Thursday, May 21, 2026
Homeഅമേരിക്ക'കൗതുക വാർത്തകൾ' (30) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

‘കൗതുക വാർത്തകൾ’ (30) ✍തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

A) നെയ്യാവുന്നതും അണിയാവുന്നതും കഴുകാവുന്നതുമായ സ്വർണ്ണം

കഴിഞ്ഞ പത്ത് വർഷത്തിൽ വസ്ത്ര വ്യവസായരംഗം വലിയ രീതിയിൽ പുരോഗമിച്ചിട്ടുണ്ട്. ത്രീഡി പ്രിന്റഡ് ഫാബ്രിക്സ് ആകട്ടെ, എൽഒടി അടിസ്ഥാനമാക്കിയ സ്മാർട്ടും ഇന്റരാക്റ്റീവുമായ വസ്ത്രമാകട്ടെ, സാങ്കേതികവിദ്യ ഫാഷൻ ലോകത്തെ മാറ്റി മറിക്കുകയാണ്.

അത്തരത്തിലുള്ള ഒരു കണ്ടുപിടുത്തം 2011-ൽ നടക്കുകയുണ്ടായി. 24 കാരറ്റ് സ്വർണ്ണത്തിൽ നെയ്തെടുത്ത പുതിയൊരു വസ്ത്രമായിരുന്നു ആ കണ്ടുപിടുത്തം. ഒരു ദശകത്തോളം നീണ്ടുനിന്ന വിപുലമായ ഗവേഷണത്തിന് ശേഷം, ‘സ്വിസ് ഫെഡറൽ ലബോറട്ടറീസ് ഫോർ മെറ്റീരിയൽസ് സയൻസ് ആൻഡ് ടെക്നോളജി’യിലെ സ്വിസ് എഞ്ചിനീയർമാരുടെ ഒരു സംഘം, സ്വർണ്ണത്തെ വസ്ത്രമാക്കുന്നതിനുള്ള ഒരു വഴി കണ്ടെത്തി. അങ്ങനെ ആദ്യമായി സ്വർണ്ണം നെയ്യാവുന്നതും ധരിക്കാവുന്നതും കഴുകാവുന്നതുമായി മാറി.

സത്യത്തിൽ, രാജകുടുംബങ്ങൾ സ്വർണ്ണം പൂശിയ വസ്ത്രങ്ങൾ ധരിച്ച ചരിത്രത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഇതാദ്യമായിട്ടായിരുന്നു, ശുദ്ധ സ്വർണ്ണത്തിന്റെ നൂലുകൾ ഉപയോഗിച്ച് ഒരു വസ്ത്രം നെയ്തെടുത്തത്. സ്വർണ്ണം കൊണ്ട് നെയ്തെടുത്തതും നെയ്യുമ്പോഴോ കഴുകുമ്പോഴോ ഒരു തേയ്മാനവും വരാത്തതുമായ ആദ്യത്തെ വസ്ത്രമാണിതെന്ന് EMPA ടീം അവകാശപ്പെടുന്നു.

B) ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ മ്യൂസിയം

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ മ്യൂസിയം – മുസിയോ ഡെൽ ഓരോ
(World’s largest gold museum in Columbia)
മുസിയോ ഡെൽ ഓരോ എന്ന സ്വർണ്ണ മ്യൂസിയത്തിൽ മുപ്പതിനായിരത്തിലധികം സ്വർണ്ണ കലാസൃഷ്ടികളുണ്ട്. ദക്ഷിണ അമേരിക്കൻ സംസ്ക്കാരങ്ങളുടെ പ്രാരംഭകാലത്തെ തദ്ദേശജന്യമായ കലാസൃഷ്ടികളാണ് ഇതെന്നത് ശ്രദ്ധേയമാണ്. കൊളംബിയയിലെ ബൊഗോട്ട സന്ദർശിക്കുമ്പോൾ ഒരിക്കലും വിട്ടുകളയാൻ പാടില്ലാത്ത ഒരിടമാണ് ഈ മ്യൂസിയം. ചരിത്രത്തിൽ ഏറെ പ്രസിദ്ധമായ ഈ ഇടത്തിന്റെ സ്വർണ്ണത്താൽ രചിക്കപ്പെട്ടിരിക്കുന്ന കഥകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.

ഗംഭീരമായി ക്യൂറേറ്റ് ചെയ്യപ്പെടുന്ന മ്യൂസിയമാണിത്. മൃഗങ്ങളുടെ ശിൽപ്പങ്ങൾ മുതൽ, അനുഷ്ടാനകലകളിൽ ഉപയോഗിക്കുന്ന അലങ്കാരങ്ങൾ അടക്കമുള്ള കലാസൃഷ്ടികളിലൂടെ കടന്നുപോകുമ്പോൾ ‘ടൈം ട്രാവൽ’ നടത്തുന്ന ഒരു പ്രതീതി നമുക്ക് ലഭിക്കും. മ്യൂസിയത്തിലെ ഓരോ മുറിയും ഒരു തീമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മ്യൂസിയത്തിന്റെ രണ്ടാമത്തെ നിലയിൽ സ്ഥിര എക്സിബിഷനുകൾ നടക്കുന്നു. ‘കൊളംബിയയിൽ ഹിസ്പാനിക് യുഗത്തിന് മുമ്പുള്ള ആളുകളും സ്വർണ്ണങ്ങളും’ എന്ന തീമാണ് ആദ്യത്തെ മുറിയിലുള്ളത്. കലിമ, മ്യൂസ്ക, സാൻ അഗസ്റ്റിൻ, തൈറോന, തീറഡെൻട്രോ, ടോളിമ, ക്വിംബായ, ഉറാബ, സെനു എന്നീ ഗോത്രങ്ങളിൽ നിന്നുള്ള സ്വർണ്ണപ്പണിക്കാരുടെ സൃഷ്ടികളാണ് ഈ മുറിയിലുള്ളത്. ‘കൊളംബസിന് ശേഷ’മുള്ള യുഗത്തിന് സമർപ്പിച്ചിട്ടുള്ള ഒരു സവിശേഷ വിഭാഗവും ഇവിടെയുണ്ട്.

ഷാമാനിക് ചടങ്ങുകളുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതാണ് തുടർന്നുള്ള ഫ്ലോറുകൾ. ഇവയെ ‘ഓഫറിംഗ് റൂം’, ‘ഓഫറിംഗ് ബോട്ട്’, ‘ലേക്ക്’ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. അവസാനത്തെ മുറിയുടെ പേര് ‘പ്രൊഫൗണ്ടേഷൻ റൂം’ എന്നാണ്, ആകർഷകമായ വീഡിയോകളിലൂടെ കുറച്ച് പ്രധാനപ്പെട്ട പീസുകളുടെ ചരിത്രം നമുക്കിവിടെ മനസ്സിലാക്കാൻ കഴിയും.

ഈ മ്യൂസിയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മ്യൂസിക്ക റാഫ്റ്റ്. പ്രി-കൊളംബിയൻ സ്വർണ്ണ നൈവേദ്യമാണ് ഈ കലാസൃഷ്ടി. സ്വർണ്ണ നഗരമായ എൽ-ഡൊറാഡോയുടെ ഐതിഹ്യ കഥയുടെ മുന്നോടിയായിട്ടാണ് ഈ കലാസൃഷ്ടി അറിയപ്പെടുന്നത്. തദ്ദേശ ഗോത്രങ്ങൾ തങ്ങളുടെ അനുഷ്ഠാന ചടങ്ങുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ഒരു സ്വർണ്ണച്ചങ്ങാടമാണിത്. ഇതിന് പിന്നിലെ ഐതിഹ്യ കഥ ഇതാണ്: പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങുകൾ നടന്നിരുന്നത് ഗൗതാവിത തടാകക്കരെ ആയിരുന്നുവെത്രെ. ഈ ചടങ്ങിൽ, കിരെഎടാവകാശി തന്റെ ശരീരം മുഴുവൻ സ്വർണ്ണത്തരികൾ കൊണ്ട് പൂശുന്നു. തുടർന്ന് ദൈവങ്ങൾക്കുള്ള സ്വർണ്ണവും മരതകങ്ങളും കയ്യിലെടുത്ത് തടാകത്തിലേക്ക് ചാടുന്നു. മ്യൂസിയത്തിലെ മറ്റൊരു പ്രദർശന വസ്തു, മൂപ്പന്മാർ അണിഞ്ഞിരുന്ന സ്വർണ്ണത്തൂവലുകളാണ്.

പ്രി-കൊളംബിയൻ കാലഘട്ടത്തിൽ നിന്നുള്ള 1,586 സ്വർണ്ണ വസ്തുക്കളാണ് ഈ മ്യൂസിയം അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നത്. ആ കാലഘട്ടത്തിലെ കലാകാരന്മാരുടെ അനിതരസാധാരണമായ ലോഹപ്പണിയുടെ നേർസാക്ഷ്യമാണ് ഈ സൃഷ്ടികൾ. ഈ വസ്തുക്കളുടെ ഉപയോഗവും ഉദ്ദേശ്യവും എക്സിബിഷൻ ഊന്നിപ്പറയുന്നു, എന്തൊക്കെ തരത്തിലാണ് ഈ സമൂഹങ്ങൾ നിത്യ ജീവിതത്തിൽ സ്വർണ്ണം ഉപയോഗിച്ചിരുന്നതെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

1934-ലാണ് കൊളംനിയയുടെ ആർക്കിയോളജിക്കൽ പൈതൃകസ്വത്ത് പരിരക്ഷിക്കുന്നതിനുള്ള ഉദ്യമം ബാങ്ക് ഓഫ് ദ റിപ്പബ്ലിക്ക് ഓഫ് (കൊളംബിയ) തുടങ്ങുന്ന്. ഇന്നിത്, ലോകം മുഴുവനുമുള്ള സഞ്ചാര പ്രേമികളുടെ പറുദീസയായിരിക്കുന്നു! കഴിഞ്ഞ എട്ട് ദശകങ്ങളായി ഈ മ്യൂസിയം വളർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഈ മ്യൂസിയത്തിൽ താൽക്കാലിക എക്സിബിഷൻ റൂമുകളും ഒരു ഓഡിറ്റോറിയവും ഒരു റസ്റ്റോറന്റും ഒരു കഫേയും ഒരു സോവനീർ സ്റ്റോറും ഉണ്ട്.

മുസിയോ ഡെൽ ഓരോയുടെ കാര്യത്തിൽ ഒരു കാര്യം കണിശമായും പറയാം, ഇവിടെ മിന്നുന്നതെല്ലാം പൊന്നാണ്.

C)സ്വർണ്ണം പൊതിഞ്ഞക്ഷേത്രം

1.പത്മനാഭസ്വാമി ക്ഷേത്രം, തിരുവനന്തപുരം.

സ്വർണം കൊണ്ട് പൊതിഞ്ഞ 28 ഗ്രാനൈറ്റ് സ്തംഭങ്ങളാണ്,ഈ ക്ഷേത്രത്തിന്റെ പ്രത്യേകത, നാല് കോണുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇവയിൽ മൃദുവായി തട്ടുകയാണെങ്കിൽ സംഗീതം പൊഴിയുന്നത് കേൾക്കാനാകും. അതിന്റെ ഭൂഗർഭ നിലവറകളിൽ 22 ബില്യൺ ഡോളർ വിലമതിക്കുന്ന സ്വർണവും നിധികളും ഉണ്ട്.

2)സുവർണക്ഷേത്രം ശ്രീപുരം.

1500 കിലോഗ്രാം ശുദ്ധമായ സ്വർണമാണ് ഈ ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്, ഇന്റീരിയറുകളിൽ സ്വർണം ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ പണിക്കാരുടെ സങ്കീർണ്ണമായ സൃഷ്ടികളാണ് ഈ ക്ഷേത്രത്തെ അലങ്കരിക്കുന്നത്. ഓരോ ചെമ്പ് ഫലകത്തിലും സ്വർണപ്പാളികളിൽ നിന്ന് കൈകൾ കൊണ്ട് നിർമ്മിച്ച സ്വർണ ഫോയിൽ 10 പാളികൾ അടങ്ങിയിരിക്കുന്നു.

3)കാശി വിശ്വനാഥ ക്ഷേത്രം, വാരണാസി.

ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച മൂന്ന് താഴികക്കുടങ്ങളും വിഗ്രഹത്തിന് മുകളിലായി 155 മീറ്റർ ഉയരമുള്ള സ്വർണ ശിഖയും ഉൾക്കൊള്ളുന്നതാണ് ഈ പ്രശസ്തമായ ശിവക്ഷേത്രം.

4)വെങ്കിടേശ്വര ക്ഷേത്രം, തിരുമല

ഗർഭഗൃഹത്തിലേക്ക് ഉള്ള സ്വർണകവാടം വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ സ്വർണം പൂശിയ പ്ലേറ്റുകളിൽ ചിത്രീകരിച്ചിട്ടുള്ള മരവാതിലുകൾ കൊണ്ട് നിർമ്മിച്ചവയാണ്. പ്രധാന ഗോപുരത്തിന്റെ നെറുകയിൽ ഒരു സ്വർണപ്പാത്രവും ഉണ്ട്.

24 കാരറ്റ് സ്വർണത്തെ ശുദ്ധമായ സ്വർണം അല്ലെങ്കിൽ 100 ശതമാനം സ്വർണം എന്നും വിളിക്കുന്നു. ഇതിനർത്ഥം സ്വർണത്തിന്റെ 24 ഭാഗങ്ങളും മറ്റേതെങ്കിലും ലോഹങ്ങളുടെ ലാഞ്ചനയില്ലാത്ത ശുദ്ധമായ സ്വർണമാണ് എന്നുള്ളതാണ്.

D) സ്വർണം പ്രസാദമായി നൽകുന്ന ക്ഷേത്രം

നിരവധി ക്ഷേത്രങ്ങളുള്ള പുണ്യഭൂമിയാണ് ഇന്ത്യ, ഈ ക്ഷേത്രങ്ങളുടെ പരിപാലനത്തിനായി പ്രതിവർഷം കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കപ്പെടുന്നത്. എന്നിരുന്നാലും, “പ്രസാദം” ആയി മധുരവും രുചികരമായ ഭക്ഷ്യവസ്തുക്കളും ലഭിക്കുന്നത് സാധാരണമാണെങ്കിലും, സ്വർണം പ്രസാദമായി നൽകുന്ന ഒരു ക്ഷേത്രത്തെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? അത്തരമൊരു ക്ഷേത്രത്തിന്റെ കഥയാണ് ഇവിടെ ചുരുളഴിയുന്നത്.

മധ്യപ്രദേശിലെ രത്ലാമിലെ മഹാലക്ഷ്മി ക്ഷേത്രം അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ് —- ഈ ക്ഷേത്രത്തിന് ഓരോ വർഷവും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വഴിപാടുകൾ ലഭിക്കുന്നു, അതിൽ സ്വർണ ആഭരണങ്ങളും വെള്ളി ആഭരണങ്ങളും ഉൾപ്പെടുന്നു! ഓരോ വർഷവും ദീപാവലി സമയത്ത്, ഈ വഴിപാടിന്റെ ഒരു ഭാഗം ഭക്തർക്ക് പ്രസാദത്തിന്റെ രൂപത്തിൽ തിരികെ നൽകുന്നു — ആളുകൾ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് ക്ഷേത്രത്തിൽ വന്ന് ഈ പ്രസാദം സ്വീകരിക്കുന്നു; യാത്രാച്ചെലവ് പലപ്പോഴും പ്രസാദത്തിന്റെ വിലയേക്കാൾ കൂടുതലാണ്! എന്നിരുന്നാലും, ഈ ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന സ്വർണ പ്രസാദത്തെയും വെള്ളി പ്രസാദത്തെയും ഒരു ആഭരണമായി കണക്കാക്കുന്നില്ല, വാസ്തവത്തിൽ ഈ പ്രസാദത്തെ സമ്പത്തിന്റെ ദേവിയുടെ അനുഗ്രഹമായാണ് കണക്കാക്കുന്നത്, ഈ പ്രസാദം ലഭിക്കുന്നവർ ഒരിക്കലും ഇത് ചെലവഴിക്കുകയോ വിൽക്കുകയോ ചെയ്യുന്നില്ല — വീട്ടിലെ ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കുന്നു.

ദേവിക്ക് സമർപ്പിക്കപ്പെടുന്ന എല്ലാ വഴിപാടുകളുടെയും കണക്ക് ക്ഷ്രേത്രാധികാരികൾ സൂക്ഷിക്കുന്നു, പ്രസാദ രൂപത്തിൽ എത്ര സ്വർണം തിരികെ നൽകണമെന്ന് നിർണ്ണയിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്.

തയ്യാറാക്കിയത്: കാർത്തിക് ശങ്കർ

RELATED ARTICLES

3 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com