Wednesday, April 8, 2026
Homeഅമേരിക്ക"യുദ്ധം" ഇന്നുവരെ ആരും ജയിച്ചിട്ടില്ല ✍അഫ്സൽ ബഷീർ തൃക്കോമല

“യുദ്ധം” ഇന്നുവരെ ആരും ജയിച്ചിട്ടില്ല ✍അഫ്സൽ ബഷീർ തൃക്കോമല

വീണ്ടും ലോകമൊരു യുദ്ധ മുഖത്തു നിൽക്കുമ്പോൾ “യുദ്ധം ഒരിക്കലും നല്ലതല്ല, സമാധാനം ഒരിക്കലും മോശവുമല്ല”എന്ന ഗാന്ധി വചനത്തിനാണ് മുൻഗണന. നിർഭാഗ്യവശാൽ എല്ലാം അടിച്ചു തീർക്കാം ആര് ജയിക്കുന്നോ അവർക്കു
പേരും പദവികളും എന്ന നിലയിൽ ലോക ക്രമം മാറിയിരിക്കുന്നു .

“യുദ്ധം” എന്ന വാക്കിനു മനുഷ്യ രാശിയോളം പഴക്കമുണ്ട് .കീഴടക്കുക ,അവകാശങ്ങൾ നേടിയെടുക്കുക ,ഭയപ്പെടുത്തുക ,ഉന്മൂലനം ചെയ്യുക എന്നതൊക്കെയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ ആത്യന്തികമായി നഷ്ടങ്ങളുടെയും ദുഖങ്ങളുടെയും കണക്കുകളാണ് യുദ്ധം
സമ്മാനിക്കുക.
രണ്ടോ അതിലധികമോ രാജ്യങ്ങളോ ഒന്നിലധികം വിഭാഗങ്ങൾ രാജ്യങ്ങൾക്കുള്ളിലോ ചേരി തിരിഞ്ഞ് ആയുധങ്ങളോടു കൂടിയ സേനയെ ഉപയോഗിച്ച് നടത്തുന്ന പോരാട്ടമാണ് പൊതുവെ യുദ്ധമായി മാറുന്നത് . പൗരാണിക കാലങ്ങളിൽ യുദ്ധം തുടർച്ചയായ ഒരൊറ്റ സംഘട്ടനത്തിൽ അവസാനിക്കുമായിരുന്നു. എന്നാൽ ആധുനിക കാലത്തു സൈന്യങ്ങളുടെ വളർച്ചയും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗവും യുദ്ധത്തിൽ കര നാവിക വ്യോമ വിഭാഗങ്ങൾ ഒറ്റക്കോ ഒരുമിച്ചോ യുദ്ധം നിയന്ത്രിക്കുക വഴി യുദ്ധത്തിന്റെ രൂപവും ഭാവവും മാറി പല സംഘട്ടന ങ്ങളും പല വിഭാഗങ്ങളുമായി മാറി. യുദ്ധത്തിനു രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അതിർത്തി തർക്കം മുതൽ ആയുധ കച്ചവട താല്പര്യങ്ങളും വ്യക്തി താല്പര്യങ്ങൾ വരെ കാരണമാകാം. കാൾ വോൺ ക്ലോസെവിറ്റ്സ് “ഓൺ വാർ” എന്ന പ്രബന്ധത്തിൽ “തങ്ങളുടെ ശത്രുക്കളെ തങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കാൻ നിർബന്ധിതരാക്കുവാൻ വേണ്ടിയുള്ള ഒരു ബലപ്രയോഗമാണ് യുദ്ധം.” എന്ന നിരീക്ഷണമാണ് വർത്തമാന കാലത് ഏറെ പ്രസക്തം .

രണ്ടാം ലോകമഹായുദ്ധത്തിൽ ഇരുപത്തി നാല് ദശലക്ഷം സൈനികരുൾപ്പടെ എട്ടു കോടിയോളം മനുഷ്യർ മരിച്ചു വീണതും ലോകത്തു മൊത്തം അശാന്തിയും അക്രമവും പടർന്നതും ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ലോകം തിരിച്ചുവരവിന്റെ പാതയിൽ നീങ്ങുമ്പോൾ അവിടെയും ഇവിടെയുമായി പിന്നെയും യുദ്ധ സന്നാഹങ്ങളൊരുക്കി രാജ്യ വിസ്തൃതി കൂട്ടാനോ ലോകത്തിന്റെ കടിഞ്ഞാൺ കൈക്കലാക്കാനോ ഉള്ള നീക്കങ്ങളെ ചെറുത് തോൽപ്പിക്കാൻ ലോക രാജ്യങ്ങളും ഐക്യ രാഷ്ട്ര സഭയും മുൻപോട്ടു വന്നില്ലെങ്കിൽ ഇനിയും ലക്ഷ കണക്കിന് മനുഷ്യരുടെ ജീവൻ പൊലിയുകയും ജീവിതോപാധിയും സമ്പത്തും നഷ്ടപ്പെട്ട് പുത്തൻ അഭയാർത്ഥികളെ സൃഷ്ടിക്കാനും മാത്രമേ ഉപകരിക്കൂ .മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിനു മേൽ കടന്നു കയറി ഭരണാധികാരികളെ ഉൾപ്പടെ കൊന്നൊടുക്കുന്നതും മനഃപൂർവ്വം മറ്റു
രാജ്യങ്ങളെ അനാവശ്യമായി യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്നതും
എന്തിനു വേണ്ടിയാണ് ?.ലോകത്തെ
മുഴുവൻ തങ്ങളുടെ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുന്ന
രാജ്യങ്ങൾ തങ്ങളുടെ രാജ്യത്തിന്റെ സമ്പത്തു ചോർന്നു പൊയ്ക്കൊണ്ടിരിക്കുന്ന വിവരങ്ങൾ തിരിച്ചറിയുന്നുണ്ടോ ?.
പ്രത്യക്ഷത്തിൽ യുദ്ധം ജയിച്ചവർ എന്ന് അവകാശവാദമുള്ളവരെല്ലാം വളരെ പെട്ടന്ന് തകർന്നടിഞ്ഞതാണ് ചരിത്രം . ബാഹ്യമായ വിജയം ആഘോഷിക്കപ്പെടുമ്പോഴും സമ്പത്തും ആയുധബലവും മാനവ വിഭവശേഷിയും ദുർബലപ്പെടുന്നതോടെ തകർച്ചയുടെ ആക്കം കൂടുന്നു .

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധ സമാനമായ സാഹചര്യങ്ങളെ വിലയിരുത്തി ചർച്ചകൾ സംഘടിപ്പിക്കുന്ന കേരളത്തിലെ ഉൾപ്പടെയുള്ള വാർത്താ ചാനലുകൾ കാട്ടികൂട്ടുന്ന കോപ്രായങ്ങളും ഗ്രാഫ്സ് വരക്കലും മുൻപ് നടന്ന യുദ്ധങ്ങളുടെ പടങ്ങൾ എഡിറ്റ് ചെയ്തു ജനങ്ങളെ കാണിച്ചു കൈയടി നേടാൻ ശ്രമിക്കുന്നതും .
ആയുധ കമ്പോളങ്ങളുടെ കച്ചവട താൽപ്പര്യങ്ങളെ ഒളിച്ചു കടത്തുന്ന യുദ്ധ പ്രചാരകരാണ് യുദ്ധകാലങ്ങളിൽ കൂടുതൽ കളം നിറയുന്നത് അവരെ നമ്മുടെ ദൃശ്യ മാധ്യമങ്ങൾ തോൽപ്പിക്കുമോ ?
സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ട്രോളുകൾ എന്ന ഓമന പേരിലറിയപ്പെടുന്ന “വേദനിപ്പിക്കുന്ന തമാശകൾ “കൂടി കാണുമ്പോൾ കേരള ജനതയ്ക്ക് സമ്പൂർണ്ണ സാക്ഷരതയുണ്ടെങ്കിലും വകതിരിവോ മാനസിക വളർച്ചയെ നഷ്ടമായി കൊണ്ടിരിക്കുന്നു എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു .

ജോൺ കീഗൻ “ഹിസ്റ്ററി ഓഫ് വാർഫെയർ” എന്ന ഗ്രന്ഥത്തിൽ “ഉപയോഗിക്കുന്ന സമൂഹത്താൽ രൂപവും വ്യാപ്തിയും നിർണ്ണയിക്കപ്പെടുന്ന ഒരു ആഗോള പ്രതിഭാസമാണ് യുദ്ധം” അങ്ങനെ
നോക്കുമ്പോൾ വലിയ ദുരന്തമായി മാറേണ്ടിയിരുന്ന ഒരുപാട് യുദ്ധങ്ങൾ ഉണ്ടാകാതിരുന്നിട്ടുണ്ട് .ഇന്നത്തെ
യുദ്ധവും അധികം താമസിയാതെ
അവസാനിക്കും .പക്ഷെ അത് വരുത്തിവെച്ച വിനാശം അത്ര പെട്ടെന്ന് അവസാനിക്കില്ല .യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് മനുഷ്യൻ പാഠം പഠിക്കുന്നില്ല എന്നത് ദുഖകരമാണ് .
കോവിഡ് ഒരു പകർച്ചവ്യാധിയാണെന്നു സമാധാനിക്കാം .യുദ്ധമോ ?വരുത്തി
വെച്ച് ചികിത്സിക്കുന്നു .
ഭൂരിപക്ഷം വരുന്ന സമാധാന കാംഷികളുടെ സ്വപ്നങ്ങൾക്കൊപ്പം നമുക്ക് സഞ്ചരിക്കാം.
ഒപ്പം യുദ്ധങ്ങൾ അനിവാര്യതയല്ല, അവ മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഫലങ്ങളാണ്. അറ്റമില്ലാത്ത അധിനിവേശ ചിന്തകൾ ഉപേക്ഷിച്ച്, സ്നേഹവും സാഹോദര്യവും നിറഞ്ഞ ഒരു ലോകം കെട്ടിപ്പടുക്കാൻ നമുക്ക് പരിശ്രമിക്കാം

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com