള്ളവർ പറഞ്ഞത്.

ഇവിടെയുള്ള അക്വേറിയവും പ്രസിദ്ധമാണ്.

വിനോദസഞ്ചാരികളെക്കാളും പ്രാദേശിക ജനങ്ങളെയാണ് കൂടുതലും കണ്ടത് എന്ന പ്രത്യേകത ഉള്ള സ്ഥലമാണിത്. ന്യൂ യോർക്കിൻ്റെ ‘ lively & lovely ‘ എന്ന സ്ഥലം എന്നു പറയാവുന്ന ഇടം.

Thanks

റിറ്റ ഡൽഹി

RELATED ARTICLES

2 COMMENTS

  1. കോണി ഐലൻഡ് കാഴ്ച ശരിക്കും ആസ്വദിച്ചു….
    നല്ല അവതരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com