Tuesday, November 3, 2026
Homeഅമേരിക്ക80കളിലെ വസന്തങ്ങൾ: 'കെ. ജി. ജോർജ്' ✍ ആസിഫ അഫ്രോസ് ബാംഗ്ലൂർ.

80കളിലെ വസന്തങ്ങൾ: ‘കെ. ജി. ജോർജ്’ ✍ ആസിഫ അഫ്രോസ് ബാംഗ്ലൂർ.

കെ. ജി. ജോർജ് –
മനുഷ്യ മനസ്സിന്റെ ആഴങ്ങൾ
വെള്ളിത്തിരയിൽ പകർത്തിയ സംവിധായകൻ-

മലയാള സിനിമയിൽ ചിന്തയ്ക്കും മനഃശാസ്ത്രത്തിനും പുതിയ ഭാഷ നൽകിയ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയനാണ് കെ. ജി. ജോർജ്. 1945 മേയ് 24-ന് തിരുവല്ലയിൽ ജനിച്ച അദ്ദേഹത്തിന്റെ ശരിക്കുമുള്ള പേര് കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്നായിരുന്നു.

പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII)യിൽ സംവിധാനപഠനം പൂർത്തിയാക്കിയ ശേഷം രാമു കാര്യാട്ടിന്റെ കൂടെ സംവിധാന സഹായിയായി മൂന്നു വർഷത്തോളം ജോലി ചെയ്തു. 1973ൽ നെല്ല് എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് അദ്ദേഹം സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

ലോകസിനിമയുടെ സ്വാധീനവും മനുഷ്യ മനസ്സിനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനവും അദ്ദേഹത്തിന്റെ സൃഷ്ടികളിൽ വ്യക്തമായിരുന്നു. 1976-ൽ പുറത്തിറങ്ങിയ സ്വപ്നാടനം എന്ന ആദ്യചിത്രത്തിലൂടെ തന്നെ മാനസികാരോഗ്യവും ദാമ്പത്യബന്ധങ്ങളിലെ സങ്കീർണതകളും പ്രമേയമാക്കി മലയാള സിനിമയിൽ വ്യത്യസ്തമായൊരു ശബ്ദമായി അദ്ദേഹം മാറി. മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡും ഈ ചിത്രത്തിന് ലഭിച്ചു.

മനുഷ്യ മനസ്സിന്റെ സങ്കീർണതകൾ, കുടുംബബന്ധങ്ങളിലെ വിള്ളലുകൾ, സ്ത്രീയുടെ സ്വത്വം, അധികാരത്തിന്റെ രാഷ്ട്രീയം, സാമൂഹിക കാപട്യങ്ങൾ, ഏകാന്തത, കുറ്റബോധം എന്നിവയാണ് കെ. ജി. ജോർജിന്റെ സിനിമകളിലെ പ്രധാന പ്രമേയങ്ങൾ. അമിത നാടകീയതയോ കൃത്രിമ വികാരപ്രകടനങ്ങളോ ഇല്ലാതെ സ്വാഭാവിക അഭിനയം, അർത്ഥസമ്പന്നമായ നിശ്ശബ്ദത, സൂക്ഷ്മമായ ദൃശ്യഭാഷ എന്നിവയിലൂടെ കഥാപാത്രങ്ങളുടെ ഉള്ളിലെ സംഘർഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.

നായകനെയും വില്ലനെയും വേർതിരിക്കാതെ മനുഷ്യനെ അവന്റെ യഥാർഥ സങ്കീർണതയോടെയാണ് അദ്ദേഹം സിനിമയിൽ കാണിച്ചത്.

അദ്ദേഹത്തിന്റെ ഓരോ സിനിമയും ഓരോ പുതിയ അനുഭവമായിരുന്നു. സ്വപ്നാടനം മാനസികാരോഗ്യത്തെയും, ഉൾക്കടൽ പ്രണയത്തെയും ജീവിത യാഥാർഥ്യങ്ങളെയും, മേള ആത്മാഭിമാനത്തെയും, കോലങ്ങൾ കൗമാരമനസ്സിനെയും, യവനിക മനുഷ്യന്റെ ഇരുണ്ട മുഖങ്ങളെയും പകർത്തി. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് സിനിമാലോകത്തിന്റെ ചൂഷണവും, ആദാമിന്റെ വാരിയെല്ല് സ്ത്രീജീവിതത്തിന്റെ യാഥാർഥ്യങ്ങളും, പഞ്ചവടിപ്പാലം രാഷ്ട്രീയ അഴിമതിയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ചു.

ഇരകൾ അധികാരവും പണവും മനുഷ്യബന്ധങ്ങളെ എങ്ങനെ തകർക്കുന്നുവെന്ന് വരച്ചുകാട്ടിയപ്പോൾ, കഥയ്ക്ക് പിന്നിൽ കലാകാരനും സമൂഹവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്തു. മറ്റൊരാൾ ദാമ്പത്യബന്ധങ്ങളിലെ മാനസിക അകലവും, ഈ കണ്ണി കൂടി കുറ്റാന്വേഷണത്തിനൊപ്പം മനഃശാസ്ത്രവും, ഇലവങ്കോട് ദേശം സാഹിത്യത്തിന്റെ സൗന്ദര്യവും വെള്ളിത്തിരയിലെത്തിച്ചു. ഒരേ രീതിയിലുള്ള സിനിമകൾ ആവർത്തിക്കാതെ ഓരോ ചിത്രത്തിലും പുതിയ പ്രമേയങ്ങളും അവതരണശൈലികളും പരീക്ഷിച്ചതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ജെ.സി. ഡാനിയൽ പുരസ്കാരം ഉൾപ്പെടെ നിരവധി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ അദ്ദേഹം ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായി അംഗീകരിക്കപ്പെട്ടു. പിന്നീട് വന്ന തലമുറയിലെ നിരവധി സംവിധായകർക്ക് അദ്ദേഹത്തിന്റെ സിനിമകൾ പ്രചോദനമായി. 1998ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശം ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.

2000ൽ ദേശീയ ഫിലിം ജൂറി അവാർഡ് അംഗമായും 2003ൽ സംസ്ഥാന ചലച്ചിത്രജൂറി അധ്യക്ഷനായും 2006 മുതൽ 2011 വരെ സംസ്ഥാന ജലചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു. ഫ്ലാഷ് ബാക്ക് : എന്റെയും സിനിമയുടെയും എന്ന ആത്മകഥയും അദ്ദേഹം രചിച്ചു.

വ്യക്തിജീവിതത്തിൽ അതീവ ശാന്തനും വിനയശീലനുമായിരുന്ന കെ. ജി. ജോർജ്, പ്രശസ്തിയേക്കാൾ തന്റെ സിനിമകൾ സംസാരിക്കട്ടെയെന്ന നിലപാടുള്ള കലാകാരനായിരുന്നു. അഭിമുഖങ്ങളിൽ പോലും സിനിമയെക്കുറിച്ചുള്ള ഗൗരവമായ ചിന്തകളാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്.

പ്രശസ്ത സംഗീതജ്ഞൻ പാപ്പുക്കുട്ടി ഭാഗവതരുടെ മകളും ഗായികയുമായ സൽമയാണ് ഭാര്യ. ഉൾക്കടൽ എന്ന സിനിമയിലെ “ശരദിന്ദു മലർദീപനാളം നീട്ടി” എന്ന അനശ്വരഗാനം ആലപിച്ചതും സൽമയാണ്. താര, അരുൺ എന്നിവർ മക്കളാണ്.

പത്മരാജനും ഭരതനും ഒപ്പം, മലയാള സിനിമയുടെ നവതരംഗത്തിന് ശക്തമായ അടിത്തറ പാകിയ സംവിധായകരിൽ പ്രധാനിയാണ് കെ. ജി. ജോർജ്. എന്നാൽ മനുഷ്യ മനസ്സിന്റെ മനഃശാസ്ത്രപരമായ തലങ്ങളെ ഏറ്റവും ആഴത്തിൽ അന്വേഷിച്ച സംവിധായകൻ എന്ന പ്രത്യേക സ്ഥാനം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ ഉത്തരങ്ങൾ നൽകുന്നതിനേക്കാൾ ചോദ്യങ്ങൾ ഉയർത്തുകയും പ്രേക്ഷകനെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.

കാലം മാറിയിട്ടും കെ. ജി. ജോർജിന്റെ സിനിമകൾക്ക് പുതുമ നഷ്ടപ്പെട്ടിട്ടില്ല. മനുഷ്യനെ മനസ്സിലാക്കാനും സമൂഹത്തെ വിമർശനാത്മകമായി കാണാനും സിനിമയെ ഉപയോഗിച്ച അപൂർവ കലാകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ മലയാള സിനിമയുടെ ചരിത്രത്തിൽ കെ. ജി. ജോർജ് ഒരു മികച്ച സംവിധായകൻ മാത്രമല്ല, സിനിമയെ ചിന്തയുടെ കലാരൂപമാക്കി ഉയർത്തിയ ദീർഘദർശിയായ സ്രഷ്ടാവെന്ന നിലയിലാണ് എന്നും ഓർമ്മിക്കപ്പെടുക.

മനുഷ്യ മനസ്സിന്റെ കാണാക്കയങ്ങൾ വെള്ളിത്തിരയിലേക്ക് പകർത്തിയ മഹാപ്രതിഭയ്ക്ക് ആദരാഞ്ജലി.

ആസിഫ അഫ്രോസ് ബാംഗ്ലൂർ✍

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ