പഴയ ഓണക്കാല ഓർമ്മകളിൽ ഇന്നും മിഴിവോടെയുള്ള ചിലതുണ്ട്. എന്റെ വീടിനപ്പുറം, വേലി കെട്ടി തിരിക്കാത്ത കുറെ കൊച്ചു കൊച്ചു വീടുകൾ ഉണ്ടായിരുന്നു. അവക്ക് നടുവിലുള്ള വിശാലമായ ഒരു മുറ്റത്ത്, ഓണക്കോടിയുടുത്ത കുറെ ചേച്ചിമാർ അവരുടെ പാട്ടിന്റെ താളത്തിനൊപ്പം ചുവട് വെച്ച് അന്ന് ഓണക്കളി കളിച്ചിരുന്നു.
നടുവിൽ നിലവിളക്ക് വെച്ച് വട്ടത്തിൽ നിന്ന് അവർ പാട്ടു പാടി കളിക്കുന്നത് വട്ടക്കളി ആണോ കൈകൊട്ടിക്കളി ആണോ എന്തോ. ചിലപ്പോൾ കിണ്ണംകളി എന്ന പേരിൽ മനോഹരമായി പാട്ടു പാടി അവർ കിണ്ണം കൊട്ടി കളിക്കുമായിരുന്നു.
കൂട്ടത്തിൽ പ്രായം കൂടിയ, എന്നാൽ കളിക്കാർക്കിടയിലെ താരമായ ശാന്തേച്ചിയായിരുന്നു ഐശ്വര്യത്തോടെ കളി തുടങ്ങി വെക്കുക. സ്വരമാധുരി അല്പം പോലും വകവെക്കാതെ “മാവേലി നാട് വാണീടും കാലം….” എന്ന് പുള്ളിക്കാരി പാടി തുടങ്ങിയാൽ ഉടനെ എല്ലാവരും കൂടെ ഒരേ താളത്തിൽ കൊട്ടി ഒരേ ദിശയിൽ ചുവട് വെച്ച് കളി ആരംഭിക്കും. പിന്നെ കാണികളുടെ ഒരു പ്രവാഹമാണ് അവിടേക്ക്. തിരുവോണദിവസം ഉച്ചഭക്ഷണം കഴിഞ്ഞാൽ ഞങ്ങൾ കുട്ടികൾ ഈ കളി കാണാൻ അവിടെ ഒത്തുകൂടുമായിരുന്നു.
പത്തും പണ്ട്രണ്ടും പേർ ഒരുമിച്ച് കളിച്ച ആ കൈകൊട്ടിക്കളി അതേ പാട്ടും പാടി വീട്ടിൽ വന്നു കണ്ണാടിക്കു മുൻപിൽ ഞാൻ ഒറ്റക്ക് ഒരു അവതരിപ്പിക്കൽ ഉണ്ട്. അതായിരുന്നു ഗംഭീരം!! അല്ലെങ്കിൽ പുതിയ രീതിയിൽ പറഞ്ഞാൽ മരണമാസ്സ്…!!!
പിന്നെപ്പിന്നെ ആ കളിയൊക്കെ ആ മുറ്റത്തു നിന്നും അപ്രത്യക്ഷമായി, ആ ഓർമ്മകളും, ആ ആളുകളിൽ പലരും. അതോടൊപ്പം പഴയകാല സന്തോഷങ്ങളും.
————————————————-
എന്റെ വിവാഹശേഷം ഓണദിവസം ഞങ്ങൾ സഹോദരങ്ങൾ എല്ലാവരും വീട്ടിൽ ഒത്തുകൂടിയാൽ സദ്യ ഒരുക്കുമായിരുന്നു.
മീനില്ലാതെ ഊണ് കഴിക്കാത്ത ഉമ്മയെയും അനിയനെയെയും മുൻപേ തന്നെ മീൻ വാങ്ങുന്നതിൽ നിന്നും വിലക്കിയാണ് സദ്യയെ കുറിച്ചു തീരുമാനമെടുക്കുക തന്നെ. പാതിസമ്മതത്തോടെ ആണ് ഉമ്മ തലകുലുക്കുക.
ഒരുദിവസം വ്യത്യസ്തമായ രുചികളിൽ ഒരുപാട് കറിക്കൂട്ടുകളിൾ ഞങ്ങൾ എല്ലാവരും ഒത്തുചേർന്ന് സദ്യ ഒരുക്കുകയായിരുന്നു. അതിനിടയിൽ കുറെ നേരത്തേക്ക് ഉമ്മയെ എവിടെയും കാണുന്നില്ല.
ഞാൻ നോക്കുമ്പോഴുണ്ട് ദൂരെ പറമ്പിന്റെ ഒരറ്റത്ത് ആരും കാണാതെ പോയിരുന്നു മീൻ മുറിക്കുന്നു. ഞാൻ സ്വകാര്യമായി എല്ലാർക്കും അത് ഒറ്റിക്കൊടുത്തു.
കൂട്ടത്തിൽ മൂത്ത, ഇക്ക പറഞ്ഞു, “ഇന്ന് മീൻ ഈ പരിസരത്ത് പറ്റൂല… മ്മള് അനുവദിക്കൂല…” എല്ലാരും അതിനെ അനുകൂലിച്ചു.
ഓണസദ്യക്ക് സമയമായി. താഴെ പായ വിരിച്ച്, നീളത്തിൽ ഒറ്റ ഇലയിട്ടു. ഞങ്ങൾ പെണ്ണുങ്ങൾ സദ്യ വിളമ്പി. എല്ലാരും ചുറ്റിനും ഇരുന്നു. അപ്പോഴും ഉമ്മയെ കാണുന്നില്ല. ഞങ്ങൾ ഉറക്കെ വിളിച്ചു. ഉമ്മ വന്നു. മൂടിയുള്ള ഒരു പാത്രത്തിൽ എന്തോ ഒരു വിഭവം കയ്യിലുണ്ട്. നിശബ്ദയായി മൂടി തുറന്ന് എല്ലാർക്കും അതിൽ നിന്ന് ഓരോന്ന് വിളമ്പി. വറുത്ത മീൻ!! ആരും പ്രതികരിച്ചില്ല. കാരണം എല്ലാർക്കും പ്രിയപ്പെട്ടതും ഏറെ കൊതിയുള്ളതുമായ മീൻ വറുത്തത് പച്ചക്കറികൾക്കിടയിൽ കണ്ടാൽ ആര് എതിർക്കാൻ?? ഞാനടക്കം ഉള്ളവരുടെ വീരവാദവും വീരശൂരത്തവും എല്ലാം കാറ്റിൽ പറന്നു. അവസാനം ഉമ്മ വിളമ്പിയ വിഭവത്തിന് വേണ്ടിയുള്ള അടിപിടിയോടെയാണ് അന്നത്തെ ആ ഓണസദ്യ അവസാനിച്ചത്, ആ നോൺവെജ് ഓണസദ്യ.
പിന്നെയും വർഷങ്ങൾക്ക് ശേഷം ഇപ്പോൾ പ്രമുഖഹോട്ടലുകളുടെയെല്ലാം ഡിസ്പ്ലേ ബോർഡിൽ ‘വെജ് & നോൺവെജ് സദ്യ’ എന്ന് കാണുമ്പോൾ ഞാൻ മക്കളോട് പറയും, ‘ഞങ്ങളിതൊക്കെ പണ്ടേ കണ്ടതാ…’




കേരളത്തിൽ വടക്കൻ ജില്ലകളിൽ ഓണത്തിന് നോൺ ഉണ്ടാകും
പക്ഷേ തെക്കൻ ജില്ലകളിൽ പ്യുവർ വെജിറ്റേറിയൻ ആവും