(പ്രേതബാധ എന്ന പ്രതിഭാസത്തെക്കുറിച്ച് കഴിഞ്ഞ എപ്പിസോഡിൽ വിശദീകരിച്ചതിന്റെ തുടർച്ച- ഭാഗം2)
ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. അതായത് നിങ്ങൾ തനിച്ച് അർദ്ധരാത്രിയിൽ ഒരു വഴിയിലൂടെ കടന്നുപോകുന്നു.
അവിടെയുള്ള ഒരു പ്ലാവിൽ ഒരു വ്യക്തി തൂങ്ങി മരിച്ചതായി നിങ്ങൾക്കറിയാം. ഏകദേശം ആ മരത്തിന്റെ അടുത്ത് വരുമ്പോൾ അത് നിങ്ങളുടെ ഓർമ്മയിൽ വരികയും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ മസ്തിഷ്കം അതിനോട് പ്രതികരിക്കാൻ തുടങ്ങുകയും ചെയ്യും. നിങ്ങളിൽ ഫ്ലൈറ്റ് or ഫൈറ്റ് mode പ്രവർത്തനനിരതമാവുകയും ശരീരം അതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും ചെയ്യും. ഹൃദയമിടിപ്പ് കൂടുക, കൂടുതൽ ശ്വാസോച്ഛ്വാസം ചെയ്യുക, വിയർക്കാൻ തുടങ്ങുക, തൊണ്ട വരളുക ഇത്യാദി ലക്ഷണങ്ങൾ മനഃശാസ്ത്രത്തിൽ അറിയപ്പെടുന്നത് ഹൈപ്പോതലാമസ് പിറ്റ്യൂട്ടറി അഡ്രിനാലിൻ ആക്സിസ് എന്നാണ്.
ഈ സമയത്ത് നിങ്ങളുടെ ഭയം ഇരട്ടിക്കും. അപ്പോൾ ആ പ്ലാവിൽ നിന്നും പെട്ടെന്ന് ഒരു ചക്ക ശബ്ദത്തോടുകൂടി താഴെ വീഴുകയാണെങ്കിൽ നിങ്ങൾ ബോധരഹിതനാകും, അല്ലെങ്കിൽ പേടിച്ച് ഓടും. വീട്ടിലെത്തി പേടിച്ച് തളർന്നുറങ്ങുകയോ പനിപിടിച്ചു ഉറങ്ങുകയോ ചെയ്യും.
അന്നുമുതൽ നിങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങുന്നു. ഉറക്കത്തിൽ പേടിക്കുന്നു, ആരോ അടുത്തുള്ളത് പോലെ തോന്നുന്നു, നിഴലുകൾ പതുക്കെ ഒരു വ്യക്തിയായി മാറുന്നു. ആ തൂങ്ങിമരണം നിങ്ങൾക്കറിയില്ലായിരുന്നുവെങ്കിൽ ഈ ഭയം നിങ്ങളെ പിടികൂടുകയില്ലായിരുന്നു.
കൂടാതെ ഭയപ്പെട്ട വ്യക്തിയുടെ മാനസികാവസ്ഥ, കുറ്റബോധം, വിശ്വാസങ്ങൾ, അടിച്ചമർത്തപ്പെട്ട വികാരങ്ങൾ, മാനസിക രോഗങ്ങൾ, സ്ഥലകാല സാഹചര്യങ്ങൾ ഇവയെല്ലാം ഇതിനെ സ്വാധീനിക്കും.
സൈക്കോളജിയിൽ പ്രേതബാധയായി തെറ്റിദ്ധരിക്കപ്പെടുന്ന പലതരം മാനസിക രോഗങ്ങളോ മാനസിക വൈകല്യങ്ങളോ ഈയൊരു അവസ്ഥയ്ക്ക് കാരണമായി പറയുന്നുണ്ട്.
ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോഡർ (DID) എന്നാണ് പ്രേതബാധയെ സൈക്കോളജിയിൽ വ്യാഖ്യാനിക്കുന്നത്.
പല മാനസിക പ്രശ്നങ്ങളാൽ ഒരാൾക്ക് പ്രേതബാധ വരുന്നതായി സൈക്കോളജിയിൽ പറയുന്നു.
സ്ലീപ് പരാലിസിസ് എന്ന അവസ്ഥയ്ക്ക് പിശാച് നെഞ്ചിൽ കയറി ഇരിക്കുന്നു എന്നാണ് ആളുകൾ കരുതുന്നത്. ശരീരം ചലിപ്പിക്കാൻ പറ്റാതെ മസ്തിഷ്കം ഒരു സ്വപ്നാടത്തിലേക്ക് പോകുന്ന അവസ്ഥ.
സ്കിറ്റ്സോഫ്രേനിയ- കേൾക്കാത്ത ശബ്ദങ്ങൾ കേൾക്കുന്നു, ഹാലൂസിനേഷൻസ് – കാണാത്ത കാഴ്ചകൾ കാണുന്നു. ഡില്യൂഷൻസ് – ആരോ നമ്മെ പിന്തുടരുന്നതായി തോന്നുന്നു ഇവയെല്ലാം സൈക്കോട്ടിക് ഡിസോർഡേഴ്സ് ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
Post traumatic stress disorder-PTSD- മുൻപ് എപ്പോഴോ സംഭവിച്ച മാനസികാഘാതത്തിന്റെ സമ്മർദ്ദം, പേടിസ്വപ്നങ്ങൾ എന്നിവയും പ്രേതബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. അമിതമായ ഉത്കണ്ഠ മൂലം ഉണ്ടാവുന്ന anxiety disorder പലപ്പോഴും പ്രേതബാധയായി സംശയിക്കപ്പെടുന്നു.
മതപരമായ അനുഭവങ്ങളിലൂടെ, അതായത് ധ്യാനം എന്ന അവസ്ഥയിലൂടെ ഒരാൾക്കുണ്ടാകുന്ന വിഭ്രാന്തികൾ, വൈകാരിക പ്രകടനങ്ങൾ തുടങ്ങിയവ ഹൈപ്പോമാനിയ സ്റ്റേജും കടന്നു പോകുമ്പോൾ അതൊരു ബാധയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. prayer trans എന്നാണ് അതിനെ വിളിക്കുന്നത്.
കുട്ടികളിൽ കാണുന്ന പ്രേതബാധകൾ ഉണ്ട്. അതിന് കാരണമായി തീരുന്നത് അവർ കേൾക്കുന്ന പ്രേത കഥകളും മാതാപിതാക്കൾ പറഞ്ഞു വിശ്വസിപ്പിക്കുന്ന പേടി നിറഞ്ഞ അനുഭവ കഥകളും, അവിടെ പോയാൽ പിശാച് പിടിക്കും എന്നിങ്ങനെയുള്ള പേടിപ്പിച്ചു നിർത്തലുകളും ഒക്കെയാണ്. കുഞ്ഞുങ്ങളുടെ മസ്തിഷ്കം ഇതെല്ലാം പഠിച്ചെടുക്കുന്നു. പിശാച്, ചെകുത്താൻ, ഇബിലീസ്, ജിന്ന്, ഭദ്രകാളി, യക്ഷി, മറുത, ചാത്തൻ, ബ്രഹ്മരക്ഷസ്, നാഗയക്ഷി, ചുടല, ലൂസിഫർ തുടങ്ങിയ ദുരാത്മാക്കളുടെ പേരുകളായിട്ടാണ് ഈ പേഴ്സണാലിറ്റി ഡിസോഡറുകൾ നാടൻ ഭാഷയിൽ കുഞ്ഞു മനസ്സുകളിൽ കോറിയിടപ്പെടുന്നത്.
നിങ്ങൾക്ക് ക്ലിനിക്കൽ ഹെല്പ് എപ്പോഴാണ് ആവശ്യമായി വരുന്നത്?
——————————————–
നിങ്ങൾ കാണാത്ത കാഴ്ചകൾ കാണുന്നുണ്ടോ? ഉറക്കത്തിൽ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടോ? മരണ ഭയം നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങളുടെ വ്യക്തിത്വത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ടോ? സ്വയം ഉപദ്രവിക്കാനുള്ള പ്രവണത നിങ്ങളിൽ ഉടലെടുക്കുന്നുണ്ടോ? നിരന്തരം ഈ എപ്പിസോഡുകൾ ആവർത്തിക്കുന്നുണ്ടോ?
എങ്കിൽ നിങ്ങൾക്ക് ക്ലിനിക്കൽ ഹെൽപ് ആവശ്യമാണ്.
ഓർക്കുക, പ്രേതബാധ സംസ്കാരത്തിന്റെ ഭാഗമാണ്. പക്ഷേ ചികിത്സ ശാസ്ത്രീയമായിരിക്കണം.




തീർച്ചയായും ചികിത്സ ശാസ്ത്രീയമാവണം
👍
Great information 🥰 Thank You Sir 🙏❤️