എറണാകുളം: മുളന്തുരുത്തി വെട്ടിക്കൽ ദയറായിൽ നടന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പാർലമെന്റായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുപ്പിൽ നാല് വൈദികർ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
വെരി. റവ. തോമസ് പോൾ റമ്പാൻ, റവ. ഫാ. എൽദോസ് എ. എ., റവ. ഫാ. സാംജി ടി. ജോർജ്, റവ. ഫാ. ഷിബു വേണാട് മത്തായി എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് മത്സരിച്ച കോട്ടയം ദേവലോകം അരമന മാനേജർ വെരി. റവ. യാക്കോബ് തോമസ് റമ്പാനും സോഫിയാ സെന്റർ പ്രോഗ്രാം സെക്രട്ടറി ഇൻ ചാർജ് റവ. ഫാ. അനീഷ് കെ. സാമും പരാജയപ്പെട്ടു.
വെരി. റവ. തോമസ് പോൾ റമ്പാൻ:

അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മാർത്തോമൻ ചെറിയപള്ളി ഇടവകാംഗമായ വെരി. റവ. തോമസ് പോൾ റമ്പാൻ 1972 മെയ് 25-ന് ജനിച്ചു.
എം.ജി. സർവകലാശാലയിൽ നിന്ന് B.A., കാലടി സർവകലാശാലയിൽ നിന്ന് MSW, സിക്കിം മണിപ്പാൽ സർവകലാശാലയിൽ നിന്ന് M.Sc., കർണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് LLB, നാഗാലാൻഡ് ഗ്ലോബൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് LLM, IGNOU ന്യൂഡൽഹിയിൽ നിന്ന് ജേർണലിസത്തിൽ പി.ജി. ഡിപ്ലോമ, സെറാമ്പൂർ സർവകലാശാലയിൽ നിന്ന് B.D. എന്നീ ബിരുദങ്ങൾ നേടി.
22 വർഷമായി വൈദിക ശുശ്രൂഷയിൽ തുടരുന്ന അദ്ദേഹം വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. അങ്കമാലി ഈസ്റ്റ് ഭദ്രാസന സെക്രട്ടറി, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാനേജിംഗ് കമ്മിറ്റി അംഗം, കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രീഫെക്ട്, എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് ബാവയുടെ വിദേശകാര്യ സെക്രട്ടറി, അങ്കമാലി ഭദ്രാസന സെക്രട്ടറി, മൂവാറ്റുപുഴ അരമന മാനേജർ തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ അങ്കമാലി ഭദ്രാസനത്തിലെ കീഴില്ലം ഉദയഗിരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരിയായി സേവനം ചെയ്യുന്നു.
റവ. ഫാ. എൽദോസ് എ. എ.

മലബാർ ഭദ്രാസനത്തിലെ എടക്കര സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ റവ. ഫാ. എൽദോസ് എ. എ. മലപ്പുറം നിലമ്പൂർ അമ്പാട്ടുപൊട്ടയ്ക്കൽ കുടുംബത്തിൽ 1979 നവംബർ 20-ന് ജനിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് B.Sc., സെറാമ്പൂർ സർവകലാശാലയിൽ നിന്ന് B.D., അമേരിക്കയിലെ St. Vladimir’s Seminaryയിൽ നിന്ന് MA എന്നീ ബിരുദങ്ങൾ നേടി. 15 വർഷമായി വൈദിക ശുശ്രൂഷയിൽ തുടരുന്നു.
കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവയുടെ സെക്രട്ടറി, മൗണ്ട് ഹെർമോൻ അരമന മാനേജർ, ഹ്യൂസ്റ്റൺ ഡയോസിസൻ സെന്റർ അസിസ്റ്റന്റ് മാനേജർ, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ, സൗത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനം MGOCSM & MMVS റീജിയണൽ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ പരുമല സെമിനാരി മാനേജരായി സേവനം അനുഷ്ഠിക്കുന്നു.
റവ. ഫാ. സാംജി ടി. ജോർജ്

ചെങ്ങന്നൂർ ഭദ്രാസനത്തിലെ ആറാട്ടുപുഴ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ റവ. ഫാ. സാംജി ടി. ജോർജ് താഴത്തേടത്ത് പുത്തൻകാവ് കാളിയാങ്കൽ വലിയവീട്ടിൽ കുടുംബത്തിൽ 1975 ഫെബ്രുവരി 2-ന് ജനിച്ചു.
മംഗലൂരു സർവകലാശാലയിൽ നിന്ന് B.Com., എം.ജി. സർവകലാശാലയിൽ നിന്ന് M.Com., മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് MBA, സെറാമ്പൂർ സർവകലാശാലയിൽ നിന്ന് B.D., അമേരിക്കയിലെ St. Vladimir’s Seminaryയിൽ നിന്ന് MA എന്നീ ബിരുദങ്ങൾ നേടി.
19 വർഷമായി വൈദിക ശുശ്രൂഷയിൽ തുടരുന്ന അദ്ദേഹം കൊല്ലം ഭദ്രാസനത്തിന്റെ ദിവ്യബോധനം ഡയറക്ടറായി ചുമതല നിർവഹിച്ചിട്ടുണ്ട്.
നിലവിൽ കൊല്ലം ഭദ്രാസനത്തിലെ മാർ ഏലിയാ ചാപ്പൽ, ശാസ്താംകോട്ട മാനേജർ, ബസേലിയോസ് മാത്യൂസ് II എൻജിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ എന്നീ നിലകളിൽ സേവനം ചെയ്യുന്നു.
റവ. ഫാ. ഷിബു വേണാട് മത്തായി

സുൽത്താൻ ബത്തേരി ഭദ്രാസനത്തിലെ നീലഗിരി തളൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമായ റവ. ഫാ. ഷിബു വേണാട് മത്തായി 1973 മാർച്ച് 9-ന് ജനിച്ചു.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് B.Sc., സെറാമ്പൂർ സർവകലാശാലയിൽ നിന്ന് B.D. എന്നീ ബിരുദങ്ങൾ നേടി. 20 വർഷമായി വൈദിക ശുശ്രൂഷയിൽ തുടരുന്നു.
OCYM സെക്രട്ടറി, റീജിയണൽ സെക്രട്ടറി, MGOCSM വൈസ് പ്രസിഡന്റ്, യൂത്ത് മിനിസ്ട്രി സ്പിരിച്വൽ അഡ്വൈസർ, ദിവ്യബോധനം/ലീഡർഷിപ്പ് ട്രെയിനിംഗ് ഫാക്കൽറ്റി തുടങ്ങിയ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.
നിലവിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളി, ബെൻസലേം – വികാരി, നോർത്ത് ഈസ്റ്റ് അമേരിക്ക ഭദ്രാസന കൗൺസിൽ അംഗം, Holy Transfiguration Retreat Centre ഡയറക്ടർ, HTRC Community Centre, Dalton, Philadelphia ഡയറക്ടർ എന്നീ നിലകളിൽ സേവനം ചെയ്യുന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വെരി. റവ. തോമസ് പോൾ റമ്പാൻ, റവ. ഫാ. എൽദോസ് എ. എ., റവ. ഫാ. സാംജി ടി. ജോർജ്, റവ. ഫാ. ഷിബു വേണാട് മത്തായി എന്നിവർക്ക് മലയാളി മനസ്സ് USAയുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.
സഭയ്ക്കും വിശ്വാസ സമൂഹത്തിനും ആത്മീയവും സാന്ത്വനകരവുമായ നേതൃത്വമായി പുതിയ മെത്രാപ്പോലീത്തമാരുടെ ശുശ്രൂഷകൾ അനുഗ്രഹപ്രദമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.



