തുമ്പയും തുളസിയും
തളിരിടും കാലത്ത്
വെയിലും , നിലാവും
ഓണത്തിൻ വരവറിയിച്ച്
ചിങ്ങത്തിനു മുന്നേ
ചിരിതൂകിയെത്തീടും .
മഴപെയ്യും നേരത്ത്
തൊടിയിലെ ചെടികളിൽ
കതിരുകൾ മുളയിട്ട്
പൂക്കളായി വിലസുമ്പോൾ
തുമ്പക്കുടങ്ങളൊന്നാകെ
നിറഞ്ഞു ചിരിക്കും .
മെഴുകിയ തറയിൽ
പൂമ്പാളക്കുമ്പിളിലെ
തുമ്പയും , കണ്ണാന്തളിയും
തെച്ചിയും , കാക്കപ്പൂവും
ദിനം പത്തിലും
നിരന്നു വിലസീടും .
തിരുവോണ നാളിൽ
ഇലയിൽ നിരക്കുന്ന
പലവിധ രസങ്ങൾ
നാവിൽ പരക്കുമ്പോൾ
ഉള്ളാലെ കൊതി നിറയ്ക്കും
പായസത്തിൻ രുചി .
പുലികളി , പന്തുകളി ,
ഊഞ്ഞാലാട്ടങ്ങളിൽ
മതിമറന്നു രസിച്ച
ബാല്യകാലമിന്ന്
നഷ്ടവസന്തത്തിൻ്റെ
മിഴിനീർ വാർത്തീടുന്നു .
ഓണ വസന്തത്തിലിനിയും
പൂക്കൾ വിരിയും ,
തൊടികളിലാകെ
ഓണത്തുമ്പികൾ പാറും .
പോക്കുവെയിലിൽ
നാലുമണിപ്പൂക്കൾ ചിരിക്കും .
ഓർമ്മകളിലിപ്പോഴും
പുഞ്ചവയലിലെ
മഞ്ഞുതുള്ളി പോലെ
മരതക നാട്ടിലെ
ഓണപ്പുലരികൾ
ഓലക്കുട ചൂടി
മിഴിവേകി നിൽക്കുന്നു



