Tuesday, August 25, 2026
Homeഅമേരിക്കവാക്കിനും പ്രവൃത്തിക്കുമപ്പുറം: തുന്നിച്ചേർക്കാനാവാത്ത ചില മുറിവുകൾ ✍️ സിജു ജേക്കബ്

വാക്കിനും പ്രവൃത്തിക്കുമപ്പുറം: തുന്നിച്ചേർക്കാനാവാത്ത ചില മുറിവുകൾ ✍️ സിജു ജേക്കബ്

നമ്മുടെ ഒരു വാക്ക് കൊണ്ട് ആരുടെയെങ്കിലും കണ്ണുനിറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ നമ്മളറിയാതെ ചെയ്ത ഒരു പ്രവർത്തി കാരണം മറ്റൊരാളുടെ ജീവിതത്തിന്റെ താളം തെറ്റിയിട്ടുണ്ടോ?

ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ ഇത്തരം ചോദ്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ പലപ്പോഴും നമ്മൾ സമയം കണ്ടെത്താറില്ല. എന്നാൽ ഓർക്കുക, ലോകത്തിലെ ഏറ്റവും മൂർച്ചയേറിയ ആയുധം വാളോ തോക്കോ അല്ല; അത് മനുഷ്യന്റെ വാക്കുകളും വിവേകമില്ലാത്ത പ്രവൃത്തികളുമാണ്.

ഭാവിയിൽ എപ്പോഴെങ്കിലും ഒരു “സോറി” കൊണ്ട് ഒപ്പിച്ചെടുക്കാം എന്ന വിചാരത്തോടെ നമ്മൾ കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും, മറ്റുള്ളവരുടെ മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിക്കാറുണ്ട്. ചില കാര്യങ്ങളുണ്ട്—ഒരിക്കൽ തകർന്നുപോയാൽ പിന്നെ എത്ര വലിയ ക്ഷമാപണം കൊണ്ടും പഴയതുപോലെ കൂട്ടിച്ചേർക്കാൻ കഴിയില്ല.

കുപ്പിവളയും മനുഷ്യബന്ധങ്ങളും.

ഒരു ചില്ലുപാത്രമോ കുപ്പിവളയോ നിലത്തുവീണ് ഉടഞ്ഞാൽ, ഏറ്റവും നല്ല പശ ഉപയോഗിച്ച് അത് ഒട്ടിച്ചെടുക്കാൻ സാധിച്ചേക്കാം. എന്നാൽ അതിൽ വീണ വിള്ളലുകൾ മാഞ്ഞുപോകുമോ?

ഒരിക്കലുമില്ല. അതുപോലെതന്നെയാണ് മനുഷ്യബന്ധങ്ങളും. അവിവേകം കൊണ്ടോ കോപം കൊണ്ടോ നമ്മൾ തകർത്തുകളയുന്ന വിശ്വാസവും സ്നേഹവും, പിന്നീട് ആയിരം ക്ഷമാപണങ്ങൾ കൊണ്ട് തിരികെ പിടിക്കാൻ ശ്രമിച്ചാലും ആ വിള്ളലുകൾ ഓർമ്മകളുടെ രൂപത്തിൽ അവിടെത്തന്നെയുണ്ടാകും.

“ഞാൻ തമാശക്ക് പറഞ്ഞതാണ്”, “അന്നത്തെ ദേഷ്യത്തിന് ചെയ്തുപോയതാണ്” എന്നൊക്കെ പിന്നീട് ന്യായീകരിക്കാൻ നമുക്ക് എളുപ്പമാണ്. എന്നാൽ ആ വാക്കുകൾ ഏൽപ്പിച്ച മുറിവിന്റെ ആഴം അനുഭവിച്ചറിഞ്ഞ ആൾക്ക് മാത്രമേ മനസ്സിലാകൂ.

ക്ഷമിക്കാൻ പലർക്കും സാധിച്ചേക്കാം, എന്നാൽ അനുഭവിച്ച വേദന മറക്കാൻ ആർക്കും അത്ര എളുപ്പമല്ല.

സമയം പിന്നിട്ട വിവേകം
പലപ്പോഴും തെറ്റുകൾ പറ്റിയ ശേഷമാണ് മനുഷ്യന് വിവേകമുദിക്കുന്നത്.

പ്രകോപനത്തിന്റെ നിമിഷങ്ങളിൽ നാവു കൊണ്ട് നമ്മൾ തീർക്കുന്ന അതിരുകൾ, സ്വാർത്ഥത മൂലം എടുക്കുന്ന തെറ്റായ തീരുമാനങ്ങൾ, വികാരത്തള്ളിച്ചയിൽ കൈവിട്ടുപോകുന്ന ബന്ധങ്ങൾ… ഇവയെല്ലാം പിന്നീട് നമ്മെ വേട്ടയാടാൻ തുടങ്ങുമ്പോഴാണ് ഒരു “ക്ഷമാപണവുമായി” നമ്മൾ മുന്നോട്ട് വരുന്നത്. എന്നാൽ അപ്പോഴേക്കും കാലം ഏറെ മുന്നോട്ട് പോയിട്ടുണ്ടാകും. ആ വ്യക്തിയുടെ മനസ്സിൽ നമ്മളോടുണ്ടായിരുന്ന സ്ഥാനവും മാഞ്ഞുപോയിട്ടുണ്ടാകും.

ചിന്തിക്കുക, പ്രവർത്തിക്കുക
ക്ഷമ ചോദിക്കുന്നത് നല്ലൊരു ഗുണമാണ്, അതിന് വലിയ മനസ്സ് വേണം. എന്നാൽ “ക്ഷമ ചോദിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കാതിരിക്കുക” എന്നതാണ് അതിനേക്കാൾ വലിയ ബുദ്ധി.

ഒരു കാര്യം സംസാരിക്കുന്നതിന് മുൻപും, ഒരു തീരുമാനമെടുക്കുന്നതിന് മുൻപും ഒന്നു നിർത്തുക. നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾ, അല്ലെങ്കിൽ പറയാൻ പോകുന്ന വാക്കുകൾ മറ്റൊരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് ഒരു നിമിഷം ആലോചിക്കുക.

ജീവിതം എന്നത് തിരുത്തിയെഴുതാൻ സാധിക്കുന്ന ഒരു പെൻസിൽ എഴുത്തല്ല. അത് മഷി പേന കൊണ്ട് എഴുതുന്ന വരികൾ പോലെയാണ്; ഒരിക്കൽ തെറ്റിയാൽ ആ പേജ് മുഴുവൻ പ്രയോജനം ഇല്ലാത്തതാകും അതുകൊണ്ട്, നിമിഷനേരത്തെ വികാരങ്ങൾക്ക് അടിമപ്പെട്ട് മറ്റുള്ളവരുടെ മനസ്സും ജീവിതവും തകർക്കാതിരിക്കാം. കാരണം, ചില മുറിവുകൾ മായ്ക്കാൻ ഈ ലോകത്തിലെ ഒരു ക്ഷമാപണത്തിനും സാധിക്കില്ല!

സിജു ജേക്കബ്, ഓസ്‌ട്രേലിയ

(എഴുത്തുകാരൻ/സഞ്ചാരി)

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ