പത്തമ്പത് വർഷമായി സ്കൂളിന് മുൻപിൽ ചെറിയൊരു സ്റ്റേഷനറി പീടിക നടത്തുന്ന ആളാണ് എഴുപതുകാരനായ ബാപ്പുട്ടിക്ക. അത്യാവശ്യം കുറച്ചു നോട്ടുബുക്കും പേനയും പെൻസിലും പലതരം മിഠായികളും വിൽക്കുന്ന ചെറിയ ഒരു കട. അടുത്തകാലത്തായി അവിടെ യാതൊരു തിരക്കും ഇല്ല. മാളുകൾ വന്നതോടെ കുട്ടികൾ ആരും തിരിഞ്ഞു നോക്കാറില്ല. എന്നാലും മറ്റു തൊഴിലൊ ന്നുമറിയാത്തതു കൊണ്ടും മക്കൾ ഇല്ലാത്തതുകൊണ്ടും ഇതങ്ങനെ തുടർന്നു കൊണ്ടു പോകുന്നു എന്ന് മാത്രം. വൈകുന്നേരത്തോടെ ബാപ്പുട്ടിക്കാൻറെ സമപ്രായക്കാരായ കുറച്ചു പേരെത്തി അവിടെ സൊറ പറഞ്ഞിരിക്കും. എല്ലാവർക്കും ഇരിക്കാൻ നീളത്തിൽ കടയിൽ ഒരു ബെഞ്ച് ഇട്ടിട്ടുണ്ട്. രാത്രിയോടെ കലാ-സാംസ്കാരിക രാഷ്ട്രീയ ചർച്ചകൾ മുറുകും.
വെള്ളം, സുലൈമാനി.. എന്നൊക്കെ പറഞ്ഞു നേരത്തെ കട പൂട്ടി വീട്ടിൽ ചെന്ന് സൈനബയുടെ സീരിയലു കാഴ്ചയ്ക്ക് ഇടങ്ങേറ് ഉണ്ടാക്കാതിരിക്കാമ ല്ലോ എന്ന് കരുതി ബാപ്പുട്ടിക്കായും ഇവരുടെ കൂടെ കൂടും. സുഹൃത്തുക്കൾ പിരിയുന്നതോടെ കട പൂട്ടും. ഇതായിരുന്നു പതിവ്.
അന്നത്തെ ദിവസം സുഹൃത്തുക്കൾ എത്തിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ വിഷണ്ണനായി ഇരിക്കുന്ന ബാപ്പുട്ടിക്കാനെ കണ്ടു സുഹൃത്തുക്കളൊക്കെ കാര്യം തിരക്കി. ഗ്യാസിന്റെ സബ്സിഡി കിട്ടാൻ വേണ്ടിയാണ് ബാപ്പുട്ടിക്ക ആദ്യമായി സൈനബയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങിയത്. രാവിലെ മൊബൈൽ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഒരു എസ് എം എസ് സന്ദേശമാണ് ബാപ്പുട്ടിയുടെ മനസ്സമാധാനം തകർത്തത്. 5000 രൂപ ആ അക്കൗണ്ടിൽ വരവ് വെച്ചു എന്നും പറഞ്ഞുള്ള സന്ദേശമായിരുന്നു അത്.
ബാപ്പുട്ടിക്കയ്ക്ക് ഇത്രയും പൈസ അയച്ചു തരാൻ മാത്രം സ്നേഹമുള്ള ബന്ധുക്കളോ പരിചയക്കാരോ ആരെങ്കിലുമുണ്ടോ എന്നൊക്കെ സുഹൃത്തുക്കൾ അന്വേഷിച്ചു. അങ്ങനെ ആരും ഇല്ല എന്ന് ഉറപ്പിച്ചു പറഞ്ഞു അദ്ദേഹം.
അതോടെ ഓരോരുത്തരായി അവരവരുടെ അറിവ് വിളമ്പാൻ തുടങ്ങി. ഇത് തട്ടിപ്പാണ്. ഇന്നാള് ഒരാൾ 200 രൂപ അയച്ചു കൊടുത്തു എന്നിട്ട് പറഞ്ഞു.നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 200രൂപ അറിയാതെ ഞാൻ ഇട്ടു അത് തിരിച്ചു തരാമോ എന്ന്? തിരിച്ചു 200 രൂപ അയച്ചു കൊടുത്തതും അയാളുടെ ബാങ്കിൽ ഉള്ള പൈസ മുഴുവനും പോയി.
ഒരു സുഹൃത്തിന് പറയാനുണ്ടായിരുന്നത് മറ്റൊരു തട്ടിപ്പിന്റെ കഥ. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആശുപത്രിയിൽ കിടക്കുന്ന സുഹൃത്തിൻറെ ഒരു ഫോട്ടോ ആരോ അപ്‌ലോഡ് ചെയ്ത് താൻ ഒരു വൃക്ക രോഗി ആണ് ഇപ്പോഴെന്നും അടുത്ത ഡയാലിസിസിന് പണമില്ല സുമനസ്സുകൾ കാശ് അയച്ചു തരണം എന്ന് പറഞ്ഞു ഉള്ള ഒരു ഫേക്ക് മെസ്സേജ് പോസ്റ്റ് ചെയ്തു. സഹതാപം തോന്നി സത്യം ആയിരിക്കും എന്ന് കരുതി പലരും 10000 രൂപ വീതം അദ്ദേഹത്തിന് അയച്ചുകൊടുത്തു. ഇപ്പോൾ ആ സുഹൃത്ത് സൈബർ സെല്ലിൽ പരാതി കൊടുത്തിരിക്കുകയാണ്. കുറച്ചു പേർക്കൊക്ക കാശു നഷ്ടപ്പെട്ടു. ഇതൊക്കെ കേട്ടതോടെ ബാപ്പുട്ടിയുടെ ഉള്ള ധൈര്യവും പോയി.
കാശ് ഇങ്ങോട്ട് കിട്ടിയതല്ലേ നമുക്ക് മിണ്ടാതിരിക്കാം എന്ന് ചിലർ അഭിപ്രായപ്പെട്ടു. അധ്വാനിച്ച് കിട്ടുന്നതല്ലാത്ത ആരുടെയും ഒരു പൈസ പോലും തനിക്ക് വേണ്ട എന്ന ആദർശക്കാരൻ ആയിരുന്നു ബാപ്പുട്ടിക്ക. എന്നാൽ നമുക്ക് പോലീസ് സ്റ്റേഷനിൽ അറിയിക്കാം അവര് നോക്കട്ടെ എന്ന് ചിലർ. പിന്നെ പോലീസിനു ഇത് അന്വേഷിക്കലല്ലേ പണി. അതും അയ്യായിരം ഉലുവ. ലക്ഷക്കണക്കിന് രൂപ പോയവരുടെ കേസ് അന്വേഷിക്കാൻ അവർക്ക് സമയമില്ല പിന്നല്ലേ ഇത്. മാത്രമല്ല ഇവിടെ തട്ടിപ്പ് നടന്നില്ലല്ലോ? തട്ടിപ്പ് നടന്നാലല്ലേ പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെല്ലാൻ പറ്റൂ?
അടുത്തിടെ മലപ്പുറത്ത് നടന്ന തട്ടിപ്പിനെ പറ്റി വിശദമായി പറഞ്ഞു കൊടുത്തു മറ്റൊരു സുഹൃത്ത്. മുംബൈപോലീസ് ആണെന്നും പറഞ്ഞ് ആണത്രേ തട്ടിപ്പിന് തുടക്കമിട്ടത്. പ്രശസ്തഗായിക അമൃത സുരേഷിന് ഇത്തരത്തിൽ പണം നഷ്ടമായതിനെക്കുറിച്ചും മറ്റു ചിലർ പറഞ്ഞു.പോലീസിൽ അവർ പരാതി കൊടുത്തിട്ടുണ്ട്.ഇതേവരെ അവർക്ക് അത് തിരികെ കിട്ടിയില്ലത്രേ.
സൈബർ സെക്യൂരിറ്റിയെ കുറിച്ച് ടി.ജെ. റാഫേൽ എന്നൊരു ബാങ്ക് ഉദ്യോഗസ്ഥൻ ഒരു പുസ്തകം തന്നെ എഴുതിയിട്ടുണ്ടത്രെ.
ഹെന്റെ റബ്ബേ! ഇനി ഈ വയസ്സുകാലത്ത് അതൊക്കെ വാങ്ങി വായിച്ചു പഠിക്കേണ്ടി വരുമോ?
ഒ ടി പി, ക്യു ആർ കോഡ്, സൈബർ ഹെൽപ്പ് ലൈൻ നമ്പർ:1 9 3 0…ഇതു പോലുള്ള പുതിയ വാക്കുകൾ ഒക്കെ കേട്ട് ബാപ്പുട്ടിക്കാന്റെ തല പെരുത്തു. ആര്, എവിടുന്ന്, എന്ന് കാശ് അയച്ചു എന്ന് ബാങ്കിൽ ചെന്ന് അന്വേഷിച്ചാൽ വിവരം അറിയാം എന്ന് ചില ബുദ്ധി ജീവികൾ അഭിപ്രായപ്പെട്ടു. അവസാനം നാളെ ബാങ്ക് തുറക്കുമ്പോൾ അവിടെ നിന്ന് അന്വേഷണം തുടങ്ങാമെന്ന തീരുമാനത്തിലെത്തി അന്ന് എല്ലാവരും പിരിഞ്ഞു.
ചൂട് പത്തിരിയും മീൻ കൂട്ടാനും ആയി കാത്തിരുന്ന സൈനബയെ സന്തോഷിപ്പിക്കാൻ അത്താഴം കഴിച്ചെന്നു വരുത്തി ബാപ്പുട്ടി മിണ്ടാനോ പറയാനോ നിൽക്കാതെ വേഗം ഉറക്കം നടിച്ചു കിടന്നു. പിറ്റേദിവസം ഉറക്കം ഉണർന്ന ഉടനെ എന്ന് പറയുന്നത് ശരിയല്ല ഭയം കാരണം രാത്രി ഒരു പോള കണ്ണടയ്ക്കാൻ പറ്റാതിരുന്ന ബാപ്പുട്ടി പതിവിലും നേരത്തെ എണീറ്റു. സുബ്ഹിക്ക് ഉള്ള ബാങ്കുവിളി കേട്ടപ്പോൾ നിസ്കരിച്ച്, തസ്ബീഹ് ചൊല്ലാൻ ഒന്നും നിൽക്കാതെ മുസല്ല മടക്കിവെച്ച് നേരെ കട തുറക്കാൻ പോയി. ഒന്ന് രണ്ട് സുഹൃത്തുക്കൾ ഒരു ധൈര്യത്തിന് ബാങ്ക് തുറക്കുമ്പോൾ കൂടെ വരാമെന്ന് ഏറ്റിരുന്നു.
അപ്പോഴാണ് അപ്രതീക്ഷിതമായി ബാപ്പുട്ടിക്കാനെ തേടി ആ ഫോൺ കോൾ എത്തിയത്. അറിയാത്ത നമ്പറിൽ നിന്നുള്ള കോൾ ആയതുകൊണ്ടുതന്നെ ബാപ്പുട്ടിക്കായുടെ നെഞ്ചിൽ പെരുമ്പറ കൊട്ടി. സുഹൃത്തുക്കൾ പറഞ്ഞപോലെ ഇതാ ആ കോൾ എത്തിയിരിക്കുന്നു. കുപ്പിയിലെ ഭൂതം പുറത്തുവന്നു. ഫോണെടുത്തതും ബാപ്പുട്ടിക്കാ ഒരു പൊട്ടികരച്ചിലോടെ ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
“മോനെ ഉപദ്രവിക്കരുത്. എനിക്ക് 70 വയസ്സായി.ഞാൻ മരിച്ചാൽ എന്റെ ഭാര്യയ്ക്ക് വേറെ ആരും ഒരു തുണയില്ല. ചെറിയൊരു കച്ചവടമായി അന്നന്നത്തെ അന്നത്തിനു വേണ്ടി അധ്വാനിച്ച് ജീവിക്കുന്ന ഒരു പാവം പീടികക്കാരൻ ആണ് ഞാൻ.എത്രയോ വലിയ പണക്കാര് ഈ നാട്ടിൽ ഉണ്ട്. അവർക്ക് ആണെങ്കിൽ നല്ല ആൾബലവും സ്വാധീനവും ഉണ്ട്. നീ അവരുടെ അടുത്ത് ചെന്ന് കാശ് ചോദിക്ക്. എന്നെ വെറുതെ വിടണം. “
ഫോണിൻറെ അങ്ങേത്തലയ്ക്കൽ കുറച്ചുനേരത്തേക്ക് മറുപടിയൊന്നും കാണാതായപ്പോൾ ബാപ്പുട്ടിക്ക ആശ്വസിച്ചു. ഹാവൂ! ഓന് ഞാൻ പറഞ്ഞതൊക്കെ മനസ്സിലായിക്കാണും.
അപ്പോഴതാ നേർത്ത ഒരു ശബ്ദം. “ഹലോ, ഇത് സ്കൂളിനു മുന്നിൽ സ്റ്റേഷനറി കട നടത്തുന്ന ബാപ്പുട്ടിക്ക അല്ലേ? ഞാൻ ആ കടയുടെ മുമ്പിലുള്ള സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ പഠിച്ച ഒരു വിദ്യാർത്ഥിയായിരുന്നു. പലപ്പോഴും ബാപ്പുട്ടിക്കാന്റെ കണ്ണുവെട്ടിച്ച് ഞാൻ ആ കടയിൽ നിന്നും നോട്ടുബുക്കും പേനയും മിഠായിയും ഒക്കെ മോഷ്ടിച്ചിട്ടുണ്ട്. എന്നെങ്കിലും പഠിച്ച് ഒരു ഉദ്യോഗം ഒക്കെ കിട്ടുമ്പോൾ ഇത് തിരികെ തരണമെന്ന് ഒരു മോഹമുണ്ടായിരുന്നു. ഇന്ന് ഞാൻ ഒരു ബാങ്ക് ഉദ്യോഗസ്ഥനായി. എൻറെ ആദ്യത്തെ ശമ്പളം കിട്ടി. ബാപ്പുട്ടിക്കായുടെ അക്കൗണ്ടിലേക്ക് 5000 രൂപ അയച്ചിട്ടുണ്ട് എന്ന് പറയാൻ വിളിച്ചതാണ്. എനിക്ക് ബാപ്പുട്ടിക്കാന്റെ മുൻപിൽ വരാൻ ചമ്മൽ ആയതുകൊണ്ട് ചെയ്ത പണിയാണ്. ഞാനാരാണെന്നോ എന്തിനിത് അയച്ചെന്നോ ദൈവത്തെ ഓർത്ത് ആരോടും പറയരുത്. എന്റെ പേരും ഞാൻ ജോലി ചെയ്യുന്ന ബ്രാഞ്ചിന്റെ പേരും അന്വേഷിച്ചു കണ്ടു പിടിക്കരുത് എന്ന് ഒരു അപേക്ഷയുമുണ്ട്”.
പയ്യൻ പറഞ്ഞു നിർത്തി. ഒരു നിമിഷം എല്ലാം കേട്ട് ബാപ്പുട്ടിക്ക ഇങ്ങനെ മറുപടി പറഞ്ഞു.
“ഇജ്ജ് നന്നായി വരും മോനെ! ആദമിൻറെ എല്ലാ മക്കളും പാപം ചെയ്യുന്നു.പാപം ചെയ്യുന്നവരിൽ ഏറ്റവും ഉത്തമർ പശ്ചാത്തപിക്കുന്നവരാണ് എന്നല്ലേ ഖുർആൻ നമ്മെ പഠിപ്പിക്കുന്നത്. ഞാനിനി നിന്നെ അന്വേഷിച്ച് കണ്ടുപിടിക്കാനോ നാണംകെടുത്താനോ ഈ വിവരം മറ്റാരോടോ പറയാനോ മെനക്കെടുന്നില്ല. “
ബാങ്കിൽ പോകാനായി തയ്യാറായി വന്ന സുഹൃത്തുക്കളുടെ ചോദ്യത്തിന് മുമ്പിൽ ഒരു നിറപുഞ്ചിരി മാത്രമായിരുന്നു ബാപ്പുട്ടിയുടെ മറുപടി.
😃😃😃
മനോഹരം 👏😍
👌👌😄