പതിനാറാം കേരള നിയമ സഭയിലേക്കുള്ള 140 സാമാജികരെ തിരഞ്ഞെടുക്കുന്നതിനായുള്ള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ 9-ന് നടക്കും. മേയ് 4 നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും വരിക.വലിയ പ്രചാരണ കോലാഹലങ്ങളും വിഴുപ്പലക്കുകളും
അവകാശവാദങ്ങൾക്കും ഒടുവിൽ പോളിംഗ് ബൂത്തുകളിലേക്ക് പോകുന്ന ഓരോ സമ്മതിദായകന്റെയും വിരൽ തുമ്പിലാണ് മുഖ്യമന്ത്രി മുതലുള്ള മത്സരാർത്ഥികളുടെ ഭാവി എന്നതാണ് ജനാധിപത്യത്തിന്റെ കൗതുകം .
നിയമസഭാ തെരെഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക അനുസരിച്ചു മൊത്തം വോട്ടർമാരുടെ എണ്ണം 2,71,42,952 ആണ്. 1,32,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാൻസ്‌ജെൻഡേഴ്‌സുമാണ് വോട്ടർപട്ടികയിലുള്ളത്.
പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും 8 ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവീസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവീസ് വോട്ടർമാരായി ഉള്ളത്.നാമനിർദേശ പത്രിക സമർപ്പണവും പിൻവലിക്കലും സ്വീകരിക്കലും കഴിഞ്ഞു ചിത്രം തെളിയുമ്പോൾ സംസ്ഥാനത്ത് നിലവിൽ ജനപ്രതിനിധികളായവരും പുതിയ സ്ഥാനാർത്ഥികളും ഉൾപ്പടെ 890 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. കൂടുതൽ സ്ഥാനാർഥികൾ കൊടുവള്ളി നിയമസഭാ മണ്ഡലത്തിലാണ്
മുൻപ് ജയിച്ചു വന്ന എം എൽ എ മാർ ആസ്തി വികസന ഫണ്ടിൽ (?)നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നാട്ടിൽ തെരെഞ്ഞെടുപ്പിനു എത്രയോ മുൻപ് തന്നെ വെയ്റ്റിംഗ് ഷെഡ് ഉൾപ്പടെ തങ്ങളുടെ പേരും പടവും വെച്ച് കളം നിറഞ്ഞു നിൽക്കുമ്പോൾ എന്ത് ആസ്തിവികസന ഫണ്ടാണെന്നു ഇന്നും സാധാരണ ജനത്തിനറിയില്ല ?മാത്രമോ ഞങ്ങൾ സ്വജന പക്ഷപാതം നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നവർ എത്രയുണ്ട് ?രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ചവർ ആരൊക്കെ ?അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതെ പ്രവർത്തിച്ചിട്ടുണ്ടോ ?തുടങ്ങിയ ചർച്ചകൾ അന്തരീക്ഷത്തിൽ നിലനിൽക്കുന്നു .എല്ലാവരും നാളെ ജയിച്ചു വന്നാൽ മികച്ചതാക്കും എന്ന വാഗ്ദാനത്തിൽ മനം കുളിർപ്പിക്കുന്നുമുണ്ട് .പ്രകടന പത്രികകൾ പലപ്പോഴും നടപ്പാക്കാൻ കഴിയാത്തതും അപ്രായോഗികമായതും ആയ കാര്യങ്ങൾ കുത്തിനിറച്ചു മോഹന വാഗ്‌ദാനങ്ങളും പ്രലോഭനങ്ങളും നിറഞ്ഞ ഒരു ഹാസ്യ കഥപോലെയാണ് പുറത്തിറക്കാറുള്ളത് .
ഭരണഘടനയുടെ 326-ാം അനുച്ഛേദം അനുസരിച്ചു പൊതുവായ ഒരു തീരുമാനം ഉണ്ടാക്കുവാനോ ഒന്നിലധികം വ്യക്തികളിൽ നിന്നും ഒരാളെയൊ ഒന്നിലധികം വ്യക്തികളെയോ തെരഞ്ഞെടുക്കുവാനോ അല്ലെങ്കിൽ ഒരുകൂട്ടം ആൾക്കാർ പ്രത്യേകപദവിയിലേക്ക് ഒരാളെ ഒരു കൂട്ടം ആളുകളിൽ നിന്നും ഭൂരിപക്ഷസമ്മതപ്രകാരം ഒരാളെയൊ അല്ലെങ്കിൽ ആളുകളെയൊ തെരഞ്ഞെടുക്കുന്ന പ്രക്രിയയാണ് വോട്ടെടുപ്പ്. തിരിച്ചറിയൽ രേഖ പരിശോധിച്ച്, വിരലിൽ മഷി പുരട്ടിയ ശേഷം വോട്ടിംഗ് മെഷീനിൽ (EVM) നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാനാർത്ഥിയുടെ നേർക്കുള്ള ബട്ടൺ അമർത്തുന്നു . വിവി പാറ്റ് (VVPAT) മെഷീനിൽ നിങ്ങൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് 7 സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കുന്ന അത്ര മാത്രമുള്ള വോട്ടിങ് സംവിധാനത്തിൽ ,നാളെ പോളിംഗ് ബൂത്തിൽ എത്തുമ്പോൾ തെറ്റ് പറ്റാതിരിക്കാൻ ശ്രദ്ധിക്കുക .
നാടിന്റെ സമ്പത്തിന്റെ നട്ടെല്ലായ പ്രവാസികൾക്ക് വിദേശത്തിരുന്ന് തന്നെ വോട്ട് ചെയ്യാവുന്ന (Remote Voting/Proxy Voting) സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യം വിവിധ പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടു പിന്നിട്ടു .ഈ എ ഐ കാലത്തു പോലും അതിനൊരു തീരുമാനം ഉണ്ടാകാത്തത് പ്രവാസികളോടുള്ള അവഗണനയും രണ്ടാം തരം പൗരന്മാരായി ഭരണകൂടം പ്രവാസികളെ കാണുന്നു എന്നതിന് തെളിവും കൂടിയാണെന്ന് വ്യസനത്തോടെ പറയേണ്ടിയിരിക്കുന്നു
തെരെഞ്ഞെടുത്തവരിൽ ഉത്തരവാദിത്വത്തോടെ പെരുമാറാതിരിക്കുന്നവരെ തിരിച്ചു വിളിക്കാൻ നിയമമുണ്ടാകുകയും. അഴിമതിയും സ്വജന
പക്ഷപാതവും ചെയ്യുന്നില്ലെന്നു ഉറപ്പു വരുത്തുകയും സ്ഥാനം യാചിച്ചു വാങ്ങിയവർ മേലാളന്മാരായി നമ്മെ ഭരിക്കാതെ പരിപാലിക്കുന്നവരായി മാറുന്ന യഥാർത്ഥ ജനാധിപത്യത്തിലേക്ക് ഇനി എത്ര ദൂരം ..




അറിവ് 👏👍