ചിങ്ങം പിറന്നാൽ പോന്നോണമായ്
മാലോകർക്കെല്ലാം ഉത്സവമായ്..
“കാണംവിറ്റും” ഓണമുണ്ണണമെന്ന-
വാക്കുപാലിക്കുവാൻ നെട്ടോട്ടമായ്..
ഓണം വന്നോണം വന്നോണം വന്നേ
നാട്ടിലെല്ലാടവും ആർപ്പുവിളി..
പൂക്കളിറുക്കണം പൂവിടണം
ഓണക്കളികൾ കളിച്ചിടേണം..
പൊന്നിൻതിരുവോണ
നാളിലാണെങ്കിലോ നാക്കിലേൽ
ഊണു വിളമ്പിടേണം..
ഉപ്പേരി പപ്പടം പായസം തൊടുകറി-
സമൃദ്ധമായ് സദ്യ,യങ്ങുണ്ടിടേണം..
അത്തം പത്തിന്
പൊന്നോണമെത്തുമ്പോൾ
ആകാശത്തമ്പിളി പൂത്തുനിൽക്കും..
പുഞ്ചിരി തൂകിയ
പാൽവെളിച്ചത്തിലോ-
മുറ്റത്തല്ലാരും നിരന്നിരിക്കും..
രാവിൽ നിലാവത്ത് കൂട്ടരുമൊന്നിച്ച്
താളത്തിൽ നൃത്തം ചവിട്ടിടേണം..
ചേലൊത്ത പാട്ടുകൾ ഈണത്തിൽ
പാടണം
ഊഞ്ഞാലിൽ ആയത്തിൽ
ആടിടേണം..
തുമ്പിതുള്ളൽ പിന്നെ
ചെമ്പഴുക്കാക്കളി
തോഴിമാരൊത്തു തിമിർത്തിടുമ്പോൾ..
വെൺമേഘക്കീറുകൾ പഞ്ഞിപോലെ
ആകാശച്ചെരുവിലായ് നൃത്തമാടും..
നിലാവിൻ വെളിച്ചത്തു നിഴലുള്ള
മുറ്റത്ത് നിലവിളക്കിന്റെ നറുവെളിച്ചം..
അങ്ങേലെ രച്ചേയീം ഇങ്ങേലെ
രച്ചേയീം
തിരുവാതിരയ്ക്കു ചുവടുവെച്ചു..
മുത്തശ്ശിo കൂട്ടരും മുറുക്കിച്ചുവപ്പിച്ചു
പയ്യാരം ചൊല്ലിയിരിക്കും നേരം..
കാർന്നോന്മാരെല്ലാരും ചാവടിയിൽ
സൊറയും പറഞ്ഞു രസിച്ചിരുന്നു..
കായ വറുത്തതും ചീട വറുത്തതും
കറുമുറെ കറുമുറെ കൊറിച്ചിരിക്കും..
മാവിന്റെ കൊമ്പിലെ ഊഞ്ഞാലിലോ
ഉണ്ണിച്ചിരുതേയി കാത്തിരുന്നു..
ഉന്തിയുയര്‍ത്തുവാൻ
ആയത്തിലാട്ടുവാൻ
ചന്തുക്കുട്ടൻ ചേട്ടൻ ഓടിവന്നു..
ഊഞ്ഞാൽ ഉയർന്നങ്ങു
പൊങ്ങിയപ്പോൾ
ഉണ്ണിച്ചിരുതേയി കാറ്റിലാടി..
അമ്പിളിമാമനെപ്പോലെയാ
പൊൻമുഖം വെള്ളിപോൽ
മിന്നിത്തിളങ്ങി നിന്നു..
നിലാച്ചന്തം തൂകിയ
പൊന്നുംകുടത്തിനെ
അമ്മായീം അമ്മയും ഏറ്റുവാങ്ങി..
അമ്പിളിമാമനോ വട്ടമുഖവുമായ്
വെൺമേഘത്തിൽ കീഴേ ഒളിച്ചിരുന്നു..
ചിങ്ങനിലാവിന്റെ വെൺപ്രഭയിൽ
ഓണമോ പൂത്തു വിളങ്ങി നിന്നു..!!




ഓണവിശേഷങ്ങൾ പ്രഭ തൂകി നില്ക്കുന്ന
ഓണനിലാവ് എന്ന കവിത ഹൃദ്യം… സുന്ദരം✍️😊 നൊസ്റ്റാൾജിയ പകർന്ന രചന🥰 ഓണാശംസകൾ ടീച്ചറേ🏵️🌹❤️
കുറെ സ്വപ്നങ്ങളുടെ കഥയാണ് ഓണം