Monday, March 17, 2025
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ഗാസയിൽ ബന്ദി കൈമാറ്റം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഹമാസ് 3 ഇസ്രയേലുകാരെയും പകരമായി ഇസ്രയേൽ 183 പലസ്തീൻകാരെയും വിട്ടയച്ചു. ഹമാസ് വിട്ടയച്ചവരിൽ ഒരു ഇസ്രയേൽ –അമേരിക്കൻ പൗരനും ഉണ്ട്. വിട്ടയച്ച പലസ്തീൻകാരെ സ്വീകരിക്കാൻ വലിയ ജനക്കൂട്ടം എത്തിയിരുന്നു. ഇസ്രയേലുകാരെ കൈമാറിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലേതു പോലെ ജനക്കൂട്ടം ഉണ്ടാകാതിരിക്കാൻ ഹമാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ജനക്കൂട്ടത്തിന്റെ ബഹളത്തിലൂടെ ബന്ദികളെ കൈമാറുന്നതിൽ അനിഷ്ടം പ്രകടിപ്പിച്ച് പലസ്തീൻകാരെ കൈമാറുന്നത് കഴിഞ്ഞ ദിവസം ഇസ്രയേൽ വൈകിപ്പിച്ചിരുന്നു. പലസ്തീനിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഗുരുതരം രോഗം ബാധിച്ചവരുടെ ആദ്യ സംഘം കഴിഞ്ഞ ശനിയാഴ്ച റഫ അതിർത്തി വഴി ഈജിപ്തിലേക്കു പോയി. ലോകാരോഗ്യ സംഘടനയാണ് യാത്ര ഒരുക്കിയത്.
അതേസമയം രണ്ട‌ാഴ്ച മുൻപു വെടിനിർത്തൽ നിലവിൽ വന്നിട്ടും ഇസ്രയേൽ ആക്രമണം തുടരുന്നു. മധ്യ ഗാസയിൽ നുസേറത്ത് ക്യാംപിനു പടിഞ്ഞാറ് തീരദേശപാതയിൽ വാഹനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ 4 പലസ്തീൻകാർക്കു പരുക്കേറ്റു. വടക്കൻ ഗാസയിലേക്കു പോയ സംശയകരമായ വാഹനം തകർത്തെന്നും വെടിനിർത്തൽ കരാറിൽ ആക്രമണം ഒഴിവാക്കാൻ പറഞ്ഞിട്ടുള്ള മേഖലയ്ക്കു പുറത്തായിരുന്നു ഈ സ്ഥലമെന്നും ഇസ്രയേൽ അറിയിച്ചു. വെടിനിർത്തൽ വ്യവസ്ഥയുടെ ലംഘനമാണെന്ന് ഹമാസ് ആരോപിച്ചു. വാഹനങ്ങളും വസതികളും തകർക്കുന്നത് ഹമാസ് ബന്ധം സംശയിച്ചാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്. സഹായവിതരണം ഉറപ്പാക്കുന്നതു കരാറിന്റെ ഭാഗമാണെങ്കിലും അതു നടപ്പാക്കാൻ ഇസ്രയേൽ താൽപര്യം കാണിക്കുന്നില്ലെന്നും ഹമാസ് കുറ്റപ്പെടുത്തി. മരുന്നും ഇന്ധനവും അടക്കം സഹായം ഗാസയിലേക്കു കടത്തിവിടുന്നില്ലെന്നാണ് ആരോപണം.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ജെനിൻ അഭയാർഥി ക്യാംപിനു നേരെ നടത്തിയ ആക്രമണത്തിൽ ഇരുപതോളം വീടുകളും കെട്ടിടങ്ങളും തകർന്നു. തീവ്രവാദ സംഘടനങ്ങൾ ഉപയോഗിക്കുന്നതായി കരുതുന്ന കെട്ടിടങ്ങളാണു തകർക്കുന്നതെന്ന് ഇസ്രയേൽ പറയുന്നു.

2. ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തോട് അതേ നാണയത്തിൽ തിരിച്ചടിക്കാൻ കാനഡയും മെക്സിക്കോയും ചൈനയും. യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 15,500 കോടി കനേഡിയൻ ഡോളറിന്റെ ഉൽപന്നങ്ങൾക്ക് 25% ഇറക്കുമതി തീരുവ ചുമത്തുമെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചു. ഇതോടെ മേഖലയിൽ വ്യാപാരയുദ്ധത്തിനുള്ള സാധ്യത ഉച്ചസ്ഥായിയിലെത്തി. ആദ്യഘട്ടമായി 3000 കോടി ഡോളറിന്റെ ഉൽപന്നങ്ങൾക്കു ചുങ്കം ചുമത്തുമെന്നും വരും ആഴ്ചകളിൽ മറ്റു ഉൽപന്നങ്ങൾക്കും ഇത് ബാധകമാക്കുമെന്നും ട്രൂഡോ പറഞ്ഞു. അമേരിക്കൻ ബിയർ, വൈൻ, മദ്യം, പഴം, പച്ചക്കറി, പ്ലാസ്റ്റിക് തുടങ്ങി യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപന്നങ്ങൾക്കും തീരുവ ബാധകമായിരിക്കും. പ്രശ്നം വഷളാകാതിരിക്കാൻ തീർച്ചയായും ശ്രമിക്കുമെങ്കിലും കാനഡയ്ക്കും കനേഡിയൻ ജനതയ്ക്കും അവരുടെ തൊഴിലുകൾക്കും വേണ്ടി സർക്കാർ നിലകൊള്ളുമെന്നും ട്രൂഡോ പറഞ്ഞു. യുഎസിന്റെ ഇരുണ്ട നാളുകളിൽ കാനഡ അവർക്കൊപ്പം നിലകൊണ്ടിട്ടുണ്ട്. ഇറാനിലെ ബന്ദി പ്രതിസന്ധി, അഫ്ഗാൻ യുദ്ധം, കത്രീന കൊടുങ്കാറ്റ്, കലിഫോർണിയ കാട്ടുതീ ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ യുഎസിനൊപ്പം കാനഡ നിന്നു. യുഎസിന്റെ സുവർണയുഗമാണ് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് കാനഡയുമായി മികച്ച സഹകരണമാണ് വേണ്ടത്. ഞങ്ങളെ ശിക്ഷിക്കുകയല്ലെന്നും ട്രൂഡോ കൂട്ടിച്ചേർത്തു. യുഎസിന് സമാനമായ തിരിച്ചടി നൽകുമെന്നാണു ചൈനയുടെയും പ്രതികരണം. വ്യാപാരയുദ്ധത്തിലും തീരുവ യുദ്ധത്തിലും വിജയികളുണ്ടാകില്ലെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അധിക ചുങ്കം ചുമത്തുന്നത് ലഹരിമരുന്ന് നിയന്ത്രണവുമായി ബന്ധപ്പെട്ട ഭാവിയിലെ ഉഭയകക്ഷി സഹകരണത്തെ മോശമായി ബാധിക്കുകയേ ഉള്ളൂ. തുല്യതയിലും പരസ്പര വിശ്വാസത്തിലും ഇരുപക്ഷങ്ങൾക്കുമുള്ള നേട്ടത്തിലും ഊന്നിയുള്ള തുറന്ന ചർച്ചകൾക്കും സഹകരണത്തിനും യുഎസ് തയാറാകണമെന്നും ചൈന പറഞ്ഞു. യുഎസ് ഭീഷണി നേരിടാനുള്ള ‘പ്ലാൻ ബി’ തയാറാക്കി വരുകയാണെന്ന് മെക്സിക്കോ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗം പ്രതികരിച്ചു. യുഎസ് ഉൽപന്നങ്ങൾക്ക് 25 % ഇറക്കുമതി തീരുവ തന്നെ തിരികെ ചുമത്താനാണു മെക്സിക്കൻ നീക്കമെന്നാണു സൂചന. ലഹരിക്കടത്ത് സംഘങ്ങളുമായി മെക്സിക്കൻ സർക്കാരിന് ബന്ധമുണ്ടെന്ന ട്രംപിന്റെ ആരോപണം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും ക്ലൗഡിയ പറഞ്ഞു. തീരുവ ചുമത്തുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ലെന്നും അതിന് ചർച്ചകളാണ് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. യുഎസിന്റെ ഇറക്കുമതിയുടെ 40 ശതമാനവും ചൈന, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നാണ്.

അതിനിടെ മെക്സിക്കോയ്ക്ക് 25% അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം ട്രമ്പ് താത്കാലികമായി മരവിപ്പിച്ചു. ഒരുമാസത്തേക്കു തീരുവ വർധന നടപ്പാക്കില്ലെന്നു ധാരണയായതായി വൈറ്റ് ഹൗസും മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷൈൻബൗവും അറിയിച്ചു. ചൊവ്വാഴ്ച മുതൽ തീരുവവർധന നിലവിൽ വരാനിരുന്നതാണ്. തിങ്കളാഴ്ച ട്രംപും ക്ലൗഡിയയും മുക്കാൽ മണിക്കൂറോളം ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് തീരുമാനം എന്നാണ് സൂചന. അതിർത്തിയിൽ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്നു യുഎസിന് ഉറപ്പുനൽകിയെന്നു ക്ലൗഡിയ പറഞ്ഞു. യുഎസിലേക്കു ലഹരിമരുന്ന് കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം. മെക്സിക്കോയ്ക്കുമേൽ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാന കാരണമായി പറഞ്ഞിരുന്നത് തെക്കൻ അതിർത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു. ക്ലൗഡിയയുമായി വളരെ സൗഹാർദപരമായ സംഭാഷണമാണു നടന്നതെന്നു ട്രംപ് തന്റെ സ്വന്തം സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ അഭിപ്രായപ്പെട്ടു.

കാനഡക്കെതിരെയും യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡോണൾഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ഫോൺ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാൻ അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.

3. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള വൈകാരികമായ വിഡിയോ പങ്കുവച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓർത്തു കരഞ്ഞ നടി, കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ലെന്നും വൈറ്റ് ഹൗസ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇരകളാക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അമ്മമാരുടെ വിഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞ സെലീന ഗോമസിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ, നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വിഡിയോ പിൻവലിച്ചിരുന്നു. നടി തങ്ങളുടെ വേദനയെ അവഗണിക്കുകയും കുടിയേറ്റ വിഷയങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്നും വൈറ്റ് ഹൗസ് പുറത്തുവിട്ട വിഡിയോയിൽ ഇരകളുടെ അമ്മമാർ ആരോപിക്കുന്നുണ്ട്.

അതേസമയം യുഎസിലുള്ള കുടിയേറ്റക്കാരെ തിരച്ചയയ്ക്കാൻ 18–ാം നൂറ്റാണ്ടിലെ നിയമമായ ‘ഏലിയൻസ് എനിമി ആക്ട്’ തിരിച്ചുകൊണ്ടുവരാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടിയേറ്റക്കാരിൽ ക്രിമിനൽ ഗ്യാങ് അംഗങ്ങൾ എന്നു സംശയിക്കുന്നവരെ കോടതി നടപടികൾക്കൊന്നും കാക്കാതെ തിരിച്ചുവിടാൻ അധികാരം നൽകുന്ന നിയമമാണ് ഇത്. രണ്ടാം ലോകയുദ്ധകാലത്താണ് ഇത് അവസാനമായി യുഎസിൽ ഉപയോഗിച്ചത്. അനധികൃത കുടിയേറ്റത്തിനെതിരായി ട്രംപ് ശക്തമായ നടപടികൾക്കു രൂപം നൽകിക്കൊണ്ടിരിക്കുകയാണ്.

കൂട്ടമായുള്ള തിരിച്ചയയ്ക്കലിനെ സഹായിക്കാൻ സൈന്യത്തിനു നിർദേശമുണ്ട്. സ്കൂളുകളിൽ നിന്നും പള്ളികളിൽനിന്നും ആശുപത്രികളിൽനിന്നും പോലും അറസ്റ്റ് നടത്താൻ ഇമിഗ്രേഷൻ അധികൃതർക്ക് കൂടുതൽ അധികാരവും നൽകിയിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ നീക്കത്തെ സാമൂഹിക പ്രവർത്തകർ ശക്തമായി എതിർക്കുന്നു. യുദ്ധസമയത്തുണ്ടാക്കിയ നിയമം സമാധാനകാലത്ത് ഉപയോഗിക്കുന്നതിലെ വൈരുധ്യം അവർ ചൂണ്ടിക്കാട്ടി.

അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഡോണൾ‍ഡ് ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സി–17 വിമാനം 205 യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽനിന്നാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഓരോ യാത്രക്കാരന്റെ രേഖകളും കൃത്യമായി പരിശോധിച്ചശേഷമാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ 1,100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു. യുഎസ് തയാറാക്കിയ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയിൽ ആകെയുള്ള 15 ലക്ഷം പേരിൽ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ട്.

4. റഷ്യൻ അതിർത്തിയിൽ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലുള്ള സുദ്സയിലെ സ്കൂളിൽ യുദ്ധമേഖലയിൽ നിന്ന് ഒഴിപ്പിക്കുന്നവരെ പാർപ്പിച്ചിരുന്ന കെട്ടിടം ശനിയാഴ്ച രാത്രിയുണ്ടായ മിസൈൽ ആക്രമണത്തിൽ തകർന്ന് 4 പേർ കൊല്ലപ്പെട്ട സംഭവത്തെച്ചൊല്ലി ഇരുരാജ്യങ്ങളും പരസ്പരം പഴിചാരുന്നു. 4 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുണ്ട് 84 പേരെ രക്ഷപ്പെടുത്തി. തകർന്ന കെട്ടിടത്തിനടിയിൽ കൂടുതൽ പേർ കുടുങ്ങിയതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം തുടരുന്നു. റഷ്യയുടെ ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആക്രമണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആരോപിച്ചു. സാധാരണക്കാരാണ് ഈ ബോർഡിങ് സ്കൂളിൽ ഉണ്ടായിരുന്നതെന്ന് അറിഞ്ഞുകൊണ്ട് റഷ്യ കൂട്ടക്കൊല നടത്തുകയായിരുന്നുവെന്നും ചെച്നിയയിലും സിറിയയിലും യുക്രെയ്നിലെ അധിനിവേശ പ്രദേശങ്ങളിലും റഷ്യ ചെയ്യുന്നതിതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് യുക്രെയ്നിന്റെ ഭാഗത്തുനിന്നുണ്ടായ ഭീകരാക്രമണമാണെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

5. പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വളരെ ശക്തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്ക്ക് നൽകിയിട്ടില്ലെന്നും കരാർ ലംഘനമാണ് നടന്നതെന്നും ട്രംപ് പറഞ്ഞു. കനാൽ യുഎസിനു തിരികെ നൽകണമെന്ന ട്രംപിന്റെ ആവശ്യം പാനമ പ്രസിഡന്റ് ജോസ് റൗൾ‌ മുലിനോയെ അറിയിച്ചു. ചൈനയുടെ സ്വാധീനം പാനമ കനാലിനു ഭീഷണിയാകുമെന്ന് യുഎസ് പ്രസിഡന്റ് പറഞ്ഞിട്ടുണ്ടെന്നും അടിയന്തര മാറ്റങ്ങൾ ആവശ്യമാണെന്നും മാർക്കോ റൂബിയോ പാനമയെ അറിയിച്ചു. അതിനിടെ കനാലിന്റെ അധികാരം ഒരു ചർ‌ച്ചയിലൂടെയും കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്ന് മുലിനോ പറഞ്ഞു. പാനമ കനാൽ ഏറ്റെടുക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെ ഇതിനോടകം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ചെന്നീസ് ഹച്ചിസൺ തുറമുഖ കമ്പനിയാണ് നിലവിൽ പാനമ കനാൽ നടത്തുന്നത്.

അതേസമയം പാനമ കനാൽ തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി നിലനിൽക്കെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് (ബിആർഐ) പദ്ധതിയിൽനിന്ന് ഔദ്യോഗികമായി പിന്മാറി പാനമ. പാനമ കനാലിന്റെ നിയന്ത്രണം ചൈനയ്ക്കാണെന്ന് ആരോപിച്ചാണു കനാൽ തിരിച്ചെടുക്കുമെന്നു ട്രംപ് പതിവായി ഭീഷണി മുഴക്കി വരുന്നത്. പദ്ധതിയിൽനിന്നു പിന്മാറുന്നതുമായി ബന്ധപ്പെട്ട് 90 ദിവസത്തെ നിയമപരമായ അറിയിപ്പ് ചൈനീസ് എംബസിക്ക് കൈമാറിയിട്ടുണ്ടെന്നും പാനമ പ്രസിഡന്റ് ഹോസെ റൗൾ മുളിനോ പറഞ്ഞു. ബിആർഐയുമായി ബന്ധപ്പെട്ട കരാർ പുതുക്കാൻ താൽപര്യമില്ലെന്നാണ് നോട്ടിസിലൂടെ പാനമ ചൈനയെ അറിയിച്ചിട്ടുള്ളത്. കര, സമുദ്ര മാർഗങ്ങളിലൂടെ ഏഷ്യയെ ആഫ്രിക്ക, യൂറോപ്പ് ഭൂഖണ്ഡങ്ങളുമായി ബന്ധിപ്പിക്കാനുള്ള ചൈനയുടെ സ്വപ്ന പദ്ധതിയാണ് ബിആർഐ. പദ്ധതിയുടെ ഭാഗമായി പാനമയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചിരുന്ന ഘടകം.

6. ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഗാസയെ ഏറ്റെടുക്കാനും മുനമ്പിനെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും. ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവച്ച എല്ലാവർക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യും’–ട്രംപ് പറഞ്ഞു. പലസ്തീൻ പൗരന്മാർ ഗാസയിൽനിന്ന് ഈജിപ്തിലേക്കോ ജോർദാനിലേക്കോ പോകണമെന്ന തന്റെ മുൻ പ്രസ്താവനയെ ഒന്നുകൂടി ഉറപ്പിക്കുകയാണ് ട്രംപ്. ഗാസയുടെ പുനരധിവാസം നടപ്പിലാക്കേണ്ടത് ഇവിടെ ജീവിച്ചു മരിച്ചവരും യുദ്ധം ചെയ്തവരുമല്ലെന്നും ട്രംപ് പറഞ്ഞു. പലസ്തീൻ പൗരന്മാരെ ഗാസയിൽനിന്നു മാറ്റണമെന്ന ട്രംപിന്റെ പ്രസ്താവനയെ നേരത്തെ തന്നെ ഈജിപ്തും ജോർദാനും ഹമാസും ഉൾപ്പെടെ തള്ളിയിരുന്നു.

അതേസമയം, ട്രംപിന്റെ തീരുമാനം തീർച്ചയായും ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം എപ്പോഴും ചട്ടക്കൂടുകൾക്കു പുറത്തു ചിന്തിക്കുന്ന വ്യക്തിയാണെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേറ്റ ശേഷം ആദ്യമായി യുഎസിലെത്തിയ വിദേശ നേതാവായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ വ്യാപക പ്രതിഷേധവുമായി പലസ്തീനികൾ മുന്നോട്ടുവന്നു. ‘ഇത് ഞങ്ങളുടെ മണ്ണാണ്, ഗാസ വിട്ടുപോകുന്ന പ്രശ്നമില്ല’ എന്നാണ് ഗാസയിലെ പലസ്തീനികൾ രാജ്യാന്തര മാധ്യമങ്ങളോട് പ്രതികരിച്ചത്. ഗാസ ഏറ്റെടുക്കുമെന്നും പലസ്തീനികളെ അവിടെ നിന്ന് സ്ഥിരമായി മാറ്റിപ്പാർപ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം അറബ് രാജ്യങ്ങളെല്ലാം രൂക്ഷമായി വിമർശിച്ചു. ഇതിനിടെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ പലസ്തീൻ അഭയാർഥികളെ താൽക്കാലികമായി സ്വീകരിക്കുമെന്ന ട്രംപിന്റെ പരാമർശം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ഭാഗികമായി പിൻവലിക്കുകയും ചെയ്തു.

7. യുഎസിനു പിന്നാലെ ലോകാരോഗ്യ സംഘടനയിൽ നിന്നു മാറാൻ അർജന്റീനയും. കഴിഞ്ഞദിവസം ഇതുസംബന്ധിച്ചുള്ള നടപടികൾ തുടങ്ങി. യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റശേഷം ആദ്യം പുറത്തിറക്കിയ ഉത്തരവ് ലോകാരോഗ്യ സംഘടനയിൽനിന്നു മാറുന്നതു സംബന്ധിച്ചായിരുന്നു. ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നയാളാണു മിലൈ.

8. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ‘‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതൽ വനിതാ കായിക വിനോദങ്ങൾ സ്ത്രീകൾക്ക് മാത്രമായിരിക്കും’’ – ട്രംപ് പറഞ്ഞു. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ ടീമുകളിൽ മത്സരിക്കാൻ അനുവദിക്കുന്ന സ്കൂളുകൾക്ക് ഫെഡറൽ ഫണ്ട് നിഷേധിക്കാൻ സർക്കാർ ഏജൻസികൾക്ക് അധികാരം നൽകുന്നതാണ് ഉത്തരവ്. ട്രാൻസ്ജെൻഡറുകൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുന്നതിനും അപമാനിക്കുന്നതിനും നിശബ്ദരാക്കുന്നതിനും അവരുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതിനും കാരണമാകുന്നുവെന്നും ഉത്തരവിൽ പറയുന്നു.

ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള ഉപരോധം സമ്പൂർണമാക്കാൻ ലക്ഷ്യമിടുന്ന ‘പരമാവധി സമ്മർദ’നയം പുനഃസ്ഥാപിക്കുന്ന ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടു. എണ്ണ കയറ്റുമതിയിൽനിന്നു ലഭിക്കുന്ന പണം ഇറാൻ ആണവ സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്നതു തടയുന്നതിനാണിത്. ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കു തൊട്ടുമുൻപാണ് ട്രംപ് ആദ്യ ഭരണകാലത്തെ നയം തിരിച്ചുകൊണ്ടുവന്നത്. ആണവായുധം നിർമിക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

ജന്മാവകാശ പൗരത്വം നിർത്തലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും തടഞ്ഞ് യുഎസ് കോടതി. ഉത്തരവ് രാജ്യമൊട്ടാകെ നടപ്പാക്കരുതെന്ന് ഫെഡറൽ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിട്ടു. ഉത്തരവ് ഭരണഘടനാ ലംഘനമെന്ന് മേരിലാൻഡ് കോടതി നിരീക്ഷിച്ചു. നേരത്തെ ഈ ഉത്തരവ് സിയാറ്റിലിലെ കോടതിയും സ്റ്റേ ചെയ്തിരുന്നു. ട്രംപിന്റെ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാൾക്കെങ്കിലും പൗരത്വമോ ഗ്രീൻ കാർഡോ ഇല്ലെങ്കിൽ അവർക്ക് ജനിക്കുന്ന കുഞ്ഞിന് പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസിൽ കഴിയുന്നവരുടെയും താൽക്കാലത്തേക്കു വരുന്നവരുടെയും മക്കൾ യുഎസിന്റെ ‘അധികാരപരിധിയിൽ’ വരില്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.

രാജ്യാന്തര ക്രിമിനൽ കോ‌‌ടതിക്ക് (ഐസിസി) യുഎസ് ഉപരോധം. യുഎസ് പൗരർക്കും ഇസ്രയേൽ പോലെയുള്ള സഖ്യരാഷ്ട്രങ്ങൾക്കുമെതിരെ ഐസിസി അന്വേഷണത്തെ പിന്തുണയ്ക്കുന്നവർക്കു സാമ്പത്തിക, വീസ ഉപരോധങ്ങൾ വരും. മതസ്വാതന്ത്ര്യം ഉൾപ്പെടെ വിശ്വാസസംബന്ധമായ കാര്യങ്ങൾക്കായി വൈറ്റ്ഹൗസിൽ ഫെയ്ത്ത് ഓഫിസ് രൂപീകരിക്കുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഫെഡറൽ സർക്കാരിലെ ക്രിസ്ത്യൻ വിരുദ്ധത തടയാൻ അറ്റോർണി ജനറൽ പാം ബാൻഡി നയിക്കുന്ന ടാസ്ക്ഫോഴ്സ് രൂപീകരിക്കും. മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ പുതിയ കമ്മിഷനെ നിയമിക്കും.

പരിസ്ഥിതി സൗഹൃദമായ പേപ്പർ സ്ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ‍ഡോണൾഡ് ട്രംപ്. ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്ട്രോകൾ ഇനി വേണ്ടെന്നും പ്ലാസ്റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് പ്ലാസ്റ്റിക് സ്ട്രോകൾക്കുള്ള വിലക്ക് നീക്കുന്ന ഉത്തരവിൽ താൻ അടുത്ത ആഴ്ച ഒപ്പു വയ്ക്കുമെന്നും പേപ്പർ സ്‌ട്രോകൾക്കായുള്ള ബൈഡൻ സർക്കാരിന്റെത് നയം പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

9. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. ബംഗ്ലദേശ് സ്ഥാപകനും രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാന്റെ വസതി കൂടിയാണ് കലാപകാരികൾ തകർത്തത്. മുജീബുർ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന. ബുധനാഴ്ച രാത്രി 9നാണ് ഹസീന സമൂഹ മാധ്യമം വഴി ബംഗ്ലദേശ് പൗരന്മാരോട് സംസാരിച്ചത്. ഇതേസമയത്താണ് കലാപകാരികൾ ഒന്നിച്ചെത്തി അവരുടെ വീട് തകർത്ത് തീയിട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് ഇടിച്ചുനിരത്തിയത്. ‘ബുൾഡോസറുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം തകർക്കാൻ അവർക്ക് അധികാരമില്ല. ഒരു കെട്ടിടം അവർ തകർത്തേക്കാം, പക്ഷേ ചരിത്രം മായ്ക്കാൻ അവർക്ക് കഴിയില്ല’’– ഹസീന പറഞ്ഞു. ബംഗ്ലദേശിലെ പുതിയ നേതാക്കളെ ചെറുക്കാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെയാണ് അവർ അധികാരം പിടിച്ചെടുത്തതെന്നും ഹസീന ആരോപിച്ചു.

10. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചു. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടകാരണം വ്യക്തമല്ല. പ്രദേശത്ത് ചെറിയ രീതിയിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എട്ട് ദിവസത്തിനിടെ യുഎസിൽ സംഭവിക്കുന്ന മൂന്നാമത്തെ വലിയ വിമാന ദുരന്തമാണ് അലാസ്കയിലേത്. ജനുവരി 29ന് വാഷിങ്ടനിൽ വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31ന് ഫിലാഡൽഫിയയിൽ വിമാനം തകർന്നുവീണ് 7 പേരാണ് മരിച്ചത്.

അതിനിടെ കഴിഞ്ഞയാഴ്ച 67 യാത്രക്കാരുമായി പറന്ന അമേരിക്കൻ എയർലൈൻസ് വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്ന അപകടത്തിൽ ഹെലികോപ്റ്ററിന്റെ ട്രാക്കിങ് സാങ്കേതികവിദ്യ ഓഫായിരുന്നുവെന്ന് വെളിപ്പെടുത്തൽ. എയർ ട്രാഫിക് കൺട്രോളിന് മെച്ചപ്പെട്ട നിയന്ത്രണത്തിനു സഹായിക്കുന്ന ഈ സംവിധാനം ഓഫാക്കിയത് ഗുരുതര പിഴവാണെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞു.

11. അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ജനങ്ങളെ ആശങ്കയിലാക്കി നദിയിലെ ജലത്തിന്റെ നിറം ചുവപ്പായി. ബ്യൂണസ് ഐറിസിന്റെ പ്രാന്തപ്രദേശത്തു കൂടി ഒഴുകുന്ന സരണ്ടി നദിയിലെ ജലത്തിന്റെ നിറമാണു പൊടുന്നനെ ചുവപ്പുനിറമായി മാറിയത്. വ്യവസായ ശാലകളിൽനിന്നു പുറന്തള്ളുന്ന രാസവസ്തുക്കളാണു നദി പൂർണമായും ചുവപ്പു നിറമാകാൻ കാരണമെന്നു പരിസരവാസികൾ പറഞ്ഞു. കിലോമീറ്ററുകളോളം നദിയിലെ ജലം ചുവപ്പുനിറമായി മാറിയതിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അർജന്റീനയ്ക്കും യുറഗ്വായ്ക്കും ഇടയിലുള്ള പ്രധാന ജലാശയമായ റിയോ ഡി ലാ പ്ലാറ്റയിലേക്കു ഒഴുകുന്ന നദിയാണു സരണ്ടി. നദിയുടെ തീരത്തുള്ള വ്യവസായ ശാലകളിൽനിന്നും രാസവസ്തുക്കൾ ധാരാളമായി നദിയിലേക്കു ഒഴുക്കിവിടാറുണ്ടെന്നു പരിസരവാസികൾ ആരോപിക്കുന്നുണ്ട്. ശക്തമായ ദുർഗന്ധം വന്നതോടെയാണു നദിയിലെ ജലത്തിന്റെ നിറം മാറിയതായി ശ്രദ്ധയിൽപ്പെട്ടതെന്നും പരിസരവാസികൾ പറയുന്നു. സരണ്ടി നദിയിലെ ജലം ചുവപ്പ് നിറമായതോടെ പരിശോധനയ്ക്കായി ജലസാമ്പിളുകൾ ശേഖരിച്ചതായി ബ്യൂണസ് ഐറിസ് പ്രവിശ്യയിലെ പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 4ന് പെറുവിന്റെ തലസ്ഥാനമായ ലിമയിലെ റിമാക് നദിയിലെ ജലവും ചുവപ്പ് നിറമായി മാറിയിരുന്നു. സംഭവത്തിൽ മെട്രോപൊളിറ്റൻ മുനിസിപ്പാലിറ്റി ഓഫ് ലിമ നടത്തിയ അന്വേഷണത്തിൽ വിഷ മാലിന്യം നദിയിലേക്കു തള്ളിയതാണു നിറമാറ്റത്തിനു കാരണമെന്നു കണ്ടെത്തിയിരുന്നു.

തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍

RELATED ARTICLES

4 COMMENTS

  1. ലോകത്തിലെ പ്രധാന സംഭവവികാസങ്ങൾ എല്ലാം വിരൽത്തുമ്പിൽ…..
    വാർത്തകൾ അറിയാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം…
    ഒരു നിർദ്ദേശം എന്ന നിലയിൽ പറയാനുള്ളത്
    വാർത്തകളുടെ വിശദീകരണം അല്പം കൂടി കുറയ്ക്കാമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments