80 കളിലെ വസന്തങ്ങളിൽ നമ്മോടൊപ്പം ഉള്ളത് മെഗാസ്റ്റാർ ഭരത് മമ്മൂട്ടിയാണ്. നമ്മുടെ സ്വന്തം അഹങ്കാരമായ മമ്മൂക്കയെ കുറിച്ച് പുതുതായി എന്താണ് പങ്കുവയ്ക്കാനുള്ളത്…!ഓരോ മലയാളിയും തന്റെ മനസ്സിൽ ഒരു കുടുംബാംഗത്തിന്റെ സ്ഥാനം തന്നെയാവും മമ്മൂക്കക്ക് നൽകിയിട്ടുണ്ടാവുക.
സൗന്ദര്യം, പൗരുഷം, നല്ല ഫിഗർ, പ്രൗഢഗംഭീരമായ ശബ്ദം, അഭിനയത്തികവ്, ജനങ്ങളോടുള്ള കടപ്പാട്, ആത്മാർത്ഥത, ഇവയെല്ലാം സമന്വയിച്ച ഒരു താരപ്രതിഭയാണ് മമ്മൂട്ടി. നിത്യഹരിത നായകൻ പ്രേം നസീറിന് പകരം വന്ന മറ്റൊരു നിത്യഹരിത നായകൻ!
മെലിഞ്ഞു കൊലുന്നനെയുള്ള ചെറുപ്പക്കാരനായി , വളരെ ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി വ്യത്യസ്തത പുലർത്തുന്ന വേഷങ്ങൾ ചെയ്ത് തന്റെ അഭിനയപ്രതിഭ തെളിയിച്ച് ഇന്ത്യൻ സിനിമാലോകത്തെ തന്നെ വിസ്മയിപ്പിച്ച , പകരക്കാരില്ലാത്ത താര സൂര്യനായി ഇന്നും സിനിമാലോകം വാഴുന്ന മെഗാസ്റ്റാർ മമ്മൂട്ടി..!
1971 ൽ കെഎസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിൽ ഒരൊറ്റ സീൻ മാത്രം അഭിനയിച്ചു കൊണ്ടാണ് മമ്മൂട്ടി വെള്ളിത്തിരയിൽ എത്തുന്നത്. ശബ്ദം മോശമാണെന്ന് പറഞ്ഞ് ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രൗഢഗംഭീരമായ ശബ്ദം കേൾക്കാനായി മാത്രം പിന്നീട് ആളുകൾ തിയേറ്ററുകളിൽ എത്തുമായിരുന്നു. കഠിനപ്രയത്നത്തിലൂടെയും അവിശ്വസനീയമായ സാധനയോട് കൂടിയും തന്റെ ശബ്ദത്തിൽ അത്രയേറെ മോഡ്യൂലേഷൻ വരുത്തി അദ്ദേഹം.
കോളേജിൽ ഒമര്‍ ഷെരീഫ് സിനിമയിൽ സജിൻ എന്നൊക്കെ അറിയപ്പെട്ടെങ്കിലും മമ്മൂട്ടി എന്ന പേരിൽ പ്രശസ്തനാവാനായിരുന്നു ദൈവനിയോഗം.
പിന്നീട് കെ ജി ജോർജ് കൂട്ടുകെട്ടിൽ നിരവധി ഹിറ്റുകൾ പിറന്നു. 1981 ൽ തൃഷ്ണ എന്ന ചിത്രത്തിലേക്ക് ഒരു നായകനെ അന്വേഷിച്ചു കൊണ്ടിരുന്ന അക്കാലത്തെ ഹിറ്റ് മേക്കർ സംവിധായകൻ ഐ. വി. ശശിയോട് നടൻ രതീഷ് ആണ് മമ്മൂട്ടിയെ റെക്കമെന്റ് ചെയ്യുന്നത്. തൃഷ്ണയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ഐ. വി. ശശിയുടെ ആ ഒരു ഫോൺ കോളാണ് മമ്മൂട്ടിയുടെ ജീവിതം മാറ്റി മറിയ്ക്കുന്നത്. തുടർന്ന് ഐ.വി. ശശിയുടെ ചിത്രങ്ങളിൽ സ്ഥിരം നായകൻ ആവുകയും അഹിംസ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്തു.
മലയാളത്തിൽ അന്നുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രമായ ആ രാത്രി മമ്മൂട്ടി ജോഷി കൂട്ടുകെട്ടിൽ പിറന്നതായിരുന്നു. ( 1981)
1982 ൽ മമ്മൂട്ടിയും കെജി ജോർജും ഒന്നിച്ചു ചേർന്ന യവനിക, ഇന്ത്യൻ സിനിമ കണ്ട ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.
ഏകപത്നീവ്രതക്കാരനും സൽഗുണ സമ്പന്നനുമായ കുടുംബനാഥൻ, ഭാര്യ, മൂന്നോ നാലോ വയസ്സുള്ള ഒരു മകൾ, കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങൾ – ഈ പാറ്റേണിൽ മമ്മൂട്ടിക്കായി മാത്രം ഒരുകാലത്ത് നിരവധി ചിത്രങ്ങൾ തയ്യാറാക്കപ്പെട്ടു . ഇവ കുട്ടി പെട്ടി ചിത്രങ്ങൾ എന്നറിയപ്പെടാൻ തുടങ്ങി. സന്ദർഭം, മുഹൂർത്തം 11:30 ന്, ആ രാത്രി തുടങ്ങിയവ.
1982 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ 150 ഓളം ചിത്രങ്ങളിൽ അഭിനയിച്ചതിൽ മിക്കവയും നായക കഥാപാത്രങ്ങൾ ആയിരുന്നു. ഒരു വർഷം 35 സിനിമകളിൽ നായകനാവുക എന്ന ഭാഗ്യം മമ്മൂട്ടിക്ക് മാത്രം സ്വന്തം . ഇതിൽ 1986 മമ്മൂട്ടിയുടെ കരിയറിലെ തുടർ പരാജയം രുചിച്ച വർഷമായിരുന്നു.
നിറക്കൂട്ട്, യാത്ര, ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരം, കാണാമറയത്ത്, ഒരു വടക്കൻ വീരഗാഥ, വിധേയൻ, മതിലുകൾ, പൊന്തൻമാട, സേതുരാമയ്യർ സി.ബി.ഐ, ഡോക്ടർ ബാബാസാഹെബ് അംബേദ്കർ തുടങ്ങി പ്രേക്ഷക മനസ്സുകളിൽ പ്രതിഷ്ഠ നേടിയ എണ്ണിയാൽ തീരാത്ത അത്ര മനോഹര ചിത്രങ്ങൾ! പിജി വിശ്വംഭരൻ, ബാലചന്ദ്രമേനോൻ ഐ വി ശശി, കെ ജി ജോർജ്, പത്മരാജൻ, അടൂർ ഗോപാലകൃഷ്ണൻ, എം ടി വാസുദേവൻ നായർ തുടങ്ങിയ അന്നത്തെ മലയാള സിനിമയിലെ ടോപ് സംവിധായകന്മാരുടെ എല്ലാ ചിത്രങ്ങളിലും പകരം വയ്ക്കാനില്ലാത്ത നായകനായി അദ്ദേഹം തന്റെ ജൈത്രയാത്ര തുടർന്നു.
ഡെന്നീസ് ജോസഫും ജോഷിയും ചേർന്നൊരുക്കിയ ന്യൂഡൽഹി എന്ന ചിത്രം മമ്മൂട്ടി എന്ന നടന് രണ്ടാം ജന്മം നൽകി, ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറി. 80 കൾ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ സുവർണ്ണ കാലഘട്ടം ആയിരുന്നെങ്കിലും, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് ഭാഷകളിലും തന്റെ താരപ്രഭയും, അഭിനയ ചാരുതയും, മിതത്വവും കൊണ്ട് മമ്മൂട്ടി ഒരുക്കുന്ന ഇന്ദ്രജാലം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. ബ്രഹ്മ യുഗം, ടർബോ, ബസൂക്ക, പുഴു, ozler, കാതൽ, യാത്ര2 തുടങ്ങിയ ചിത്രങ്ങളിലൂടെ മമ്മൂട്ടി ഇന്നും തന്റെ പ്രതിഭ തേച്ചുമിനുക്കി കൂടുതൽ കൂടുതൽ തിളങ്ങി നിൽക്കുകയാണ്.
നിരവധി ദേശീയ, സംസ്ഥാന, ഫിലിം ഫെയർ അവാർഡുകൾ കൂടാതെ ഓണററി ഡോക്ടറേറ്റും, ഡി- ലിറ്റ് ബിരുദവും പത്മശ്രീയും നേടി ഭരത് മമ്മൂട്ടി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി ഇന്നും പെർഫെക്ഷനിൽ നിന്നും പെർഫെക്ഷനിലേക്കുള്ള യാത്ര തുടരുകയാണ്.
മലയാളം ടിവി ചാനലുകളായ കൈരളി ടിവി, പീപ്പിൾ ടിവി, ചാനൽ വി എന്നിവയുടെ ചെയർമാനാണ് അദ്ദേഹം. ക്യാൻസർ രോഗികളെ സഹായിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രണും സർക്കാരിന്റെ ഐ.ടി പ്രോജക്ട് ആയ അക്ഷയയുടെ ഗുഡ് വിൽ അംബാസിഡറും കൂടിയാണ്.
ഭാര്യ സുൽഫത്തും മക്കളായ സുറുമിയും ദുൽഖർ സൽമാനും മമ്മൂട്ടിയെ പോലെ തന്നെ മലയാളികൾക്ക് സുപരിചിതരാണ്. അഭിനയം കൂടാതെ നിർമ്മാണവും വിതരണവും കൂടി തന്റെ കലാ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുപോകുന്ന ഇതിഹാസ നടന് എല്ലാവിധ ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.
സൂപ്പർ