ആളുകളെ ചിരിപ്പിക്കാൻ ഒരു പ്രത്യേക നൈപുണ്യംതന്നെ വേണം. അതു വാരിക്കോരിക്കൊടുത്ത ഒരു പ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ എന്ന് നിസ്സംശയം പറയാം.
മേരി ജോസിയുടെ ആദ്യകൃതിയാണ് “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും” എന്നറിയുമ്പോൾ വായനക്കാർ ഒന്നമ്പരന്നുപോകും. കാരണം അത്രയും ഒതുക്കത്തോടെ, വായനക്കാരന്റെ രസാനുഭൂതികളുടെ മർമ്മമറിഞ്ഞാണ് കഥാകാരിയുടെ ആഖ്യാനം.
“പാക്കേജ് ടൂർ” എന്ന ആദ്യകുറിപ്പുതന്നെ എടുക്കാം. യാത്ര ഇഷ്ടപ്പെടുന്നവരും, യാത്രയിൽ അഭിരമിക്കുന്നവരും യാത്രയെ പ്രമോട്ടുചെയ്യുന്നവരുമാണ് ഇന്നത്തെ സമൂഹം!അതുകൊണ്ടുതന്നെ ഈ മാനുഷികദൗർബ്ബല്യത്തെ ചൂഷണം ചെയ്യുന്നതരത്തിൽ ഒട്ടനവധി കുതികാൽവെട്ടുകൾ ഈ മേഖലയിൽ പൊട്ടിമുളച്ചിട്ടുമുണ്ട്. ശശിധരനു കിട്ടിയ ടൂർ പാക്കേജ് ഓഫർ അത്തരത്തിൽ ഒരു ചതിയായിരുന്നു. ശശിധരൻ ചതിക്കുഴിയിൽ വീഴാതെ രക്ഷപ്പെട്ടുവെങ്കിലും ‘അഞ്ജലി’ എന്ന പാക്കേജുകാരിയുടെ കിളിനാദം കേട്ടതിനു ശേഷം കഥാനായകന്റെ മനസ്സിൽ കതിരിട്ട ചിന്തകളും മറ്റും ഫലിതത്തിൽ ചാലിച്ച് മേരി ജോസി വിവരിക്കുന്നുണ്ട്.
“ഭാര്യയെയും കൊണ്ട് ടൂറിനൊക്കെ പോകാറുണ്ടോ സാർ “എന്നു തിരക്കിയ അഞ്‌ജലിക്ക് വൃദ്ധൻ കൊടുക്കുന്ന മറുപടി കേൾക്കൂ.
“സദ്യ ഉണ്ണാൻ ആരെങ്കിലും പൊതിച്ചോറും കൊണ്ടുപോകുമോ ചെല്ലക്കിളീ “
ഇതുകേട്ടാൽ ഏതു ഗൗരവക്കാരനും ഒന്ന് അയഞ്ഞുപോകില്ലേ? ടൂറിന്റെ കാര്യം വൃദ്ധൻ ഭാര്യയോട് പറഞ്ഞില്ല, കാരണം “അവളോട് പറയുന്നതും പത്രത്തിൽ പരസ്യം കൊടുക്കുന്നതും ഒരുപോലെ” യാണെന്നാണ് അങ്ങേരുടെ നിഗമനം. പാക്കേജ് ടൂറിനു അദ്ദേഹം കൊടുക്കുന്ന നിർവചനം കേട്ടാൽ പൊട്ടിച്ചിരിക്കാത്തവരുണ്ടാകില്ല!
വീണത് വിദ്യയാക്കി മാറ്റിയ “ഷട്ടറിലെ ശ്രീവിദ്യ” സൗണ്ട് എഞ്ചിനീയറിങ്ങിന്റെ കാണാപ്പുറങ്ങളറിയാത്ത നാട്ടുകാരുടെ നിഷ്കളങ്കത വിവരിക്കുന്ന “കോളാമ്പി മൈക്ക് “എന്നിവയൊക്കെ നമുക്കു ചുറ്റും കാണുന്ന സർവ്വസാധാരണമായ കാഴ്ചകൾതന്നെ! പക്ഷേ ഇത്തരം കാര്യങ്ങളിലൊന്നും നമ്മുടെ കണ്ണുടക്കാറില്ല. എന്നാൽ സൂക്ഷ്മദർശിനിയായ മേരി ജോസിയുടെ കണ്ണുകൾ അവയെല്ലാം ഒപ്പിയെടുത്തു. നർമ്മ ഭാവനയുടെ മേമ്പൊടിചേർത്ത് നമുക്കു വിളമ്പിത്തന്നു.
ഒരു മനുഷ്യനും ബുദ്ധിശൂന്യനായി ജനിക്കുന്നില്ല. നമ്മുടെ ഉള്ളിലുള്ള കഴിവുകളെ തിരിച്ചറിഞ്ഞു വേണ്ടവിധത്തിൽ “ചാനലൈസ്” ചെയ്യുന്നിടത്താണ് ജീവിതവിജയം. ഈ നഗ്നസത്യം മറനീക്കി പുറത്തുവരുന്നുണ്ട് “സേതുരാമയ്യർ സി. ബി. ഐ “എന്ന കഥയിൽ.
“കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ “എന്ന് നാട്ടിൻപുറത്തൊരു ചൊല്ലുണ്ട്. മറ്റൊരാൾ നന്നായിക്കാണുന്നത് ചുറ്റുമുള്ളവർക്കത്രപിടിക്കില്ല, പ്രത്യേകിച്ചും നന്നാവുന്ന പ്രസ്തുതവ്യക്തി താഴെത്തട്ടിൽ നിന്ന് ഉയർന്നുവരുന്നവനാണെങ്കിൽ! അവരതിനു പാരവയ്ക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. മനുഷ്യമനസ്സിന്റെ ഈ ഇരുണ്ടവശം പ്രതിഫലിപ്പിക്കുന്ന “വണ്ടിച്ചെക്ക്” വായനക്കാർക്കിഷ്ടപ്പെടാതിരിക്കില്ല. കഥയുടെ അവസാനം ചാൾസിനോട് തോന്നുന്നത് സഹതാപംമാത്രം!
കുത്തിത്തിരുപ്പ് ഒരു പാഷനായി കൊണ്ടുനടക്കുന്ന ചില മനുഷ്യരെ കണക്കറ്റ് അപഹസിക്കാനും മേരി ജോസി മറക്കുന്നില്ല.
മസിലു പിടിച്ചിരിക്കാൻ മാത്രമുള്ളതല്ല ജീവിതം എന്നു നമ്മെ ഓർമ്മപ്പെടുത്തുന്ന ഒട്ടനവധി മഹാത്മാക്കൾ നമ്മുടെ കലാസാഹിത്യരംഗങ്ങളിൽ ഉണ്ട്. ഫലിതത്തിലൂടെ സാമൂഹ്യപരിഷ്കരണം നടത്തിയ കുഞ്ചൻനമ്പ്യാർ മുതലിങ്ങോട്ട് വളരെയേറെപ്പേർ നമ്മുടെ മനസ്സിൽ അടയാളപ്പെടുത്തപ്പെട്ടത് നർമ്മത്തിലൂടെയാണ്! വസ്തുതകളുടെ നാം കാണാത്ത വശങ്ങളെ അവർ കാണും. അവയെയെല്ലാം, നിസ്സാരമെന്നുകരുതി തള്ളിക്കളയാതെ, സ്വാംശീകരിച്ചു പുത്തൻ മേമ്പൊടി ചേർത്ത് അവതരിപ്പിക്കും. അവയെ കാണാനും കേൾക്കുവാനും മനസ്സിലാക്കുവാനും ഈശ്വരൻ നമുക്ക് പുതിയൊരു കണ്ണും ചെവിയും ഹൃദയവും നൽകട്ടെ!!
മേരി ജോസിക്ക് എല്ലാ ആശംസകളും!
സ്നേഹാശംസകൾ 😍🙏🎊
🙏
രചയിതാവിനും ആസ്വാദകയ്ക്കും അഭിനന്ദനങ്ങൾ💐💐🙏🙏❤️❤️
🙏
Congratulations
ആശംസകള്
മേരി ജോസിയുടെ ആദ്യകൃതിയായ “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും”
ആർക്കും വായിക്കാൻ തോന്നും ഈ അസ്വാദനക്കുറിപ്പു വായിക്കുമ്പോൾ.
കഥയുടെ അല്ലെങ്കിൽ കഥകളുടെ മർമ്മം സൂചിപ്പിച്ചു മനോഹരമായ എഴുത്ത്
എഴുത്തുകാരിക്കും, ആസ്വാദനം തയ്യാറാക്കിയ ഗിരിജ മാഡത്തിനും
അഭിനന്ദനങ്ങൾ
All the best
ഇരുവർക്കും അഭിനന്ദനങ്ങൾ 🌹