Thursday, July 17, 2025
Homeസിനിമ' എൺപതുകളിലെ വസന്തം: 'തിലകൻ' ✍ അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

‘ എൺപതുകളിലെ വസന്തം: ‘തിലകൻ’ ✍ അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ

മലയാള ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭകളിലൊരാൾ! എൽ.പി. സ്കൂൾ പഠനകാലത്ത് തന്നെ കിട്ടുന്നതിൽ പാതി എന്ന നാടകത്തിൽ അഭിനയിച്ച് അഭിനയപ്രതിഭ തെളിയിച്ച അപൂർവ്വ നടൻ! സുരേന്ദ്രനാഥ തിലകൻ എന്ന തിലകൻ. അഭൂതപൂർവ്വമായ ചുവടുകളോടെ ഒരു യുഗം തന്നെ നടന്നു തീർത്ത് ഇന്ത്യൻ സിനിമയിലെ തലയെടുപ്പുള്ള നടനും പിൽകാലത്ത് നടനകലയുടെ പെരുന്തച്ചനും ആയി മാറിയ മഹാനടൻ!

1935 ഡിസംബർ 8ന് പത്തനംതിട്ടയിലെ അയിരൂർ പഞ്ചായത്തിൽ പ്ലാങ്കമൺ പാലപ്പുറത്ത് കേശവന്റെയും ദേവയാനിയുടെയും മകനായി ജനിച്ച സുരേന്ദ്രനാഥ തിലകൻ, ആശാൻ പള്ളിക്കൂടം, സെന്റ് ലൂയിസ് കാത്തലിക് സ്കൂൾ, കോട്ടയം എംഡി സെമിനാരി സ്കൂൾ, കൊല്ലം എസ് എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. ജാതി മത വർണ്ണ വെറികൾ കൊടികുത്തി വാണിരുന്ന കാലത്ത് തനിക്ക് ജാതിയില്ല എന്ന് അഡ്മിഷൻ ഫോം പൂരിപ്പിച്ച് നൽകാൻ ധൈര്യം കാണിച്ച യുവാവ്!

മുണ്ടക്കയത്ത് എസ്റ്റേറ്റ് മാനേജറായിരുന്നു തിലകന്റെ അച്ഛൻ. കോളേജ് വിദ്യാഭ്യാസശേഷം സൈന്യത്തിൽ ചേരുകയും ഒരു അസുഖത്തെ തുടർന്ന് കാലു മുറിച്ചു മാറ്റാൻ ഡോക്ടർമാർ ഉത്തരവിടുകയും ചെയ്തപ്പോൾ അക്കാലത്ത് മിലിറ്ററി ഹോസ്പിറ്റൽ സന്ദർശിക്കാൻ വന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് തന്റെ കാലുകൾ തന്റെയോ ബന്ധുക്കളുടെയോ സമ്മതം കൂടാതെ മുറിച്ചു മാറ്റരുതെന്ന് പറയാൻ ചങ്കൂറ്റം കാണിക്കുകയും അനുകൂലമായി ഉത്തരവ് നേടുകയും ചെയ്ത ധൈര്യശാലിയായ യുവാവ്!

കോളേജ് വിദ്യാഭ്യാസകാലത്ത് തന്നെ നാടകസംഘങ്ങളിൽ സജീവമായിരുന്നു. നാടകസമിതികളിലും ട്രൂപ്പുകളിലും പ്രവർത്തിച്ചിരുന്ന അദ്ദേഹം അക്കാലത്ത് റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകിയിരുന്നു.

ഒരു ഡോക്ടറാവാൻ കൊതിച്ച ആ 19കാരനായ യുവാവിന്, അതിനായി 60 രൂപ വേണം. അത് സാധിക്കാതെ വന്നപ്പോൾ ആകെ തകർന്ന് പകരം നാടകം എന്ന പുതിയ വഴി സ്വീകരിക്കുകയായിരുന്നു.

കെ ജി ജോർജിന്റെ ഉൾക്കടൽ എന്ന സിനിമയിലൂടെ തുടക്കം കുറിക്കുകയും അദ്ദേഹത്തിന്റെ തന്നെ യവനികയിലെ കഥാപാത്രത്തിന് മികച്ച രണ്ടാമത്തെ നടനുള്ള അവാർഡ് നേടുകയും ചെയ്തു. കെജി ജോർജിന്റെ കോലങ്ങളിലെ കള്ള് വർക്കി എന്ന കഥാപാത്രത്തിന് ശേഷമാണ് കൂടുതൽ കാമ്പുള്ള വേഷങ്ങൾ തിലകനെ തേടിയെത്തുന്നത്. ഈ കഥാപാത്രം അന്നുവരെയുള്ള ദൃശ്യഭാഷയ്ക്ക് പുതിയ മാനങ്ങൾ ചമച്ചു.

സ്വതസിദ്ധമായ ഡയലോഗ് പ്രസന്റേഷനിലൂടെ തന്റേതായ അഭിനയ ശൈലി കാഴ്ചവെച്ച, ഒരു പരുക്കനായ പിതാവിന്റെ മുഖംമൂടിയണിഞ്ഞ, വിയോജിപ്പുകൾ ഉറക്കെ പറഞ്ഞ 70 കഴിഞ്ഞ ആ നായകൻ സിനിമകളിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ നാടകങ്ങളിലും സജീവമായിരുന്നു. സിനിമയുടേത് മാത്രമായ സാങ്കേതികതയ്ക്ക് ആവശ്യമായ കഥാപാത്ര പ്രകടനം നടത്താൻ വേറെ ആർക്കും കഴിയും? അഭിനയത്തെ സമർപ്പണമായി കണ്ട തിലകനെ പോലുള്ള നടനവിസ്മയത്തിനല്ലാതെ!

യവനിക, ഗമനം, കാട്ടുകുതിര, ജാതകം, ഋതുഭേദം, തനിയാവർത്തനം, മൂന്നാംപക്കം, സ്ഫടികം, കിലുക്കം, സന്താനഗോപാലം, പെരുന്തച്ചൻ, യാത്ര, സർഗ്ഗം, പഞ്ചാഗ്നി, സ്പിരിറ്റ്, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പി തുടങ്ങി അഭിനയ സംസ്കൃതിക്ക് കാലാതീതമായ കാൽപ്പാടുകൾ സമ്മാനിച്ച എത്രയെത്ര സിനിമകൾ! എന്തായിരുന്നു ആ നടൻ!

ഒരു ദേശീയ പുരസ്കാരവും 11 സംസ്ഥാന പുരസ്കാരങ്ങളും നേടിയ അദ്ദേഹത്തെ 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. പെരുന്തച്ചൻ, സന്താനഗോപാലം, ഗമനം, തുടങ്ങിയവ അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ അവസരമൊരുക്കിയ ചിത്രങ്ങളാണ്.

സത്യത്തിനും നീതിക്കും വേണ്ടി പോരാടാനും അനീതിക്കെതിരെ പ്രതികരിക്കുവാനും അദ്ദേഹത്തിന് ഭയമില്ലായിരുന്നു. ഈ നിർഭയത്വമായിരുന്നു ജീവിതത്തിലും പ്രതിഫലിച്ചത്. 2010 ൽ താര സംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉൾപ്പെട്ട് ചലച്ചിത്ര സംഘടനകൾ അദ്ദേഹത്തിന് വിലക്കേർപ്പെടുത്തി. അഭിനയത്തിൽ നിന്നും വിട്ടു നിന്ന ആ രണ്ടുവർഷം അദ്ദേഹത്തിന് എട്ടു സിനിമകൾ നഷ്ടമായി. എന്നാൽ 83 നാടകങ്ങളിലായി പല പല കഥാപാത്രങ്ങളാണ് അദ്ദേഹം ആ കാലയളവിൽ അഭിനയിച്ചു തീർത്തത്. മിനിസ്ക്രീനിലും സജീവമായിരുന്നു. പിന്നീട് 2011ൽ രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിൽ ശക്തമായ വേഷം ചെയ്തുകൊണ്ടും 2012 ൽ ഉസ്താദ് ഹോട്ടലിൽ മികച്ച വേഷം ചെയ്തുകൊണ്ടും അദ്ദേഹം തിരികെ എത്തി.

300 ലേറെ ചിത്രങ്ങളിലായി കാലാനുവർത്തിയായ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളിൽ വലിയ സ്ഥാനം നേടിയ തിലകൻ ഇന്നും കൂട്ടത്തിൽ വേറിട്ട ശബ്ദമായി തന്റെ നേരുകൾക്കായി കലഹിച്ചുകൊണ്ട്, സ്നേഹത്തിന്റെ വലിയൊരു കടൽ ഉള്ളിൽ ഒളിപ്പിച്ചുവെച്ച ഒരു പാവം കർക്കശക്കാരനായി സ്മരിക്കപ്പെടുന്നു.

തന്റെ ഒപ്പം നിരവധി സ്റ്റേജുകൾ പങ്കിട്ട ശ്രീമതി ശാന്തയെയാണ് തിലകൻ വിവാഹം ചെയ്തത്. മൂന്ന് മക്കളുമുണ്ട്. രണ്ടാം വിവാഹം ശ്രീമതി സരോജവുമായിട്ടായിരുന്നു. അതിലും മൂന്ന് മക്കളുണ്ട്. ആറു മക്കളിൽ ഷമ്മി തിലകൻ അച്ഛന്റെ പാത പിന്തുടർന്ന് നമുക്ക് സുപരിചിതനാണ്.

2012 സെപ്റ്റംബർ 24ന് തന്റെ 76 ആം വയസ്സിൽ അദ്ദേഹം നിര്യാതനായി. വേറെ ബഹുമാനാദരങ്ങളോടെ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്

അവതരണം: ആസിഫ അഫ്റോസ്, ബാംഗ്ലൂർ✍

RELATED ARTICLES

7 COMMENTS

  1. പകരം വയ്ക്കാൻ ഇല്ലാത്ത നടൻ
    അദ്ദേഹത്തിന്റെ അഭിനയം ഒന്ന് വേറെ തന്നെ..
    തില കനെ കുറിച്ച് നല്ല വിവരണം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ