മൊബൈൽ സ്‌ക്രീനിൽ മകന്റെ കരയുന്ന മുഖത്തേക്ക് നോക്കിയിരിക്കുകയാണ് ഡെയ്സി.
” എനിക്ക് വയ്യമ്മേ , എനിക്ക് തിരിച്ചു പോരണം. അവിഞ്ഞ തണുപ്പും എന്തൊരവസ്ഥ യാണെന്നറിയാമോ? “.
” മോനെ പതുക്കെ പറ, പപ്പയെങ്ങാനും കേട്ടാൽ പിന്നെ അതുമതി “. ” പപ്പ എന്തിയെ അമ്മേ?. ”
“സിറ്റൗട്ടിലെ ചാരു കസേരയിൽ കിടപ്പുണ്ട്.
കുറച്ച് ദിവസങ്ങളായി സങ്കടവും മൗനവും ആണ്.” അതെന്തുപറ്റി?.
“” ഞാൻ പറഞ്ഞിരുന്നില്ലേ കുന്നേലെ വല്യച്ചായിയെ കാണാൻ പോയത് . അങ്ങേര് തീരെ കിടപ്പിലല്ലേ. ഞങ്ങളെ കണ്ടപ്പോൾ ഒരുപാട് കരഞ്ഞു. മക്കളൊക്കെ അങ്ങ് അമേരിക്കയിലല്ലേ. നോക്കാൻ നിൽക്കുന്ന പെണ്ണ് നോക്കിയാ ലായി ,
ഇല്ലെങ്കിലായി. അവിടെ നിന്ന് വന്നപ്പോൾ മുതൽ പപ്പ ആകെ വിഷമത്തിലാണ്. ” എന്നാൽ എന്റെ കാര്യം അമ്മ പറയണ്ട. അല്ലെങ്കിലും അത് പറയാനുള്ള ധൈര്യം എനിക്കില്ല മോനെ!. “പാറേൽ മാതാവായിട്ട് എന്തെങ്കിലും വഴി കാണിച്ചു തരും. ഞാൻ മുട്ടിപ്പായി പ്രാർത്ഥിക്കുന്നുണ്ട്. മോൻ വിഷമിക്കാതിരി.”.
” ശരി, നാളെ വിളിക്കാം അമ്മേ. ” അവൻ കാൾ കട്ട് ചെയ്തു. ഡെയ്സി ചിന്താധീനയായി ബെഡ്‌ഡിൽ ഇരുന്നു. ടോമിച്ചനും ഡെയ്സിക്കും രണ്ട് മക്കളാണ്. മകൾ അപ്പന്റെ ആഗ്രഹം പോലെ തന്നെ പഠിച്ച് നഴ്‌സ് ആയി യുകെയിൽ ജോലി ചെയ്യുന്നു. മകളുണ്ടായി കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് മകൻ അമൽ ജനിച്ചത്. പഠിക്കാൻ മകളുടെ അത്ര മിടുക്കൊന്നും അവനുണ്ടായിരുന്നില്ല. അവൻ പഠിക്കുന്നത് അപ്പനെ പേടിച്ചാണെന്നാണ് ഡെയ്സിക്ക് തോന്നിയിട്ടുള്ളത്.
ടോമിച്ചൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത് ചുറ്റുമുള്ള വീടുകളിലെ വിദേശത്ത് പോയ കുട്ടികളുടെ കാര്യമാണ്. അപ്പുറത്തെ വീട്ടിലെ നാല് എണ്ണവും ഓസ്‌ട്രേലിയയിൽ, ഇപ്പുറത്തേതെല്ലാം ജർമ്മനിയിൽ അങ്ങനെയൊക്കെ. മക്കൾ പഠിച്ച് നന്നാവണം അത് ടോമിച്ചന് വാശിയായിരുന്നു. അതിന് കാരണവും ഉണ്ട്. വീട്ടിലെ മൂത്ത മകനായിരുന്നു ടോമിച്ചൻ. കുടുംബത്തിന്റെ ഉത്തരവാദിത്വവും ഇളയതുങ്ങളുടെ പഠിപ്പുമൊക്കെ തലയിൽ വീണപ്പോൾ ടോമിച്ചന് കൂടുതൽ പഠിക്കാനൊന്നും പറ്റിയില്ല. സഹോദരങ്ങളൊക്കെ പറക്കമുറ്റിയപ്പോൾ അവരുടെ വഴിക്ക് പറന്നു പോയി. അതിന്റെ വാശിയും വൈരാഗ്യവും അയാൾടെ മനസ്സിൽ ഇപ്പോഴും ഉണ്ട്. ഇപ്പോഴുള്ള സ്വത്തുവകകൾ ഒക്കെ അയാൾ തനിയെ അധ്വാനിച്ചു ണ്ടാക്കിയതാണ്. മക്കളുടെ പഠിപ്പിലും അവരെ വളർത്തുന്നതിലുമൊക്കെ ടോമിച്ചൻ വളരെ ശ്രദ്ധാലുവായിരുന്നു. ഒരുപാട് പൈസ മുടക്കിയാണ് അമലിനെ വിദേശത്ത് പഠിക്കാൻ അയച്ചത്.
ഇപ്പോൾ അവൻ ദിവസവും അമ്മയെ വിളിച്ച് കരച്ചിലാണ്. ഡെയ്സിയാണെങ്കിൽ
ചെകുത്താനും കടലിനും ഇടയിൽ എന്ന അവസ്ഥയിലായി. ഭർത്താവിനോട് ഈ കാര്യം സൂചിപ്പിക്കാൻ പോലുമുള്ള ധൈര്യം ഡെയ്സി ക്കുണ്ടായിരുന്നില്ല. അങ്ങേരെങ്ങാനും ഇത് കേട്ടാൽ എന്നെ ചവിട്ടി കൊല്ലുമോ എന്ന് ഡെയ്സി പേടിച്ചു. പിറ്റേന്ന് രാവിലെ മുറ്റം തൂത്തു കൊണ്ടിരുന്നപ്പോൾ റബ്ബർ വെട്ടാൻ വന്ന സോജപ്പൻ ഡെയ്സിയോട് ചോദിച്ചു, “ എന്താ ചേച്ചി ഒരു മനപ്രയാസം പോലെ? എന്തു പറ്റി?. തന്റെ വിഷമം പങ്കുവെക്കാൻ ഒരാളെ കിട്ടിയ സന്തോഷത്തിൽ മുറ്റമടി നിർത്തി ചൂലുമായി ഡെയ്സി അവനരികിലേക്ക് ചെന്നു. എന്നിട്ട് സ്വരം താഴ്ത്തി കാര്യങ്ങൾ അവനോട് വിശദീകരിച്ചു. “ എന്റെ പൊന്നു ഡെയ്സി ചേച്ചി, നിങ്ങടെ കെട്ട്യോന്റെ സ്വഭാവം കാട്ടുപോത്തിന്റെ സ്വഭാവം പോലാണെന്ന് നിങ്ങൾക്ക് അമ്മക്കും മോനും അറിയാമല്ലോ. അങ്ങേര് പിടിച്ചിടം ജയിക്കണം. പാസ്പോർട്ടും വിസയുമൊന്നും വേണ്ട, ഒറ്റ ചാട്ടത്തിന് അങ്ങേരവിടെ ചെന്ന് ആ ചെറുക്കനെ ചവിട്ടി കൊല്ലും.
വേണ്ടാധീനമൊന്നും നിങ്ങടെ വായീന്ന് വീണേക്കല്ലേ. “ ഒരാശ്വാസത്തിനു വേണ്ടിയാണ് ഡെയ്സി അവനോട് കാര്യങ്ങൾ പറഞ്ഞത്. ഇതിപ്പോ എരിതീയിൽ എണ്ണയൊഴിച്ചപോലെയായി. ഡെയ്സി വീണ്ടും സങ്കടത്തോടെ മുറ്റമടി തുടർന്നു. മുറ്റത്തിന് താഴെ അമൽ വച്ചുപിടിപ്പിച്ച ചെടികളൊക്കെ പൂവിട്ട് നിൽക്കുന്നു. പൂക്കൾക്കൊന്നും ഒരു ഭംഗിയും ഇല്ലെന്ന് ഡെയ്സിക്ക് തോന്നി. അവർ കരളുരുകി മാതാവിനോട് പ്രാർത്ഥിച്ചു കൊണ്ടിരുന്നു. “ എന്റെ പാറേലമ്മേ , എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ. എന്റെ കുഞ്ഞിന്റെ പ്രയാസം എനിക്ക് കാണാൻ വയ്യ. ഈ പ്രശ്നം പരിഹരിച്ചു തന്നാൽ അവിടെ വന്ന് മെഴുകുതിരി കത്തിച്ചേക്കാമെ “. ഡെയ്സി പ്രാർത്ഥന തുടർന്നുകൊണ്ടിരുന്നു. പിറ്റേന്ന് അമ്മയും മകനും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പുറകിൽ നിന്ന് വന്ന ടോമിച്ചൻ ഫോൺ പിടിച്ചു വാങ്ങി. ഡെയ്സി ഞെട്ടിപ്പോയി!. “ദൈവമേ , ഞങ്ങൾ സംസാരിക്കുന്നത് വല്ലതും ഇതിയാൻ കേട്ടോ ‘. ഇനി എന്താണിവിടെ നടക്കാൻ പോകുന്നത്. പേടിച്ചു തനിക്ക് അറ്റാക്ക് വരുമെന്ന് ഡെയ്സിക്ക് തോന്നി.
അമലും ഒരു നിമിഷം സ്തംഭിച്ചുപോയി. അവൻ ഫോൺ കട്ട് ചെയ്യാൻ ഒരുങ്ങിയതും ടോമിച്ചൻ പറഞ്ഞു, “മോനെ നിനക്കവിടെ നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ നീ ഇങ്ങ് പോരെ. ഇവിടെ എന്തെങ്കിലും കോഴ്സിന് ചേരാം. നാട്ടിലും ആളുകൾ ജീവിക്കുന്നില്ലേ!. കുറച്ച് പൈസ പോയി എന്നല്ലേ ഉള്ളൂ അത് സാരമില്ല. നിന്റെ സന്തോഷമല്ലേ വലുത്. പെട്ടെന്ന് പോരാനുള്ള വഴി നോക്കിക്കോ “. ഇത്രയും പറഞ്ഞിട്ട് ഫോൺ ഡെയ്സിയുടെ കയ്യിൽ കൊടുത്ത് ടോമിച്ചൻ മുറിക്ക് പുറത്തിറങ്ങി. അമ്മയും മകനും തങ്ങൾ കേട്ടത് സത്യമാണോ എന്ന് വിശ്വസിക്കാനാകാതെ പരസ്പരം കണ്ണ് മിഴിച്ച് നോക്കിയിരുന്നു. അവസാനം അമൽ ചോദിച്ചു, “അമ്മേ പപ്പായ്ക്ക് വട്ടായിട്ടൊന്നുമില്ലല്ലോ അല്ലേ. അതോ എന്നെ കളിയാക്കിയതാണോ?.
“ എനിക്കറിയില്ല മോനെ. എനിക്കൊന്നും മനസ്സിലാകുന്നില്ല. ഏതായാലും നീ നാളെ വിളിക്ക് “. അന്ന് രാത്രി ചിന്താധീനനായി മച്ചിലോട്ട് നോക്കി കട്ടിലിൽ കിടക്കുന്ന ടോമിച്ചന്റെ അടുത്ത് ചെന്നിരുന്ന ഡെയ്സി ചോദിച്ചു. “ നിങ്ങൾ മകനോട് പറഞ്ഞത് കാര്യമായിട്ടാണോ?. നിങ്ങൾക്കെന്തുപറ്റി?.
അല്പനേരം ഡെയ്സിയുടെ മുഖത്തേക്ക് നോക്കി കിടന്നിട്ട് ടോമിച്ചൻ പറഞ്ഞു. ചിലപ്പോൾ വളരെ വൈകിയായിരിക്കും നമുക്ക് ചില തിരിച്ചറിവുകൾ ഉണ്ടാവുക. എനിക്കിപ്പോഴാണ് ചില തിരിച്ചറിവുകൾ ഉണ്ടായത്. അപ്പോൾ ഞാൻ എന്റെ ഇഷ്ടങ്ങളും തീരുമാനങ്ങളുമൊക്കെ മാറ്റാൻ തീരുമാനിച്ചു. കുന്നേലെ വല്ല്യച്ചായിയെ കാണാൻ നമ്മൾ പോയില്ലേ. മക്കളൊക്കെ അമേരിക്കയിൽ ആണെന്ന് പറഞ്ഞ് അഭിമാനിച്ചു നടന്ന മനുഷ്യനാ. ഇപ്പോഴത്തെ അവസ്ഥ കണ്ടോ?. നീയാ കണ്ണീര് കണ്ടില്ലേ?. പറയാനുള്ളതെല്ലാം അതിലുണ്ടായിരുന്നു. എനിക്കത് മനസ്സിലായി. മക്കളെയൊക്കെ ഇങ്ങനെ വല്ല നാട്ടിലോട്ടുമൊക്കെ ഓടിച്ച് വിട്ടാൽ വെള്ളമിറങ്ങാതെ ചാകേണ്ടിവരും. എനിക്കത് വയ്യ. ഞാൻ കണ്ണടക്കുമ്പോൾ എന്റെ മകനെങ്കിലും എന്റെ കൂടെ ഉണ്ടാവണം. അല്ലെങ്കിൽ തന്നെ അവൻ പോയ ശേഷം ഈ വീടുറങ്ങിപ്പോയി. ഒന്നിനും ഒരു ഉത്‍സാഹമില്ലാത്തപോലെ. ആർക്ക് വേണ്ടിയും ജീവിക്കാനില്ലാത്ത പോലെ. അവനിങ്ങു വരട്ടെ, അവൻ ഇവിടെ ജീവിച്ചോളും. “. ഭർത്താവ് പറയുന്നത് കേട്ടിരുന്ന ഡെയ്സി മനസ്സിൽ പറഞ്ഞു, “എന്റെ പാറേൽ മാതാവേ, ഇത്ര വലിയൊരു പ്രശ്നം ഇത്ര സിമ്പിളായി ഇത്ര പെട്ടെന്ന് പരിഹരിച്ചു തന്നല്ലോ. അമ്മേ എത്രയും പെട്ടെന്ന് തന്നെ ഞാനങ്ങെത്തി ക്കോളാമേ “. പിറ്റേന്ന് രാവിലെ ഉത്സാഹത്തോടെ മുറ്റമടിക്കുന്ന ഡെയ്സിയെ കണ്ട് സോജപ്പൻ ചോദിച്ചു.
“ ചേച്ചി ഇന്ന് നല്ല ഉത്സാഹത്തിലാണല്ലോ”
നടന്ന കാര്യങ്ങളൊക്കെ ഡെയ്സി അവനെ പറഞ്ഞു കേൾപ്പിച്ചു. ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യം കേട്ടപോലെ അവൻ വായും പൊളിച്ചു നിന്നു. അപ്പോഴാണ് ടോമിച്ചൻ ഉടുത്തൊരുങ്ങി പുറത്തേക്ക് ഇറങ്ങി വന്നത്. “ നിങ്ങൾ ഇതെങ്ങോട്ട് പോകുന്നു ഇത്ര രാവിലെ? “. “ എടീ,
ഞാനെ ആ മാളിയേക്കലെ ജോസഫിനെ ഒന്ന് കാണാൻ പോകയാണ്.
മോന് ചേരാൻ പറ്റിയ കോഴ്സിനെക്കുറിച്ചൊന്ന് അന്വേഷിച്ചു വെക്കണം. വന്നാലുടനെ അവനെ എവിടെയെങ്കിലും ചേർക്കണം. അല്ലാതെ വീട്ടിൽ അടച്ചിരുന്ന് അവന് വല്ല ഡിപ്രെഷനും ആയി പോയാലോ. ഗേറ്റ് കടന്ന് പോകുന്ന ടോമിച്ചനെ നോക്കി നിന്നിട്ട് സോജപ്പൻ പറഞ്ഞു. “ എനിക്കും ഉണ്ടായിരുന്നു ഒരു തന്ത. പത്താംക്ലാസ്സ് കഴിഞ്ഞപ്പോൾ റബ്ബർ കത്തി കയ്യിൽ വെച്ചുതന്നതാണ്. പിന്നെ ഇതുവരെ താഴത്തു വെക്കേണ്ടി വന്നിട്ടില്ല. തന്തമാരായാൽ ഇങ്ങനെ വേണം, ടോമിച്ചനെ പോലെ “. അത് പറഞ്ഞിട്ട് അവൻ റബ്ബർ തോട്ടത്തിലേക്ക് പോയി. ഡെയ്സി മുറ്റത്തിന് താഴെ നിൽക്കുന്ന ചെടികളിലെ പൂവുകളിലേക്ക് നോക്കി. പതിവിൽ കൂടുതൽ ഭംഗി അവക്കുണ്ടെന്ന് അവർക്ക് തോന്നി.
അമലിന് ഫോൺ ചെയ്ത് അപ്പൻ പറഞ്ഞ വിവരങ്ങൾ പറയാനായി ഡെയ്സി സന്തോഷത്തോടെ അകത്തേക്ക് പോയി.
നല്ല സന്ദേശം ഉള്ള കഥ
തുടർന്നും എഴുതു
വീടുകളിൽ വൃദ്ധജനങ്ങൾ മാത്രമാകുന്ന കേരളത്തി ലെ അവസ്ഥ. അത്രയും ഒഴുക്കാണ് യുവജനങ്ങൾ വിദേശത്തേയ്ക്ക് ‘സമകാലീക പ്രശ്നങ്ങളിൽ ഇടപെട്ടു കൊണ്ടുള്ള കഥ .
നല്ല കഥ
നന്നായിട്ടുണ്ട്